19 April Friday

നിർത്തണം ലീഗ്‌ ഈ കൊലവിളി

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021



കണ്ണൂർ ജില്ലയിലെ പാനൂരിൽ തങ്ങളുടെ പ്രവർത്തകൻ പാറാൽ അൽഷിഫയിലെ മൻസൂർ വധിക്കപ്പെട്ട ദൗർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവം ചൂണ്ടിക്കാട്ടി മുസ്ലിംലീഗുകാർ സംസ്ഥാന വ്യാപകമായി കൊടിയ അക്രമങ്ങൾ അഴിച്ചുവിടുകയാണ്‌. പൂർണ സമാധാനം നിലനിൽക്കുന്ന വിദൂര പ്രദേശങ്ങൾപോലും സങ്കുചിത ലക്ഷ്യംവച്ച് ആയുധങ്ങൾ ചുഴറ്റി കലാപകലുഷിതമാക്കുന്നുമുണ്ട്‌. പ്രചാരണവേളയിൽ തുടങ്ങി വോട്ടെടുപ്പ്‌ ദിനത്തിൽ തുടർന്ന്‌ മൻസൂറിന്റെ വിലാപയാത്ര മറയാക്കി അതിരുവിട്ട കൊലവിളിയും അതിക്രമപരമ്പരകളും ഇനിയും അവസാനിപ്പിച്ചിട്ടില്ല. സിപിഐ എം–- എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസുകൾ പലയിടത്തും കമ്പിപ്പാരകളും മഴുവും മറ്റ്‌ മാരകായുധങ്ങളും ഉപയോഗിച്ച്‌ തല്ലിപ്പൊളിച്ച്‌ അഗ്നിക്ക് ഇരയാക്കി. തെരഞ്ഞെടുപ്പിനുശേഷം കലാപമുണ്ടാക്കാൻ രഹസ്യകേന്ദ്രത്തിൽ ശേഖരിച്ചുവച്ചതിൽനിന്ന്‌ വൻതോതിൽ ഇറക്കിയ ഡീസൽഫിൽട്ടറുകൾ ഉപയോഗിച്ചായിരുന്നു പ്രത്യേക രീതിയിലുള്ള തീയിടലുകളെന്നത്‌ മികച്ച ആസൂത്രണത്തിന്റെ തെളിവാണ്‌. അതുപയോഗിച്ചാൽ അണയ്‌ക്കാനാകാതെ നിന്ന്‌ കത്തും. കത്തിത്തീർന്ന അവശിഷ്ടങ്ങളിൽനിന്ന്‌ ഏറെനേരം പുക ഉയരുകയും ചെയ്യും. അതിനാൽ, വേഗം അവിടേക്ക്‌ കടന്നുചെല്ലാനാകില്ല.

ചിലയിടത്തെല്ലാം ചുവരെഴുത്തുകളും സ്ഥാനാർഥികളുടെ ചിത്രങ്ങളും ബാനറുകളും കരിഓയിൽ പൂശി വികൃതമാക്കി. പ്രധാന പാർടി പ്രവർത്തകരുടെയും അനുഭാവികളുടെയും ഒരു പാർടിയിലും പെടാത്തവരുടെയും കടകളും ഹോട്ടലുകളും സ്റ്റുഡിയോയും മറ്റ്‌ സ്ഥാപനങ്ങളും നശിപ്പിച്ചു. മാട്ടൂലിലെ സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കട ഇത്‌ 12–-ാമത്തെ പ്രാവശ്യമാണ്‌ തകർത്തത്‌. അവിടെമാത്രം ലക്ഷക്കണക്കിനു‌ രൂപയുടെ നാശനഷ്ടമുണ്ടായി. നേതാക്കളുടെ ആശീർവാദത്തോടെ അപകടകരമായ നിലയിലുള്ള അഴിഞ്ഞാട്ടമായിരുന്നു ചിലേടത്തെല്ലാം. പൊലീസിനെയും കടന്നാക്രമിച്ച‌ ലീഗുകാർ വാഹനങ്ങൾക്ക്‌ കേടുപാട്‌ വരുത്തി. ഉന്നതതലങ്ങളിലെ വൻ ഗൂഢാലോചനയുടെ ഭാഗമായി സമീപ ജില്ലകളിൽനിന്നടക്കം സായുധ പരിശീലനം സിദ്ധിച്ച കുപ്രസിദ്ധരായ സ്ഥിരംക്രിമിനലുകളെ ഇറക്കിയായിരുന്നു മണിക്കൂറുകൾ നീണ്ട കൂട്ടക്കുഴപ്പങ്ങൾ ഇളക്കിവിട്ടത്‌.

