25 April Thursday

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 6, 2018


പാര്‍ലമെന്റിനെ പ്രഹസനമാക്കാനുള്ള ബിജെപിയുടെ പരിഹാസ്യമായ അഭ്യാസത്തിനുശേഷമാണ് ഇരുസഭകളുടെയും ശൈത്യകാല സമ്മേളനത്തിന് തിരശ്ശീല വീണത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പാകിസ്ഥാന്‍ പരാമര്‍ശത്തെതുടര്‍ന്ന് ബഹളത്തില്‍ തുടങ്ങിയ  സമ്മേളനം മുത്തലാഖ് ബില്ലിലുള്ള ഏറ്റുമുട്ടലോടെയാണ് അവസാനിച്ചത്. 13 ദിവസം നീണ്ട ശൈത്യകാലസമ്മേളനത്തില്‍ ബാങ്കിങ് പാപ്പരത്ത നിയമഭേദഗതി ബില്‍ ഉള്‍പ്പെടെ മൂന്നു ബില്‍മാത്രമാണ് ഇരുസഭകളിലും പാസായത്. ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍പോലുമായില്ല. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിടാതിരിക്കാന്‍ നടപടികള്‍ തടസ്സപ്പെടുത്തുംവിധം ഭരണപക്ഷമാണ് ബഹളംവച്ചത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ടി ഉള്‍പ്പെടെ ആവശ്യപ്പെട്ടത് ഭരണപക്ഷത്തെ ഭിന്നിപ്പാണ് തെളിയിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും നിര്‍ബാധം ഏര്‍പ്പെടാനും പാര്‍ലമെന്റ് ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാതിരിക്കാനും ശീതകാലസമ്മേളനം ഒരുമാസം വൈകിച്ചാണ് തുടങ്ങിയത്. ഒരു വിഷയത്തിലും തുറന്നതും ആത്മാര്‍ഥവുമായ സമീപനം എന്‍ഡിഎ സര്‍ക്കാരില്‍നിന്നുണ്ടായില്ല. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയാണ് വിധിച്ചത്. അതിനെ സ്ഥായിയായി അസാധുവാക്കുകയും അതിന് വിധേയരായവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്ന നിയമനിര്‍മാണം നടത്തേണ്ടതിനുപകരം അവര്‍ ചെയ്തത് മുത്തലാഖ്വഴി തല്‍ക്ഷണം മൊഴിചൊല്ലുന്ന പുരുഷന്മാര്‍ക്ക് മൂന്നുവര്‍ഷംവരെ തടവുശിക്ഷ വിധിക്കാവുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തുകയാണ്. ഓരോ ബില്ലിലെയും വ്യവസ്ഥകള്‍ സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്താന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്ന പതിവ് പാര്‍ലമെന്റിലുണ്ട്. അത് നിഷേധിച്ച് ഓരോ ബില്ലും കൈയോടെ പാസാക്കുന്നത് പതിവാക്കിയിരിക്കുകയാണ് മോഡിസര്‍ക്കാര്‍.

മുത്തലാഖ് സമ്പ്രദായത്തില്‍നിന്ന് മുസ്ളിം സ്ത്രീകളെ രക്ഷിക്കണം; അതിന് വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്വാസം പകരുന്ന വ്യവസ്ഥകള്‍ വേണം- ഇതാണ് ആവശ്യം. മുത്തലാഖ് ചെയ്യുന്ന ഭര്‍ത്താവിനെ ജയിലിലിട്ടതുകൊണ്ടുമാത്രം ഇരകള്‍ക്ക് ആശ്വാസം ലഭിക്കില്ല. ലോക്സഭ പാസാക്കിയ ബില്‍ അക്കാര്യത്തില്‍ തൃപ്തികരമല്ല എന്നാണ് പ്രതിപക്ഷം വ്യക്തമായി പറയുന്നത്. അതുകൊണ്ടാണ് അത് സെലക്ട് കമ്മിറ്റിക്ക് അയച്ച് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഈ നിയമനിര്‍മാണത്തെ മുസ്ളിം സമുദായത്തില്‍ സാമൂഹ്യപരിഷ്കാരത്തിനുള്ള ഉപാധിയാക്കുകയല്ല, മുസ്ളിം സ്ത്രീകളെ തങ്ങള്‍ സംരക്ഷിച്ചു എന്നപേരില്‍ അവരെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സെലക്ട് കമ്മിറ്റി പരിശോധിച്ച് നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ അതിന് ഉപകരിക്കില്ല എന്നാണവര്‍ മനസ്സിലാക്കുന്നത്

