21 September Thursday

മാനവികതയുടെ മഹാവൈദ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 12, 2021


ആയുരാരോഗ്യ സൗഖ്യത്തിന്റെ സമഗ്ര ദർശനമായ ആയുർവേദത്തെ വിശ്വചക്രവാളത്തിലേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിന്റെ വൈദ്യകുലപതി ഡോ. പി കെ വാരിയർ ഇനി ഓർമ. ആധുനിക കേരളത്തിന്റെ വൈദ്യവിജ്ഞാനമേഖലയിൽ ധിഷണയുടെ പ്രകാശത്താൽ ജ്വലിച്ചുനിന്ന ഈ വൈദ്യ പ്രതിഭ നാടിന്റെ അഭിമാനപുത്രൻ. ആരോഗ്യം, രോഗപ്രതിരോധം, രോഗകാരണം, ചികിത്സ എന്നീ ജീവൽപ്രധാന വിഷയങ്ങളിൽ പുതിയ വെളിച്ചവും ഉൾക്കാഴ്ചയും പകർന്നുതന്ന മഹദ്ജീവിതമാണ് വിടവാങ്ങിയത്. നൂറു വയസ്സുവരെ ജീവിച്ച വാരിയർ കേരളത്തിന്റെ അനശ്വര ധന്യതയായി പ്രകാശം ചൊരിയും. അത്രമേൽ അർഥപൂർണമായിരുന്നു ആ ജീവിതവും പ്രവൃത്തിയും.

എവിടെയും മാനുഷികത, മനുഷ്യസ്നേഹംതന്നെയായിരുന്നു ഹൃദയാലുവായിരുന്ന വാരിയരുടെ ദർശനം. രോഗിയുടെ ഉള്ളിലെ ഊർജത്തെ കെടാതെ കാത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. വിനയമധുരമായ പെരുമാറ്റവും ചികിത്സയിലെ നിതാന്ത ശ്രദ്ധയും ജനകോടികൾക്ക് സാന്ത്വന സ്പർശമായി. നവോത്ഥാന നായകനും കോട്ടക്കൽ ആര്യ വൈദ്യശാലാ സ്ഥാപകനുമായ വൈദ്യരത്നം പി എസ് വാരിയരിൽനിന്ന് കൊളുത്തിയെടുത്ത ചൂടും വെളിച്ചവും ഊർജമാക്കി മുന്നേറിയ പി കെ വാരിയർ ആര്യ വൈദ്യശാലയെ വിശ്വപ്രസിദ്ധമാക്കി. പി എസ് വാരിയരുടെ മരുമകനാണ് പി കെ വാരിയർ.

ആയുർവേദത്തിന് സമ്പൂർണമായി സമർപ്പിച്ച ഈ ആചാര്യന്റെ ജീവിത ദർശനം ഇനി കേരള ചരിത്രത്തിലെ മായാത്ത ഏടുകളായി എക്കാലവും നിലകൊള്ളും. എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച സമത്വവീക്ഷണം, ചികിത്സയിലെ ജനകീയത, പാവപ്പെട്ടവരോടും സാധാരണക്കാരോടുമുള്ള കാരുണ്യം എന്നിവ അദ്ദേഹത്തെ വേറിട്ട ഭിഷഗ്വരനാക്കി. കേരളത്തിന്റെ ദൃഢമായ മതനിരപേക്ഷ പാരമ്പര്യത്തിന്റെ കാവലാളായിരുന്ന അദ്ദേഹം നാടിന്റെ പുരോഗതിക്കായി എന്നും നിലകൊണ്ടു. കമ്യൂണിസ്റ്റ് മൂല്യങ്ങളെ എക്കാലവും മുറുകെപ്പിടിച്ച പി കെ വാരിയർ ഏറ്റവും ഒടുവിൽ ദേശാഭിമാനിയുമായി സംസാരിക്കുമ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മനുഷ്യസ്നേഹ നിലപാടുകളെ മുൻനിർത്തിയാണ് ഏറെയും പറഞ്ഞത്‌. ഇ എം എസിനെക്കുറിച്ചുള്ള നന്മനിറഞ്ഞ ഓർമകളും എപ്പോഴും പങ്കുവച്ചിരുന്നു. ചികിത്സ തേടിയെത്തുന്ന സാധാരണക്കാരോടും രാജ്യത്തെയും വിദേശത്തെയും ഭരണാധികാരികളോടുമെല്ലാം പി കെ വാരിയർക്ക് ഒരേ സമീപനമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ സമത്വ ദർശനത്തിന് അടിവരയിടുന്നു. ആയിരക്കണക്കിനു സാധാരണക്കാർക്ക് അദ്ദേഹം നൽകിയ സൗജന്യ ചികിത്സ ആ മനസ്സിലെ മനുഷ്യസ്നേഹത്തിന്റെ നേരനുഭവമായി.

