26 April Friday

ചോർത്തിയത്
 ആത്മാഭിമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021


എതിർശബ്ദങ്ങളും അപ്രിയസത്യങ്ങളും തുടച്ചുനീക്കുകയെന്നത്‌ ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ഭരണാധികാരികളുടെ സഹജവാസനയാണ്‌. ഇന്ത്യയെ പിടിച്ചുലയ്‌ക്കുന്ന ഫോൺചോർത്തലിന്റെ പിന്നിൽ തെളിയുന്നതും ഇതേ താൽപ്പര്യംതന്നെ. സ്വേച്ഛാധിപത്യ അധികാരഘടനയ്‌ക്ക്‌ പോറലേൽക്കുന്നതൊന്നും പൊറുപ്പിക്കില്ലെന്ന ഭീഷണിയുമാണിത്. രാജ്യരക്ഷയും മനുഷ്യജീവനും മനുഷ്യാവകാശവുമൊന്നും ഇവിടെ വിലയുള്ള കാര്യങ്ങളല്ല. തുർക്കിയിലെ സൗദി എംബസിയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇത്തരമൊരു ചോർത്തലിന്റെ രക്തസാക്ഷിയാണ്‌. ഭീകരരാഷ്‌ട്രമെന്ന്‌ മുദ്രകുത്തപ്പെട്ട ഇസ്രയേൽ തണലൊരുക്കുന്ന എൻഎസ്‌ഒ ഗ്രൂപ്പ്‌ ചാരപ്രവർത്തനങ്ങൾക്കായി രൂപപ്പെടുത്തിയ പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വഴിയാണ്‌ ഖഷോഗിയുടെ വിവരങ്ങൾ സൗദി സർക്കാരിന്‌ ചോർന്നുകിട്ടിയത്‌. ഖഷോഗിയുടെ കൊലപാതകത്തെ പിന്തുടർന്ന അന്താരാഷ്ട്ര മാധ്യമങ്ങളാണ് അതിവിപുലമായ ഡാറ്റ ചോർത്തൽ കണ്ടെത്തിയത്‌. രാഹുൽ ഗാന്ധി ഉൾപ്പെടെ കൂടുതൽ പ്രമുഖരുടെ ഫോൺ ചേർത്തിയെന്ന വിവരങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്‌.

നിരവധി രാജ്യങ്ങൾക്ക്‌ ഇസ്രയേൽ കമ്പനി ഈ സേവനം നൽകുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇതിന്‌ ഇരയായവരുടെ പട്ടിക ഞെട്ടലുളവാക്കുന്നു. രണ്ട്‌ കേന്ദ്ര മന്ത്രിമാർ, സുപ്രീംകോടതി ജഡ്‌ജി, പ്രതിപക്ഷ പാർടി നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആർഎസ്‌എസ്‌ നേതാക്കൾ അങ്ങനെ പോകുന്നു. സ്‌മാർട്ട്‌ ഫോണുകൾ വഴിയുള്ള എല്ലാത്തരം ആശയവിനിമയവും ചോർത്തിയെടുക്കാനുള്ള ഈ സോഫ്‌റ്റ്‌വെയർ ഗവൺമെന്റുകൾക്ക്‌ മാത്രമാണ്‌ നൽകുന്നതെന്ന്‌ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌. മോഡി സർക്കാരിനെ മുൾമുനയിൽ നിർത്തിയ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളുടെ കർത്താക്കളാണ്‌ ഫോൺ ചോർത്തലിന്‌ വിധേയരായ മാധ്യമപ്രവർത്തകരെല്ലാം. അതുപോലെ സർക്കാരിന്‌ തലവേദനയായ നിരവധി വിഷയങ്ങൾ ഉയർത്തിയ മനുഷ്യാവകാശ പ്രവർത്തകരുടെ ഡാറ്റയും ചോർത്തി. മോഡിപക്ഷത്തല്ലാത്ത കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെ ഫോൺ ചോർത്തിയെന്ന ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരവും ദയാരഹിതമായ അധികാരപ്രയോഗത്തെയാണ് കാണിക്കുന്നത്.

