25 April Thursday

പാലായിലെ ജനവിധി നൽകുന്ന സന്ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2019


എൽഡിഎഫിനെ വിജയിപ്പിച്ചുകൊണ്ട്‌ പാലാ നിയമസഭാമണ്ഡലം ചരിത്രം രചിച്ചു.  അരനൂറ്റാണ്ടിലേറെക്കാലം കേരളാ കോൺഗ്രസിനും കെ എം മാണിക്കുമൊപ്പം നിന്ന പാലായിലെ ഭൂരിപക്ഷം ജനങ്ങൾ ഇതാദ്യമായി മാറി ചിന്തിച്ചു. ഒരിക്കലും തകരാത്ത യുഡിഎഫിന്റെ പൊന്നാപുരം കോട്ട എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച  പാലായിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്‌. ഒപ്പം എൽഡിഎഫ്‌ സർക്കാരിന്റെ സുസ്ഥിരവികസന-‐ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാനുള്ള ജനങ്ങളുടെ അംഗീകാരം കൂടിയാണ്‌ മാണി സി കാപ്പന്റെ ഉജ്വലവിജയം. കേരളത്തിലെ ക്ഷേമ-വികസന കർമപദ്ധതികൾ ഇതേപോലെ തുടരണമെന്നും അതിന്‌ എൽഡിഎഫ്തന്നെ വേണമെന്നുമുള്ള ഉറച്ചവിശ്വാസത്തിന്റെ പ്രഖ്യാപനമാണിത്‌. വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും ഒന്നരവർഷം കഴിഞ്ഞ്‌ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതാകും പ്രതിഫലിക്കുക.

യുഡിഎഫും ബിജെപിയും കെട്ടഴിച്ചുവിട്ട  പ്രചാരണങ്ങളൊന്നും പാലായിലെ ജനങ്ങൾ വിശ്വാസത്തിലെടുത്തില്ല. അഞ്ചുമാസംമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 33,472 വോട്ട് കൂടുതൽ നൽകിയ മണ്ഡലമാണ് ഇക്കുറി 2943 വോട്ടിന് എൽഡിഎഫിനൊപ്പം നിന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാൾ 20,638 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അധികം കിട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിലരുടെ പ്രചാരണത്തിൽ തെറ്റിദ്ധരിച്ച്‌  അകന്നുനിന്ന  ജനവിഭാഗങ്ങൾ എൽഡിഎഫിലേക്ക്‌ തിരികെവന്നതോടൊപ്പം കാലങ്ങളായി യുഡിഎഫിനൊപ്പം അടിയുറച്ചുനിന്നിരുന്ന ഒരു വിഭാഗത്തിന്റെ പിന്തുണയും ലഭിച്ചു. യുഡിഎഫിന്റെ കാൽക്കീഴിൽനിന്ന് വൻതോതിൽ മണ്ണിടിയുന്നു എന്നാണ്‌ ഫലം വ്യക്തമാക്കുന്നത്‌.  ഒപ്പം, എൽഡിഎഫിന്റെ അടിത്തറ കൂടുതൽ വിപുലമാകുകയാണ്‌.  എൽഡിഎഫിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വലിയതോതിൽ വർധിക്കുകയാണ്.  ഇനി വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലായിലെ വിധി വ്യക്തമായ ദിശാസൂചകമാകും.

