28 November Tuesday

രാജ്യം വീണ്ടെടുക്കാൻ ഐക്യം അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021വ്യക്തിനിഷ്‌ഠമായ ആഗ്രഹചിന്തകൾക്കുപരി സാമൂഹ്യചലനങ്ങളെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളും മൂർത്ത യാഥാർഥ്യങ്ങളുമാണ്‌. ഈ കാഴ്‌ചപ്പാട്‌ ഏറ്റവും പ്രധാനം രാഷ്‌ട്രീയരംഗത്താണെന്നതാണ്‌ അതിനേക്കാൾ നിർണായകം. ഇന്ത്യയെന്ന അടിസ്ഥാനത്തെ നിരന്തരം ദുർബലപ്പെടുത്തി മുന്നേറുന്ന നരേന്ദ്ര മോഡിയുടെ ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ചുള്ള ചെറുത്തുനിൽപ്പ്‌ അനിവാര്യമായിരിക്കുന്നുവെന്ന തിരിച്ചറിവ്‌ അതാണ്‌ അടിവരയിടുന്നതും. ജനാധിപത്യം, മതനിരപേക്ഷത, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ്‌ സംഘപരിവാർ അധികാരത്തിൽ അടയിരിക്കുന്നതെന്ന്‌ ഏറെക്കുറെ ഏവരും സമ്മതിക്കുന്ന യാഥാർഥ്യമാണ്‌. ദേശസ്‌നേഹത്തിന്റെ മറവിൽ പൗരൻമാരെ കള്ളക്കേസുകളിൽപ്പെടുത്തി പീഡിപ്പിക്കുന്ന ഭരണകൂടോപകരണങ്ങൾ. അതിരുവിടുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളും പശുപൂജയും. പണവും പേശീബലവും കുതന്ത്രങ്ങളും ഉപയോഗിച്ച്‌ ജനഹിതം അട്ടിമറിക്കുന്ന രീതികൾ. നവരത്‌ന സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്നതടക്കം സാമ്പത്തികരംഗത്തെ അമിത കോർപറേറ്റുവൽക്കരണം. കാർഷിക, തൊഴിൽ മേഖലയിലെ കൂലി അടിമത്തം, വ്യക്തികളുടെ സ്വകാര്യതയും രാജ്യരഹസ്യവും വഴിവാണിഭം നടത്തുന്ന അധഃപതനം. ഇന്ത്യാ ചരിത്രത്തിലില്ലാത്തവിധം നാണംകെട്ട അവസ്ഥയിലാണ്‌.

ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ രാജ്യത്ത്‌ വ്യാപകമായി ഫോൺ ചോർത്തിയതുസംബന്ധിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സ്വന്തം പൗരൻമാർക്കുനേരെ ഇത്തരം നീക്കം നടത്തിയതെന്തിനെന്ന്‌ വ്യക്തമാക്കാൻ മോഡി ഭരണം ഇതുവരെ തയ്യാറായിട്ടുമില്ല. പെഗാസസുമായി ബന്ധപ്പെട്ട നിഗൂഢതകൾ ചർച്ച ചെയ്യാൻ പാർലമെൻറ്  അംഗങ്ങൾക്കുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ രാഷ്‌ട്രപതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ 14 പ്രധാന പാർടി കത്തു നൽകിയത്‌ ദേശീയ രാഷ്‌ട്രീയത്തിലെ സുപ്രധാന ചുവടുവയ്‌പാണ്‌. അതിനൊപ്പം എട്ടുമാസത്തിലേറെയായി രാജ്യതലസ്ഥാനത്ത്‌ തുടരുന്ന കർഷകപ്രക്ഷോഭത്തിലും പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ തയ്യാറാകാൻ കേന്ദ്ര സർക്കാരിനോട്‌ നിർദേശിക്കണമെന്നും പ്രതിപക്ഷം സംയുക്തമായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്‌ കത്തെഴുതി. പെഗാസസ്‌ ഫോൺ ചോർത്തലിന്‌ വിധേയമായ മുന്നൂറിനടുത്ത്‌ ഇന്ത്യക്കാരിൽ പകുതിയിലധികം പേരുകൾ വ്യക്തമായി പുറത്തുവന്നിട്ടും കേന്ദ്രം മൗനം അവലംബിക്കുകയാണ്‌. ദേശീയോദ്‌ഗ്രഥന കൗൺസിലിനെ മോഡി ഭരണം നോക്കുകുത്തിയാക്കിയത്‌, ലോക്‌സഭയിൽ എയർപോർട്‌സ്‌ ഇക്കണോമിക്‌ റെഗുലേറ്ററി അതോറിറ്റി(ഭേദഗതി)ബില്ലും രാജ്യസഭയിൽ ഫാക്‌ടറിങ് റെഗുലേഷൻ (ഭേദഗതി) ബില്ലും ചർച്ച കൂടാതെ പാസാക്കിയത്‌–- തുടങ്ങി പ്രതിപക്ഷ പ്രതിഷേധത്തിനിടെ സർക്കാർ നടത്തിയ നീക്കങ്ങൾ ദുരുപദിഷ്‌ടമാണ്‌. ലാഭകരമായി പ്രവർത്തിക്കുന്നതും അല്ലാത്തതുമായ വിമാനത്താവളങ്ങൾ ജോഡിയാക്കി സ്വകാര്യവൽക്കരിക്കാൻ പഴുതുനൽകുന്നതാണ്‌ എയർപോർട്‌സ്‌ ഇക്കണോമിക്‌ അതോറിറ്റി ഭേദഗതി ബിൽ.