നിയമത്തിന്റെ സുപ്രധാന ഉറവിടമാണ് നിയമനിര്‍മാണസഭ അഥവാ പാര്‍ലമെന്റ്. നിയമനിര്‍മാണം അവധാനതയോടെയും ലക്ഷ്യബോധത്തോടെയും വേണ്ട നടപടിയാണ്. ഇപ്പോള്‍ ബിജെപി ഭരണം പ്രചാരണക്കസര്‍ത്തിനുള്ള ഉപകരണമാക്കി അതിനെ ചുരുക്കുന്നു. ലോക്സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളെല്ലാം പരിഗണിക്കാതെ തള്ളി. രാജ്യസഭയില്‍ സ്വന്തമായി ഭൂരിപക്ഷമില്ല എന്നതുകൊണ്ട് മറ്റു മാര്‍ഗങ്ങള്‍ തേടുന്നു. 

രാജ്യത്തെങ്ങും ഉണ്ടാകുന്ന ദളിത് ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് മഹാരാഷ്ട്രയിലെ സംഭവം. ദളിതര്‍ക്കുനേരെയുള്ള കടന്നുകയറ്റങ്ങളെ ബിജെപി സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം ആക്രമണങ്ങള്‍ വ്യാപിക്കാന്‍ ഇടയാകുന്നത്. ഈ പ്രശ്നം രാജ്യസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തുനിന്നുണ്ടായ ശ്രമത്തെ ഭരണപക്ഷവും സഭാധ്യക്ഷനും തടയുകയാണുണ്ടായത്. അതിനെതുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കുമുമ്പുള്ള സഭാനടപടികള്‍ അലങ്കോലപ്പെട്ടു. പ്രശ്നം ഉന്നയിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അതുസംബന്ധിച്ച പരാമര്‍ശം ഏതാനും മിനിറ്റുകള്‍കൊണ്ട് അവസാനിപ്പിക്കാമായിരുന്നു. വിശദചര്‍ച്ചയ്ക്ക് നോട്ടീസ് വേണമെന്ന് സഭാധ്യക്ഷന്‍ പറയുകയും ചെയ്യും. അതിനുപകരം ആ വിഷയം സംബന്ധിച്ച പരാമര്‍ശത്തിന് അവസരം നല്‍കാതിരുന്നത് കൂടുതല്‍ തടസ്സങ്ങള്‍ക്ക് ഇടയാക്കാനാണ് സാധ്യത.

പാര്‍ലമെന്റിനെ ഭരണഘടനാബാധ്യത നിറവേറ്റാനുള്ള സാങ്കേതിക സംവിധാനം മാത്രമായാണ് ബിജെപി കാണുന്നത്. ഈ സംഭവങ്ങള്‍ വെളിവാക്കുന്നത് ബിജെപിയുടെ സമീപനമാണ്. സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല അവരുടെ നയം. പുതിയ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടന്റെ കൊളോണിയല്‍നയം അവര്‍ പുതിയ രീതിയില്‍ നടപ്പാക്കുകയാണ്. ഹിന്ദുക്കളെയും അന്യമതക്കാരെയും തമ്മിലടിപ്പിക്കുന്നു. ഹിന്ദുക്കളില്‍തന്നെ ദളിത്- ആദിവാസി വിഭാഗങ്ങളെയും മറ്റുള്ളവരെയും തമ്മിലടിപ്പിക്കുന്നു. അതൊക്കെ പരിശോധിക്കേണ്ടതും സര്‍ക്കാര്‍ ഉത്തരം പറയേണ്ടതുമായ പാര്‍ലമെന്റിനെ ഘട്ടം ഘട്ടമായി അവഗണിക്കുന്നു. സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയുടെ ഘട്ടം ഘട്ടമായുള്ള നടപ്പാക്കലാണ് ഇതില്‍നിന്ന് വായിച്ചെടുക്കാനാവുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top