20 April Saturday

ജനരോഷം
തിളച്ച കരിദിനം

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


രാജ്യം ബുധനാഴ്ച കരിദിനം ആചരിച്ചു. കോവിഡ് മഹാമാരി അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾക്കുള്ളിൽനിന്ന് വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും തൊഴിലിടങ്ങളിലും കറുത്ത കൊടികൾ ഉയർത്തി നാട് പ്രതിഷേധിച്ചു. ഏഴുകൊല്ലം മുമ്പ് രാജ്യത്ത് നരേന്ദ്ര മോഡി അധികാരമേറ്റ ദിനമായിരുന്നു മെയ് 26. ഡൽഹി അതിർത്തികളിൽ കർഷകസമരം തുടങ്ങിയിട്ട്  ആറുമാസം തികയുന്ന ദിവസം കൂടിയായിരുന്നു അത്. അങ്ങനെയൊരു മഹാപ്രക്ഷോഭത്തിന്റെ തളരാത്ത പോരാട്ടവീര്യം ഉയർത്തിക്കാട്ടാനും ഏഴാണ്ട് തികയ്ക്കുന്ന സർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ ജനരോഷം ഉയർത്താനും ഒരേ ദിനത്തിൽ അവസരം ലഭിച്ചു.

മൂന്ന്‌ കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾക്കൊപ്പം തൊഴിൽ കോഡ്‌ ഉപേക്ഷിക്കുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രശ്നങ്ങൾകൂടി മറികടക്കാനുതകുന്ന മറ്റ് ആവശ്യങ്ങളും കരിദിനത്തിൽ ഉന്നയിച്ചു. എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുക, കോവിഡ്‌ പരിശോധനയും മരുന്നുകളും സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഇങ്ങനെ ഉന്നയിക്കപ്പെട്ടു. ഈ കെട്ടകാലത്ത് ജീവൻ പിടിച്ചുനിർത്താനെങ്കിലും ഉതകുംവിധം എല്ലാ കുടുംബത്തിനും പ്രതിമാസം റേഷൻ കിറ്റ്‌, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക എന്നീ ആവശ്യങ്ങളും സമരം ഉയർത്തി.

മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങളിലും ജനാധിപത്യ വിരുദ്ധനടപടികളിലും പ്രതിഷേധിച്ച്‌  കരിദിനം ആചരിക്കാൻ കർഷകസമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയാണ്‌ ആഹ്വാനം നൽകിയത്. വിപുലമായ ജനപിന്തുണ ഉറപ്പാക്കിക്കൊണ്ട് 10 കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ പൊതുവേദിയും 12 പ്രധാന രാഷ്ട്രീയ പാർടിയും കരിദിനാചരണത്തിനു പിന്തുണ പ്രഖ്യാപിച്ചു. പൊരുതുന്ന വിദ്യാർഥി–-യുവജന, മഹിളാപ്രസ്ഥാനങ്ങളും അണിനിരന്നതോടെ അത് ബഹുജന മുന്നേറ്റമായി മാറി.
കർഷകസമരം മഹാമാരി ഏൽപ്പിച്ച പരിമിതികൾ മറികടന്നു ശക്തിപ്പെടുകയാണ്‌. കൊടുംതണുപ്പിലും ചൂടിലും  പിടിച്ചുനിന്ന ഡൽഹിയിലെ പോരാളികൾ പകർച്ചവ്യാധിയോടും പൊരുതി സമരരംഗത്ത് ഉറച്ചുനിൽക്കുകയാണ്.

ലോകത്തുതന്നെ സമാനതകളില്ലാത്ത പ്രക്ഷോഭമാണ് കർഷകർ ആറുമാസമായി നടത്തുന്നത്. ഇത്രയും പങ്കാളിത്തത്തോടെ ഇത്രകാലം നീണ്ടുനിൽക്കുന്ന ഒരു സമരം മുമ്പുണ്ടായിട്ടില്ല. കാർഷികമേഖലയിൽ ജനവിരുദ്ധ കേന്ദ്രനയങ്ങളുടെ ഏറ്റവും ആക്രമണോത്സുകമായ പ്രയോഗമാണ് കർഷകരെ സമര രംഗത്തെത്തിച്ചത്. കോർപറേറ്റുകളുടെ കൊള്ളലാഭം ഉറപ്പുവരുത്താനാണ് ബിജെപി കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. കൃഷിഭൂമിയും വിളകളുടെ വിലയും നിയന്ത്രിക്കാനുള്ള അധികാരം കോർപറേറ്റ് കമ്പനികൾക്ക് നൽകി.  ഭക്ഷ്യഉൽപ്പന്നങ്ങളുടെ പൂഴ്ത്തിവയ്‌പും കരിഞ്ചന്തയും കമ്പനികളുടെ അവകാശമാക്കി മാറ്റുംവിധമാണ് ഈ നിയമങ്ങൾ രൂപപ്പെടുത്തിയത്.

