02 October Monday

കെ വി തോമസ് ചെറുക്കുന്നത് സംഘപരിവാർ ബന്ധം

വെബ് ഡെസ്‌ക്‌Updated: Friday Apr 8, 2022ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ആർഎസ്എസ് പറയുമ്പോൾ ഹിന്ദുരാജ്യമാണെന്ന് കോൺഗ്രസ് പറയുന്നു. ഈ രാഷ്‌ട്രീയ സമവാക്യത്തിൽനിന്ന് കുതറിമാറാൻ കോൺഗ്രസിൽ ശ്രമം നടക്കുന്നുണ്ട്. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള  സെമിനാറിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ തീരുമാനം അത്തരത്തിലുള്ളതാണ്.

പാർടി കോൺഗ്രസിനോട്‌ അനുബന്ധിച്ചുള്ള സെമിനാറുകളിൽ പങ്കെടുക്കരുതെന്ന കോൺഗ്രസ്‌ നേതൃത്വത്തിന്റെ തീരുമാനം കേവലം കേരളത്തിലെ കോൺഗ്രസിന്റെ തീരുമാനം മാത്രമായി കാണാൻ കഴിയില്ല. ദേശീയ തലത്തിൽ അവർ ഇതുവരെ തുടർന്നുവരുന്ന മൃദുഹിന്ദുത്വ–- കോർപറേറ്റ്‌ പ്രീണന നയത്തിന്റെകൂടി ഭാഗമാണ്‌. ബിജെപിയെയും ആർഎസ്‌എസിനെയും വിമർശിക്കരുതെന്ന നിലപാട്‌. അവർ എടുക്കുന്ന തീരുമാനങ്ങളെ എതിർക്കാനോ വിമർശിക്കാനോ ഉള്ള നട്ടെല്ലില്ലായ്‌മയാണ്‌ കോൺഗ്രസിന്‌.

നാല്‌ സെമിനാറിലേക്കാണ്‌ കോൺഗ്രസ്‌ നേതാക്കളെ ക്ഷണിച്ചത്‌. ഇതിൽ പങ്കെടുക്കുന്ന നേതാക്കൾക്ക്‌ ബിജെപിക്കെതിരെ പറയേണ്ടിവരുമെന്നത് കോൺഗ്രസിനെ അലോസരപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങൾക്കെതിരെയായിരുന്നു ഒരു സെമിനാർ. ആ സെമിനാറിൽ ഐഎൻടിയുസി നേതാവ്‌ ആർ ചന്ദ്രശേഖരനെയാണ്‌ ക്ഷണിച്ചത്‌. സെമിനാറിൽ പങ്കെടുക്കാൻ ചന്ദ്രശേഖരൻ  എത്തിയതാണ്‌. എന്നാൽ, കോൺഗ്രസ്‌ നേതൃത്വം വിലക്കിയതിനാൽ വളരെയേറെ നിരാശയോടെ തിരിച്ചുപോയി . മറ്റൊരു സെമിനാറിൽ ശശി തരൂരായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്‌. തരൂരും പങ്കെടുക്കാൻ അനുവദിക്കണമെന്ന്‌ കേന്ദ്രനേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അനുവദിച്ചില്ല. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്നതാണ്‌ വിഷയം. അതിലും പറയേണ്ടിവരിക ബിജെപിക്കും ആർഎസ്‌എസിനും എതിരാണല്ലോ. കെ വി തോമസ്‌ പങ്കെടുക്കുന്നത്‌ കേന്ദ്ര സംസ്ഥാന–-ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിലാണ്‌. മണിശങ്കർ അയ്യരെപ്പോലും സെമിനാറിൽ വിലക്കി. ജനകീയാസൂത്രണമായിരുന്നു വിഷയം. അദ്ദേഹത്തിനും പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും പങ്കെടുത്തില്ല.