പ്രതിപക്ഷത്തിന്റെ വാക്കുകൾ ജനങ്ങൾ ഒട്ടും വിശ്വാസത്തിലെടുക്കാത്ത നിലയിലായി. യുഡിഎഫിന്റെ വികൃതമുഖം വ്യക്തമാക്കുന്ന പാലാരിവട്ടം പാലം അഴിമതി തെരഞ്ഞെടുപ്പു പ്രചാരണ വിഷയമായിരുന്നു.  ഇതിനെ മറച്ചുവയ്‌ക്കാൻ സർക്കാരിനെതിരെ  അടിസ്ഥാനരഹിതമായ ആരോപണങ്ങളുയർത്തി പ്രതിരോധിക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്. ഇത്തരം ആരോപണങ്ങളെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ല. കെ എം മാണിയെപ്പോലെ സമുന്നതനായ ഒരു നേതാവ് മരിച്ച് മാസങ്ങൾക്കുള്ളിൽ  നടന്ന തെരഞ്ഞെടുപ്പാണിത്. സ്വാഭാവികമായും സഹതാപതരംഗത്തിലൂടെ  വോട്ട് കൂടുകയേ ഉള്ളൂ എന്ന് യുഡിഎഫ് കരുതി. എന്നാൽ, സഹതാപത്തിനുപോലും ഇടമില്ലാത്ത തരത്തിൽ വെറുക്കപ്പെട്ട നിലയിലേക്ക് യുഡിഎഫും പ്രതിപക്ഷവും  വീണിരിക്കുകയാണ്‌. അധികാരത്തിനായി കടിപിടി കൂടലല്ലാതെ മറ്റൊന്നുമല്ല യുഡിഎഫ് രാഷ്ട്രീയം എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപിയുമായി സന്ധിചെയ്‌തു നീങ്ങുന്ന യുഡിഎഫിനെ ന്യൂനപക്ഷങ്ങളടക്കം മതനിരപേക്ഷ ജനവിഭാഗങ്ങളാകെ കൈയൊഴിയുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ  ദേശീയപ്രശ്നങ്ങളും  ശബരിമലയും ഉയർത്തി യുഡിഎഫ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ബിജെപിക്ക്‌ ബദൽ കോൺഗ്രസാണെന്നും  രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു പ്രചാരണം. ഇതിൽ വീണുപോയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തു.  പാലാ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന കാര്യങ്ങളും സർക്കാരിന്റെ വികസനനയങ്ങളുമാണ്‌  വിഷയമാവുക എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ്‌ നേതാക്കളും വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ ക്ഷേമപദ്ധതികളും വികസനവും  വിഷയമായപ്പോൾ എൽഡിഎഫിനെ പിന്തുണയ്‌ക്കുകയാണ്‌ വേണ്ടതെന്ന് ജനം തിരിച്ചറിഞ്ഞു. ആ വിശ്വാസമാണ്‌ പാലായിലെ വോട്ടിങ്ങിൽ പ്രതിഫലിച്ചത്.

വർഗീയപ്രശ്നങ്ങൾ കുത്തിപ്പൊക്കി സമുദായത്തിൽ ധ്രുവീകരണമുണ്ടാക്കി വോട്ടുനേടാനുള്ള ബിജെപിയുടെ ശ്രമവും  ഫലിച്ചില്ല.  അതേ തന്ത്രംതന്നെയാണ്‌ യുഡിഎഫും പാലായിൽ പയറ്റിയത്‌. ഈ കുത്സിതനീക്കങ്ങൾ കേരളത്തിൽ  അനുവദിക്കില്ലെന്ന ജനങ്ങളുടെ നിശ്ചയദാർഢ്യംകൂടി പ്രതിഫലിക്കുന്നുണ്ട് ഈ ജനവിധിയിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ  ഫലം വന്നപ്പോൾത്തന്നെ എൽഡിഎഫും സിപിഐ എമ്മും അടിത്തറ തകർന്നിട്ടില്ലെന്നും തിരിച്ചുവരുമെന്നും വ്യക്തമാക്കിയതാണ്‌.  പാലാ പോലുള്ള യുഡിഎഫിന്റെ ശക്തമായ മണ്ഡലം പിടിച്ചെടുത്തുകൊണ്ട്‌ അത്‌ തെളിയിച്ചിരിക്കുകയാണ്‌ എൽഡിഎഫ്‌.

മൂന്ന്‌ വർഷത്തിനിടയിൽ നിയമസഭയിലേക്കു നടന്ന മൂന്ന്‌  ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ വോട്ടു വർധിപ്പിക്കാൻ സാധിച്ചു. ചെങ്ങന്നൂരിൽ ഭൂരിപക്ഷം മുന്നിരട്ടിയാക്കിയപ്പോൾ  പാലായിലും ഉജ്വല വിജയം നേടിയിരിക്കുകയാണ്‌.  ലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങരയിലൂം വോട്ട്‌ വർധിപ്പിക്കാനായി. വർഗീയ ധ്രുവീകരണത്തിനുവേണ്ടി നിലകൊണ്ട ബിജെപിക്ക് പോയ ഘട്ടത്തിലേതിനെ അപേക്ഷിച്ച് കുറഞ്ഞ  വോട്ടാണ്‌ പാലായിലും ലഭിച്ചത്‌. പാലായിൽ  ബിജെപി യുഡിഎഫിന്‌ വോട്ട്‌ മറിച്ചുവിറ്റുവെന്ന്‌ അവരുടെ നേതാക്കൾതന്നെ പരസ്യമായി പറയുകയും ചെയ്‌തു. കേന്ദ്രഭരണത്തിന്റെ കരുത്തിൽ കേരളത്തിൽ ശക്തിപ്പെടാനുള്ള ബിജെപിയുടെ ശ്രമങ്ങളെ  പ്രബുദ്ധരായ കേരളജനത ഒരിക്കൽക്കൂടി പരാജയപ്പെടുത്തിയിരിക്കുകയാണ്‌.  വർഗീയരാഷ്ട്രീയത്തോട് സന്ധിയില്ല,  മതനിരപേക്ഷതയോടൊപ്പം ഉറച്ചുനിൽക്കുന്നു എന്നുമുള്ള ജനങ്ങളുടെ പ്രഖ്യാപനമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top