27 April Saturday

ചരിത്രമാകാൻ മഹാസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2022

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കോട്ടയായ കണ്ണൂർ ഇനി അഞ്ചുനാൾ രാജ്യത്തിന്റെ, ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ സിപിഐ എമ്മിന്റെ 23–--ാം പാർടി കോൺഗ്രസ്, കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഈ മണ്ണിൽ ബുധനാഴ്ച ആരംഭിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധമായ കണ്ണൂർ അത്യാവേശത്തോടെ സാക്ഷ്യംവഹിക്കുന്ന ഈ ചരിത്രമുഹൂർത്തം ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന ഏടുകളിലൊന്നായി മാറും. വരുംകാലങ്ങളിലേക്കുള്ള, പാർടിയുടെ രാഷ്ട്രീയവും അടവുപരവുമായ നിലപാടുകൾ കോൺഗ്രസ് തീരുമാനിക്കും.

ഇന്ത്യക്കാകെ പ്രതീക്ഷയും പ്രത്യാശയും ആവേശവും നൽകി കേരളത്തിൽ ഇടതുപക്ഷം തുടർഭരണം നേടിയ അഭിമാന മുഹൂർത്തത്തിലാണ് പാർടി കോൺഗ്രസ് കണ്ണൂരിൽ ചേരുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്നലെകളുടെ ദുരിതങ്ങളിൽനിന്ന്, ഇന്നിന്റെ വെളിച്ചത്തിലേക്കും നാളെയുടെ ശോഭനമായ ഭാവിയിലേക്കും നാടിനെ നയിക്കാൻ പ്രയത്നിച്ച എണ്ണമറ്റ ധീരപോരാളികളുടെ ഓർമകളുറങ്ങുന്ന മണ്ണിലാണ് പാർടി കോൺഗ്രസ്‌ എന്നതും സവിശേഷ ശ്രദ്ധയർഹിക്കുന്നു. കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട്‌ രാഷ്ട്രീയപ്രമേയം രണ്ടുമാസം മുമ്പേ പ്രസിദ്ധീകരിച്ചതാണ്. പാർടിയുടെ എല്ലാ ഘടകവും ഇതിനകം ചർച്ച ചെയ്തു. രാഷ്ട്രീയവും അടവുപരവുമായ ലൈൻ തീരുമാനിക്കുന്ന ഉൾപ്പാർടി ജനാധിപത്യത്തിന്റെ ഈ മഹനീയ മാതൃക സിപിഐ എമ്മിനെ മറ്റു പാർടികളിൽനിന്ന് വ്യത്യസ്തമാക്കുന്നു. കരടുപ്രമേയം ഇനി പാർടി കോൺഗ്രസിലെ പ്രതിനിധികൾ അന്തിമമായി ചർച്ച ചെയ്‌ത്‌ അംഗീകരിക്കും.

ഇന്ത്യ വലിയ ആപത്തുകൾ നേരിടുന്ന സാഹചര്യത്തിലാണ് പാർടി കോൺഗ്രസ് ചേരുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും രാജ്യമാകെ കാതോർക്കുന്നുണ്ട്. ഇന്ത്യൻ പരമാധികാര റിപ്പബ്ലിക്കിന്റെ 72 വർഷവും സ്വാതന്ത്ര്യത്തിന്റെ 75 പിറന്നാളും പിന്നിടുമ്പോൾ സ്വാതന്ത്ര്യംതന്നെ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. 2019ൽ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഹിന്ദുത്വ - കോർപറേറ്റ് അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുകയാണ്. മതനിരപേക്ഷതയിലൂന്നിയ ഭരണഘടന അട്ടിമറിച്ച് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാൻ, ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണം സർവ നീക്കവും നടത്തുന്നു. പാർലമെന്റിലെ ബിജെപിയുടെ സാങ്കേതിക ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാന ശിലകളെത്തന്നെ തകർക്കുന്നു. പൗരത്വംവരെ മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാണ് നീക്കം. ജനാധിപത്യാവകാശങ്ങളും മൗലികാവകാശങ്ങളുമെല്ലാം നിഷേധിക്കുകയാണ്. സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക്‌ അനുസരിച്ച് നവ ഉദാര സാമ്പത്തികനയം ശക്തമായി നടപ്പാക്കുന്നു. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും മൂലധനവും പൊതുമേഖലാ സ്ഥാപനങ്ങളുമെല്ലാം കോർപറേറ്റ്‌ മുതലാളിമാർക്ക് തീറെഴുതുന്നു. ജനങ്ങൾക്കുമേൽ ഒരേസമയം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും നവ ഉദാര സാമ്പത്തിക നയത്തിന്റെയും ബഹുമുഖ ആക്രമണങ്ങൾ.

