24 April Wednesday

ജനാധിപത്യത്തെ ഭയക്കുന്ന ബിജെപി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


രാജ്യസഭയിലെ 12 പ്രതിപക്ഷ അംഗങ്ങളെ ശീതകാല സമ്മേളനം തീരുംവരെ സസ്‌പെൻഡ്‌ ചെയ്‌തത്‌  ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ആശങ്കയിലാഴ്‌ത്തിയിരിക്കുന്നു. സിപിഐ എം രാജ്യസഭാ കക്ഷിനേതാവ്‌ എളമരം കരീം, സിപിഐ സഭാനേതാവ്‌ ബിനോയ്‌ വിശ്വം എന്നിവരടക്കമുള്ളവരെയാണ്‌ വർഷകാല സമ്മേളനത്തിന്റെ അവസാനദിവസം ആഗസ്‌ത്‌ പതിനൊന്നിനുണ്ടായ പ്രതിഷേധത്തിന്റെ  പേരിൽ ഈ സമ്മേളനത്തിൽ പുറത്തുനിർത്തുന്നത്‌. കോർപറേറ്റ്‌ പ്രീണന കാർഷികനിയമങ്ങൾ, പെഗാസസ്‌ ചാരപ്പണി എന്നീ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രതിഷേധിക്കവെ പാർലമെന്ററി നടപടിക്രമങ്ങൾക്ക്‌ വിരുദ്ധമായി ഇൻഷുറൻസ്‌ സ്വകാര്യവൽക്കരണ ബിൽ പാസാക്കാൻ സർക്കാർ മുതിർന്നതാണ്‌ ആഗസ്‌ത്‌ 11ന്‌ സഭ പ്രക്ഷുബ്‌ധമാക്കിയത്‌.  ഡസൻകണക്കിന്‌ സുരക്ഷാ ജീവനക്കാരെ ഇറക്കിയാണ്‌  പ്രതിപക്ഷത്തെ നേരിട്ടത്‌. അന്വേഷണസമിതി  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സസ്‌പെൻഷനെന്ന്‌ സർക്കാർ പറയുന്നു. എന്നാൽ, സുരക്ഷാ ജീവനക്കാർ ആക്രമിച്ചതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പരാതി നൽകിയിരുന്നു. ഈ പരാതികളിൽ ഒരു നടപടിയുമില്ല.

ഇപ്പോൾ  നടപടിക്ക്‌ വിധേയരായ 12 പേരെയും  അന്ന്‌  ഒച്ചപ്പാടുണ്ടായ ഘട്ടത്തിൽ സഭാധ്യക്ഷൻ പേരെടുത്ത്‌ പരാമർശിച്ചിട്ടില്ല. അങ്ങനെ പരാമർശം ഉണ്ടായാൽപ്പോലും സസ്‌പെൻഷൻ പ്രമേയം അപ്പോൾത്തന്നെ കൊണ്ടുവരികയാണ്‌ ചെയ്യേണ്ടത്‌. അന്ന്‌ അവസാനിച്ച സമ്മേളനം നിർത്തിവച്ചതായി  രാഷ്ട്രപതിയുടെ വിജ്ഞാപനവും ഇറങ്ങി. സഭയിലെ സംഭവവികാസങ്ങൾ അവിടെ തീർന്നതായി  പരിഗണിക്കുകയാണ്‌ വേണ്ടത്‌. ഈ സമ്മേളനത്തിൽ സർക്കാർ പ്രമേയം കൊണ്ടുവന്ന്‌ പുറത്താക്കിയത്‌  പാർലമെന്ററി  കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന്‌  നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

