20 April Saturday

പ്രതീക്ഷാനിർഭരം വ്യവസായ നയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ ‐വാണിജ്യ കരട്‌ നയം, സർവതലസ്‌പർശിയായ പ്രതിസന്ധിയുടെ ഘട്ടത്തിൽ  പ്രതീക്ഷാനിർഭരമാണ്‌. നവകേരളം ലക്ഷ്യമാക്കിയുള്ള നടപടികൾക്ക്‌ അത്‌ കുതിപ്പേകുമെന്നത്‌ തീർച്ച. പരിമിത വിഭവങ്ങൾ മുൻനിർത്തിയുള്ള യുക്തിഭദ്രമായ അവതരണമാണ്‌ അതിന്റെ പ്രധാന മുഖമുദ്ര. രാജ്യം വ്യവസായങ്ങളുടെ മരുപ്പറമ്പാകുമ്പോഴാണ്‌ ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്നതും ശ്രദ്ധേയം.  അതുപോലെ വൻ ലാഭമുണ്ടാക്കുന്ന  നവരത്ന കമ്പനികളടക്കം കുത്തകകൾക്ക്‌ വിറ്റുതുലയ്‌ക്കുമ്പോൾ കേരളത്തിൽ പൊതുമേഖലയെ സംരക്ഷിക്കുകയാണ്‌. യുഡിഎഫ്‌ സർക്കാരുകൾ കെടുകാര്യസ്ഥതയിലൂടെ നഷ്ടത്തിലാക്കിയ ഒട്ടേറെ സ്ഥാപനങ്ങൾ ലാഭത്തിലുമാക്കി. ലക്ഷ്യബോധം നിറഞ്ഞ ഇത്തരം നിലപാടിന്റെ പശ്‌ചാത്തലത്തിലും തുടർച്ചയിലുമാണ്‌  മന്ത്രി പി രാജീവ്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ  വ്യവസായ ‐വാണിജ്യ കരട്‌ നയം പരിശോധിക്കേണ്ടതും. 2018ലാണ്‌ ഒടുവിൽ അത്തരമൊരു രേഖ ഇറക്കിയത്‌.

വൈവിധ്യങ്ങളോടെ അതിവേഗം കുതിക്കുന്ന പുതിയ കാലത്തിന്റെ വിപുല സാധ്യതകൾ പരമാവധി  പ്രയോജനപ്പെടുത്തി കൂടുതൽ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാനുതകുന്ന നിർദേശങ്ങളാണ്‌ അതിലുള്ളത്‌. പരമ്പരാഗത വ്യവസായങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നവീകരിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തികനില പുഷ്ടിപ്പെടുത്തുമെന്നത്‌ ഉറപ്പ്‌. ആഗോള വിപണി ലക്ഷ്യമിടുന്ന സംരംഭങ്ങൾക്ക്‌ തുണ, അവയെ ലോകനിലവാരത്തിലേക്ക്‌ ഉയർത്തൽ, പുതുതലമുറ ഇടപെടലുകൾക്ക്‌ നൂതന അടിസ്ഥാന സൗകര്യങ്ങൾ, ‘സൺറൈസ്‌’ സംരംഭങ്ങളെ കൂടുതൽ ആകർഷിക്കൽ, വിജ്ഞാനസമൂഹത്തിന്റെ സാധ്യതകൾക്ക്‌ പ്രത്യേക ഊന്നൽ, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ, ഇലക്‌ട്രോണിക്‌സ്‌ ഡിസൈനിങ്ങും നിർമാണവും, ഹൈടെക്‌ കൃഷി, നാനോ സാങ്കേതികവിദ്യ, ഗ്രാഫീൻ, റോബോട്ടിക്സ്‌, മറൈൻ ക്ലസ്റ്റർ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾക്ക്‌ കരടിൽ കാര്യമായ പരിഗണനയുണ്ട്‌. 

സ്വകാര്യ വ്യവസായങ്ങളിൽ സർക്കാർ പകുതി വേതനം  അനുവദിച്ച്‌  വർഷത്തിൽ  1000 അപ്രന്റീസുമാരെ  നിയമിക്കുന്നതടക്കം ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ഉറപ്പുകൾ പ്രത്യേകം എടുത്തുപറയണം. ആറു മാസം വേതനത്തിന്റെ 50 ശതമാനം (കൂടിയത്‌ 5000 രൂപ) സർക്കാർ നൽകും. വിശാല സാധ്യതയുള്ളവയ്‌ക്ക്‌ സാമ്പത്തിക പ്രോത്സാഹനമടക്കം  വാഗ്‌ദാനം ചെയ്യുന്നു.  ഉൽപ്പന്നങ്ങൾ തനത്‌ ബ്രാൻഡി (കേരള)ൽ വിപണനം നടത്താൻ സൗകര്യമൊരുക്കും.  എംഎസ്‌എംഇ ഇതര സംരംഭങ്ങൾക്ക്‌ സ്ഥിരമൂലധനത്തിന്റെ 10 ശതമാനംവരെ (കൂടിയത്‌  10 കോടി) സബ്‌സിഡി നൽകും. എംഎസ്‌എംഇകൾക്ക്‌ അഞ്ചുകൊല്ലം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുകയും ചെയ്യും. സർക്കാർ‐ സ്വകാര്യ വ്യവസായ പാർക്കുകളിൽ  നിർമാണസ്ഥാപനങ്ങൾ ഭൂമി വാങ്ങിയാലും  പാട്ടത്തിനെടുത്താലും സ്റ്റാമ്പ്‌ ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ചാർജും  പൂർണമായും ഒഴിവാക്കും. വനിത, എസ്‌സി–-എസ്‌ടി സംരംഭകർക്കും അതേ സഹായമുണ്ട്‌. 

വ്യവസായരംഗത്തും സ്റ്റാർട്ടപ്‌ മേഖലയിലും കേരളം നേടിയ അഭിമാനാർഹമായ കുതിപ്പ്‌ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു; കേന്ദ്ര അംഗീകാരം പലവട്ടം നേടി. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ ഒരുവർഷ പരിധിയിൽ 13 പടി കയറി 15–-ാം സ്ഥാനത്തും എത്തി.  അനുമതി നൽകുന്നതിലെ നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത ഭേദഗതി വരുത്തിയതും നയപരമായ തീരുമാനം നടപ്പാക്കിയതുമാണ്‌ നേട്ടത്തിനു പിന്നിൽ. സൂചികയിൽ ആദ്യ പത്തിൽ എത്തുകയാണ് ലക്ഷ്യമെന്ന്‌ മന്ത്രി പറഞ്ഞിരുന്നു. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിൽ  പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിയുന്നുണ്ട്‌. അതിൽ ഏറിയപങ്കും  പുറത്തുനിന്നാണ്‌. അവയിൽ ഏതെല്ലാം ഇവിടെ  നിർമിക്കാമെന്ന  പരിശോധനയും നടക്കും. വ്യവസായ‐വാണിജ്യ  രംഗത്തെ വിവിധ സംഘടനകളുമായി  ചർച്ച ചെയ്‌തും പൊതുജനാഭിപ്രായം വിശദമായി കേട്ടും 2023  ജനുവരിയിൽ പുതിയ നയത്തിന്‌ അന്തിമരൂപം നൽകാനാണ്‌ തീരുമാനം. ഏപ്രിൽമുതൽ അത്‌ പ്രാബല്യത്തിൽവരും. സർക്കാരിന്റെ ദീർഘവീക്ഷണം എല്ലാ അർഥത്തിലും  കേരളത്തിന്‌ വഴികാട്ടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top