24 April Wednesday

വിട, 
പ്രിയ പെലെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 4, 2023

ഇതിഹാസം മറഞ്ഞു. മാറഡോണയെപ്പോലെ പെലെയും ഓർമപ്പന്തായി. ഖത്തർ ലോകകപ്പായപ്പോഴേക്കും പെലെ വീണ്ടും ആശുപത്രിയിലായിരുന്നു. അർബുദമായിരുന്നു രോഗം. 82 വയസ്സുവരെ പൊരുതിനിന്നു. ലോകകപ്പ്‌ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഫൈനലും ക്രിസ്‌മസ്‌ രാവും പിന്നിട്ടാണ്‌ മടക്കം. പക്ഷേ, പുതുവത്സരത്തിന്‌ കാത്തുനിന്നില്ല. എങ്കിലും ആരാധകരെ കണ്ണീരിലാഴ്‌ത്തിയുള്ള സംസ്‌കാര ചടങ്ങുകൾ പുതിയവർഷമായിരുന്നു.
ആരായിരുന്നു പെലെ? പറഞ്ഞും കേട്ടും മനസ്സിൽ പതിഞ്ഞ പേര്‌. ഫുട്‌ബോളിലെ രാജാവ്‌. മുഴുവൻ പേര്‌ എഡ്‌സൺ അരാന്റസ്‌ ഡൊ നാസിമെന്റൊ. ഫുട്‌ബോളിന്റെ അംബാസഡർ. ഖ്യാതി ബ്രസീലിൽമാത്രം ഒതുങ്ങിയില്ല. കളിയായും കഥയായും വൻകരകൾ കടന്നു. പന്തുകളി ഉള്ളിടത്തോളം കാലം അതങ്ങനെ അനശ്വരമായി നിൽക്കും. ഫുട്‌ബോളിനെക്കുറിച്ച്‌ ഒരിക്കൽ പെലെ പറഞ്ഞത്‌ മാത്രംമതി  അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ. ‘ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരൊറ്റ കളിയേയുള്ളൂ, അത്‌ ഫുട്‌ബോളാണ്‌. നിങ്ങൾ പണക്കാരനോ പാവപ്പെട്ടവനോ കറുത്തവനോ വെളുത്തവനോ ആകാം. എല്ലാവർക്കും ഒറ്റ മന്ത്രംമാത്രം–-ഫുട്‌ബോൾ’.

പുതിയ തലമുറയ്‌ക്ക്‌ പാഠശാലയായിരുന്നു അദ്ദേഹം. വിജയത്തിന്‌ കുറുക്കുവഴികളില്ലെന്ന്‌ എല്ലായ്‌പ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്നു. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയംവരൂ. അതിനുള്ള പരിശ്രമവും സന്നദ്ധതയും ത്യാഗമനോഭാവവും വേണമെന്നും പറഞ്ഞു. അത്‌ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ ജീവിതമായിരുന്നു. സാവോപോളോ തെരുവിലെ ദരിദ്രമായ കുട്ടിക്കാലം. പട്ടിണി മാറ്റണോ പന്ത്‌ കളിക്കണോ? കുഞ്ഞുപെലെയുടെ മനസ്സിലെന്നും മുഴങ്ങിയിരുന്ന ചോദ്യം. വിശപ്പ്‌ മറക്കാൻ പന്തു കളിച്ചു. പക്ഷേ, പന്ത്‌ വാങ്ങാൻ പണമില്ലായിരുന്നു. കടലാസും തുണിയും ചേർത്ത്‌ പന്തുണ്ടാക്കി. ആ തെരുവിൽ, ഇല്ലായ്‌മയിൽനിന്ന്‌ ഒരു കളിക്കാരൻ ജനിച്ചു. അയാൾ പിന്നീട്‌ ലോകം കീഴടക്കി, ഒരു ഇതിഹാസമായി.

പിന്നീടുണ്ടായതെല്ലാം എഴുതപ്പെട്ട ചരിത്രം. ഫുട്‌ബോളിൽ മഹാരഥന്മാരെത്രയുണ്ടായി. എത്രലോകകപ്പുകളുണ്ടായി. എത്രയെത്ര ഗോളുകളുണ്ടായി. പുതിയ ലോകചാമ്പ്യൻമാരുണ്ടായി. പക്ഷേ, എല്ലാത്തിനും അവസാന വാക്കായി പെലെ തിളങ്ങി.  22 വർഷം കളത്തിലുണ്ടായി. 1363 മത്സരത്തിൽ 1281 ഗോൾ. മൂന്ന്‌ ലോകകപ്പ്‌ കിരീടം ചൂടി. നേടാത്ത പുരസ്‌കാരങ്ങളില്ല.

