23 April Tuesday

പാലാ ഉപതെരഞ്ഞെടുപ്പും യുഡിഎഫ് പ്രതിസന്ധിയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019



സെപ്തംബർ 23ന് നടക്കാൻ പോകുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആദ്യറൗണ്ടിലേ ബഹുദൂരം മുന്നിലെത്തിയപ്പോൾ,  തമ്മിലടിയും അഴിമതിക്കേസുകളിലെ അന്വേഷണങ്ങളും  ബിജെപി പ്രീണനവുമടക്കം യുഡിഎഫിനെ വലയ്ക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഐക്യവും ജനാധിപത്യവുമില്ലാത്ത ഐക്യജനാധിപത്യ മുന്നണിയെന്ന് നിസ്സംശയം വിളിക്കാവുന്ന പ്രതിസന്ധിയിലാണത്. കേരള കോൺഗ്രസ് എം ഔദ്യോഗികസ്ഥാനാർഥിയായി എത്തിയ   ജോസ് ടോമിന്റെ  പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയതിനാൽ സ്വതന്ത്രനായാണ്  മത്സരിക്കുന്നത്.   അദ്ദേഹം   പാർടി  പ്രതിനിധിയല്ലെന്ന് വർക്കിങ് ചെയർമാൻ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള  വിഭാഗം രേഖകൾ മുൻനിർത്തി സ്ഥാപിച്ചതോടെയാണ്   വരണാധികാരി ആ   നിലപാടെടുത്തത്.   ജോസ് ടോമിന് രണ്ടില ചിഹ്നം ജോസഫ്  അനുവദിക്കാത്തതിനാൽ   ഔദ്യോഗികസ്ഥാനാർഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന വിശദീകരണത്തോടെയാണ്   പത്രിക തള്ളിയതും.  സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അധികാരം വർക്കിങ്  ചെയർമാനാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അതോടെ കേരള കോൺഗ്രസ്  വടംവലിയിൽ ആദ്യഘട്ടം  ജോസഫ് മുന്നിലെത്തി.

മാണിയുടെ തട്ടകത്തിൽ  അദ്ദേഹത്തിന്റെ വിയോഗശേഷമുള്ള ആദ്യതെരഞ്ഞെടുപ്പിൽ  പാർടി  ചിഹ്നമില്ലാതെ വോട്ടുതേടേണ്ടി വരുന്നത് ജോസ് വിഭാഗത്തിന്  തിരിച്ചടിയായി. ഇനി തെരഞ്ഞെടുപ്പ് കമീഷൻ അനുവദിക്കുന്ന  പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളിൽ  ഒന്ന്  സ്വീകരിക്കേണ്ടിവരും.  ചിഹ്നനിഷേധത്തോടെ ലക്ഷ്യം നേടിയ  ജോസഫ്, താൻ  നിർത്തിയ  ജോസഫ് കണ്ടത്തിലിനെ  പിൻവലിക്കുകയുംചെയ്തു. തെരഞ്ഞെടുപ്പ്  പ്രഖ്യാപനം മുതൽ, സ്ഥാനാർഥിനിർണയംതൊട്ട് സൂക്ഷ്മപരിശോധനവരെ ജോസഫ്‐ ജോസ്  വിഭാഗങ്ങൾ പരസ്യമായി  ഏറ്റുമുട്ടുകയായിരുന്നു. ഭാര്യ നിഷയെ സ്ഥാനാർഥിയാക്കാൻ ജോസ് എല്ലാ അടവുകളും പയറ്റിയെങ്കിലും സ്വന്തക്കാരും   മുതിർന്ന നേതാക്കളും ജോസഫ് പക്ഷവും എതിർത്തതിനാൽ പിന്തിരിഞ്ഞു. പിന്നെ ആലോചനയിൽ വന്നത് "നിരുപദ്രവകാരി'യായ ആരെങ്കിലുമാകട്ടെയെന്ന്. അങ്ങനെയാണ് ജോസ് ടോമിനെ ഇറക്കുന്നത്.

