20 April Saturday

പാരീസ് ഉടമ്പടിയെ അമേരിക്ക തഴയുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2017



ആഗോളതാപനം തടയുക ലക്ഷ്യമാക്കി ലോകരാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറി. ഉടമ്പടിയില്‍ ചേരാതെ മാറിനിന്ന നിക്കരാഗ്വയുടെയും സിറിയയുടെയും ഒപ്പം അമേരിക്കയും ഇപ്പോള്‍ ചേര്‍ന്നിരിക്കുകയാണ്. ആഗോളതാപനം തടയാന്‍ പാരീസ് ഉടമ്പടിക്ക് കരുത്തുപോരെന്ന് പറഞ്ഞാണ് കാലാവസ്ഥമാറ്റത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന നിക്കരാഗ്വയും മറ്റും മാറിനിന്നതെങ്കില്‍ 'അമേരിക്കയെ മഹത്തരമാക്കുക' എന്ന ലക്ഷ്യം നേടാനാണ് നാം വസിക്കുന്ന ഗ്രഹത്തെ മഹത്തരമാക്കാന്‍ ലക്ഷ്യമിട്ടുള്ള പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറിയിട്ടുള്ളത്. കരാര്‍ അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതല്ലെന്നും ഇന്ത്യയുടെയും ചൈനയുടെയും താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നും കുറ്റപ്പെടുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2015ലെ പാരീസ് ഉടമ്പടിയില്‍നിന്ന് പിന്മാറിയത്.

വ്യവസായ വിപ്ളവാനന്തര ചരിത്രത്തിലുടനീളം ഏറ്റവും കൂടുതല്‍ ഹരിതവാതകങ്ങള്‍ പുറത്തുവിടുകയും ഇപ്പോഴും രണ്ടാംസ്ഥാനത്ത് തുടരുകയും ചെയ്യുന്ന അമേരിക്കയുടെ പിന്മാറ്റം സ്വാഭാവികമായും പാരീസ് ഉടമ്പടി നടപ്പാക്കുന്നതിന് കനത്ത തിരിച്ചടിയാകും. അമേരിക്കന്‍ പാത പിന്തുടര്‍ന്ന് പല ചെറുരാജ്യങ്ങളും ഉടമ്പടിയില്‍നിന്ന് പുറത്തുപോകാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. വന്‍ വ്യവസായങ്ങളുടെയും കൃഷിയുടെയും ഫലമായി കാര്‍ബണ്‍ഡയോക്സൈഡ്, മിഥേന്‍ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറത്തുവിടുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. നിലവില്‍ ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്തുള്ളത് ചൈനയാണെങ്കിലും (മൊത്തം ഹരിതവാതക ബഹിര്‍ഗമനത്തിന്റെ 28.8 ശതമാനം) രണ്ടാംസ്ഥാനം അമേരിക്കയ്ക്കാണ്. 15.99 ശതമാനം. മൂന്നാംസ്ഥാനത്ത് 28 അംഗ യൂറോപ്യന്‍ യൂണിയനാണ്. ഒമ്പത് ശതമാനം. 6.24 ശതമാനവുമായി ഇന്ത്യയാണ് നാലാംസ്ഥാനത്ത്. എന്നാല്‍, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ ആളോഹരി ഹരിതവാതക ബഹിര്‍ഗമനം അമേരിക്കയുടെ പത്തിലൊന്നുമാത്രമേ വരൂ. ആഗോളതാപനം ഉയര്‍ത്തുന്നതില്‍ ഇന്ത്യയേക്കാളും പ്രധാന പങ്ക് അമേരിക്കയ്ക്കാണെന്നര്‍ഥം. അതുകൊണ്ടുതന്നെ അത് തടയുന്നതിനുള്ള ബാധ്യതയും ഉത്തരവാദിത്തവും മറ്റാരേക്കാളും അമേരിക്കയ്ക്കുണ്ട്. അതില്‍നിന്നാണ് കച്ചവടക്കാരന്റെ ലാഭനഷ്ടത്തിന്റെ കണക്ക് എണ്ണിപ്പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഡോണള്‍ഡ് ട്രംപ് എന്ന  അമേരിക്കന്‍ പ്രസിഡന്റ് പിന്മാറിയത്. ഇതുകൊണ്ട് അമേരിക്കയ്ക്കുണ്ടാകുന്ന നേട്ടം 200 കോടി ഡോളറാണ്. കരാറനുസരിച്ച് കാലാവസ്ഥസംരക്ഷണ നിധിയിലേക്ക് അമേരിക്ക വാഗ്ദാനം ചെയ്ത വിഹിതം 300 കോടി ഡോളറാണ്. ഇതില്‍ 100 കോടി ഡോളര്‍ ഇതിനകംതന്നെ അമേരിക്ക നല്‍കിക്കഴിഞ്ഞു. ബാക്കിവരുന്ന തുക നല്‍കേണ്ടതില്ലെന്നുമാത്രം.

