29 March Friday

പി സി ചാക്കോയുടെ 
രാജി

വെബ് ഡെസ്‌ക്‌Updated: Friday Mar 12, 2021


കോൺഗ്രസിൽനിന്ന് നേതാക്കൾ രാജിവയ്‌ക്കുന്നത് വാർത്തയല്ല. ഇന്നലെ സോണിയഗാന്ധിക്കൊപ്പം യോഗത്തിലിരിക്കുന്നയാളെ ഇന്ന് അമിത് ഷാ ഷാൾ പുതപ്പിക്കുന്നത് കാണാം. ചാടുന്നവരെല്ലാം ബിജെപിയിലെത്തുന്നു. വർക്കിങ്‌ കമ്മിറ്റി അംഗമായാലും വക്താവായാലും ഒരു മടിയുമില്ലാതെ ബിജെപിയുടെ കൊടി പിടിക്കുന്നു. വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന നേതാക്കൾപ്പോലും ഇക്കൂട്ടത്തിലുണ്ട്.

എന്നാൽ, മുതിർന്ന നേതാവും നാലുതവണ എംപിയും എംഎൽഎയും മന്ത്രിയും കോൺഗ്രസ് ദേശീയവക്താവും ആയിരുന്ന പി സി ചാക്കോയുടെ രാജി വ്യത്യസ്തമാണ്. അദ്ദേഹം ബിജെപിയിൽ ചേർന്നിട്ടില്ല. അതിനുദ്ദേശ്യമില്ലെന്നും പറയുന്നു. അതുകൊണ്ടുമാത്രമല്ല ആ രാജി വ്യത്യസ്തമാകുന്നത്. അദ്ദേഹം കൃത്യമായ ചില വിമർശങ്ങൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. ദേശീയനേതൃത്വത്തെപ്പറ്റിയും കേരളത്തിലെ നേതാക്കളെപ്പറ്റിയും അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. ഇടതുപക്ഷം അടക്കമുള്ള മതനിരപേക്ഷ ശക്തികൾ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന വിമർശങ്ങൾ എല്ലാം ശരിവയ്‌ക്കുന്നതാണ് ചാക്കോയുടെ വാക്കുകൾ.

ദേശീയതലത്തിൽ ബിജെപിയുടെ എതിരാളി തങ്ങളാണെന്ന് കോൺഗ്രസ് ഭാവിക്കുന്നുണ്ട്. എന്നാൽ, ഒന്നിനും ത്രാണിയില്ലാത്ത ഒരു ആൾക്കൂട്ടം മാത്രമാണ് ആ പാർടി എന്ന വിമർശം ശക്തമായി ഉയരുന്നു. ചാക്കോ അടിവരയിട്ട് ആവർത്തിച്ചതും ഇക്കാര്യമാണ്. രണ്ടുവർഷമായി പാർടിക്ക്‌ ഫലത്തിൽ നേതാവില്ല. പലവട്ടം പലരും ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധി നേതൃത്വം ഏറ്റില്ല. അനാരോഗ്യം തടസ്സമായിട്ടും ശൂന്യത ഒഴിവാക്കാൻമാത്രം സോണിയ ഗാന്ധി നാമമാത്ര അധ്യക്ഷയായി തുടരുന്നു. ബിജെപിയെ വാക്കുകൊണ്ടുപോലും നേരിടാൻ ആരുമില്ല. പ്രശ്നങ്ങൾ ഗൗരവത്തിലെടുക്കുന്നില്ല. ചാക്കോയുടെ രാജിയെത്തുടർന്ന്‌ കേരള നേതാക്കൾ അടക്കമുള്ളവരിൽ നിന്നുണ്ടായ പ്രതികരണംപോലും ഇക്കാര്യങ്ങൾ ശരിവയ്‌ക്കുന്നു. ചാക്കോ പോയതിൽ ആർക്കും പ്രയാസമില്ല. പതിവുപോലെ എന്തോ സംഭവിച്ചു എന്ന മട്ടിൽ അവർ മുന്നോട്ടുപോകുന്നു.
സമീപകാലത്ത് ബിജെപിവിരുദ്ധ മതനിരപേക്ഷ ചേരിയെ ഏറെ ദുർബലപ്പെടുത്തിയ നടപടിയായിരുന്നു കേരളത്തിൽനിന്നുള്ള രാഹുൽ ഗാന്ധിയുടെ മത്സരം. ബിജെപിക്കെതിരെ പോരാടുന്ന ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നതിലെ അപകടം അന്നേ ചൂണ്ടിക്കാട്ടിയിരുന്നതായും ചാക്കോ വ്യക്തമാക്കുന്നു. പക്വമായ സമീപനമാണിത്.

