25 April Thursday

പാകിസ്ഥാനിൽ ഭരണഘടനാ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022


പാകിസ്ഥാൻ പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ്‌ നടത്താതെ സർക്കാർ പാർലമെന്റ്‌ പിരിച്ചുവിട്ടത്‌ അവിടത്തെ രാഷ്‌ട്രീയ പ്രതിസന്ധിയെ ഭരണഘടനാ പ്രതിസന്ധിയായി മാറ്റിയിരിക്കുകയാണ്‌. ഒന്നര പതിറ്റാണ്ടിനുശേഷം പാക്‌ ഭരണത്തിൽ നേരിട്ടുള്ള സൈനിക ഇടപെടലിനും വഴിയൊരുക്കുന്നതാണ്‌ സംഭവവികാസങ്ങൾ. ഞായറാഴ്‌ച രാവിലെ അവിശ്വാസപ്രമേയം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച്‌ ഡെപ്യൂട്ടി സ്‌പീക്കർ ഖാസിം സൂരി സഭാസമ്മേളനം 25 വരെ നിർത്തിവച്ചിരുന്നു. പിന്നാലെ പ്രസിഡന്റ്‌ ദേശീയ അസംബ്ലി പിരിച്ചുവിട്ട്‌ പുതിയ തെരഞ്ഞെടുപ്പിന്‌ ഉത്തരവിടുകയും ചെയ്‌തു. എന്നാൽ, ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി അസാധുവായി പ്രഖ്യാപിച്ച പ്രതിപക്ഷം വീണ്ടും സഭവിളിച്ച്‌ പ്രതിപക്ഷ നേതാവ്‌ ഷഹബാസ്‌ ഷെറീഫിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇതൊരു ശക്‌തിപ്രകടനമായി കണക്കാക്കാം.

പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആവശ്യപ്രകാരമാണ്‌ പ്രസിഡന്റ്‌ ആരിഫ്‌ ആൽവി പാർലമെന്റ്‌ പിരിച്ചുവിട്ട്‌ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ്‌ നടത്താൻ നിർദേശിച്ചത്‌. അതുവരെ കാവൽപ്രധാനമന്ത്രിയായി തുടരാനും ഇമ്രാൻ ഖാനോട്‌ നിർദേശിച്ചു. ഇമ്രാൻ ഖാനെ പുറത്താക്കാൻ പ്രതിപക്ഷം ഭരണപക്ഷത്തുനിന്ന്‌ നിരവധി അംഗങ്ങളെ പുറത്തുചാടിച്ച്‌ സർവശക്തിയും സമാഹരിച്ച്‌ വിജയം ഉറപ്പിച്ചിരുന്ന വേളയിലായിരുന്നു സഭ പിരിച്ചുവിട്ട്‌ സർക്കാർ നീക്കം. ഇതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി തിങ്കളാഴ്‌ച   വിഷയം പരിഗണിക്കാനിരിക്കെയാണ്‌ പ്രതിപക്ഷം അസാധാരണ നീക്കത്തിലൂടെ ഷഹബാസിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്‌. ചട്ടങ്ങളനുസരിച്ച്‌ സഭ വിളിച്ചുചേർക്കാൻ പ്രസിഡന്റിനോ സ്‌പീക്കർക്കോ മാത്രമേ അധികാരമുള്ളൂ. ഈ സാഹചര്യത്തിൽ പ്രതിപക്ഷനീക്കം രാജ്യത്തെ വീണ്ടും തൽക്കാലത്തേക്കെങ്കിലും നേരിട്ടുള്ള സൈനികഭരണത്തിലേക്ക്‌ നയിച്ചേക്കും.

ദേശീയ അസംബ്ലി പിരിച്ചുവിട്ട്‌ പുതിയ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങിയേക്കുമെന്ന്‌ ശനിയാഴ്‌ചതന്നെ ഇമ്രാൻ ഖാൻ സൂചിപ്പിച്ചിരുന്നു. രാജിവയ്‌ക്കൽ, അവിശ്വാസപ്രമേയം നേരിടൽ, പുതിയ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കൽ എന്നീ മൂന്നു വഴിയാണ്‌ തനിക്ക്‌ അധികാരകേന്ദ്രം അനുവദിച്ചിട്ടുള്ളത്‌ എന്നാണ്‌ സൈന്യത്തിന്റെ പേര്‌ പറയാതെ ഇമ്രാൻ പറഞ്ഞത്‌. ഇതനുസരിച്ചാണ്‌ തനിക്ക്‌ ഏറ്റവും സുരക്ഷിതമായ മാർഗം എന്ന നിലയിൽ ഇമ്രാൻ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ നേരിടാൻ തീരുമാനിച്ചത്‌.

