25 May Saturday

പെറുവിലെ അട്ടിമറിയും യുഎസ്‌ താൽപ്പര്യങ്ങളും

വെബ് ഡെസ്‌ക്‌Updated: Saturday Dec 10, 2022


രാഷ്ട്രീയ അസ്ഥിരത നടമാടുന്ന പെറുവിൽ  പെദ്രോ കാസ്‌തിയ്യോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കി വൈസ്‌ പ്രസിഡന്റ്‌ ദിന ബൊലുവാർട്ട്‌ അധികാരം പിടിച്ചെടുത്തിരിക്കയാണ്‌. വലതുപക്ഷം നടത്തുന്ന തുടർച്ചയായ അട്ടിമറി ശ്രമങ്ങൾക്കൊടുവിലാണ്‌ കാസ്‌തിയ്യോയെ  ഇംപീച്ച്‌ ചെയ്‌തത്‌. ആ ശക്തികൾക്ക്‌ ആധിപത്യമുള്ള പാർലമെന്റ്‌ വോട്ടിനിട്ടാണ്‌  പുറത്താക്കിയത്‌ എന്നതും പ്രധാനം.  ഇടതുപക്ഷ  പാർടിയായ ‘ലിബ്രെ പെറു' നേതാവ്‌  കാസ്‌തിയ്യോ 2021 ജൂണിലെ  തെരഞ്ഞെടുപ്പിൽ 50.2 ശതമാനം വോട്ടോടെ  പ്രസിഡന്റായി. രാജ്യചരിത്രത്തിലെ  ഏറ്റവും വമ്പൻ അഴിമതിയിലൂടെ കുപ്രസിദ്ധനാകുകയും  എങ്ങും അക്രമങ്ങൾ അഴിച്ചുവിടുകയും  അതിതീവ്ര  ഉദാരവൽക്കരണ നയങ്ങൾ പ്രകാശവേഗത്തിൽ അടിച്ചേൽപ്പിക്കുകയുംചെയ്ത ആൽബർട്ടോ ഫുജിമോറി (ഇപ്പോൾ ജയിലിൽ)യുടെ  മകൾ കെയ്ക്കൊ ഫുജിമോറിയായിരുന്നു വലതുപക്ഷ സ്ഥാനാർഥി. വോട്ടർമാരിൽനിന്ന്‌ തിരിച്ചടിയേറ്റ ആ സഖ്യം ജനവിധി അട്ടിമറിക്കാൻ  ഗൂഢശ്രമങ്ങൾ നടത്തുകയായിരുന്നു പിന്നീട്‌. സാമ്രാജ്യത്വവും സൈന്യവും പൊലീസും മാധ്യമങ്ങളും ഒപ്പംനിന്നതോടെ കാസ്‌തിയ്യോയുടെ അറസ്റ്റും രേഖപ്പെടുത്തി.

നവലിബറൽ നയങ്ങൾക്കെതിരായ ബദൽ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ‘ലിബ്രെ പെറു’ തെരഞ്ഞെടുപ്പ്‌  നേരിട്ടത്‌. കാസ്‌തിയ്യോ പ്രസിഡന്റായിട്ടും 130 അംഗ പാർലമെന്റിൽ 37 അംഗങ്ങൾ  മാത്രമായിരുന്നതിനാൽ ഭരണം ദുഷ്‌കരമാക്കി. വീർപ്പുമുട്ടിച്ച്‌  പുറത്തുചാടിക്കാൻ പലവിധ ശ്രമവും നടന്നു. കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റ്‌ ഗുസ്‌താവോ പെത്രോയുടെ സത്യപ്രതിജ്ഞാ  ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കാൻപോലും പാർലമെന്റ്‌ അനുവദിച്ചില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും  നവലിബറൽ നയങ്ങളുടെ പ്രചാരകരായ  അതിസമ്പന്നരുടെയും വെള്ള പ്രഭുക്കളുടെയും പിന്തുണയും  വലതുപക്ഷത്തിന്‌ ലഭിച്ചു. രണ്ടരപ്പതിറ്റാണ്ടിനടുത്ത്‌  അധ്യാപകനായിരുന്ന കാസ്‌തിയ്യോ 2017ൽ ദേശീയ പണിമുടക്കിന് നേതൃത്വം നൽകിയതിലൂടെ ട്രേഡ്‌യൂണിയൻ രംഗത്തും അതിശ്രദ്ധേയനായി. ആ പിന്തുണയും നിർണായകമായിരുന്നു. കാസ്‌തിയ്യോ നേടിയ  വിജയം രണ്ടു നൂറ്റാണ്ടുകാലത്തെ  പെറുവിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന  സംഭവങ്ങളിൽ ഒന്നാണ്‌. സാധാരണ ജനങ്ങൾക്കൊപ്പം  നിലകൊണ്ട അദ്ദേഹം  രാജ്യത്തെ ദുർബലരും ദരിദ്രരുമായ തദ്ദേശീയ വിഭാഗങ്ങളുടെയാകെ പ്രതീകമായി.
ഏറ്റവും കാര്യക്ഷമമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് പെറുവിലേത് എന്നാണ്  അന്തർദേശീയ നിരീക്ഷകരുടെ  വിലയിരുത്തൽ.