എന്നാല്‍, ട്രംപിന്റെ ഭരണകാലത്ത് പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്കയ്ക്ക് പിന്മാറാന്‍ കഴിയില്ലെന്നതാണ് രസകരമായ വസ്തുത. കരാറിലെ 28.1 വകുപ്പനുസരിച്ച് കരാര്‍ നിലവില്‍വന്ന് മൂന്നുവര്‍ഷത്തിനുശേഷം മാത്രമേ അംഗങ്ങള്‍ക്ക് പിന്‍വാങ്ങുന്നതിനുള്ള അപേക്ഷ യുഎന്‍ സെക്രട്ടറി ജനറലിന് നല്‍കാന്‍ കഴിയൂ. കഴിഞ്ഞവര്‍ഷം നവംബര്‍ നാലിനാണ് കരാര്‍ നിലവില്‍വന്നത്. (194 രാജ്യങ്ങള്‍ ഭാഗമായിട്ടുള്ള കരാറില്‍ ഇതിനകം 147 രാജ്യങ്ങള്‍ ഒപ്പിട്ടുകഴിഞ്ഞു.) അതായത് 2019 നവംബര്‍ നാലിനുമാത്രമേ കരാറില്‍നിന്ന് പിന്‍വാങ്ങുന്നതിനുള്ള അപേക്ഷ അമേരിക്കയ്ക്ക് സമര്‍പ്പിക്കാനാകൂ. പിന്നീട് ഒരുവര്‍ഷംകൂടി കാത്തിരുന്നേ പിന്‍വാങ്ങാവൂ. അപ്പോഴേക്കും അമേരിക്കയില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കരാറില്‍നിന്ന് പിന്‍വാങ്ങിയതുകൊണ്ടുള്ള നേട്ടം ട്രംപിന് കൊയ്യാനാകില്ലെന്നര്‍ഥം. 

പാരീസ് കരാറില്‍നിന്ന് പിന്മാറിയെന്നുമാത്രമല്ല, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വ്യാപകമാക്കി അന്തരീക്ഷമലിനീകരണം വര്‍ധിപ്പിക്കാനുള്ള ആഹ്വാനവും ട്രംപ് നടത്തുകയുണ്ടായി. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതോല്‍പ്പാദനം വികസ്വരരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്കും മറ്റും അനുവദിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ്, ആ പാതയിലേക്ക് അമേരിക്കയും തിരിച്ചുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അന്തരീക്ഷമലിനീകരണത്തിന്റെ പേരില്‍ കല്‍ക്കരി ഇന്ധനമാക്കിയുള്ള വൈദ്യുതോല്‍പ്പാദനത്തില്‍നിന്ന് പിന്മാറി സൌരോര്‍ജത്തിനും കാറ്റില്‍നിന്നുള്ള വൈദ്യുതിക്കും ഊന്നല്‍ നല്‍കാന്‍ തുടങ്ങിയ അമേരിക്ക വീണ്ടും താപവൈദ്യുതനിലയങ്ങളിലേക്ക് മടങ്ങിപ്പോകുമെന്ന് പറയുന്നത് അസംബന്ധമാണെന്ന് പോള്‍ ക്രഗ്മാനെപ്പോലുള്ള സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാരീസ് ഉടമ്പടി അമേരിക്കയിലെ പല വ്യവസായങ്ങളും അസാധ്യമാക്കുന്നുവെന്നും അതിന്റെ ഫലമായി വന്‍ തൊഴില്‍നഷ്ടമാണ് ഉണ്ടാകുന്നതെന്നും പറയുന്ന ട്രംപ്, സൌരോര്‍ജമേഖലയിലും മറ്റും അമേരിക്ക നടത്തിയ വന്‍ നിക്ഷേപങ്ങളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന കാര്യം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്. അമേരിക്കയിലെ ഇരുപതോളം കോര്‍പറേറ്റ് കമ്പനികള്‍ ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതും ഈ പശ്ചാത്തലത്തിലാണ്.

കാലാവസ്ഥമാറ്റം യാഥാര്‍ഥ്യമായിരിക്കെ, അതിന്റെ ഫലമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കവെ പാരീസ് ഉടമ്പടിയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം നയതന്ത്രരംഗത്ത് അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയാകും. ഉടമ്പടി പുനഃപരിശോധിക്കണമെന്ന ആവശ്യം ലോകരാജ്യങ്ങള്‍ ഇതിനകംതന്നെ തള്ളിക്കളഞ്ഞു. ഭൂമിയെ നശിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കമായേ ഈ നടപടിയെ ലോകരാജ്യങ്ങളും അവിടത്തെ ജനങ്ങളും വീക്ഷിക്കൂ. അമേരിക്കയ്ക്കും ട്രംപിനുമെതിരെ ലോകമെങ്ങും ഉയരുന്ന പ്രതിഷേധം ഇതാണ് കാണിക്കുന്നത്. നാം അധിവസിക്കുന്ന ഗ്രഹം നാശത്തിലേക്ക് കുതിക്കുമ്പോള്‍ അതില്‍നിന്ന് അമേരിക്കയ്ക്കുമാത്രം രക്ഷപ്പെടാനാകില്ലെന്നതാണ് വസ്തുത


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top