24 April Wednesday

അഴിമതിക്ക് വിലങ്ങുവീഴുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 19, 2020


കേരളത്തെ നടുക്കിയ ഖജനാവ്‌ കൊള്ളകളിൽ ഒന്നിന്റെ സൂത്രധാരന് ഒടുവിൽ വിലങ്ങുവീണു. പാലാരിവട്ടം പാലം കേസിൽ മുൻ മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ  വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അഴിമതിക്കെതിരായ പോരാട്ടത്തിൽ എൽഡിഎഫ് സർക്കാരിന്റെ ധീരമായ ചുവടുവയ്‌പ്പാണ്.

പാലാരിവട്ടം പാലം അഴിമതി കേരളചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഒന്നാണ്. മന്ത്രിയും ഉദ്യോഗസ്ഥരും കരാറുകാരും  കൺസൾട്ടൻസിയും ഒത്തുകളിച്ച് കോടികൾ കൊള്ളയടിച്ച കേസ്.  മനുഷ്യജീവനുപോലും അപകടമാകാവുന്ന വിധം ഒരു പാലം പണിതാണ് ഈ വെട്ടിപ്പ് നടത്തിയതെന്നും ഓർക്കണം. പതിറ്റാണ്ടുകൾ നിലനിൽക്കേണ്ട പാലം രണ്ടരവർഷത്തിനുള്ളിൽ അടയ്ക്കേണ്ടിവന്നു. 2016 ഒക്‌ടോബർ 12ന്‌ ഉദ്‌ഘാടനം ചെയ്ത പാലത്തിലെ ടാറിങ്‌ മാസങ്ങൾക്കകം ഇളകിപ്പോയി. വാഹനങ്ങൾ പോകുമ്പോൾ പാലം കുലുങ്ങാൻ തുടങ്ങി. സർക്കാർ  പാലം അടയ്ക്കാൻ നിർബന്ധിതമായി. തുടർന്ന്‌ വിജിലൻസ് അന്വേഷണത്തിന്‌ ഉത്തരവിട്ടു.

മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ഉദ്യോഗസ്ഥരും നിർമാണ കരാറുകാരും കേസിൽ  പ്രതികളായി. അന്വേഷണത്തിൽ വെളിവായത്  ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ദേശീയപാത അതോറിറ്റി ചെയ്യേണ്ട പണി അഴിമതി നടത്താനായി മാത്രം പിടിച്ചുവാങ്ങുകയായിരുന്നു. അവിടം മുതൽ ആരംഭിച്ച  കൊള്ളയുടെ വിശ്വരൂപമാകെ വിജിലൻസ് പുറത്തുകൊണ്ടുവന്നു. പണിയുടെ എല്ലാഘട്ടത്തിലും ക്രമക്കേടുണ്ടായി. കരാർകമ്പനിക്ക് ചട്ടവിരുദ്ധമായി മുൻ‌കൂർ പണം അനുവദിക്കുക, സിമന്റും കമ്പിയും  കുറച്ചുപയോഗിക്കുക തുടങ്ങി പണമുണ്ടാക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ചു.


 

ഒരു തിരക്കും കൂട്ടാതെ പഴുതടച്ചും തെളിവുകൾ കണ്ടെത്തിയും നീക്കിയ അന്വേഷണം ഇപ്പോൾ അതിന്റെ സ്വാഭാവിക പരിണതിയിലെത്തുകയാണ്. കേസിലെ കൂട്ടുപ്രതികളായ ഉദ്യോഗസ്ഥരും കരാറുകാരും കൺസൾട്ടൻസി  കമ്പനിക്കാരും നേരത്തെ പിടിയിലായി. അഴിമതിയുടെ ചുക്കാൻ പിടിച്ച യുഡിഎഫ് നേതാവും ഇപ്പോൾ നിയമവലയിലായി. കേസ് അന്വേഷണത്തിനൊപ്പം പാലം പൊളിച്ച്‌ സഞ്ചാരയോഗ്യമായ മറ്റൊന്ന് പണിയുക എന്ന ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുത്തു. കേരള ഹൈക്കോടതിയുടെ ഇടപെടൽ മൂലം ആ നീക്കം ഇടയ്ക്ക് തടസ്സപ്പെട്ടു. സുപ്രീംകോടതിയിൽ നിന്ന്‌ അനുകൂല വിധി വാങ്ങി സർക്കാർ പാലം പണി തുടങ്ങി.വിദഗ്‌ധ ഏജൻസികളുടെയും ഈ രംഗത്തെ ഏറ്റവും പ്രഗൽഭനായ ഇ ശ്രീധരന്റെയും മേൽനോട്ടത്തിൽ പണി അതിവേഗം പുരോഗമിക്കുന്നു. നിലവിലെ പാലം പൊളിക്കുന്ന ജോലി  അവസാന ഘട്ടത്തിലാണ്. ആകെയുള്ള 19 സ്‌പാനുകളിൽ രണ്ടെണ്ണമൊഴികെ മുഴുവൻ പൊളിച്ച്‌ പുതിയത്‌ സ്ഥാപിക്കണം. ഇതിൽ പതിനാലും പൊളിച്ചു. എല്ലാ പിയറുകളും ബലപ്പെടുത്തണം. 20 കോടി രൂപയാണ് ആദ്യം കണക്കാക്കിയ ചെലവ്‌. യുഡിഎഫ് സർക്കാരിന്റെ അഴിമതി ജനങ്ങൾക്കുമേൽ കയറ്റിവച്ച അമിതഭാരമാണിത്. ഈ തുകകൂടി അഴിമതിക്കാരിൽനിന്ന് ഈടാക്കണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നു.