അവിശ്വാസം ഭയന്ന്‌ രാജിവയ്‌ക്കുക എന്നത്‌ ഇമ്രാന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല. അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ്‌ നടന്നാൽ സർക്കാർ വീഴുമെന്ന്‌ ഉറപ്പായിരുന്നു. അതിനാൽ, അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ്‌ നടക്കേണ്ടിയിരുന്ന ഞായറാഴ്‌ച ഇമ്രാനും അദ്ദേഹത്തിന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്‌ (പിടിഐ) പാർടിയിലെ ഭൂരിപക്ഷം അംഗങ്ങളും സഭയിൽ വന്നില്ല. ഈ സമയം ദേശീയ ടെലിവിഷൻ ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയാണ്‌ ഇമ്രാൻ ചെയ്‌തത്‌. അമേരിക്കയുടെ താൽപ്പര്യപ്രകാരമാണ്‌ തന്നെ അട്ടിമറിക്കാൻ നീക്കം നടക്കുന്നതെന്നും പാർലമെന്റ്‌ പിരിച്ചുവിടാൻ താൻ പ്രസിഡന്റിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങാനും ഇമ്രാൻ ജനങ്ങളെ ആഹ്വാനം ചെയ്‌തു. പുതിയ തെരഞ്ഞെടുപ്പിന്‌ ഇമ്രാന്‌ ആത്മവിശ്വാസം നൽകുന്ന ചില ഘടകങ്ങളുണ്ട്‌. അഴിമതിക്കെതിരായ നടപടികളിലൂടെ പ്രവാസി പാകിസ്ഥാൻകാരുടെ വിശ്വാസം നേടിയതും കോവിഡ്‌ കൈകാര്യം ചെയ്‌തതിലെ വിജയവും അദ്ദേഹത്തിന്റെ ജനപിന്തുണ ഉയർത്തിയിട്ടുണ്ട്‌. അതിനൊപ്പം അമേരിക്കയ്‌ക്കെതിരെ സ്വീകരിച്ചുവരുന്ന നിലപാടുകളും ജനപിന്തുണ കൂട്ടുമെന്ന കണക്കുകൂട്ടൽ ഇമ്രാനുണ്ടാകാം.

എന്തായാലും പാക്‌ രാഷ്‌ട്രീയത്തിൽ സുപ്രീംകോടതിയും സൈന്യവും വീണ്ടും നിർണായകമായിരിക്കുകയാണ്‌. മുമ്പ്‌ ജനറൽ പർവേസ്‌ മുഷറഫിന്റെയും പിന്നീട്‌ അഞ്ചുവർഷംമുമ്പ്‌ ഷഹബാസിന്റെ ജ്യേഷ്ഠൻ നവാസ്‌ ഷെറീഫിന്റെയും പതനത്തിൽ സുപ്രീംകോടതി വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. എന്നാൽ, രാജ്യത്തിന്റെ ചരിത്രത്തിൽ സൈന്യത്തോളം മുദ്ര പതിപ്പിച്ചിട്ടുള്ള ഒരു സംവിധാനവുമില്ല. 75 വർഷമാകുന്ന പാകിസ്ഥാന്റെ ചരിത്രത്തിൽ പകുതിയിലേറെക്കാലം ഭരിച്ചത്‌ സൈന്യമാണ്‌. അത്തരത്തിൽ നേരിട്ടുള്ള സൈനികവാഴ്‌ചയോ അതോ മറ്റ്‌ പലപ്പോഴുമെന്നപോലെ സൈന്യം തിരശ്ശീലയ്‌ക്കു പിന്നിൽനിന്ന്‌ ഭരിക്കുന്ന ‘ജനാധിപത്യ’ സംവിധാനംതന്നെയായിരിക്കുമോ പാകിസ്ഥാനിൽ ഉണ്ടാകാൻ പോകുന്നത്‌ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top