19 April Friday

ഇതിഹാസം കണ്ണടയ്‌ക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2022


വിജയത്തിന്‌ കുറുക്കുവഴികളില്ല. കഠിനാധ്വാനമാണ്‌ അതിന്‌ ആധാരം. നിരന്തരമായ പരിശ്രമവും ചിന്തയും പഠനവും ത്യാഗവും വേണം. എല്ലാത്തിനുമുപരി എന്താണോ ചെയ്യുന്നത്‌ അതിനോടുള്ള അടങ്ങാത്ത അഭിനിവേശവും. പെലെയുടെ വാക്കുകളാണിത്‌.ഗോളുകൾ തൊടുത്ത്‌, ലോക ഫുട്‌ബോളിന്റെ നെറുകയിലേക്കുള്ള പെലെയുടെ യാത്ര എളുപ്പമായിരുന്നില്ല. സാവോപോളോയിലെ ബറുവയിലായിരുന്നു ജനനം. ദാരിദ്ര്യമായിരുന്നു. തെരുവുകളിൽ തുകൽപ്പന്ത്‌ തട്ടിനടന്നു. ആ കളിയുടെ താളത്തിലാണ്‌ വിശപ്പ്‌ മറന്നത്‌. കാലുറയില്ലാത്തവരുടെ സംഘമെന്നായിരുന്നു ആ തെരുവിലെ കുട്ടികളെ വിളിച്ചത്‌. വിമാനം പറത്താനായിരുന്നു കുഞ്ഞുപെലെയുടെ മോഹം. ഒരു നാൾ പൈലറ്റാകുമെന്ന്‌ പെലെ സ്വപ്‌നം കണ്ടു. പക്ഷേ, ഒരപകടം ആ ചിന്ത മാറ്റി. കാലുകൾ കളത്തിലേക്ക്‌ പാഞ്ഞു.

ബ്രസീലുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഫുട്‌ബോൾ വികാരം പെലെയിൽ പൂർണത തേടി. പെലെയ്‌ക്കുശേഷമായിരുന്നു എന്തും. ലോക ഫുട്‌ബോളിൽ ആ രണ്ടക്ഷരം തിളങ്ങിനിന്നു. പെലെയാണോ അർജന്റീനയുടെ ഇതിഹാസ താരമായിരുന്ന ദ്യേഗോ മാറഡോണയാണോ മികച്ചവൻ എന്നുള്ള വാദങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും നേട്ടങ്ങളിൽ പെലെയായിരുന്നു മുന്നിൽ. 22 വർഷമായിരുന്നു കളത്തിൽ. രേഖപ്പെടുത്തിയ ഗോളെണ്ണം 1281. മൂന്ന്‌ ലോകകപ്പ്‌ കിരീടങ്ങൾ ചൂടി. രണ്ട്‌ ലോക ചാമ്പ്യൻഷിപ്‌. കളമൊരു പാഠശാലയായിരുന്നു. അതിലെ മികച്ച വിദ്യാർഥിയായി പെലെ. ഒന്നാമനായിത്തന്നെ പടിയിറങ്ങി.
പതിനഞ്ചാം വയസ്സിൽ ഫുട്‌ബോളിൽ അരങ്ങേറി. ബ്രസീൽ ക്ലബ് സാന്റോസിന്റെ താളമായി മാറി. അടുത്തവർഷംതന്നെ ദേശീയ ടീമിലേക്ക്‌. 1958 ലോകകപ്പ്‌ സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക്‌ നേടിയപ്പോൾ ലോകം അമ്പരന്നു. ആ ലോകകപ്പിൽ ബ്രസീൽ ചാമ്പ്യൻമാരുമായി. 1962ലും 1970ലും പെലെയുടെ കുതിപ്പിൽ ബ്രസീലിന്‌ കിരീടം കിട്ടി. 