ദേശീയാടിസ്ഥാനത്തിൽ പ്രധാനമായ വിഷയങ്ങളിൽ നടത്തുന്ന സെമിനാറിന്‌ സംസ്ഥാന രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ല. സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം പിടിച്ചടക്കിയ സംഘപരിവാർ കോക്കസ്‌ സങ്കുചിത ചിന്തയോടെ എടുത്ത തീരുമാനമാണ്‌ ഇത്‌. കേന്ദ്ര നേതൃത്വം അത്‌ സഹർഷം സ്വീകരിച്ചു. അതിനു പിന്നിലാണ്‌ ദേശീയ നേതൃത്വത്തിന്റെ ബിജെപി–-ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ ഒളിഞ്ഞുകിടക്കുന്നത്‌.

കോൺഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അതിന്റെ രൂപീകരണത്തോളം പഴക്കമുണ്ട്. ഇതിലേക്ക് തിരിഞ്ഞുനോക്കിയാൽ സംഘപരിവാറിന്റെ ദീർഘകാല പ്രവർത്തനവും അതിൽ കോൺഗ്രസിനെ എങ്ങനെ ഉപയോഗിച്ചുവെന്നതും  മനസ്സിലാകും.  സ്വാതന്ത്ര്യാനന്തരം രാജ്യം അടക്കിവാണ കോൺഗ്രസിനെ അവർ അന്നുമുതലേ ഉപയോഗിച്ചിരുന്നു. കോൺഗ്രസ് നേതാക്കളെ പങ്കാളികളോ അല്ലെങ്കിൽ ഒത്താശക്കാരോ ആക്കാൻ സംഘപരിവാർ അന്നുമുതലേ ശ്രമിച്ചുവന്നു. ശക്തമായ മതനിരപേക്ഷ നിലപാടു സ്വീകരിച്ച ജവാഹർലാൽ നെഹ്റു പോലും ഈ ചാഞ്ചാട്ടത്തിൽ നിസ്സഹായനായി മാറുകയായിരുന്നു.

1949 ഡിസംബർ 22ന് അർധരാത്രിയിൽ തുടങ്ങിയ മസ്ജിദ് -–- ക്ഷേത്ര സംഘർഷ കാലത്ത് കോൺഗ്രസിന്റെ ദേശീയ മുഖമായിരുന്ന ഗോവിന്ദ വല്ലഭായ് പന്തായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. പ്രധാനമന്ത്രി നെഹ്റു നേരിട്ട് ഇടപെട്ടിട്ടുപോലും പന്ത് ചലിച്ചില്ല. 1985 ഡിസംബർ 19ന് അന്നത്തെ യുപി മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് വീർബഹാദൂർ സിങ് അയോധ്യ സന്ദർശിച്ച് വിശ്വഹിന്ദു പരിഷത്ത്‌ നേതാക്കളുമായി ഒരേ വേദി പങ്കിട്ട് ഹിന്ദുത്വ രാഷ്ടീയത്തിന് ശിലാന്യാസം നടത്തി.

കോൺഗ്രസ് നേതാവ് പി വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1992 ഡിസംബർ ആറിനാണ് ബാബ്‌റി മസ്ജിദ് തകർത്തത്. എൽ കെ അദ്വാനി ആത്മകഥയിൽ നരസിംഹ റാവുവിന്റെ സഹായത്തെ നന്ദിപൂർവം സ്മരിച്ചിട്ടുണ്ട്. മസ്ജിദ് തകർത്തശേഷം ഉത്തരേന്ത്യയിൽ നടന്ന വർഗീയ കലാപങ്ങളിൽ കോൺഗ്രസിന്റെ പങ്ക് കുപ്രശസ്തമാണ്. മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷൻ കോൺഗ്രസിനെ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. കേരളത്തിലും കോൺഗ്രസ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ബി ടീമായി മാറിക്കൊണ്ടിരിക്കുന്നു. ഈ അത്യാപത്തിനെതിരെ കുതറിമാറുന്ന മതനിരപേക്ഷ കോൺഗ്രസ് മനസ്സുകളെ ഏറ്റെടുക്കുകയെന്നത്  മലയാളക്കരയുടെ നിലനിൽപ്പിന്റെ ഭാഗമാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top