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒഎഎസ്‌)അടക്കം ആ രാജ്യത്തെ  തെരഞ്ഞെടുപ്പുപ്രക്രിയ നീതിപൂർവകമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. മൂന്നുവട്ടം തുടർച്ചയായി തോറ്റ  കെയ്ക്കൊ ഫുജിമോറി എന്നിട്ടും  കുതന്ത്രങ്ങളിൽനിന്ന്  പിന്മാറാൻ തയ്യാറായില്ല.  കാസ്‌തിയ്യോ "കമ്യൂണിസമെന്ന ഭൂത’ത്തെ  കൈപിടിച്ചു നടത്തിക്കുമെന്നും  അത് കൊടിയ  ദാരിദ്ര്യത്തിന്‌ ഇടയാക്കുമെന്നും  മാധ്യമങ്ങൾ പ്രചരിപ്പിച്ചു. അധികാര ദുർവിനിയോഗവും അഴിമതിയും അരാജകത്വവുംമാത്രം പിന്തുടരുന്ന വലതുപക്ഷം അഞ്ചു വർഷത്തിനിടെ നാലു  പ്രസിഡന്റുമാരെയാണ്‌ വാഴിച്ചത്‌. രാഷ്ട്രീയ അസ്ഥിരതയും ഭരണ നിഷ്ക്രിയത്വവും പൊറുതിമുട്ടിച്ച ജനങ്ങളാണ് കാസ്‌തിയ്യോക്ക്‌  പിന്നിൽ അണിനിരന്നത്‌ എന്നതാണ്‌ വാസ്‌തവം.  കോവിഡ്‌ ഏറെ മുറിവേൽപ്പിച്ച  രാജ്യങ്ങളിലൊന്നാണ്‌ പെറു. 3.2 കോടി ജനസംഖ്യയിൽ  രണ്ടു ലക്ഷത്തിനടുത്ത്‌  പേരെ മരണത്തിലേക്ക്‌ തള്ളിയിട്ട അനാസ്ഥ  അവസാനിപ്പിക്കണമെന്ന്‌ ഭൂരിപക്ഷവും ആഗ്രഹിച്ചു.  ലാറ്റിനമേരിക്കൻ മേഖലയിൽ ദശാബ്ദങ്ങളായി നടക്കുന്ന അട്ടിമറികളെ എക്കാലവും അമേരിക്ക   പിന്തുണച്ചുപോന്നു. പെറുവിലും സ്ഥിതി സമാനമാണ്‌.  ലിസ കെന്നയെ  തങ്ങളുടെ പുതിയ അംബാസഡറായി നിയമിച്ചതും നിസ്സാരമല്ല. വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പെറു പ്രസിഡന്റിനെ അട്ടിമറിച്ചതിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരിക്കയാണ്‌. രാഷ്‌ട്രീയവും സാമ്പത്തികവുമായ വരേണ്യരുടെ താൽപ്പര്യങ്ങളാണ്‌ വിജയിച്ചതെന്നാണ്‌  മെക്‌സിക്കൻ പ്രസിഡന്റ്‌ ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദോർ അഭിപ്രായപ്പെട്ടത്‌. അമേരിക്കൻ മൂലധനവും  അതിസമ്പന്നരും തദ്ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ പെറുവിലെ നീക്കങ്ങളെന്ന ഇവാ മൊറാലിസിന്റെ  പ്രതികരണവും  ഏറെ പ്രസക്തമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top