എല്ലാ മേഖലയിലും ഇതേ നയം തുടരുകയാണ്. കൂലി ചോദിക്കാനുള്ള തൊഴിലാളിയുടെ അവകാശംതന്നെ കവർന്നെടുക്കുംവിധമാണ്‌ നാല്‌ തൊഴിൽ നിയമം കൊണ്ടുവരുന്നത്. ഇതേ നയം കോവിഡിനെ നേരിടുന്ന കാര്യത്തിലും സർക്കാർ തുടരുന്നു. കോവിഡ്‌ വാക്സിനിലും ഓക്സിജൻ ഉൽപ്പാദനത്തിലും ജനങ്ങളുടെ ജീവനേക്കാൾ കമ്പനികളുടെ ലാഭമായിരുന്നു സർക്കാരിന് പ്രധാനം. ആയിരങ്ങൾക്ക് ജീവൻ നഷ്ടമാക്കിയത് ഈ നയമാണ്.

ഈ നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ മുന്നോട്ടുവച്ച് ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതാണ് കർഷകപ്രക്ഷോഭവും കരിദിനാചരണവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പരസ്യമായി ആഹ്വാനംചെയ്ത സംഘടനയാണ് സംയുക്തകർഷക മോർച്ച. കേരളം ഈ ആഹ്വാനം അക്ഷരംപ്രതി നെഞ്ചേറ്റിയ സംസ്ഥാനമാണ്. ബിജെപിയുടെ ഉണ്ടായിരുന്ന സീറ്റ് കൂടി പിടിച്ചെടുത്താണ് എൽഡിഎഫ് ഉജ്വലവിജയം നേടിയത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവച്ച ബദൽനയങ്ങളും ഒന്നൊന്നായി നടപ്പാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കർഷകസമരംപോലെ നൂറുകണക്കിന് സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും രൂപപ്പെട്ട മുന്നണിയെന്ന നിലയിലാണ്  എൽഡിഎഫിന്‌ അത് സാധിക്കുന്നത്. കേന്ദ്ര സർക്കാർ ഒരു ക്വിന്റൽ നെല്ലിന് 1868 രൂപ മിനിമം താങ്ങുവിലയായി നൽകുമ്പോൾ 2850 രൂപ നൽകുന്ന സർക്കാരാണ് കേരളത്തിലേത്. മോഡിയുടെ കോർപറേറ്റ് പ്രീണന നയത്തിന് ബദലായി കാർഷികവിളകൾ സംസ്‌കരിക്കുന്ന ആധുനിക വൻകിട കാർഷിക വ്യവസായങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾക്കും സംസ്ഥാന സർക്കാർ തുടക്കമിടുന്നു.

കർഷകസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും  മോഡി വാഴ്ചയ്ക്ക് താക്കീതുനൽകിയുമുള്ള കരിദിനാചരണത്തിന്‌  സംസ്ഥാനത്ത് വലിയതോതിൽ  ജനപിന്തുണ ലഭിച്ചത് ഈ ബദൽ നയങ്ങൾ മുന്നിൽവച്ച് നേടിയ തെരഞ്ഞെടുപ്പുവിജയത്തിന്റെ തുടർച്ചയെന്ന നിലയിൽ കൂടിയാണ്. ഇടതുപക്ഷ ജനാധിപത്യ ബദൽ നയം നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം രാജ്യത്താകെ സൃഷ്ടിക്കാൻ കഴിയണം. അതിന് ഇന്ന് ഡൽഹിയിൽ നടക്കുന്നതുപോലെയുള്ള സമരങ്ങൾ രാജ്യത്താകെ വളർത്തിയെടുക്കണം. ബുധനാഴ്ചത്തെ കരിദിനാചരണത്തിന്റെ വിജയം ആ വഴിക്ക്‌ കൂടുതൽ മുന്നേറ്റങ്ങൾക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top