ഫോൺചോർത്തലിന്റെ വിവരങ്ങൾ പുറത്തുവന്ന നിമിഷംമുതൽ അതിശക്തമായ പ്രതിഷേധമാണ്‌ രാജ്യത്ത്‌ അലയടിച്ചതെങ്കിലും മോഡി സർക്കാരിന്‌ കുലുക്കമില്ല. കേവല നിഷേധത്തിൽ ഒതുങ്ങാത്ത ശക്തമായ തെളിവുകളാണ്‌ ‘ദ വയർ’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടത്‌. ഇതു മനുഷ്യാവകാശത്തിന്റെയും സ്വകാര്യതയുടെയും ലംഘനം എന്നതോടൊപ്പം, രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന വിഷയമാണെന്ന്‌ നിരവധി പ്രമുഖർ ഇതിനകം ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ ഇരുസഭയും അതിനിശിതമായ തുറന്നുകാട്ടലുകളുടെ വേദിയായി. മുഖംരക്ഷിക്കാനുള്ള ശ്രമത്തിനുപോലും ശേഷിയില്ലാതെ ഇരുസഭയും നിർത്തിവച്ചു തടിയൂരുകയായിരുന്നു സർക്കാർ. എന്നാൽ, ഇത്‌ ഒരു ദിവസംകൊണ്ട്‌ അവസാനിക്കുന്ന കുരുക്കല്ല.  സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതുപോലെ ഇത്‌ ‘വാട്ടർ ലൂ’ ആകുമോ എന്ന ഭയം മോഡിക്കുണ്ട്‌. അതിശക്തമായ പ്രതിഷേധം ഉയർന്നിട്ടും പ്രാഥമിക ചർച്ചയ്‌ക്കുപോലും സർക്കാർ സന്നദ്ധമാകാത്ത സാഹചര്യമിതാണ്‌. ഡാറ്റ ചോർത്തൽ ടെലഗ്രാഫ്‌, ഐടി നിയമങ്ങൾ പ്രകാരം ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റമാണ്‌. രാജ്യാന്തര പ്രശസ്‌തരായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ കണ്ടെത്തൽ എന്നനിലയിൽ ഈ വെളിപ്പെടുത്തലിന്‌ തെളിവുകളുടെ അപര്യാപ്‌തതയില്ല. ആവശ്യമുള്ളത്‌ രാജ്യത്തിന്റെ ഔദ്യോഗിക അന്വേഷണ സംവിധാനങ്ങളുടെ ഇടപെടലാണ്‌. അതിനുവേണ്ടിയുള്ള ചർച്ചകളും രാഷ്‌ട്രീയതീരുമാനവുമാണ്‌. അതിന്‌ സർക്കാർ തയ്യാറല്ലെന്ന സൂചനയാണ്‌ തിങ്കളാഴ്‌ചത്തെ സഭാനടപടികൾ. ഇന്ത്യൻ ജനാധിപത്യത്തിന്‌ നേരെയുള്ള ആക്രമണമാണിതെന്ന്‌ മോഡിയും കൂട്ടരും പറയുമ്പോൾ വരുംദിവസങ്ങളിലും പാർലമെന്റിൽ എന്താണ്‌ സംഭവിക്കുകയെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

ജനാധിപത്യത്തെക്കുറിച്ച്‌ ആണയിടുന്നവർ, പാർലമെന്റിൽ ഉയരുന്ന വിഷയങ്ങളിൽ മറുപടി നൽകാൻപോലും സന്നദ്ധമാകാതെ ഒളിച്ചോടുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌. ഭിന്നാഭിപ്രായങ്ങളെ ഹിംസകൊണ്ട്‌ നേരിടുന്നതാണ്‌ ഫാസിസ്റ്റ്‌ ശൈലി. വിമർശകരെ വളഞ്ഞുപിടിച്ച്‌ തുറുങ്കിലടച്ചും കൊലപ്പെടുത്തിയും അവസാനിപ്പിക്കുക. ഭയവും വിധേയത്വവുംമാത്രം ബാക്കിയാകുന്ന സമൂഹം സൃഷ്‌ടിക്കുക. അതാണോ സംഘപരിവാർ ലക്ഷ്യമിടുന്നത്‌. രാജ്യരക്ഷയടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ നിയന്ത്രിതമായും നിയമപരമായും ഉപയോഗിക്കേണ്ട സാങ്കേതികസൗകര്യങ്ങൾ വൈരാഗ്യ ബുദ്ധിയോടെയും ലാഘവത്തോടെയും കൈകാര്യം ചെയ്യുന്ന ഭരണാധികാരി ഈ രാജ്യത്തെ എങ്ങോട്ടാണ്‌ നയിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്‌. രണ്ടുവർഷം മുമ്പുതന്നെ വാട്‌സാപ്‌ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട്‌ സിപിഐ എം പ്രതിനിധികൾ ഇക്കാര്യം പാർലമെന്റിൽ ഉയർത്തിയിരുന്നു. ഇസ്രയേൽ കമ്പനിയുമായുള്ള ബന്ധം വിശദീകരിക്കാൻ അന്നും സർക്കാർ തയ്യാറായില്ല. കൈയോടെ പിടിക്കപ്പെട്ട സാഹചര്യത്തിൽ ഇനിയെങ്കിലും ഒളിച്ചുകളി അവസാനിപ്പിക്കണം. സ്വന്തം പൗരൻമാർക്കെതിരെ നിയമവിരുദ്ധ ചാരപ്രവർത്തനങ്ങൾക്ക്‌ വിദേശകമ്പനിയെ നിയോഗിച്ച സർക്കാർ രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ മൗലികാവകാശവുമാണ്‌ അപകടത്തിലാക്കിയത്‌. പെഗാസസ്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ നടത്തിയ നിയമവിരുദ്ധ, ജനദ്രോഹ പ്രവർത്തനങ്ങൾ കേന്ദ്ര ബിജെപി സർക്കാരിനെ പുതിയൊരു പതനത്തിൽ എത്തിച്ചിരിക്കുന്നു. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചുമാത്രം കരകയറാവുന്നതല്ല ഇപ്പോഴത്തെ വീഴ്‌ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top