കേരളത്തിൽ സ്ഥാനാർഥി നിർണയത്തിന്റെ മറവിൽ നടക്കുന്ന എ, ഐ ഗ്രൂപ്പ് പോരാട്ടത്തെപ്പറ്റിയുള്ള ചാക്കോയുടെ പ്രതികരണവും പ്രസക്തമാണ്‌. ഇവിടെ ഗ്രൂപ്പ് വീതംവയ്‌പും തമ്മിലടിയുമാണ് നടക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ചാക്കോയും അതുതന്നെ പറയുന്നു. പുറത്തുനിൽക്കുന്നവരുടെ വിമർശംപോലെയല്ല ഇത്. സ്ഥാനാർഥി നിർണയത്തിനുള്ള കേന്ദ്രസമിതി അംഗമാണ് ചാക്കോ. അവിടെ ഇതുവരെ കാര്യമായി ഒരുചർച്ചയും നടന്നിട്ടില്ലെന്ന് ചാക്കോ പറയുന്നു. ഓരോ നേതാവും തങ്ങളുടെ ഇഷ്ടക്കാരുടെ പേരുമായി നടക്കുന്നു. കമ്മിറ്റിയിൽ വയ്‌ക്കുന്നില്ല. പകരം അവരെ എങ്ങനെയും പട്ടികയിൽ കയറ്റാൻ രഹസ്യനീക്കങ്ങൾ നടത്തുന്നു. കേരളത്തിലെ മുതിർന്ന നേതാവ് എ കെ ആന്റണിയെപ്പോലുള്ള നേതാക്കൾ വെറും കാഴ്‌ചക്കാരാകുന്നു. എത്ര അപഹാസ്യമാണെന്ന് നോക്കൂ. ജനാധിപത്യത്തിന്റെ കണികപോലുമില്ലാത്ത പ്രവർത്തനശൈലിയുടെ ദയനീയചിത്രമല്ലേ ചാക്കോ വരച്ചുകാട്ടുന്നത്.

കോൺഗ്രസിൽ 23 മുതിർന്ന നേതാക്കൾ പരസ്യമായി കലാപക്കൊടി ഉയർത്തിയപ്പോൾ അക്കൂട്ടത്തിൽ ചാക്കോ ഉണ്ടായിരുന്നില്ല. എന്നാൽ, അതേ വിമർശമുന്നയിച്ച്‌ അരനൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ചാക്കോ പാർടിയിൽനിന്നുതന്നെ പുറത്തിറങ്ങുന്നു. ഇതിനർഥം കോൺഗ്രസിന്റെ നയസമീപനങ്ങളിലും നേതൃരാഹിത്യത്തിലും മനംമടുത്ത് പുറത്തുചാടാൻ വെമ്പിനിൽക്കുന്ന നേതാക്കൾ ഇനിയും ആ പാർടിയിലുണ്ട് എന്നുതന്നെയാണ്. ഇപ്പോൾത്തന്നെ ചാക്കോയുടെ വാദങ്ങൾ ശരിവച്ച്‌ മറ്റൊരു മുതിർന്ന നേതാവായ പി ജെ കുര്യൻ രംഗത്തുവന്നിട്ടുണ്ട്. 136 വർഷത്തെ പാരമ്പര്യമുള്ള ദേശീയ പാർടിയുടെ പതനമാണിത്.

ഈ ഗതികേടു നേരിടുന്ന പാർടിയാണ് കേരളത്തിൽ വന്ന്‌ ബലം പിടിക്കുന്നത്. അപ്രസക്തമായി അസ്തമിക്കാൻ ഒരുങ്ങിനിൽക്കുമ്പോഴും ഭരണം പിടിക്കുമെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. ജനാധിപത്യവും ഐക്യവും ഇല്ലാതെ തകർന്നടിഞ്ഞ മുന്നണിയായി അവർ മാറി എന്നത് രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. ദുർബലമായ ഒരു പ്രതിപക്ഷം എന്നതിനപ്പുറം ഒരു നിലനിൽപ്പ് ഈ തെരഞ്ഞെടുപ്പോടെ അവർക്ക് സാധ്യമാകാതെ വരും. പി സി ചാക്കോയുടെ വാക്കുകളും വെളിവാക്കുന്നത് ഈ തകർച്ചയുടെ പൂർണചിത്രംതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top