01 July Friday

വിടർന്നു വിസ്മയച്ചിറകുകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021


ലക്ഷ്യങ്ങൾക്ക് പരിമിതികളില്ല. അണയാത്ത പോർവീര്യവും നിതാന്ത പരിശ്രമവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയും മറികടക്കാം. പാരാലിമ്പിക്സിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം അതിന് അടിവരയിടുന്നു. നഷ്ടപ്പെട്ടുപോയ നിമിഷങ്ങളെയല്ല, നേടാനുള്ള വലിയ ലോകത്തെ അവർ കാണിച്ചുതരുന്നു. ജീവിതംകൊണ്ട് പ്രചോദിപ്പിക്കുന്നു. ടോക്യോയിലെ പാരാലിമ്പിക്സിൽ വിസ്-മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്. അഞ്ച് സ്വർണമുൾപ്പെടെ 19 മെഡലാണ് ഈ കോവിഡ് കാലത്തെ മഹാമേളയിൽ ഇന്ത്യ സ്വന്തമാക്കിയത്. പരാലിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. ഭിന്നശേഷിക്കാരുടെ ലോക കായികമേളയിൽ സമാനതകളില്ലാത്ത മികവ്. അഞ്ച് സ്വർണത്തിനൊപ്പം എട്ട് വെള്ളിയും ആറ് വെങ്കലവും നേടി. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ നേട്ടം ഒരു സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായിരുന്നു. 1960ൽ ആരംഭിച്ച പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ഒമ്പതാണ്. അതിൽ അഞ്ചും ടോക്യോയിൽ. ഇതിനു മുമ്പത്തെ ഏറ്റവും വലിയ നേട്ടം 2016ലും 1984ലും കുറിച്ച നാലുവീതം മെഡലായിരുന്നു. 1968 മുതലാണ്‌ ഇന്ത്യ മത്സരിക്കാൻ തുടങ്ങിയത്. ആ വർഷംമുതൽ 2016 റിയോ വരെ ആകെ മെഡൽ 12 ആയിരുന്നു.

ഏതൊരു മഹാമേളയിലെയും മികച്ച പ്രകടനമാണ് ടോക്യോയിൽ ഇന്ത്യയുടേത്. 2018ലെ യൂത്ത് ഒളിമ്പിക്സിൽ നേടിയ 13 മെഡലായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം. ഇക്കുറി 54 കായികതാരങ്ങളായിരുന്നു ടോക്യോയിൽ ഇറങ്ങിയത്. അത്-ലറ്റിക്-സിലും ഷൂട്ടിങ്ങിലും മികച്ച നേട്ടമുണ്ടാക്കി. അത്-ലറ്റിക്സിൽ എട്ട്‌ മെഡലും ഷൂട്ടിങ്ങിൽ അഞ്ച്‌ മെഡലും സ്വന്തമാക്കി. ഈ മേളയിൽ അരങ്ങേറിയ ബാഡ്മിന്റൺ ഇനത്തിൽ രണ്ട് സ്വർണമുൾപ്പെടെ നാല് മെഡൽ. ചരിത്രത്തിലാദ്യമായി ടേബിൾ ടെന്നീസിലും അമ്പെയ്-ത്തിലും മെഡൽ നേടി. 

അവാനി ലേഖര (വനിതാ ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച്‌ 1), പ്രമോദ് ഭഗത് (ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ്എൽ 3), കൃഷ്-ണ നഗർ (ബാഡ്മിന്റൺ സിംഗിൾസ് എസ്എച്ച് 6), സുമിത് ആന്റിൽ (പുരുഷ ജാവ്-ലിൻ ത്രോ എഫ് 64), മനീഷ് നർവാൾ (ഷൂട്ടിങ് മിക്-സഡ് 50 മീറ്റർ പിസ്റ്റൾ എസ്എച്ച്1) എന്നിവരാണ് ടോക്യോയിൽ ഇന്ത്യക്കായി പൊന്നണിഞ്ഞത്. ഇതിൽ അവാനി ഷൂട്ടിങ്ങിൽ വെങ്കലവും സ്വന്തമാക്കി. 50 മീറ്റർ റൈഫിൾ –-3 പൊസിഷൻസ് എസ്എച്ച് –-1ൽ ആയിരുന്നു അവാനിയുടെ നേട്ടം. ഒരു മേളയിൽ രണ്ട് മെഡൽ നേടുന്ന ഇന്ത്യൻ വനിതാ താരംകൂടിയാണ് അവാനി. പുരുഷന്മാരിൽ സിങ് രാജ് അധാന ഷൂട്ടിങ്ങിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിരുന്നു.