സംവാദത്തോടും വിമർശങ്ങളോടും ബിജെപി പുലർത്തുന്ന അസഹിഷ്‌ണുത എണ്ണമറ്റ അവസരങ്ങളിൽ പ്രകടമായിട്ടുണ്ട്‌. പാർലമെന്ററി ജനാധിപത്യത്തെ പടിപടിയായി നശിപ്പിക്കുകയാണ്‌ ബിജെപി സർക്കാർ. ചർച്ചകൂടാതെ ബില്ലുകൾ പാസാക്കുന്നതും അംഗങ്ങൾ ആവശ്യപ്പെട്ടാലും ബില്ലുകളിന്മേൽ വോട്ടെടുപ്പിന്‌ തയ്യാറാകാത്തതും ഇതിനുദാഹരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഹാജരാകുന്നത്‌ വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം. പാർലമെന്റ്‌ മന്ദിരത്തിലെ ഓഫീസിൽ എത്തിയാൽപ്പോലും പ്രധാനമന്ത്രി സഭകളിലേക്ക്‌ കടക്കാറില്ല. സംവാദങ്ങളുടെ മഹത്വത്തെക്കുറിച്ച്‌ പ്രധാനമന്ത്രി വാചാലനായതിനു തൊട്ടുപിന്നാലെയാണ്‌ കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെന്റിൽ ചർച്ചകൂടാതെ പാസാക്കിയത്‌. ജനാധിപത്യത്തിന്‌ തെല്ലും നിരക്കാത്ത രീതിയായി ഇത്‌.

വൈദ്യുതിനിയമ ഭേദഗതി ബിൽ, ബാങ്കിങ്‌ സ്വകാര്യവൽക്കരണ ബിൽ എന്നിവ നടപ്പു സമ്മേളനത്തിൽ പാസാക്കാനാണ്‌ സർക്കാർ നീക്കം. കർഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ശക്തമായി എതിർക്കുന്ന നിയമനിർമാണങ്ങളാണിവ. ഈ ബില്ലുകൾ പാസാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ രാജ്യസഭയിലെ  12 അംഗങ്ങളെ  സസ്‌പെൻഡ്‌ ചെയ്‌തതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌. രാജ്യസഭയിൽ നിലവിൽ 239 അംഗങ്ങളാണ്‌. സ്വതന്ത്രരും നാമനിർദേശം ചെയ്യപ്പെട്ടവരും  അടക്കമുള്ളവരെ  കൂട്ടിയാലും  സർക്കാരിനൊപ്പം 118 പേരേയുള്ളൂ. ഈ സാഹചര്യത്തിലാണ്‌ പ്രതിപക്ഷത്തെ  12 പേരെ  പുറത്തുനിർത്തുന്നത്‌. കുറുക്കുവഴിയിൽ ഭൂരിപക്ഷം നേടാനാണ്‌ സർക്കാരിന്റെ  നീക്കം.

കേന്ദ്രത്തിന്റെ  ജനദ്രോഹനയങ്ങളിൽ പ്രതിഷേധിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. സർക്കാരിനെ ജനാധിപത്യപരമായി  വിമർശിക്കാനും തിരുത്താനുമുള്ള വേദിയാണ്‌ പാർലമെന്റ്‌. ഇതിന്‌ പ്രതിപക്ഷത്തെ അനുവദിക്കാത്തത്‌ പാർലമെന്ററി ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണ്‌. അഞ്ച്‌ വർഷംകൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ്‌ മാത്രമല്ല ജനാധിപത്യം. കഴിഞ്ഞ പാർലമെന്റ്‌ സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിയായിരുന്നെന്ന്‌ ഇതിനകം തെളിഞ്ഞു. പെഗാസസിൽ അന്വേഷണം ആവശ്യമില്ലെന്ന പിടിവാശിയിലായിരുന്നു സർക്കാർ. സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നു. കർഷകരുടെ ഐതിഹാസിക പ്രക്ഷോഭത്തിനുമുന്നിൽ മുട്ടുകുത്തിയ സർക്കാർ കാർഷികനിയമങ്ങൾ പിൻവലിച്ചു. ഉത്തർപ്രദേശ് അടക്കം അഞ്ച്‌ സംസ്ഥാനത്ത്‌ ആസന്നമായ തെരഞ്ഞെടുപ്പുകൾ ഒരു വശത്ത്‌, കോർപറേറ്റ്‌ അജൻഡകൾ നടപ്പാക്കാനുള്ള സമ്മർദവും വ്യഗ്രതയും മറുവശത്ത്‌. ഇതിനിടെ സമനില തെറ്റിയുള്ള ഫാസിസ്‌റ്റ്‌ സമീപനമായേ ഈ സസ്‌പെൻഷനെ വിലയിരുത്താനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top