18 December Thursday

പലസ്‌തീന്‌ നീതി കിട്ടണം

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2023


ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊല്ലുമ്പോൾ ഇസ്രയേൽ രാഷ്‌ട്രം രൂപപ്പെട്ടിട്ടില്ല. എന്നാൽ, രണ്ടുമാസംമുമ്പ്‌ 1947 നവംബർ 29ന്‌ യുഎൻ പൊതുസഭ പലസ്‌തീൻ പ്രദേശത്തെ മൂന്നായി വിഭജിക്കുന്നതിന്‌ തീരുമാനമെടുത്തിരുന്നു. അന്നത്തെ 56 അംഗരാജ്യങ്ങളിൽ 33 എണ്ണമാണ്‌ വിഭജനപദ്ധതിയെ അനുകൂലിച്ചത്‌. സ്വതന്ത്ര ഇന്ത്യയടക്കം 13 രാജ്യങ്ങൾ എതിർത്തു. ചൈനയടക്കം 10 രാജ്യങ്ങൾ വിട്ടുനിന്നു. എന്നാൽ, ഗാന്ധിജി കൊല്ലപ്പെട്ട്‌ മൂന്നരമാസം പിന്നിട്ടപ്പോൾ, യുഎൻ രക്ഷാസമിതിയുടെ അംഗീകാരമില്ലാതെ തന്നെ, ബ്രിട്ടന്റെ ഒത്താശയോടെ ഇസ്രയേൽ ഏകപക്ഷീയമായി രാഷ്‌ട്രം പ്രഖ്യാപിച്ചു. യുഎൻ പദ്ധതിപ്രകാരം സ്വതന്ത്രരാഷ്‌ട്ര പദവിയോടെ നിലവിൽ വരേണ്ടിയിരുന്ന പലസ്‌തീൻ യാഥാർഥ്യമായില്ല. യുഎന്നിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന്‌ വ്യവസ്ഥ ചെയ്‌തിരുന്ന ജറുസലേം മുക്കാൽ നൂറ്റാണ്ടിനിപ്പുറം ഇസ്രയേലിന്റെ കൈയേറ്റത്തിലുമാണ്‌. ഇക്കാലമത്രയും നിരന്തരം ചതിക്കപ്പെട്ട ഒരു ജനതയുടെ രോഷം പൊട്ടിത്തെറിച്ചതാണ്‌ ഇപ്പോൾ പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന്‌ കാരണമായിരിക്കുന്നത്‌.

പിറന്ന മണ്ണും സ്വപ്‌നങ്ങളുമെല്ലാം പുറത്തുനിന്ന്‌ വന്നവരാൽ കവർന്നെടുക്കപ്പെട്ട ഒരു ജനത 75 വർഷമായി സഹിച്ചുവരുന്ന ചതികളുടെയും അനീതിയുടെയും പാരമ്യത്തിലാണ്‌ ഇപ്പോൾ ഉണ്ടായിരിക്കുന്ന യുദ്ധത്തെ കാണേണ്ടത്‌. പഴയ പലസ്‌തീൻ പ്രദേശത്തിന്റെ 13 ശതമാനംപോലും ഇപ്പോൾ പലസ്‌തീൻകാരുടെ ‘നിയന്ത്രണ’ത്തിലില്ല. പലസ്‌തീന്‌ അവകാശപ്പെട്ട വെസ്റ്റ്‌ ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ആറേമുക്കാൽ ലക്ഷത്തിലധികം ജൂത കൈയേറ്റക്കാർ താമസമുറപ്പിച്ചിട്ടുണ്ട്‌. ഭാവി പലസ്തീൻ രാഷ്‌ട്രത്തിന്റെ തലസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്ന കിഴക്കൻ ജറുസലേം കൈയേറ്റത്തിലൂടെ പലസ്‌തീൻ രാഷ്‌ട്രം സ്ഥാപിക്കുന്നത്‌ അസാധ്യമെന്ന സ്ഥിതിയുണ്ടാക്കിയിരിക്കുകയാണ്‌ ഇസ്രയേൽ. ഇതിനിടെ, പലവട്ടം നിരവധി വിട്ടുവീഴ്‌ച  പലസ്‌തീന്റെ ഭാഗത്തുനിന്നുണ്ടായി. അത്തരമൊരു ഘട്ടത്തിൽ 1993ൽ ഉണ്ടാക്കിയ ഓസ്ലോ കരാർ പലസ്‌തീൻ രാഷ്‌ട്രം യാഥാർഥ്യമാക്കുമെന്ന തോന്നലുമുണ്ടാക്കി. എന്നാൽ, അതിനെയും വഞ്ചിച്ച്‌ പലസ്‌തീനിലെ മതനിരപേക്ഷ ശക്തികളെ പാടെ തകർക്കുകയാണ്‌ ഇസ്രയേൽ ചെയ്‌തത്‌.