രാഷ്ട്രീയ പ്രബുദ്ധതയുടെ സിരാകേന്ദ്രമായിരുന്നു പണ്ടുതൊട്ടേ കോട്ടക്കൽ. ഒട്ടേറെ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രവർത്തനകേന്ദ്രവുമായിരുന്നു ഇത്. പി കെ വാരിയരുടെ അമ്മാവൻ പി എസ് വാരിയരാകട്ടെ നവോത്ഥാന പോരാളിയും. നാടെങ്ങും ദേശീയ രാഷ്ട്രീയത്തിന്റെ, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ, നവോത്ഥാന പ്രസ്ഥാനത്തിന്റെ അലയൊലികൾ. ഈയൊരു സാഹചര്യത്തിൽ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ പി കെ വാരിയർ രാഷ്ട്രീയത്തിലേക്ക് ചാലുകീറി. കോൺഗ്രസ്, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. ഇതോടെ, ജീവിതത്തിന്റെ ഹൃദയസ്പന്ദനം അദ്ദേഹം തൊട്ടറിഞ്ഞു. സാധാരണക്കാർ എങ്ങനെ ജീവിക്കുന്നെന്ന് നേരിൽ കണ്ടു. അതൊരു അനുഭവമായിരുന്നെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. പിന്നീട്, ജ്യേഷ്ഠ സഹോദരൻ മാധവവാരിയരുടെ നിര്യാണത്തോടെയാണ് പി കെ വാരിയർ മുഴുവൻ സമയവും വൈദ്യത്തിന് സമർപ്പിച്ചത്. അപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതാക്കളുമായി ദൃഢമായ ബന്ധം തുടർന്നു. ദേശാഭിമാനിയുമായും എന്നും ആത്മബന്ധം പുലർത്തി. വാരിയരുടെ സഹധർമിണിയും കവയിത്രിയുമായ, അന്തരിച്ച മാധവിക്കുട്ടി വാരസ്യാർ പി കെ വാരിയരുടെ ഷഷ്ടിപൂർത്തി വേളയിൽ എഴുതിയ കവിതയിൽ ഇങ്ങനെ കുറിച്ചു:

" തുണയായ്, സദാ ദാഹ -
ജലമായ്, പൊള്ളും വെയിലിൽ
തണലായ്, കൊടും ചൂടിൽ
കുളിരാ, യിളം കാറ്റായ് ...’

അതെ, കേരളത്തിന്റെ ഈ ആയുർവേദാചാര്യൻ ഏവർക്കും സാന്ത്വനത്തിന്റെ ഇളംകാറ്റായിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്‌ക്കു മുന്നിൽ സ്നേഹപ്രണാമം.