ക്ലബ് ഫുട്‌ബോളിലും മികവുകാട്ടി. സാന്റോസിന്റെ ജൈത്രയാത്രയ്‌ക്കുപിന്നിൽ ഈ കുറിയ മനുഷ്യനായിരുന്നു.പെലെയുടെ ജീവിതം ഫുട്‌ബോളായിരുന്നു. ‘ഫുട്‌ബോൾ വെറുമൊരു കായിക വിനോദമല്ല. ആളുകളെ ഒന്നിപ്പിക്കുകയാണ്‌ അതിന്റെ ലക്ഷ്യം. അവിടെ നിങ്ങൾ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ കറുപ്പെന്നോ വെളുപ്പെന്നോ വ്യത്യാസമില്ല. എല്ലാവരും ഒന്നാണ്‌. ഒരു രാജ്യമാണ്‌. അതാണ്‌ ഫുട്‌ബോളിന്റെ സൗന്ദര്യം–-പെലെ പറഞ്ഞു.

കളംവിട്ടെങ്കിലും ഒരിക്കലും ഫുട്‌ബോൾ പെലെയെ വിട്ടുപോയില്ല. ആ പ്രശസ്‌തിയും മങ്ങിയില്ല. ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പെലെ നിറഞ്ഞു. ബ്രസീലിന്റെ കായികമന്ത്രിയായി.1997ൽ ബ്രിട്ടീഷ് സർക്കാർ സർ പദവി നൽകി ആദരിച്ചു.- 1999ൽ- രാജ്യാന്തര ഒളിമ്പിക് സമിതി നൂറ്റാണ്ടിന്റെ കായികതാരമായി പെലെയെ തെരഞ്ഞെടുത്തു.-

പെലെയും മാറഡോണയും പ്രതിഭയുടെ കാര്യത്തിൽ ലോകത്തെ അതിശയിപ്പിച്ചവരാണ്‌. മാറഡോണ നേരത്തേ മടങ്ങി. ഇരുവരും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. മികച്ചവൻ എന്നതിൽ പെലെ ഉറച്ചുനിന്നു. അപൂർവം ചില കാര്യങ്ങളിൽ മാത്രം അവർ ഒന്നിച്ചു. എങ്കിലും മാറഡോണ വിടവാങ്ങിയപ്പോൾ  വികാരനിർഭരമായിരുന്നു പെലെയുടെ പ്രതികരണം–- ഒരുനാൾ ഞങ്ങൾ ഒരുമിച്ച്‌ പന്ത്‌ തട്ടും. ആകാശം സാക്ഷിയാകും–- പെലെ കുറിച്ചു.

സാന്റോസുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ 1975ലാണ്‌ പെലെ അമേരിക്കൻ ഫുട്‌ബോളിൽ എത്തുന്നത്‌. ന്യൂയോർക്ക്‌ കോസ്‌മോസുമായി ഒപ്പുവച്ചു. അവിടെയും ഗോളടി തുടർന്നു. 1977 ഒക്‌ടോബർ ഒന്നിന്‌ കളംവിട്ടു. കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരം. സ്‌റ്റേഡിയം നിറഞ്ഞു. മുഹമ്മദ്‌ അലിയും ബോബി മൂറും ഉൾപ്പെടെയുള്ളവർ കളി കാണാനെത്തി.  അച്ഛനും പെലെയുടെ ഭാര്യയുമുണ്ടായിരുന്നു. ഒരു പകുതിയിൽ കോസ്‌മോസിനും രണ്ടാംപകുതിയിൽ സാന്റോസിനും വേണ്ടി പെലെ പന്തു തട്ടി. കളിയിൽ 2–-1ന്‌ കോസ്‌മോസ്‌ ജയിച്ചു. 30 വാര ദൂരത്തുനിന്നുള്ള ഫ്രീകിക്കിൽനിന്ന്‌ പെലെയുടെ ഗോൾ കണ്ടു. കളിജീവിതത്തിലെ അവസാന ഗോൾ. ‘വിങ്ങീ വാനവും’ എന്നായിരുന്നു ഒരു ബ്രസീൽ ദിനപത്രത്തിലെ തലക്കെട്ട്‌. ഇനിയൊരു പെലെയില്ല. അതുപോലൊരു പ്രതിഭയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top