11 December Monday

ഓർമകളുടെ കൊടുങ്കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2023


കൊച്ചു കേരളത്തിന്‌ ലോക ചരിത്രത്തിൽ ഇടംനേടിത്തന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ, കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ സഖാവ്‌ പി കൃഷ്‌ണപിള്ള ഓർമകളിലേക്ക്‌  വിടവാങ്ങിയിട്ട്‌ മുക്കാൽ നൂറ്റാണ്ടെത്തുകയാണ്‌. തൊഴിലാളിവർഗ രാഷ്‌ട്രീയത്തിന്റെ വീറും സർഗാത്മകതയും കേരളത്തിന്‌ കാണിച്ചുതന്ന, വാക്കും കർമവും രണ്ടല്ലെന്ന്‌ സ്വജീവിതത്തലൂടെ മാതൃക കാണിച്ച മഹാനായ നേതാവിന്റെ ഉജ്വലസ്മരണകൾ ഈ നാടിന്‌ എന്നും ആവേശവും കരുത്തുമാണ്‌. അനീതികൾക്കെതിരെ സംഘബോധത്തിന്റെ മഹാബലംകൊണ്ട്‌ പോരാടാനും പതർച്ചയില്ലാതെ ചെറുത്തുനിൽക്കാനും നമ്മെ പഠിപ്പിച്ച സഖാവ്‌ മരണമില്ലാതെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നു. കേരളത്തിന്റെ പ്രിയ സഖാവായി നിലകൊള്ളുന്നു.

പാവങ്ങൾക്ക്‌ ആഹാരം കൊടുത്തപ്പോൾ വിശുദ്ധനായി കണ്ടുവെന്നും എന്തുകൊണ്ട്‌ ദാരിദ്ര്യമെന്ന്‌ ചോദിച്ചപ്പോൾ കമ്യൂണിസ്റ്റ് എന്ന് വിളിച്ചുവെന്നുമാണ്‌ ബ്രസീലിയൻ ആർച്ച്‌ ബിഷപ്‌ ഹെൽദർ പെസോവ കമാറ പറഞ്ഞത്‌. ആ അഭിപ്രായം  ‘ലോകത്തെ വ്യാഖ്യാനിക്കുകയല്ല, മാറ്റിമറിക്കുകയാണാവശ്യ’മെന്ന മാർക്‌സിന്റെ ഉദ്ധരണിയുടെ അനുബന്ധമാണ്‌. മലയാളി മനസ്സിൽ അക്കാര്യം ഊന്നിയതിൽ പ്രധാനി സഖാക്കളുടെയെല്ലാം എക്കാലത്തെയും സഖാവായ പി കൃഷ്ണപിള്ളയാണ്‌.  42 വർഷ ജീവിതത്തിനിടയിൽ രണ്ടു ദശാബ്ദംമാത്രം വിസ്‌തൃതിയുണ്ടായ വിപ്ലവ പ്രവർത്തനത്തിലൂടെ ഇതിഹാസതുല്യനായ പോരാളി. 1930 മുതൽ, സംഘാടനത്തിലും കേഡർമാരെ വാർക്കുന്നതിലും ഇത്രയും വിജയിച്ച മറ്റൊരാളും ഉണ്ടായിട്ടില്ല. 1927ൽ ഉത്തരേന്ത്യൻ പര്യടനം നടത്തി. അലഹബാദിൽനിന്ന്‌ ഹിന്ദി സാഹിത്യ വിശാരദ് ബിരുദം നേടി. തിരിച്ചെത്തി മികച്ച ഹിന്ദി പ്രാസംഗികനായി. ഇംഗ്ലീഷിലും പ്രാവീണ്യം. എറണാകുളത്തെ ഹിന്ദി പ്രചാരക ജോലി ഒഴിഞ്ഞ്‌ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി പയ്യന്നൂർ ഉപ്പുസത്യഗ്രഹ മാർച്ചിൽ പങ്കെടുത്തതോടെ ആയിരക്കണക്കിന് സ്വാതന്ത്ര്യദാഹികളുടെ ആരാധ്യനായി. തുടർന്ന്‌, ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകരെ നയിച്ചു.

അധഃസ്ഥിതരെ പരിഗണിക്കാതെ യഥാർഥ സ്വാതന്ത്ര്യം സഫലമാകില്ലെന്ന് ബോധ്യമായതിനാൽ കൃഷ്‌ണപിള്ള യുവജനങ്ങളെയും  തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചു. 1939 ആകുമ്പോഴേക്കും, നഗരങ്ങളിൽ 80 ട്രേഡ് യൂണിയൻ. കോഴിക്കോട്ടും കണ്ണൂരും കേന്ദ്ര ട്രേഡ് യൂണിയനുകളും അഖില കേരള ട്രേഡ് യൂണിയൻ കമ്മിറ്റിയും. അതുവരെ പ്രബലമായ വരേണ്യതയെ കടപുഴക്കുന്നതിൽ സഖാവ്‌ വലിയ സംഭാവന നൽകി. പുന്നപ്ര- വയലാർ സമരത്തിന് ദശാബ്ദംമുമ്പ്, മലബാറിൽ പുതിയ പ്രക്ഷോഭങ്ങൾക്ക്‌ നാന്ദികുറിക്കാൻ കഴിഞ്ഞു. അതിന്റെ ഭാഗമാണ്‌ ജന്മിവിരുദ്ധ പ്രസ്ഥാനം.