ആകാശനീലയിൽ
പൂക്കൾ വിരിയുമ്പോൾ

ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ ലോകകപ്പ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോപ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ച്‌ അർജന്റീന ജേതാക്കളായി. അവരുടെ നേട്ടം പതിനഞ്ചാം തവണയാണ്‌. 28 വർഷത്തിനുശേഷം അർജന്റീന ഒരു രാജ്യാന്തര ഫുട്‌ബോൾ കിരീടം നേടിയെന്നതാണ്‌ സവിശേഷത. അതിനൊപ്പം ലയണൽ മെസിയെന്ന ക്യാപ്‌റ്റനു കീഴിൽ ആദ്യ കിരീടവും സാധ്യമായി.

ദ്യേഗോ മാറഡോണയെ ഓർക്കാതെങ്ങനെ അർജന്റീനയുടെ വീരചരിതം പൂർണമാകും. മാറഡോണയ്‌ക്കുകീഴിൽ 1986ലാണ്‌ ഒടുവിൽ ലോകകപ്പ്‌ നേടിയത്‌. 1993ൽ കോപയിലാണ്‌ ആകാശനീല കുപ്പായക്കാരുടെ അവസാന കിരീടം.ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയത്തിലേത്‌ സ്വപ്‌ന ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ടു. ഏറ്റവുമധികം ആരാധകരുള്ള രണ്ട്‌ ടീം ഏറ്റുമുട്ടിയപ്പോൾ കേരളവും ആഘോഷിച്ചു. കഴിഞ്ഞവർഷം നടക്കേണ്ടതായിരുന്നു ടൂർണമെന്റ്‌. നേരത്തെ നിശ്‌ചയിച്ച വേദികൾ മാറിമറിഞ്ഞ്‌ അവസാന നിമിഷമാണ്‌ ബ്രസീൽ ആതിഥേയരാകുന്നത്‌. ഇതേസമയത്ത്‌ യൂറോപ്പിലെ വിവിധ നഗരങ്ങളിലായി യൂറോ കപ്പ്‌ മത്സരങ്ങളും നടന്നു. ഒരുമാസം ഫുട്‌ബോൾ ആരാധകർക്ക്‌ കിട്ടിയ അപൂർവ വിരുന്നായിരുന്നു. കോപയിൽ ബ്രസീൽ, നെയ്‌മർ, അർജന്റീന, മെസി വികാരത്തിനപ്പുറത്ത്‌ കളിയുടെ നിലവാരം ചോദ്യം ചെയ്യപ്പെട്ടു. യൂറോ കപ്പാകട്ടെ തന്ത്രത്തിലും കളിമികവിലും ഭംഗിയിലും മുന്നിലെത്തി. വാഴ്‌ത്തിപ്പാടിയിരുന്ന ലാറ്റിനമേരിക്കൻ സൗന്ദര്യംപോലും യൂറോപ്പ്‌ റാഞ്ചിയപോലെ.

കോവിഡിന്റെ കെടുതികൾക്കിടയിൽ ഫുട്‌ബോൾ, മരുന്നും ആശ്വാസവുമായിരുന്നു. മഹാമാരിയുടെ കാലത്ത്‌ ഉയർന്ന മാനവികതയും കലർപ്പില്ലാത്ത സ്‌നേഹവും സൗഹൃദവും അനിവാര്യമാണെന്ന സന്ദേശമാണ്‌ കോപയും യൂറോയും നൽകുന്നത്‌. അതിന്‌ മാതൃകകളായി മെസിയും നെയ്‌മറും. കളത്തിലെ എതിരാളികളായ ഇരുവരും മത്സരശേഷം പുണരുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്ന രംഗം മായാത്ത ചിത്രമായി അവശേഷിക്കും.ആവേശം ഇവിടെ അവസാനിക്കുന്നില്ല. വീണുപോയവരും ഉയിർത്തവരും ആയുധങ്ങൾ മൂർച്ചകൂട്ടി വീണ്ടും കാണും; അടുത്തവർഷം നവംബറിൽ ഖത്തറിലെ ലോകകപ്പ്‌ വേദിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top