അവാനിയുടേത് ആരെയും അമ്പരപ്പിക്കുന്ന ജീവിതമാണ്. നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ഈ പത്തൊമ്പതുകാരി. നർത്തകിയാകാൻ കൊതിച്ച പെൺകുട്ടി.  11–-ാം വയസ്സിൽ സംഭവിച്ച കാർ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതോടെ ആ സ്വപ്നം പൊലിഞ്ഞു. എന്നാൽ, തോറ്റുകൊടുക്കാൻ തയ്യാറായില്ല. നിരന്തര പരിശ്രമത്തിലൂടെ മുന്നേറി. അവസാനം പാരാലിമ്പിക്സിൽ സുവർണ ചരിത്രം ഈ ജയ്-പുരുകാരിയുടെ പേരിലായി. പാരാലിമ്പിക്സിൽ എത്തിയ എല്ലാ താരങ്ങൾക്കും ഇതുപോലുള്ള അതിജീവനത്തിന്റെ കഥയുണ്ട്. അതിനാൽത്തന്നെ അവരുടെ നേട്ടങ്ങൾക്ക് മറ്റെന്തിനേക്കാളും മധുരമുണ്ട്.

ജാവ്-ലിനിൽ ലോക റെക്കോഡിട്ട സുമിത്തിന് ഇടത്‌ മുട്ടിനുതാഴെ കൃത്രിമക്കാലാണ്. 2005ൽ നടന്ന ബെെക്ക് അപകടത്തിൽ സുമിത്തിന്റെ കാൽ തകർന്നു. ഒളിമ്പിക്സിൽ പൊന്നണിഞ്ഞ നീരജ് -ചോപ്രയ്ക്കൊപ്പം മത്സരിച്ചിട്ടുണ്ട് ഈ ഹരിയാനക്കാരൻ. പാരാ ബാഡ്മിന്റണിലെ സൂപ്പർ താരമാണ് പ്രമോദ്. ലോക ചാമ്പ്യൻഷിപ്പിൽ നാല് സ്വർണവും ഒരു വെള്ളിയുമുണ്ട് ഈ ഭുവനേശ്വറുകാരന്. നാലാം വയസ്സിൽ പോളിയോ ബാധിച്ചതിനെത്തുടർന്നാണ് കാലിന് സ്വാധീനക്കുറവുണ്ടായത്. എല്ലാ പരിമിതിയെയും അതിജീവിച്ചാണ് ഇവർ സ്വപ്നങ്ങളിലേക്ക് ചുവടുവച്ചത്. അതിനുപിന്നിൽ തോൽക്കില്ലെന്ന മനസ്സുറപ്പായിരുന്നു. ഉള്ളിലെ ലക്ഷ്യത്തെ ഊതിക്കാച്ചി അവർ രാജ്യാന്തര വേദികളിലേക്കെത്തി. അവിടെ മെഡൽ കൊയ്തു.

ചെെനയാണ് ടോക്യോ പാരാലിമ്പിക്സിലെ ചാമ്പ്യൻമാർ. 96 സ്വർണമുൾപ്പെടെ 207 മെഡൽ നേടി. ബ്രിട്ടൻ 41 സ്വർണവുമായി രണ്ടാമതെത്തി. ഇന്ത്യക്ക് 24–ാം സ്ഥാനമാണ്. കോവിഡ് പ്രതിസന്ധിക്കിടെയായിരുന്നു ഈ മേള. പാരാലിമ്പിക്സ് താരങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു ഈ അവസ്ഥ. കോവിഡ് വർധിച്ച സാഹചര്യത്തിൽ ടോക്യോയിൽ മേള നടത്തരുതെന്ന ആവശ്യങ്ങളുയർന്നിരുന്നു. ഗെയിംസ് ഗ്രാമത്തിൽ നിരവധി പേർക്ക് രോഗബാധയുണ്ടായി. എങ്കിലും നല്ല രീതിയിൽ മേള നടത്താൻ ജപ്പാന് കഴിഞ്ഞു. ഒളിമ്പിക്സിന് പിന്നാലെ പാരാലിമ്പിക്സും അവർ വിജയകരമായി നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top