ജനങ്ങളുടെ ദുരിതം ദിനേന വർധിക്കുകയാണ്. തൊഴിലില്ല, വരുമാനമില്ല, വിലക്കയറ്റം രൂക്ഷമായി, കാർഷികമേഖല തകർന്നു. പെട്രോൾ, ഡീസൽ,  പാചകവാതക വില കൂട്ടിയും ജനങ്ങൾക്കുമേൽ തീ കോരിയിടുന്നു. ബിജെപി സർക്കാരിന്റെ ഈ രാജ്യവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ അതിവിശാല സമരനിര കെട്ടിപ്പടുക്കുകയാണ് കമ്യൂണിസ്റ്റ്, ഇടതുപക്ഷ, മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുഖ്യ കടമ. ഈ പാതയിൽ ഉറച്ചുമുന്നേറാൻ രാജ്യത്തിനു പ്രചോദനം നൽകുന്ന തീരുമാനങ്ങൾ പാർടി കോൺഗ്രസിലുണ്ടാകും.

ഹിന്ദുത്വ - നവലിബറൽ നയങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെയുള്ള, വിട്ടുവീഴ്ചയില്ലാത്ത നയങ്ങളും നിലപാടുകളും സ്വീകരിക്കാൻ ഇടതുപക്ഷത്തിനേ സാധിക്കൂവെന്ന് രാജ്യത്തിനാകെ ബോധ്യപ്പെട്ടുവരികയാണ്. ഏറെക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ദുർബലമായിക്കഴിഞ്ഞു. ഹിന്ദുത്വത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസ് വലിയ പരാജയമാണ്.  ഇടതുപക്ഷത്തിന്റെ ശബ്ദവും പ്രതിരോധവുമാണ് നാടിനു പ്രതീക്ഷ നൽകുന്നത്. അതിനാൽത്തന്നെ,  മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിച്ച് അണിനിരത്തുന്നതിൽ സിപിഐ എമ്മിന് വലിയ ഉത്തരവാദിത്വമുണ്ട്. പാർടി കോൺഗ്രസ് ഇക്കാര്യങ്ങളാകെ പരിശോധിക്കും.

കേന്ദ്ര നയങ്ങൾക്കെതിരെ രാജ്യത്താകെ ചെറുതും വലുതുമായ ഒട്ടേറെ പ്രക്ഷോഭം നടക്കുന്നുണ്ടെന്നത് പ്രതീക്ഷാനിർഭരമാണ്. പലതും അഭൂതപൂർവമായ ജനമുന്നേറ്റമായി. കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞുവീശിയ കർഷകസമരം, തൊഴിലാളിയുടെ കരുത്ത് വെളിപ്പെടുത്തിയ ദേശീയ പണിമുടക്കുകൾ എന്നിവ എടുത്തുപറയേണ്ട പോരാട്ടങ്ങളായിരുന്നു.  ഈ പോരാട്ടങ്ങളെയെല്ലാം പിന്തുണയ്‌ക്കാനും ജനങ്ങളെ സമരരംഗത്ത് അണിനിരത്താനും സിപിഐ എം മുന്നിലുണ്ടായിരുന്നു.  ഈ പോരാട്ടങ്ങൾ ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

പാർടിയുടെ എല്ലാ കോൺഗ്രസിലും എന്നപോലെ ഈ കോൺഗ്രസിലും ദേശീയ വിഷയങ്ങൾക്കൊപ്പം സാർവദേശീയ വിഷയങ്ങളും ചർച്ചചെയ്ത് കൃത്യമായ നിലപാടുകൾ സ്വീകരിക്കും. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രത്യാഘാതങ്ങളും പലരൂപത്തിലും ഭാവത്തിലും തുടരുന്നുവെന്നതാണ് ലോക സാഹചര്യങ്ങളിലെ പ്രധാനപ്പെട്ട ഒരുകാര്യം. മഹാമാരിക്കാലം നവ ഉദാര സാമ്പത്തിക നയങ്ങളുടെ തികഞ്ഞ പരാജയം വെളിപ്പെടുത്തി. കോവിഡിനെ നേരിടുന്നതിൽ മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളും സ്വീകരിച്ച നയസമീപനങ്ങളിലെ വ്യത്യാസം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. 2008 മുതൽ ആരംഭിച്ച സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ മുതലാളിത്ത ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കോവിഡ് സ്ഥിതിഗതികൾ വീണ്ടും വഷളാക്കി. ദാരിദ്ര്യവും പട്ടിണിയും വർധിച്ചു. ദരിദ്ര രാജ്യങ്ങളിൽ കോവിഡ് വാക്സിൻ ഇനിയും കാര്യമായി എത്തിയിട്ടില്ല. ഇതിനിടയിലാണ് ഇപ്പോൾ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി, റഷ്യ - ഉക്രയ്ൻ യുദ്ധം. ആഗോള തലത്തിൽ ചൈനയുടെ സ്വാധീനം വർധിച്ചത്, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുമുന്നേറ്റം എന്നിവയും ഇതോടൊപ്പം ചർച്ചയാകും. അങ്ങനെ എല്ലാ തലത്തിലും അർഥപൂർണമായ ചർച്ചകളോടെയും തീരുമാനങ്ങളോടെയും ചരിത്രഗതിയിൽ നിർണായകമാകും ഈ പാർടി കോൺഗ്രസ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top