ജാതി‐ മത പ്രാകൃതത്വം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരായ ഉണർവുകളിലൂടെ പ്രസ്ഥാനത്തെ ജനകീയമാക്കാനും ശ്രദ്ധിച്ചു. സാഹോദര്യത്തിലൂടെ  ജാതീയ വേലിക്കെട്ട്‌ വലിയ മട്ടിൽ തകർക്കാനാകുമെന്ന്‌ തെളിയിക്കുകയും ചെയ്‌തു. അവ തലമുറയ്‌ക്ക്‌ പരിശീലനക്കളരിയായി. വൈക്കം സത്യഗ്രഹത്തിന്‌ സാക്ഷിയായ സഖാവ്‌ ഗുരുവായൂർ സത്യഗ്രഹത്തിൽ നേതൃപരമായ പങ്കാളിത്തം വഹിച്ചു. സത്യഗ്രഹകാലത്ത്‌ സഖാവ്‌ ക്ഷേത്രത്തിൽ കയറി മണിയടിച്ചതും ഭീകരമർദനമേറ്റുവാങ്ങിയതും കേരളചരിത്രത്തിലെ മായാത്ത ഏടുകളാണ്‌. ‘‘മതത്തിനുവേണ്ടി പുരോഹിതർ അടികൂടട്ടേ. ചോറിനുവേണ്ടി തൊഴിലാളികൾ പൊരുതട്ടേ’’യെന്ന ആഹ്വാനം ഇപ്പോഴും പ്രസക്തം.

വലതുപക്ഷ കോൺഗ്രസ് നേതാക്കളുമായി കലഹിച്ച കൃഷ്ണപിള്ള എന്നും സാധാരണക്കാരുടെ പക്ഷത്ത്‌ നിലയുറപ്പിച്ചു. തന്നെക്കാൾ വൈകാരികമായി കമ്യൂണിസത്തോട് കൂറു പുലർത്തിയ വ്യക്തിയെന്ന്‌  ഇ എം എസ് വിശേഷിപ്പിച്ചത് അതിനാലാണ്‌. ആ ബന്ധത്തിലൂടെ പ്രശ്‌നങ്ങളെ ആഴത്തിൽ മനസ്സിലാക്കാനും കഴിഞ്ഞു. മോദി സർക്കാർ ഗ്രന്ഥശാലകളെ കൺകറന്റ്‌  ലിസ്റ്റിൽപ്പെടുത്താൻ ശ്രമിക്കുമ്പോൾ അക്ഷരങ്ങളെ സമരായുധമാക്കിയ കൃഷ്‌ണപിള്ളയുടെ പാരമ്പര്യം മറക്കാതിരിക്കാം. കേരളത്തിലെ പതിനായിരത്തോളം ഗ്രന്ഥാലയങ്ങൾ അഗ്നിക്കിരയാക്കുന്നതിനു സമാനമാണ്‌ കേന്ദ്ര നടപടി. കല്യാശേരി ശ്രീഹർഷൻ വായനശാലാ കൈയെഴുത്തു മാസിക അദ്ദേഹം തിരുവിതാംകൂറിലെത്തിച്ചത്‌  സാഹസികമായി. 1948 ജനുവരി 30ന്‌ വൈക്കം ബോട്ടുജെട്ടിക്ക്‌ സമീപം പ്രസംഗിക്കവെയാണ്‌ ഗാന്ധിവധ വാർത്ത കൃഷ്‌ണപിള്ള അറിയുന്നത്‌. അങ്ങനെ നടന്നെങ്കിൽ ഘാതകർ ആർഎസ്‌എസ്‌ ആണെന്ന്‌ അർഥശങ്കയ്‌ക്കിട നൽകാതെ വ്യക്തമാക്കിയത്‌ അപാരമായ ദീർഘവീക്ഷണമായി.

ആധുനിക രാഷ്ട്രീയത്തിലെ കാറ്റും തീയും വെളിച്ചവുമായ സഖാവിനെ മരണം അകാലത്തിൽ റാഞ്ചി മുക്കാൽ നൂറ്റാണ്ട്‌ തികയുമ്പോഴും ആ വിടവ്‌ അപരിഹാര്യമായി തുടരുകയാണ്‌. ആ കാലുകൾ സ്‌പർശിക്കാത്ത മണ്ണും വാക്കുകൾ മുഴങ്ങാത്ത ഇടവും മുഷ്ടികൾ ഉയരാത്ത ആകാശവും ആഹ്വാനങ്ങൾ കാന്തസമാനമായി ആകർഷിക്കാത്ത  ജനതയും കേരളത്തിൽ ഉണ്ടായില്ലെന്നു പറയാം. ഇന്ന്‌ വൈക്കത്ത്‌ ആയാൽ നാളെ കാസർകോടൻ കുഗ്രാമമായ കാടകത്ത്‌ പറന്നെത്തി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട ആ രീതിക്ക്‌ സമാനതകളില്ല. രാവിലെ ചെറുവണ്ണൂരാണെങ്കിൽ വൈകിട്ട്‌ ആറോൺ മിൽ സമരം നടക്കുന്ന മൊറാഴയിലും. സാധാരണ വാഹന സൗകര്യംപോലും ഇല്ലാത്ത ഘട്ടത്തിലാണതെന്ന്‌ ഓർക്കണം. പാമ്പുകടിയേറ്റ്‌ മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിൽ അവസാനമായി സഖാവ്‌ പറഞ്ഞ വാക്കുകൾ ‘സഖാക്കളേ മുന്നോട്ട്‌’ എന്നായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ എന്നും ഊർജമാണ്‌ ആ വാക്കുകൾ. പുഞ്ചിരിക്കുന്ന അഗ്നിപർവതം, ഒഴുകിപ്പരക്കുന്ന കാറ്റ്‌ എന്നെല്ലാം സർഗാത്മക സാഹിത്യകാരന്മാർ വിശേഷിപ്പിച്ച ആ ഓർമകൾക്കു മുന്നിൽ പോരാട്ട പ്രതിജ്ഞയുടെ ഒരു കോടി ചോരപ്പൂക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top