അതിനുപിന്നാലെയാണ്‌ പെലെയാണോ  മാറഡോണയാണോ മികച്ച കളിക്കാരനെന്ന ചർച്ചവന്നത്‌. ഫുട്‌ബോൾ ലോകം രണ്ട്‌ ചേരിയിലായി. തർക്കിച്ചു. വാദങ്ങൾ നിരത്തുകയും ഉദാഹരണങ്ങൾ സഹിതം സമർഥിക്കുകയും ചെയ്‌തു. പക്ഷേ, ഉത്തരം കിട്ടിയില്ല. അതേക്കുറിച്ച്‌ പ്രമുഖ കളിയെഴുത്തുകാരനായ എ എൻ രവീന്ദ്രദാസ്‌ ‘ദൈവത്തിന്റെ കൈ, ദ്യോഗോ മാറഡോണയുടെ ദുരന്തകഥ’ എന്ന പുസ്‌തകത്തിൽ ഇങ്ങനെ എഴുതി:  ‘ക്ലാസിക് ഫുട്ബോളിന്റെ സൗന്ദര്യവും ലാളിത്യവും കാലുകളിൽ ആവാഹിച്ച് അറുപതുകളെ സ്വന്തം ചൊൽപ്പടിയിൽ നിർത്തിയ സൂപ്പർതാരമാണ് പെലെ. മാറഡോണയാകട്ടെ ആക്രമണാത്മക ഫുട്ബോളിന്റെ സമർഥനായ പ്രയോക്താവും പ്രദീപ്തമായ മുഖവും. പെലെ ഫുട്ബോളിലെ ബീഥോവനായിരുന്നെങ്കിൽ മാറഡോണ മൊസാർട്ട് ആയിരുന്നു. കാലഗണനയും കളിഗണവും ആധാരമാക്കിയാൽ ഭൂമിയിലെ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ താരമാണ് പെലെയെന്ന് അസന്ദിഗ്‌ധമായി പറയാം’.

ഫുട്‌ബോളിലെ പൂർണതയെന്നാണ്‌ പെലെ വിലയിരുത്തപ്പെടുന്നത്‌. മൂന്നുതവണ ലോകചാമ്പ്യൻമാരായ ടീമിന്റെ ഭാഗമാകാൻ സാധിച്ചു. പ്രശസ്‌തിയുടെ പടവുകൾ കയറുമ്പോൾ താനും വിപണിയുടെ നോട്ടപ്പുള്ളിയായെന്ന്‌ അദ്ദേഹം ആത്മകഥയിൽ സമ്മതിക്കുന്നുണ്ട്‌.  
യൂറോപ്പിന്റെ യാന്ത്രികതയിൽ കുടുങ്ങിക്കിടന്ന ഫുട്‌ബോളിനെ ലാറ്റിനമേരിക്കൻ ചാരുതയാൽ ജനകീയമാക്കിയതാണ്‌ നേട്ടം. പ്രതിഭയാൽ പെലെയും മാറഡോണയും ലോകത്തെ വിസ്‌മയിപ്പിച്ചവരാണ്‌. ഇരുവരും തമ്മിലുള്ള ബന്ധം ഊഷ്‌മളമായിരുന്നില്ല.
അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ആരാണ്‌ മികച്ചവനെന്ന ചോദ്യം ഇരുവരെയും അലട്ടി. ഏത്‌ കാര്യത്തിലും യോജിച്ചുള്ള അഭിപ്രായം അപൂർവമായിരുന്നു. പക്ഷേ, മാറഡോണ വിടവാങ്ങിയപ്പോൾ പെലെ പ്രതികരണംകൊണ്ട്‌ ഞെട്ടിച്ചു. വികാരനിർഭരമായ ആ വാചകം ഇങ്ങനെയായിരുന്നു–- ‘ഒരുനാൾ ഞങ്ങൾ ഒരുമിച്ച്‌ പന്ത്‌ തട്ടും. ആകാശം സാക്ഷിയാകും’.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top