29 March Friday

ജനാധിപത്യത്തെ വെറുക്കുന്ന മോദിസർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021


പാർലമെന്ററി ജനാധിപത്യത്തോട്‌ ബിജെപിയുടെ സമീപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനശൈലിയിൽനിന്ന്‌ വ്യക്തമാണ്‌. അങ്ങേയറ്റം നിർണായക സമ്മേളനമാണ്‌ ചേരുന്നതെന്ന്‌ ശീതകാല സമ്മേളനത്തിന്റെ ആദ്യനാളിൽ പാർലമെന്റിനു പുറത്ത്‌ പ്രധാനമന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.  എന്നാൽ, വളരെ സുപ്രധാനബില്ലുകൾ പാസാക്കിയ സന്ദർഭത്തിലും പ്രധാനമന്ത്രി സഭയിൽ ഹാജരായില്ല. അധികാരത്തിൽ വന്നതിന്റെ  ആദ്യവർഷങ്ങളിൽ മോദി പാർലമെന്റിൽ ചുരുക്കമായിവന്ന്‌ ഏകപക്ഷീയ പ്രസംഗങ്ങൾ നടത്തിയിരുന്നു. പിന്നീട്‌  ഇരുസഭയിലും വരാതായി. പാർലമെന്റ്‌ മന്ദിരത്തിലെ ഓഫീസിൽ ഉണ്ടായിരുന്നാലും മോദി സഭയിലേക്ക്‌ തിരിഞ്ഞുനോക്കില്ല.  സംയുക്തസേനാ തലവൻ ബിപിൻ റാവത്ത്‌ അടക്കമുള്ളവരുടെ ദാരുണ മരണത്തിന്‌ ഇടയാക്കിയ ഹെലികോപ്‌റ്റർ അപകടത്തെക്കുറിച്ച്‌ പ്രസ്‌താവന നടത്താൻപോലും പാർലമെന്റിനെ അഭിസംബോധന ചെയ്‌തില്ല.

ജനപ്രതിനിധികളെ ഗൗരവത്തോടെയും ആത്മാർഥതയോടെയും സമീപിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന്‌ ബോധ്യപ്പെടുത്തുന്ന സംഗതികൾ വേറെയുമുണ്ട്‌. പാർലമെന്റ്‌ സമ്മേളനം ചേരാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ്‌ സിബിഐ, ഇഡി ഡയറക്ടർമാരുടെ  ഔദ്യോഗിക കാലാവധി നീട്ടാൻ ഓർഡിനൻസ്‌ കൊണ്ടുവന്നത്‌.  ഇരുസഭയുടെയും അജൻഡ നിശ്‌ചയിക്കാൻ കാര്യോപദേശകസമിതി നിലവിലുണ്ടെങ്കിലും ഏതൊക്കെ ബില്ലുകളാണ്‌ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന്‌ സമിതി യോഗത്തിൽനിന്ന്‌ സർക്കാർ മറച്ചുവയ്‌ക്കുന്നു. പലദിവസവും അധിക അജൻഡയിൽ ഉൾപ്പെടുത്തിയാണ്‌ ബില്ലുകളുടെ അവതരണം. സഭയിൽ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ്‌ എംപിമാർക്ക്‌ ബില്ലുകളുടെ പകർപ്പ്‌ ലഭിക്കുക. ഇതുകാരണം ഭേദഗതികൾ നിർദേശിക്കാൻ കഴിയുന്നില്ല.

സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ  പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെ അവതരിപ്പിക്കുന്ന ബില്ലുകൾ ശബ്ദവോട്ടോടെ പാസാക്കുന്നു. പാർലമെന്ററി കമ്മിറ്റികളുടെ പരിശോധനയ്‌ക്ക്‌ അയക്കുന്നില്ല. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ്‌ നിയമഭേദഗതി ബില്ലടക്കം ഇത്തരത്തിൽ തിരക്കിട്ട്‌ പാസാക്കി. വേണ്ടത്ര ശ്രദ്ധയോ പരിശോധനയോ ഇല്ലാതെ ബില്ലുകൾ  പാസാക്കുന്നത്‌ അബദ്ധങ്ങൾക്കും കാരണമാകുന്നു. മയക്കുമരുന്ന്‌ ദുരുപയോഗം തടയാനുള്ള നിയമത്തിലുണ്ടായ പാളിച്ചയ്‌ക്ക്‌ കാരണമായത്‌  ബിൽ വേണ്ടത്ര പരിശോധിക്കാതെ മുമ്പ്‌ പാസാക്കിയതാണ്‌. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ ധനസഹായം നൽകുന്നവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥയിലെ പിഴവ്‌ തിരുത്താൻ  ഭേദഗതിബിൽ ആവശ്യമായിവന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചത്‌ പാർലമെന്റ്‌ സമ്മേളനം തീരാറായ ഘട്ടത്തിലാണ്‌. മതിയായ കൂടിയാലോചന നടത്താതെയാണ്‌ ഈ ബിൽ കൊണ്ടുവന്നത്‌. കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന്മേൽ ചർച്ച അനുവദിച്ചില്ല. തിരക്കിട്ട്‌ പാസാക്കിയ മൂന്ന്‌ കാർഷികനിയമത്തിനെതിരെ രാജ്യത്തെ കർഷകർ ഒരു വർഷത്തിലേറെ നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ്‌  നിയമങ്ങൾ പിൻവലിച്ചത്‌. അപ്പോഴും  ജനാധിപത്യവിരുദ്ധമായാണ്‌ സർക്കാർ പെരുമാറിയത്‌.

ജനാധിപത്യം സംരക്ഷിക്കണമെന്ന്‌ പാർലമെന്റിൽ പറഞ്ഞാലും പ്രശ്‌നമാകും. രാജ്യസഭയിൽ തെരഞ്ഞെടുപ്പ്‌ നിയമഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കവെ ജനാധിപത്യത്തെ കശാപ്പുചെയ്യരുതെന്ന്‌പറഞ്ഞ അംഗത്തിന്‌ ചെയറിന്റെ രോഷം നേരിടേണ്ടിവന്നു. വർഷകാല സമ്മേളനത്തിൽ ഇൻഷുറൻസ്‌ സ്വകാര്യവൽക്കരണ ബിൽ ചട്ടവിരുദ്ധമായി പാസാക്കിയതിനെ എതിർത്ത പന്ത്രണ്ട്‌ അംഗങ്ങളെ ഈ സമ്മേളനത്തിൽനിന്ന്‌ പൂർണമായി മാറ്റിനിർത്തി. ഇത്രയും കടുത്ത നടപടി അപൂർവമാണ്‌. അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആത്മാർഥമായ ചർച്ചയ്‌ക്കും സർക്കാർ ശ്രമിച്ചില്ല. സമ്മേളനം അവസാനിപ്പിക്കുന്നതിന്‌ രണ്ട്‌ ദിവസംമുമ്പ്‌, സസ്‌പെൻഷൻ നേരിടുന്ന അംഗങ്ങൾ ഉൾപ്പെടുന്ന  അഞ്ച്‌ പ്രതിപക്ഷ പാർടിയുടെ നേതാക്കളെമാത്രം വിളിച്ചു. പ്രതിപക്ഷം  ഒറ്റക്കെട്ടായി പ്രതിഷേധിച്ച വിഷയത്തിന്റെ  അടിസ്ഥാനത്തിലുണ്ടായ സസ്‌പെൻഷൻ  ചർച്ചചെയ്യാൻ അഞ്ച്‌ കക്ഷികളെമാത്രം വിളിച്ചതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയതോടെ ഈ ചർച്ചയും നടന്നില്ല. പല മന്ത്രാലയങ്ങളെക്കുറിച്ചും  നൽകുന്ന ചോദ്യങ്ങൾക്ക്‌  കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയും  എംപിമാർ ഉന്നയിക്കുന്നു. ജനങ്ങളിൽനിന്ന്‌ അകലുന്ന മോദിസർക്കാർ ജനാധിപത്യത്തെ കശാപ്പ്‌ ചെയ്യാനാണ്‌ വ്യഗ്രത കാട്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top