08 December Friday

വർഗീയത്തീക്കളി തല്ലിക്കെടുത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2022


മതവർഗീയതയുടെ ഏറ്റവും ആപൽക്കരമായ മുഖമാണ്‌ പാലക്കാട്ട്‌ മറനീക്കിയത്‌. എസ്‌ഡിപിഐ നേതാവ്‌ സുബൈറിനെ വിഷുനാളിൽ ഉച്ചയ്‌ക്കാണ്‌ ഹിന്ദുത്വതീവ്രവാദികൾ വെട്ടിനുറുക്കിക്കൊന്നത്‌. 24 മണിക്കൂർ തികഞ്ഞില്ല, മുസ്ലിംഭീകരത ആർഎസ്‌എസ്‌ നേതാവ്‌ ശ്രീനിവാസന്റെ ജീവനെടുത്തു. മതം നോക്കി മനുഷ്യനെ കൊല്ലുന്ന ഇക്കൂട്ടർ സ്വൈര്യജീവിതം ആഗ്രഹിക്കുന്നവരല്ല. ഹിന്ദുവും മുസ്ലിമും ക്രിസ്‌ത്യാനിയുമായി ജനങ്ങൾ വേറിട്ടു നിന്നാലേ ഇവർക്ക്‌ നിലനിൽപ്പുള്ളൂ. മതരാഷ്‌ട്രീയത്തിന്റെ അടിസ്ഥാനം വിദ്വേഷമാണ്‌. അന്യമതത്തെ വെറുക്കാനാണ്‌ അണികളെ പഠിപ്പിക്കുന്നത്‌. മതത്തിന്റെ പേരിൽ ആയുധമെടുക്കുന്ന ഇവർ മതമൂല്യങ്ങൾ തൊട്ടുതീണ്ടാത്തവരാണ്‌.

ഭൂരിപക്ഷ –-ന്യൂനപക്ഷ വർഗീയതകൾ പരസ്‌പരം വളർത്തുക മാത്രമല്ല, പൊതുജനാധിപത്യ വേദികളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ നേരെ ഇവരുടെ കൊലക്കത്തി നിരന്തരം ഉയരുന്നു. ഇപ്പോൾ വർഗീയശക്തികൾ പരസ്‌പരം ചോരക്കൊതി തീർക്കുമ്പോൾ നാടാകെ ഭീതിയിലാണ്‌. കേരളത്തിന്‌ പരിചിതമല്ലാത്ത വർഗീയ കലാപത്തിന്‌ അരങ്ങൊരുക്കുകയാണ്‌ നാടിന്റെ ശത്രുക്കൾ. അഖിലേന്ത്യാതലത്തിൽ സംഘപരിവാർ കോപ്പുകൂട്ടുന്ന വർഗീയ സംഘർഷം കേരളത്തിൽ പടർത്തുക എളുപ്പമല്ല. അത്രയ്‌ക്ക്‌ അടിയുറച്ചതാണ്‌ മലയാളിയുടെ മതനിരപേക്ഷ മനസ്സ്‌. അതുതകർക്കാൻ കടുത്ത വർഗീയ ചേരിതിരിവിന്‌ വഴിതേടുകയാണ്‌ ആർഎസ്‌എസും എസ്‌ഡിപിഐയും.

ആർഎസ്‌എസും എസ്‌ഡിപിഐയും (പൂർവരൂപങ്ങളും) മുമ്പും ഏറ്റുമുട്ടുകയും പരസ്‌പരം കൊല്ലുകയും ചെയ്‌തിട്ടുണ്ട്‌. കച്ചവടമുറപ്പിച്ച്‌ കേസ്‌ ഒത്തുതീർക്കാറുമുണ്ട്‌. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്‌തമാണ്‌. കേന്ദ്രത്തിൽ അധികാരം കൈയാളുന്ന ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‌ ബാലികേറാമലയായി കേരളം ഉയർന്നുനിൽക്കുന്നു. ചരിത്രത്തിലാദ്യമായി എൽഡിഎഫ്‌ സർക്കാർ ഭരണത്തുടർച്ച നേടിയത്‌ സംഘപരിവാർ അജൻഡകളെ കടപുഴക്കിക്കൊണ്ടുകുടിയാണ്‌. കേന്ദ്ര ഭരണകക്ഷിയുടെ എല്ലാ കുത്തിത്തിരിപ്പും അതിജീവിച്ചാണ്‌ പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ രാഷ്‌ട്രീയ അധികാരത്തെ മറയില്ലാതെ ഉപയോഗിക്കുന്ന ബിജെപി കേരളത്തിൽ കൈവിട്ട കളിക്ക്‌ തയ്യാറാകുന്നതിന്റെ സാഹചര്യമിതാണ്‌.

