16 April Tuesday

കേന്ദ്രസർക്കാരിൽ അവിശ്വാസം പ്രഖ്യാപിക്കുന്ന ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021



ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാരിനെ വിശ്വസിക്കാനാകില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠം. പെഗാസസ് കേസിൽ സുപ്രീംകോടതിയിൽനിന്ന് ബുധനാഴ്ച ഉണ്ടായ ഉത്തരവിൽ തെളിയുന്നത് ഈ അവിശ്വാസമാണ്‌. ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച്‌ ചാരവൃത്തി നടന്നോയെന്ന് പരിശോധിക്കാൻ കോടതി തന്നെ ഉന്നതാധികാരസമിതിക്ക് രൂപംനൽകിയിരിക്കുന്നു. ഇങ്ങനെയൊരു തീരുമാനം എടുക്കരുതെന്നും സർക്കാർ സ്വന്തമായി സമിതിയുണ്ടാക്കി അന്വേഷിക്കാമെന്നുമുള്ള കേന്ദ്ര സർക്കാർ വാദം പൂർണമായി തള്ളിക്കൊണ്ടാണ് ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഈ ഉത്തരവിട്ടത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഒട്ടും ഗൗരവം പുലർത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഒരു ‘പരിമിതമായ’ സത്യവാങ്‌മൂലവുമായി എത്തിയ കേന്ദ്ര സർക്കാരിനെ ഉത്തരവിൽ രൂക്ഷമായി വിമർശിക്കുന്നു.

ഇസ്രയേലി കമ്പനിയായ എൻഎസ്‌ഒ വികസിപ്പിച്ച പെഗാസസ്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട്‌ വലിയ പ്രതിഷേധമുയർത്തിയത് ജൂലൈയിലാണ്. തുടർന്നാണ് ജോൺബ്രിട്ടാസ്‌ എംപിയും മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, അഡ്വ. എം എൽ ശർമ തുടങ്ങിയവരും ചാരവൃത്തിക്ക്‌ ഇരയായവരിൽ ചിലരും കോടതിയെ സമീപിച്ചത്‌. രാജ്യരക്ഷയെന്ന കവചം തലങ്ങുംവിലങ്ങും വീശി പ്രതിരോധമൊരുക്കാനാണ് കേന്ദ്ര സർക്കാർ തുടക്കംമുതൽ ശ്രമിച്ചത്. ‘പെഗാസസ് ഉപയോഗിച്ചോ’എന്ന ലളിതമായ ചോദ്യത്തിനുപോലും ഉത്തരമുണ്ടായില്ല. ഈ സമീപനത്തെ കോടതി പാടെ തള്ളുന്നു. ‘ദേശരക്ഷ' എന്ന്‌ കേട്ടാലുടനെ കോടതി ഓടിയൊളിക്കുമെന്ന് സർക്കാർ കരുതേണ്ടെന്ന്  കോടതി വ്യക്തമാക്കുന്നു.

സ്വകാര്യത മൗലികാവകാശമാണെന്ന കെ എസ്‌ പുട്ടസ്വാമി കേസിലെ വിധി ഉദ്ധരിച്ചാണ്‌ അന്വേഷണത്തിന്‌ ഉത്തരവായിരിക്കുന്നത്‌. ഭരണകേന്ദ്രമോ മറ്റേതെങ്കിലും ഏജൻസിയോ വ്യക്തിക്കുമേൽ നിരീക്ഷണം ഏർപ്പെടുത്തുകയോ അയാളെ ചാരവൃത്തിക്ക്‌ ഇരയാക്കുകയോ ചെയ്‌താൽ അത്‌ സ്വകാര്യത കവർന്നെടുക്കലാണെന്ന്‌ കോടതി അടിവരയിടുന്നു. പത്രപ്രവർത്തകരെ നിരീക്ഷിക്കുക  എന്നാൽ സ്വതന്ത്രമാധ്യമ പ്രവർത്തനം നിഷേധിക്കലാണ്‌. പത്രവാർത്തകളെ ആധാരമാക്കി മാത്രമുള്ള ഹർജികളല്ല കോടതിയിൽ എത്തിയതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ചാരവൃത്തിക്ക്‌ ഇരയാക്കപ്പെട്ടെന്ന്‌ കരുതപ്പെടുന്നവരും ഹർജിക്കാരിലുണ്ട്‌. അതുകൊണ്ടുകൂടിയാണ്‌ കേസ്‌ ഗൗരവത്തിൽ പരിഗണിച്ചത്‌.

‘ഭീകര രാഷ്‌ട്ര’മെന്ന വിളിപ്പേരുള്ള ഇസ്രയേലിന്റെ ചാരസാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇന്ത്യയിലെ പൗരന്മാരെ ചാരവലയത്തിലാക്കുകയാണ്‌ കേന്ദ്ര സർക്കാർ ചെയ്‌തത്‌. അതാണ്‌ ചോദ്യം ചെയ്യപ്പെട്ടത്‌. പാർലമെന്റിൽപ്പോലും  ചർച്ച അനുവദിക്കാതെ സ്വന്തം ജനതയ്‌ക്കുമേലുള്ള ഈ ഒളിയുദ്ധം തുടരാമെന്ന ഫാസിസ്റ്റ്‌ മോഹത്തിന്‌ കനത്ത തിരിച്ചടിയാണ്‌ സുപ്രീംകോടതി ഉത്തരവ്‌.  ഹർജികളിൽ ഉന്നയിച്ച പ്രധാന ആവശ്യമെല്ലാം ഉത്തരവിൽ അംഗീകരിക്കുന്നു. പെഗാസസ്‌ ഉപയോഗിച്ചോ ഇല്ലയോ എന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞാൽ രാജ്യരക്ഷ ഇടിഞ്ഞുവീഴുമെന്ന സർക്കാർ വാദം നിലനിൽക്കെ അന്വേഷണ കമീഷന്റെ ഒന്നാം പരിഗണനാ വിഷയമായിത്തന്നെ ആ ചോദ്യം കോടതി ഉൾപ്പെടുത്തി. തെല്ലെങ്കിലും അഭിമാനം അവശേഷിക്കുന്ന സർക്കാരാണെങ്കിൽ ഒഴിഞ്ഞുപോകാനുള്ള മതിയായ കാരണംപോലും ഈ ഉത്തരവിലുണ്ട്‌.

ഈ വിഷയം  പാർലമെന്റിൽ ഉന്നയിക്കുന്നതിലും കോടതിയിൽ എത്തിക്കുന്നതിലും സിപിഐ എം വഹിച്ച പങ്കുകൂടി പരാമർശിക്കേണ്ടതുണ്ട്‌. 2019ൽത്തന്നെ ഇക്കാര്യം സിപിഐ എം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഹർജിയുമായി ആദ്യം സുപ്രീംകോടതിയിൽ എത്തിയതും പാർടി എംപി ജോൺബ്രിട്ടാസാണ്‌. പിന്നീട്‌  ഒട്ടേറെ പ്രമുഖരും ഹർജി നൽകി. ഈ പോരാട്ടം ഇപ്പോൾ വിജയത്തിന്റെ ആദ്യപടി കടന്നിരിക്കുന്നു. കോടതി നിയമിച്ച സമിതി അതിന്റെ ചരിത്രദൗത്യം നിറവേറ്റി അന്തിമനീതി ഉറപ്പാക്കുമെന്ന്‌ പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top