പൊതുപണത്തിന്റെ  വിനിയോഗത്തിലൂടെയല്ലെങ്കിലും നാട്ടുകാരുടെ കോടികൾ കവർന്ന  മറ്റൊരു യുഡിഎഫ് എംഎൽഎ ജയിലിലാണ്. പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ അറസ്റ്റ്. മറ്റൊരു എംഎൽഎ കൈക്കൂലിക്കേസിലും അനധികൃത  സ്വത്തുസമ്പാദന കേസിലും പെട്ട് അന്വേഷണ എജൻസികൾക്കുമുന്നിൽ പരുങ്ങിനിൽക്കുന്നു. പക്ഷെ ഇതൊന്നും തെല്ലും കൂസാതെ അഴിമതിക്കെതിരെ പടനയിക്കുകയാണെന്ന് ഒരു ഉളുപ്പുമില്ലാതെ പ്രസ്താവന ഇറക്കുകയാണ്, ഓരോ യുഡിഎഫ് നേതാവും. വ്യക്തമായ തെളിവുകളോടെ  ഇപ്പോൾ നടത്തിയ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദവുമായും അവർ രംഗത്തുണ്ട് .തദ്ദേശഭരണ  തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അറസ്റ്റത്രേ. ഒരുവർഷം  മുമ്പ് ആറ്‌ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ്  നടന്നപ്പോൾ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ പോകുന്നു എന്ന് പ്രചരിപ്പിച്ചവർ ആണ് ഈ നേതാക്കൾ. പക്ഷെ അന്നൊന്നും സംഭവിച്ചില്ല. ഇപ്പോൾ  എല്ലാ നടപടിയും പൂർത്തിയാക്കി തെളിവുകളും അടുക്കിയാണ് അറസ്റ്റ്.

രാഷ്ട്രീയ പകപോക്കലിന് പൊലീസിനെയോ വിജിലൻസിനെയോ ഉപയോഗിക്കില്ലെന്ന് ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ള സർക്കാരാണിത്. കേസുണ്ടാക്കി വേണ്ടത്ര അന്വേഷണം നടത്താതെ നേതാക്കളെ ജയിലിലിടാൻ ഈ സർക്കാർ ശ്രമിച്ചിരുന്നെങ്കിൽ യുഡിഎഫ് ഏകോപനസമിതി ജയിലിൽ ചേരാവുന്ന അവസ്ഥ ഇന്നുണ്ടായേനെ. അത്രയേറെ അഴിമതികൾ ഭരണകാലത്ത് അവർ ചെയ്തുകൂട്ടിയിട്ടുണ്ട്. അത്തരം ഒരു പകവീട്ടലിനും ഈ സർക്കാർ മുതിർന്നിട്ടില്ല. നിയമപരമായി അന്വേഷണം നടത്താൻ ചുമതലപ്പെട്ട ഏജൻസി നടത്തിയ  അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച  തെളിവുകൾ അനുസരിച്ച് അവർ ചുമത്തിയ കുറ്റത്തിനാണ് അറസ്റ്റ്.

മറ്റ് ചില അന്വേഷണ പ്രഹസനങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ഈ സമീപനത്തിന് പ്രസക്തിയേറുന്നു. പാവങ്ങൾക്ക് വീട് കൊടുക്കുന്ന പദ്ധതിയെയും നാട്ടിലാകെ ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയെയും സ്കൂളുകൾ, ലോകനിലവാരത്തിലാക്കുന്ന പദ്ധതിയെയും വരെ അഴിമതിയുടെ പുകമറയിൽ  നിർത്താൻ യുഡിഎഫ് -ബിജെപി കൂട്ടുകെട്ട് തീവ്രപരിശ്രമത്തിലാണല്ലോ .യുഡിഎഫ് എംഎൽഎ മാരുടെ പരാതി എഴുതിവാങ്ങി എല്ലാ കേന്ദ്രഏജൻസികളെയും രാഷ്ട്രീയദൗത്യവുമായി കേരളത്തിലേക്ക് കേന്ദ്രസർക്കാർ തുറന്നുവിട്ടിരിക്കുന്നു. അവ പരസ്പര വിരുദ്ധമായ ‘തെളിവുകൾ’ സൃഷ്ടിച്ച് ജനപക്ഷ പദ്ധതികൾക്കുമേൽ  ചാടിവീഴുന്നു. ഇപ്പോൾ ഒടുവിൽ, എല്ലാ ഭരണഘടനാ മര്യാദകളും കൈവിട്ട് കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിനെ ഉപയോഗിച്ച്‌ സംസ്ഥാനത്തെ വികസനമാകെ അട്ടിമറിക്കാനാകുമോ എന്നാണു നോട്ടം.

എൽഡിഎഫ് സർക്കാർ ഇവിടെയും വേറിട്ടുനിൽക്കുന്നു.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നീങ്ങുമ്പോഴും നിയമനടപടികൾ രാഷ്ട്രീയ പകപോക്കൽ ആകാതിരിക്കാൻ ജാഗ്രത കാട്ടുന്നു. ഈ സമീപനം യുഡിഎഫിനും ബിജെപിക്കും  മനസ്സിലാകില്ല. ആ രാഷ്ട്രീയ ധാർമികത അവർക്ക്  ശീലമില്ല. പക്ഷെ ഈ നാട്ടിലെ ജനങ്ങൾക്ക്‌ സമീപനത്തിലെ ആ വ്യത്യാസം നന്നായി തിരിച്ചറിയാം എന്നുമാത്രം ഓർമിപ്പിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top