13 July Saturday

ലക്ഷ്യബോധത്തോടെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2022


ഇന്ത്യൻ രാഷ്ട്രീയത്തിന്‌ വരുംനാളുകളിൽ ദിശാബോധം പകരാൻ കഴിയുന്ന നയങ്ങൾക്ക് രൂപംനൽകാൻ സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് കണ്ണൂരിലെ ചുവന്നമണ്ണിൽ തുടക്കമായി. ഉദ്‌ഘാടന സമ്മേളനംതന്നെ പാർടി മുന്നോട്ടുവയ്‌ക്കുന്ന രാഷ്ട്രീയ ബദലിലേക്ക് വെളിച്ചംപായിച്ചു. ഒരേസമയം നവലിബറൽ നയങ്ങൾ വഴിയും വർഗീയ നീക്കങ്ങളിലൂടെയും ജനങ്ങളെ ശത്രുപക്ഷത്താക്കി നീങ്ങുന്ന മോദി സർക്കാരിനെതിരായ പോരാട്ടത്തിന്റെ രൂപരേഖ അവിടെ തെളിഞ്ഞു. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാഗതപ്രസംഗത്തിലും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ അഭിവാദ്യപ്രസംഗത്തിലും ഈ വീക്ഷണ വ്യക്തത പ്രകടമായി. ഫോർവേഡ് ബ്ലോക്കും സിപിഐ എംഎൽ ലിബറേഷനും ആർഎസ്‌പിയും സമ്മേളനത്തിലേക്ക് അയച്ച സന്ദേശങ്ങളിൽ പങ്കുവച്ചതും ബിജെപിയെ ചെറുക്കാൻ ഉയരേണ്ട യോജിച്ച പോരാട്ടങ്ങളെപ്പറ്റിയുള്ള പ്രത്യാശയാണ്‌.

പ്രതിസന്ധിയുടെ പിടിയിലായിരുന്ന ലോക മുതലാളിത്തം കോവിഡ് മഹാമാരിയെപ്പോലും ലാഭം കൊയ്യാനും ധനികനെ കൂടുതൽ ധനികനാക്കാനുമുള്ള അവസരമാക്കി മാറ്റിയത് ചൂണ്ടിക്കാട്ടിയ യെച്ചൂരി കേരളം ഈ രംഗത്ത് ഉയർത്തിയ വ്യത്യസ്ത മാതൃക ഓർമിപ്പിച്ചു. നാറ്റോ വ്യാപനത്തിനുള്ള തിടുക്കത്തിലൂടെ അമേരിക്കൻ സാമ്രാജ്യത്വ മോഹമുണ്ടാക്കിയ പ്രകോപനം യുക്രയ്‌നിൽ യുദ്ധത്തിനിടയാക്കി. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന പാർടി നിലപാട് ആവർത്തിച്ച ജനറൽ സെക്രട്ടറി ചൈനയെ ഒറ്റപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളും ചൂണ്ടിക്കാട്ടി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ചില സ്കാന്റിനേവിയൻ രാജ്യങ്ങളിലും ഇടതുപക്ഷശക്തികൾ നടത്തുന്ന മുന്നേറ്റം വരച്ചിട്ട അദ്ദേഹം 37 ലോക കമ്യൂണിസ്റ്റ് -തൊഴിലാളി പാർടികൾ സമ്മേളനത്തിന്‌ അഭിവാദ്യം അർപ്പിച്ച് സന്ദേശം അയച്ചത് ചൂണ്ടിക്കാട്ടി. പോരാടുന്ന ലോകം ഒപ്പമുണ്ടെന്നും ഇന്ത്യയിലെ മുന്നേറ്റത്തിന് ഇതെല്ലാം കരുത്തുപകരുമെന്നും പ്രത്യാശ പകരുന്നതായി ആ സന്ദേശങ്ങൾ.

ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിയും ജനാധിപത്യ ഭരണഘടനാ സംവിധാനങ്ങളെ ഒന്നൊന്നായി തകർത്തെറിഞ്ഞും നീങ്ങുന്ന മോദി സർക്കാരിനെ തൂത്തെറിയാൻ ഇടതുപക്ഷം കരുത്തുനേടിയേ മതിയാകൂ. അതിനായി സിപിഐ എം വളരണം. ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഐക്യവും ശക്തിപ്പെടണം. ജനകീയ സമരങ്ങൾ കൂടുതൽ പ്രഹരശേഷി നേടണം. ഇതിനായി തുടർച്ചയായ രാഷ്ട്രീയ പ്രത്യയശാസ്‌ത്ര, സാംസ്കാരിക, സാമൂഹ്യമുന്നേറ്റങ്ങൾ വളർത്തിക്കൊണ്ടുവരണം. മതനിരപേക്ഷശക്തികൾ ഒന്നിച്ചുനിന്ന്‌ ഈ പോരാട്ടം മുന്നോട്ടുകൊണ്ടു പോകണമെന്നതിൽ സംശയമില്ലെന്നു ചൂണ്ടിക്കാട്ടിയ യെച്ചൂരി വർഗീയതയോട് കോൺഗ്രസ് പുലർത്തുന്ന ഒത്തുതീർപ്പിന്റെ നയം തുറന്നുകാട്ടി. എവിടെ നിൽക്കുന്നുവെന്ന്‌ കോൺഗ്രസ് വ്യക്തമാക്കണം. ഇപ്പോഴത്തെ നയം വർഗീയ ചേരിയിലേക്ക് അണികളുടെ കുത്തൊഴുക്കിനാണ് വഴിയൊരുക്കുന്നതെന്ന് അവർ തിരിച്ചറിയണം. കഴിഞ്ഞദിവസം ആനയുടെയും ഉറുമ്പിന്റെയും കഥയുമായി ഇറങ്ങിയ കെ സുധാകരനോടുകൂടിയാണ് സിപിഐ എം ജനറൽ സെക്രട്ടറിയുടെ ഈ ഓർമപ്പെടുത്തൽ. മെലിഞ്ഞുണങ്ങി അലഞ്ഞുതിരിയുന്ന ‘കോൺഗ്രസ് ആന’യുടെ പിന്നിൽനിന്ന് മേനി നടക്കുന്ന സുധാകരൻ അതിനൊരു പാപ്പാൻ പോലും ഇല്ലെന്നറിയണം.

മുകളിലിരുന്നവരൊക്കെ ചാടിപ്പോയി. ഒന്നാംപാപ്പാൻ എവിടെ എന്നുപോലും അറിയില്ല. ഒരു ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ പോലും ആവതില്ലാതെ ഡൽഹിക്കും തിരുവനന്തപുരത്തിനുമിടയിൽ ഓടിക്കളിക്കുന്ന കെപിസിസി പ്രസിഡന്റ് യാഥാർഥ്യം മനസ്സിലാക്കുക. ബിജെപിയുടെ വർഗീയ നവലിബറൽ നയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിൽ ഈ ആനക്കാര്യം വിളമ്പുന്ന കോൺഗ്രസ് ഇല്ലേയില്ലെന്നു കാണണം. കർഷകപ്രക്ഷോഭം പോലെയുള്ള ബഹുജനസമരങ്ങളിലോ തെരഞ്ഞെടുപ്പുപോരാട്ടങ്ങളിലോ പഴയ പ്രതാപത്തിന്റെ മങ്ങിയ നിഴലായിപ്പോലും നിങ്ങളില്ല. അതുകൊണ്ടുതന്നെയാണ് സാമ്പത്തികനയം തിരുത്തിയും വർഗീയതയെ ചെറുക്കാൻ തയ്യാറായും വന്നാൽ മാത്രമേ കോൺഗ്രസിന് നിലനിൽപ്പുള്ളൂവെന്ന് സിപിഐ എം ചൂണ്ടിക്കാട്ടുന്നത്.

സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിയുന്ന പാർടിയാണ് സിപിഐ എം. എത്ര ദൗർബല്യം വന്നാലും പിന്തുടരുന്ന രാഷ്ട്രീയനയം വ്യക്തവും ദിശാബോധം ഉള്ളതുമായിരിക്കണമെന്ന ജാഗ്രത ആ പാർടിക്കുണ്ട്‌. കനൽത്തരിയായിരുന്നാൽപ്പോലും അധികാരശക്തികളെ തുരത്തുന്ന തീക്കടലുകൾ പടർത്താൻ ആ പാർടിക്ക്‌ ആകുന്നത് അതുകൊണ്ടാണ്. നിലവിലെ വ്യവസ്ഥിതിക്കുള്ളിൽനിന്ന്‌ കേരളത്തിൽ ഒരു ജനകീയ ബദലിന്റെ മാതൃകയാകാൻ പാർടി നയിക്കുന്ന സർക്കാരിന് കഴിയുന്നതും ആ ലക്ഷ്യബോധംകൊണ്ടാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകശക്തിയായി പാർടിക്ക്‌ മാറാൻ കഴിയുന്നതും അതുകൊണ്ടുതന്നെ. ആവേശത്തിരകൾ ഉയർത്തി തുടക്കമായ 23–-ാം പാർടി കോൺഗ്രസിന്റെ ഉദ്ഘാടനദിനം അടിവരയിടുന്നതും ഈ രാഷ്‌ട്രീയ സന്ദേശത്തിനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top