ഔദ്യോഗികചിഹ്നം അനുവദിച്ചില്ലെങ്കിലും യുഡിഎഫ്   കൺവൻഷനിൽ  ജോസഫിന്റെ സാന്നിധ്യമുണ്ടായി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള  നേതൃനിരയോടൊപ്പം  വേദിയിലേക്ക് കയറിയ  അദ്ദേഹത്തെ ജോസ് വിഭാഗം കൂവിവിളിച്ചാണ് എതിരേറ്റത്. മൈക്കിനുമുന്നിലെത്തിയപ്പോൾ ഗോ ബാക്ക് വിളിച്ച് അപമാനിക്കുകയുംചെയ്തു. അത് വകവയ്ക്കാതെ പ്രസംഗം   തുടങ്ങിയപ്പോഴും  കൂവിയിരുത്താൻ   ശ്രമിച്ചു.  അസഭ്യവാക്കുകളാൽ  നാണംകെടുത്തിയ ചിലർ വേദി വിട്ടുപോകാൻ  ആക്രോശിക്കുകയുമുണ്ടായി. ഒടുവിൽ പൊലീസ് വലയത്തിലാണ് സ്ഥലംവിട്ടത്. അതോടെ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന്  അണികളെ വിശ്വസിപ്പിക്കണമെന്ന  നേതൃതീരുമാനം  ചീറ്റി. കേരള കോൺഗ്രസ് എം മുഖമാസികയായ "പ്രതിഛായ' യുടെ പുതിയ ലക്കത്തിലെ ജോസഫിനെതിരായ  ഒളിയമ്പുകളും നിസ്സാരമല്ല.  രണ്ടു പാർടികളായിനിന്ന വേളയിൽ  മാണി അഭ്യർഥിച്ചപ്പോൾ മന്ത്രിസഭവിട്ട് വന്നതാണ് താനെന്നത് വിസ്മരിക്കരുതെന്ന ജോസഫിന്റെ വാക്കുകളിൽ മുന്നറിയിപ്പിന്റെ സ്വരവുമുണ്ട്.  ജോസിന്റെ അഭ്യാസം തന്നോടെടുക്കേണ്ടെന്ന് തുറന്നടിക്കുയുംചെയ്തു. എന്നാൽ,  ജോസ് ടോം പ്രസംഗത്തിൽ ജോസഫിനെ പരാമർശിച്ചില്ലെന്നതിനുപുറമെ ജോസ് കെ മാണിയെ    പാർടി ചെയർമാൻ എന്നാണ് വിശേഷിപ്പിച്ചതും. ഇങ്ങനെ പരസ്പരവിശ്വാസം നഷ്ടപ്പെട്ടവരാണ് സമ്മതിദായകരെ കബളിപ്പിക്കാൻ വേഷംകെട്ടി ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണുകിട്ടിയ അമിത വിജയം മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊലിപ്പിക്കുന്നവർ കെട്ടിപ്പടുത്ത  ഇടതുപക്ഷവിരുദ്ധ മുന്നണി നിലനിർത്താനാകുന്നില്ലെന്നതും പ്രധാനമാണ്.  അതിനാലാണ് ആ ജനവിരുദ്ധ സഖ്യം ആഭ്യന്തരവൈരുധ്യത്താലും നാണംകെട്ട കോമാളിത്തങ്ങളാലും ആടിയുലയുന്നത്. രാജ്യവും സംസ്ഥാനവും നേരിടുന്ന ജീവൽപ്രശ്നങ്ങളെ അഭിസംബോധനചെയ്യാൻ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത യുഡിഎഫ് വൈകാരികത ഇളക്കിവിടുകയാണ്. ഔദ്യോഗികചിഹ്നമില്ലെങ്കിലും മാണിയുടെ മുഖം അത് പരിഹരിക്കുമെന്ന മകന്റെയും  അനുചരന്മാരുടെയും പ്രസ്താവം അതാണ് തെളിയിക്കുന്നതും. കച്ചവടരാഷ്ട്രീയത്തിന്റെ ചില ഭാവങ്ങളും മാണിയുടെ മുഖം ഓർമിപ്പിക്കാതിരിക്കില്ല. ടൈറ്റാനിയം കേസ്, പാലാരിവട്ടം മേൽപ്പാലം അഴിമതി, കോൺഗ്രസ് നേതാവ് ശശി തരൂർ ആവർത്തിക്കുന്ന മോഡി സ്തുതിയും  ഹിന്ദുത്വനിലപാടുകളും, ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ കടന്നാക്രമണങ്ങൾ, അസം  പൗരത്വ  രജിസ്റ്ററും അത് രാജ്യമാകെ വ്യാപിപ്പിക്കുമെന്ന അമിത് ഷായുടെ ഭീഷണിയും, കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ യുഡിഎഫ് നിലപാട് എന്താണെന്ന് പാലായിലെ വോട്ടർമാർ ആലോചിക്കാതിരിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top