രാഷ്‌ട്രീയ പ്രവർത്തനത്തിനിടെ ഉണ്ടായ എന്തെങ്കിലും പ്രകോപനത്തിന്റെ ഭാഗമായല്ല ആർഎസ്‌എസും എസ്‌ഡിപിഐയും കൊലപാതകം നടത്തിയത്‌. തയ്യാറെടുപ്പ്‌ പൂർത്തിയാക്കി അവസരം പാർത്തിരിക്കുന്ന രക്തദാഹികളെയാണ്‌ രണ്ട്‌ കൂട്ടത്തിലും കാണുന്നത്‌. സംഘർഷവും മുൻവൈരാഗ്യവും താരതമ്യേന അപ്രധാനഘടകങ്ങൾ. ചെറിയ ഇടവേള പിന്നിടുമ്പോൾ ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തുക. എതിർപക്ഷത്തും അമാന്തമില്ല. മണിക്കൂറുകൾക്കുള്ളിൽ മറുകൊല. കൊലപാതകരീതിയിൽ അസാമാന്യ സമാനതകളാണ്‌. രാത്രിയായാലും പകലായാലും നിഴലിന്റെ മറപോലുമില്ലാതെ ഏത്‌ സ്ഥലത്തുവച്ചും അക്രമികൾ കുതിച്ചെത്തി ആളെക്കൊല്ലും. സെക്കൻഡുകൾക്കുള്ളിൽ വെട്ടിക്കീറി ജീവൻ പൊലിഞ്ഞെന്ന്‌ ഉറപ്പാക്കിയാണ്‌ സ്ഥലംവിടുക. അത്രമാത്രം പരിശീലനം നേടിയവരാണ്‌ ഇരുപക്ഷത്തുമുള്ളത്‌.  പ്രതികാരത്തിനിരയാകുന്നവർ എതിർപക്ഷത്തെ പ്രധാനി ആയിരിക്കും.

ആലപ്പുഴയിൽ കഴിഞ്ഞ ഡിസംബറിൽ എസ്‌ഡിപിഐ നേതാവ്‌ ഷാൻ കൊലചെയ്യപ്പെട്ടു. മണിക്കൂറുകൾക്കുള്ളിലാണ്‌ ബിജെപി നേതാവ്‌  രഞ്‌ജിത്തിനെ വീട്ടുകാരുടെ മുന്നിൽ വെട്ടിക്കീറിയത്‌. പ്രതികാരക്കൊലയാണെന്ന്‌ പ്രഖ്യാപിക്കാൻ തെളിവുകൾ ബാക്കിയാക്കിയാണ്‌ അക്രമികൾ സ്ഥലം വിടുന്നത്‌. സുബൈറിനെ ഇടിച്ചിട്ട കാർ നേരത്തേ കൊല്ലപ്പെട്ട സഞ്ജിത്‌ ഉപയോഗിച്ചതായിരുന്നു. ശ്രീനിവാസനെ വധിക്കാനെത്തിയവരെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഇതെല്ലാം വ്യക്തമാക്കുന്നത്‌ വിഭ്രാന്തമായ മാനസികാവസ്ഥയിൽ മതതീവ്രവാദ യജ്ഞങ്ങൾ ഏറ്റെടുക്കുന്നവരാണ്‌ കൊലയാളികൾ എന്നാണ്‌. വ്യാജഏറ്റുമുട്ടലും ആൾക്കൂട്ടക്കൊലകളും ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്ന ആർഎസ്‌എസും വിശുദ്ധയുദ്ധത്തിന്‌ റിക്രൂട്ട്‌മെന്റ്‌ നടത്തുന്ന ഐഎസും ഒരേ നാണയമാണ്‌.

ഇങ്ങനെ ആസൂത്രിത ഭീകരപ്രവർത്തനം നടത്തുന്നവർതന്നെ പൊലീസ്‌ ഇന്റലിജൻസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്‌ പരിഹാസ്യമാണ്‌. അക്രമികൾ ആഗ്രഹിക്കുന്ന വിധം വർഗീയകലാപത്തിലേക്ക്‌ നാട്‌ നീങ്ങാത്തത്‌ സർക്കാരിന്റെയും പൊലീസിന്റെയും ജാഗ്രത കൊണ്ടാണെന്ന്‌ മറക്കാതിരിക്കുക. സംഭവം ഉണ്ടായ സ്ഥലങ്ങളിൽ സമാധാനം സ്ഥാപിക്കാനും അക്രമം പടരാതിരിക്കാനും പൊലീസ്‌ മാതൃകാപരമായാണ്‌ പ്രവർത്തിക്കുന്നത്‌. കുറ്റവാളികളിൽ ചിലർ ഇതിനകംതന്നെ പിടിയിലായിട്ടുണ്ട്‌. ബാക്കിയുള്ളവരെക്കുറിച്ച്‌ വ്യക്തമായ സൂചനയും ലഭിച്ചു. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗം സമാധാനശ്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്‌. കേരളത്തിന്റെ പുരോഗതിയും സമാധാനവും തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ജനങ്ങളിൽ ആത്മവിശ്വാസം പകരും. ഇരുവർഗീയ ശക്തികളെയും ഒറ്റപ്പെടുത്തി നാടിന്റെ സമാധാനം കാക്കാൻ കൈകോർക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top