ഈ പശ്‌ചാത്തലത്തിലാണ്‌ പ്രതിപക്ഷഐക്യം വിപുലവും കാര്യക്ഷമവുമാക്കാനുള്ള തിരക്കിട്ട ചർച്ചകളും നീക്കങ്ങളും നടക്കുന്നത്‌. 2022ൽ ഉത്തർപ്രദേശ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുമ്പ്‌ ബിജെപിവിരുദ്ധ മുന്നണി ശക്‌തമാക്കുകയെന്നത്‌ ദേശീയ രാഷ്‌ട്രീയത്തിൽ അതിപ്രധാനമാണ്‌. എന്നാൽ, ചില നേതാക്കൾ മുൻകാലങ്ങളിലെന്നപോലെ ഹ്രസ്വദൃഷ്‌ടിയോടെയാണ്‌ പെരുമാറുന്നത്‌. നേതൃസ്ഥാനത്ത്‌ ആരാകും എന്നതാണ്‌ അത്തരക്കാരുടെ ചിന്ത. ഇവിടെയാണ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമീപനം ഏറെ വ്യത്യസ്‌തമാകുന്നതെന്നു പറയാം. ബദൽനയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പോരാട്ടത്തിലൂടെ ബിജെപിവിരുദ്ധനിരയെ മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ്‌ അതിന്റെ അടിസ്ഥാനം. പെഗാസസും കർഷകപ്രക്ഷോഭവും മുൻനിർത്തി രാഷ്‌ട്രപതിക്ക്‌ കത്തയച്ച കൂട്ടത്തിൽനിന്ന്‌ തൃണമൂൽ കോൺഗ്രസ്‌ വിട്ടുനിന്നെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം കോൺഗ്രസ്‌ നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡിഎംകെ നേതാവ്‌ കനിമൊഴി തുടങ്ങിയവരുമായി ചർച്ച നടത്തുകയുണ്ടായി.

ബിജെപിയുടെ സേച്ഛാധിപത്യ ഭരണത്തിനെതിരെ പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ടെന്നാണ്‌ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അസന്ദിഗ്‌ധമായി അടിവരയിടുന്നത്‌. രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളാണ്‌ എന്നും ഇക്കാര്യങ്ങളിൽ മുൻകൈയെടുത്തിട്ടുള്ളത്‌. ഇത്തവണയും അതുണ്ടാകുമെന്നു തന്നെയാണ്‌ ഡൽഹിയിലെ രാഷ്‌ട്രീയ ചലനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്‌. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്നതോടെ അത്തരത്തിലുള്ള ഗൗരവ ചർച്ചകൾക്ക്‌ തുടക്കമാകുമെന്നാണ്‌ സൂചനകൾ. അതിൽ എല്ലാ ദേശീയ–-പ്രാദേശിക പാർടിയെയും യോജിപ്പിച്ചു നിർത്തേണ്ടതുമുണ്ട്‌. മോഡിയുടെയും കാവിപ്പടയുടെയും ജനവിരുദ്ധനയങ്ങൾ തകർത്ത രാജ്യം വീണ്ടെടുക്കാൻ ഐക്യം അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top