ലീഗുകാർ ഗ്രന്ഥശാലകൾ കൈയേറി പുസ്‌തകങ്ങളും മൺമറഞ്ഞ സാംസ്‌കാരിക നായകരുടെ ചിത്രങ്ങളും ഫർണിച്ചറും ഫയലുകളും നശിപ്പിച്ചു. പ്രശസ്‌ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്‌ക്കുനേരെ വധഭീഷണിയുയർന്നതിൽ നവമാധ്യമങ്ങളിൽ ലീഗ്‌ അനുഭാവികൾ വലിയ സന്തോഷമാണ്‌ പ്രകടിപ്പിച്ചത്‌. കണ്ണൂർ ജില്ലയിൽ സമാധാനപൂർണമായ ജനജീവിതം ഉറപ്പാക്കാനും ശാന്തിയുടെ അന്തരീക്ഷം നിലനിർത്താനും അക്രമങ്ങൾ പടരുന്നത്‌ തടയാനും കലക്ടർ സർവകക്ഷി യോഗം വിളിച്ചുചേർത്തപ്പോൾ അത്‌ ബഹിഷ്കരിക്കുകയായിരുന്നു യുഡിഎഫ്‌. പൊലീസ്‌ നിഷ്‌ക്രിയമാണെന്ന വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു ആ നാടകം. ഏത്‌ അതിക്രമവും അഴിച്ചുവിടാൻ അനുയായികൾക്ക്‌ പച്ചക്കൊടി വീശുകയായിരുന്നു നേതാക്കൾ അതിലൂടെ. ബോധപൂർവമായ കാലവിളംബം വന്നിട്ടില്ലെന്നും വ്യാപക അക്രമങ്ങളുണ്ടാകുമ്പോൾ അന്വേഷണത്തിൽ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുമെന്നുമാണ്‌ പൊലീസ്‌ വ്യക്തമാക്കിയത്‌. കൊലപാതകക്കേസിലെയും തുടർസംഭവങ്ങളിലെയും പ്രതികളെ പിടിക്കാൻ അതിശക്തമായ നടപടിയുണ്ടാകുമെന്ന്‌ കലക്ടറും അറിയിച്ചു. ആ ഉറപ്പുകൾ മുഖവിലയ്‌ക്കെടുക്കാതെ മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരം യുഡിഎഫ്‌ നേതൃത്വം ഇറങ്ങിപ്പോകുകയായിരുന്നു.

ഏതു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരുസംഭവവും മനുഷ്യഹത്യയിലേക്ക്‌ എത്തരുതെന്നതാണ്‌ സിപിഐ എം നിലപാട്‌. ഒരു ജീവനും നഷ്ടമാകരുത്‌. കൊലപാതകം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാനാകില്ല. 2016 മെയ്‌ 25ന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റശേഷം രാഷ്‌ട്രീയ കൊലപാതകങ്ങൾ കുറഞ്ഞത്‌ ഏറെ ആശ്വാസകരമായിരുന്നു. സ്വന്തം പ്രവർത്തകരെ അരുംകൊല ചെയ്യുമ്പോഴും സംഘർഷങ്ങൾക്ക്‌ അറുതിവരുത്താൻ മനസ്സ്‌ തുറന്ന ചർച്ചയ്‌ക്കും കൂടിയാലോചനയ്‌ക്കും വിട്ടുവീഴ്‌ചയ്‌ക്കും പാർടി എല്ലായ്‌പ്പോഴും സന്നദ്ധമായിട്ടുമുണ്ട്‌. സിപിഐ എം–- ബിജെപി ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ നേതാക്കൾ തമ്മിൽ ചർച്ച നടത്തുകയുമുണ്ടായി.

പ്രകോപനങ്ങളിൽപ്പെടാതെ, സമാധാനം പുനഃസ്ഥാപിക്കാൻ പ്രവർത്തകർ മുൻകൈ എടുക്കണമെന്നാണ്‌ പാർടി എപ്പോഴും ആഹ്വാനം ചെയ്‌തതും. സമാധാനയോഗം ബഹിഷ്‌കരിച്ചതുപോലുള്ള നിലപാട്‌ ജനങ്ങളോട്‌ ഉത്തരവാദിത്തമുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ ഭൂഷണമല്ല. പക്ഷേ, കണ്ണൂരിൽ യുഡിഎഫ്‌ സ്വീകരിക്കുന്ന നിലപാട്‌ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്‌. സമാധാനചർച്ചയിൽ എല്ലാവരും ഒരുമിച്ച്‌ നിൽക്കുകയാണ്‌ വേണ്ടത്‌. പകരം സമുന്നത സിപിഐ എം നേതാക്കളുടെയും ചില മുസ്ലിം സാമൂഹ്യ സംഘടനകളുടെയും പേരെടുത്തുവിളിച്ച്‌ മുസ്ലിംലീഗ്‌–- യൂത്ത്‌ലീഗ്‌ നേതാക്കൾ പരസ്യമായ കൊലവിളി പ്രസംഗങ്ങളാണ്‌ നടത്തുന്നത്‌. റമദാൻ കഴിഞ്ഞാൽ ഒന്നിന്‌ നൂറായി പകരംവീട്ടുമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകടനങ്ങളിൽ പ്രകോപന മുദ്രാവാക്യങ്ങളുമുണ്ടായി. ഇത്തരം അതിക്രമ ഭാഷ അടിയന്തരമായി ഉപേക്ഷിച്ച്‌ തീക്കളി അവസാനിപ്പിക്കാൻ മുസ്ലിംലീഗുകാർ തയ്യാറാകണം. അതിന്‌ ആ പാർടിയുടെ നേതൃത്വം മുൻകൈ എടുക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top