ആ സാഹചര്യം മുതലാക്കി, അതുവരെ മതനിരപേക്ഷ സംഘടനയായ ഫത്താ കൈയാളിയിരുന്ന ഇടത്തിലേക്കാണ്‌ ഇസ്രയേലിന്റെ പിന്തുണയോടെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ്‌ വളർന്നുകയറിയത്‌. തുടർന്ന്‌ ഹമാസിന്റെ പേരിൽ പലസ്‌തീൻ ജനതയെ അടിച്ചമർത്താൻ പുതിയ ന്യായങ്ങൾ ചമയ്‌ക്കുകയായിരുന്നു ജൂതരാഷ്‌ട്രം. 2006ൽ നടന്ന പലസ്‌തീൻ തെരഞ്ഞെടുപ്പിൽ ഹമാസ്‌ വിജയിച്ചപ്പോൾ പാശ്ചാത്യ രാജ്യങ്ങളെ കൂട്ടുപിടിച്ച്‌ സർക്കാർ രൂപീകരണം തടഞ്ഞു. ഒടുവിൽ ഫത്തായുമായി ചേർന്ന്‌ ഭരിക്കാൻ ഹമാസ്‌ നിർബന്ധിതമായതും പാശ്ചാത്യ ഇടപെടലുകളുടെ ഫലമായി അധികം വൈകാതെ ആ ബന്ധം അലസിപ്പിരിഞ്ഞതും വെസ്റ്റ്‌ബാങ്ക്‌ ഫത്തായുടെയും ഗാസ ഹമാസിന്റെയും ‘നിയന്ത്രണ’ത്തിലായതും ചരിത്രം. തുടർന്ന്‌ ഒന്നരപ്പതിറ്റാണ്ടിലധികമായി കടുത്ത ഉപരോധത്തിൽ ദുരിതം അനുഭവിക്കുകയാണ്‌ ഗാസയിലെ ജനങ്ങൾ. വെസ്റ്റ്‌ബാങ്കിലുള്ളവരാകട്ടെ ഇസ്രയേലി അധിനിവേശ ഭരണക്കാരുടെ ദയാദാക്ഷിണ്യത്തിലും.

ഈ സാഹചര്യത്തിലാണ്‌ ഗാന്ധിജിയുടെ പഴയ മുന്നറിയിപ്പ്‌ പ്രസക്തമാകുന്നത്‌. ഐക്യരാഷ്‌ട്ര പൊതുസഭ പലസ്‌തീൻ വിഭജനപദ്ധതി അംഗീകരിക്കുന്നതിന്‌ എട്ടുവർഷംമുമ്പ്‌, 1939 നവംബറിൽ ഗാന്ധിജി പലസ്‌തീൻ വിഭജിച്ച്‌ ഇസ്രയേൽ രൂപീകരിക്കുന്നതിനെ എതിർത്ത്‌ എഴുതിയിരുന്നു. ഇംഗ്ലണ്ട്‌ ഇംഗ്ലീഷുകാർക്കും ഫ്രാൻസ്‌ ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതെന്നപോലെ പലസ്‌തീൻ അറബികൾക്ക്‌ അവകാശപ്പെട്ടതാണ്‌ എന്നാണ്‌ തന്റെ പ്രതിവാരപത്രികയായ ‘ഹരിജനി’ൽ ഗാന്ധിജി എഴുതിയത്‌. യൂറോപ്പിൽനിന്ന്‌ പുറന്തള്ളപ്പെടുന്ന ജൂതർക്കായി അറബ്‌ഭൂമി വെട്ടിമറിക്കുന്നത്‌ സൃഷ്ടിക്കാവുന്ന കുഴപ്പങ്ങൾ മുൻകൂട്ടി കണ്ടാകാം ഗാന്ധിജി ഇങ്ങനെ പറഞ്ഞത്‌. ഇതിന്‌ ചുവടുപിടിച്ചായിരുന്നു തുടർന്ന്‌ നാലു പതിറ്റാണ്ടിലേറെ കാലം സ്വതന്ത്ര ഇന്ത്യയുടെ നിലപാട്‌.

ഇതിനു മാറ്റമുണ്ടായത്‌ 91ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ സർക്കാരിന്റെ കാലത്താണ്‌. ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചുകൊണ്ടുള്ള ചുവടുമാറ്റം ഇന്ന്‌ നരേന്ദ്ര മോദിയുടെ കീഴിൽ ആ വംശീയ രാഷ്‌ട്രത്തിന്റെ ഏത്‌ അതിക്രമത്തെയും അംഗീകരിക്കുന്ന നിലയിലേക്ക്‌ അധഃപതിച്ചിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധമായ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ തന്നെയാണ്‌ മോദി ഒറ്റുകൊടുത്തിരിക്കുന്നത്‌. പലസ്‌തീൻ ജനതയിൽ ഭൂരിപക്ഷവും മുക്കാൽ നൂറ്റാണ്ടായി മറ്റ്‌ അറബ്‌ നാടുകളിൽ അഭയാർഥികളായി കഴിയുകയാണ്‌. അവർക്ക്‌ നീതി നിഷേധിച്ച്‌ സമാധാനം സ്ഥാപിക്കാനാകില്ലെന്ന്‌ ഗാന്ധിജിയുടെ നാട്ടുകാർക്ക്‌ പറയാനാകണം. സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രംതന്നെയാണ്‌ പ്രശ്‌നത്തിന്‌ പരിഹാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top