ഒരുനേരത്തെ വിശപ്പടക്കാൻ വഴിയില്ലാതെ, കേറിക്കിടക്കാനിടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികൾ പരക്കം പായുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ഏറ്റവും ഒടുവിൽ പുറത്തുവന്ന ഓക്സ്ഫാം റിപ്പോർട്ടുപ്രകാരം ഇന്ത്യയിൽ പരമ ദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തിയതായി വെളിപ്പെടുന്നു. ഈ അശരണരോട്, പാവപ്പെട്ടവരോട് കേന്ദ്രം ഭരിക്കുന്നവർക്ക് ഒരു അനുകമ്പയുമില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിൽ അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും അതിഭീകരമായി വർധിച്ചിരിക്കുന്നു. 4.6 കോടി ജനങ്ങൾകൂടി അതിദരിദ്രരുടെ പട്ടികയിലേക്ക് എടുത്തെറിയപ്പെട്ടു. സാധാരണ മനുഷ്യരുടെ ജീവനും ജീവിതവും സംരക്ഷിക്കുന്നതിൽ മോദി ഭരണത്തിന് ഒരു താൽപ്പര്യവുമില്ലെന്നറിയാൻ ഈ റിപ്പോർട്ടുമാത്രം മതി. അവരുടെ ലക്ഷ്യം വർഗീയവിഷം ചീറ്റി, ജനങ്ങളെ ജാതീയമായും മതപരമായും ചേരിതിരിക്കലാണല്ലോ.
ഇങ്ങനെ വലിയൊരു വിഭാഗം ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് വീഴുമ്പോൾ രാജ്യത്തിന്റെ സ്വത്തും വരുമാനവും ഏതാനും അതിസമ്പന്ന മുതലാളിമാരുടെ കൈപ്പിടിയിലേക്ക് ഒതുങ്ങുകയാണ്. 84 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞപ്പോൾ ശതകോടീശ്വരന്മാരുടെ സ്വത്ത് ഇരട്ടിയിലേറെയായി. കോവിഡ് കാലത്ത് ഇവരുടെ സ്വത്ത് 23. 14 ലക്ഷം കോടി രൂപയിൽനിന്ന് 53.16 ലക്ഷം കോടിയായി വർധിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണവും കൂടി. 101ൽനിന്ന് 142 ആയി. ഇന്ത്യയിലേക്കാൾ കൂടുതൽ ശതകോടീശ്വരന്മാരുള്ളത് ഇപ്പോൾ അമേരിക്കയിലും ചൈനയിലുംമാത്രം. ഇന്ത്യയിലെ 98 ശതകോടീശ്വരന്മാരുടെ ആകെ സ്വത്ത് കേന്ദ്ര ബജറ്റിനേക്കാൾ 41 ശതമാനം കൂടുതലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിയുടെ സ്വത്ത് കോവിഡ് കാലത്ത് പത്തിരട്ടി വർധിച്ചു.
ജീവൻ സംരക്ഷിക്കുക, ജീവിതം സംരക്ഷിക്കുക എന്ന അടിസ്ഥാന ആവശ്യത്തിൽനിന്നാണ് സാമ്പത്തികപ്രവർത്തനങ്ങളും സമ്പദ്‌വ്യവസ്ഥ (economy) തന്നെയും രൂപം കൊള്ളേണ്ടത്. എല്ലാ മനുഷ്യരുടെയും ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യസേവനങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിച്ചുകൊടുക്കേണ്ടത് മുഖ്യ ലക്ഷ്യമായിരിക്കണം. എന്നാൽ, മുതലാളിത്ത സമ്പദ്‌വ്യവസ്ഥകൾക്ക് ഇതൊന്നും പ്രശ്നമേയല്ല. ഇന്ത്യയിൽ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലെല്ലാം സർക്കാരിന്റെ മുതൽമുടക്ക് കുത്തനെ ഇടിഞ്ഞതായി ഓക്സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. മുമ്പ് ഭരിച്ച കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന ബിജെപിയും കോർപറേറ്റ് താൽപ്പര്യങ്ങൾമാത്രം പരിഗണിക്കുന്നതുകൊണ്ട് മുതലാളിമാരുടെ ലാഭം വർധിക്കുന്നു. ജനങ്ങൾ പെരുവഴിയിലെറിയപ്പെടുന്നു. അസമത്വം വർധിക്കുന്നു. രാജ്യത്തെ സ്വത്തിന്റെ സിംഹഭാഗവും ജനസംഖ്യയുടെ ഒരുശതമാനം മാത്രമുള്ള അതിസമ്പന്നരുടെ കൈയിലാണ്. ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ഗവൺമെന്റ് ഇടയ്ക്കിടെ പെരുമ്പറ കൊട്ടുന്നതിന്റെ പൊള്ളത്തരവും ഇതോടെ വെളിപ്പെടുന്നുണ്ട്. ജനകോടികൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ എന്തു വീണ്ടെടുപ്പ് ? ആരുടെ സാമ്പത്തികവളർച്ച ? വളരുന്നത് അതിസമ്പന്നർമാത്രം.
മുതലാളിത്തത്തിൽ സമ്പത്തും വരുമാനവും ഏതാനും പേരുടെ കൈകളിൽ കേന്ദ്രീകരിക്കുമെന്ന് കാൾ മാർക്സ് കൃത്യമായി പറഞ്ഞു വച്ചിട്ടുണ്ട്. നവഉദാരവാദ സാമ്പത്തികനയത്തിനു കീഴിൽ ആ കേന്ദ്രീകരണം ലോകത്തെങ്ങും അങ്ങേയറ്റമായിരിക്കുന്നു. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമാ പിക്കറ്റി എഴുതിയ "മൂലധനം 21–--ാം നൂറ്റാണ്ടിൽ' എന്ന പുസ്തകം മാർക്സ് പറഞ്ഞ കാര്യങ്ങൾ വസ്തുതകളുടെ പിൻബലത്തോടെ ശരിവയ്ക്കുന്നതാണ്. ലോക ചരിത്രത്തിൽ ഏറ്റവും ഭീമമായ സാമ്പത്തിക–-സാമൂഹ്യ അന്തരം കണ്ട 19–--ാം നൂറ്റാണ്ടിനെ കടത്തിവെട്ടിയ അസമത്വമാണ് ഇപ്പോൾ 21–--ാംനൂറ്റാണ്ടിൽ. ഇന്ത്യയിലാകട്ടെ മറ്റെവിടത്തേക്കാളും വേഗത്തിൽ അസമത്വം വർധിക്കുന്നു. ഓക്സ്ഫാം റിപ്പോർട്ടിൽനിന്ന് അത് വായിച്ചെടുക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..