26 April Friday

കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ഓർഡിനൻസ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 11, 2022


സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിൽ എത്തിക്കാനുള്ള സമഗ്രപദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ച്‌ ബോധന പഠനനിലവാരത്തിൽ കുതിച്ചുചാട്ടം ഉറപ്പുവരുത്താൻ ശ്രമിക്കുന്നു. കേരളത്തെ ഒരു ധിഷണാകേന്ദ്രമാക്കി മാറ്റി ആഗോളതലത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളോട്‌ കിടപിടിക്കുന്ന ഉന്നത കലാലയങ്ങൾ വളർത്തിയെടുക്കാനാണ്‌ കർമപദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. എന്നാൽ, ഇതിനെ തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ രാഷ്ട്രീയ ലക്ഷ്യത്തോടെ സർവകലാശാലകളുടെ ചാൻസലർകൂടിയായ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻതന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌. കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാട്ടുകയാണ്‌ ആർഎസ്‌എസിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണർ. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിനു കീഴിലെ സർവകലാശാലകളുടെ ചാൻസലറായി അക്കാദമിക്‌ വിദഗ്‌ധരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ സവിശേഷ പ്രാധാന്യം ലഭിക്കാൻ പ്രഗത്ഭരും അക്കാദമിക്‌ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമായവരെ ചാൻസലറാക്കുന്നതിലുടെ സാധിക്കും. ഇതിനായി ഓർഡിനൻസ്‌ ഇറക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ തീരുമാനിച്ചത്‌ കേരളത്തിന്റെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അനിവാര്യമാണ്‌.

ചാൻസലർ പദവിയെന്നത്‌ ഭരണഘടനപ്രകാരം ലഭിച്ച അധികാരമല്ല, മറിച്ച്‌ സംസ്ഥാന നിയമസഭ പാസാക്കിയ നിയമംമൂലമാണ്‌ സർവകലാശാലകളുടെ ചാൻസലറായി ഗവർണർ തുടരുന്നത്‌. സംസ്ഥാന സർവകലാശാലകളുടെ നിയമനിർമാണാധികാരം പൂർണമായും നിയമസഭകൾക്കാണ്‌. ചാൻസലർ ഗവർണർ ആയിരിക്കണമെന്ന്‌ യുജിസി ഒരിടത്തും നിഷ്‌കർഷിക്കുന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ്‌ ഗവർണറെ ചാൻസലറായി നിയമിച്ചത്‌. അതുകൊണ്ടുതന്നെ നിയമം ഭേദഗതി ചെയ്‌ത്‌ ഗവർണർ ചാൻസലറാകണമെന്ന വ്യവസ്ഥ മാറ്റാൻ സംസ്ഥാനസർക്കാരിന്‌ ഭരണഘടനാപരമായിത്തന്നെ പൂർണ അധികാരവുമുണ്ട്‌. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന്‌ നീക്കുന്നത്‌ ഭരണഘടനാ പ്രശ്‌നങ്ങളൊന്നും ഉയർത്തുന്നില്ല. ഭരണഘടനാ ചുമതല നിറവേറ്റേണ്ട ഗവർണർമാരെ സർവകലാശാലകളുടെ തലപ്പത്ത്‌ ചാൻസലറായി നിയമിക്കുന്നത്‌ ഉചിതമല്ലെന്ന്‌  കേന്ദ്ര– -സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠിച്ച ജസ്‌റ്റിസ്‌ പൂഞ്ചി കമീഷൻ നിർദേശിച്ചിരുന്നു.  ഗവർണർക്ക്‌ ചാൻസലർ പദവി നൽകേണ്ടതില്ലെന്നും ഓരോ സർവകലാശാലയ്‌ക്കും പ്രത്യേകം ചാൻസലർ വേണമെന്ന്‌ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ കമീഷനും ശുപാർശ ചെയ്‌തിരുന്നു. ചാൻസലർ പദവി മാറ്റി ഓർഡിനൻസോ നിയമസഭയിൽ ബില്ലോ കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകാമെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പലവട്ടം വ്യക്തമാക്കിയതാണ്‌. ഭരണഘടനയുടെ 213–-ാം അനുച്ഛേദം അനുസരിച്ച്‌ സർക്കാർ  അംഗീകരിച്ചുനൽകുന്ന ഓർഡിനൻസുകൾ ഒപ്പിടേണ്ടത്‌ ഗവർണറുടെ ഭരണഘടനാ ബാധ്യതയാണ്‌. ഗവർണറെ ചാൻസലർ പദവിയിൽനിന്ന്‌ നീക്കുന്നതുസംബന്ധിച്ച ഓർഡിനൻസ്‌ കേന്ദ്രനിയമങ്ങളെ ലംഘിക്കാത്തതും സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്നതും പൂർണമായും ഭരണഘടനാനുസൃതവുമാണ്‌. കേന്ദ്രനിയമത്തിനെതിരായ വ്യവസ്ഥകളൊന്നും ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ ഉപദേശം തേടേണ്ട ആവശ്യവുമില്ല. അതുകൊണ്ടുതന്നെ ഓർഡിനൻസ്‌ രാഷ്ട്രപതിക്ക്‌ അയച്ചുകൊടുക്കുമെന്ന ഗവർണറുടെ നിലപാട്‌ ഭരണഘടനാവിരുദ്ധമാണ്‌.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളെ മറികടന്ന്‌ ഗവർണർമാരുടെ രാഷ്ട്രീയ ഇടപെടലുകൾ കൂടിവരികയാണ്‌.  ബിജെപി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആർഎസ്‌എസിന്റെ വർഗീയ അജൻഡ നടപ്പാക്കാൻ ഗവർണർമാരെ കേന്ദ്രസർക്കാർ ആയുധമാക്കുകയാണ്‌.  ഈയൊരു പശ്‌ചാത്തലത്തിലാണ്‌ സംസ്ഥാനങ്ങൾ ഗവർണറെ ചാൻസലർ പദവിയിൽനിന്ന്‌ മാറ്റാൻ നിയമം കൊണ്ടുവരുന്നത്‌. ബംഗാളിലും തമിഴ്‌നാട്ടിലും ഗവർണറെ ചാൻസലർ പദവിയിൽനിന്ന്‌ നീക്കിയെങ്കിലും ഗവർണർമാർ ബില്ലിന്‌ അംഗീകാരം നൽകിയിട്ടില്ല. മഹാരാഷ്ട്രയിൽ ഉദ്ധവ്‌ സർക്കാർ ബിൽ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ല. കോൺഗ്രസ്‌ ഭരിക്കുന്ന ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും ഇതിന്‌ സമാനമായ നിയമം പരിഗണനയിലാണ്‌. രാജസ്ഥാൻ സ്റ്റേറ്റ് ഫണ്ടഡ് യൂണിവേഴ്സിറ്റി നിയമപ്രകാരം ചാൻസലർപദവിയിൽനിന്ന്‌ മാറ്റുന്ന ഗവർണർക്ക്‌ വിസിറ്റർ പദവി മാത്രമേ ഉണ്ടാകൂ. നിയമം നടപ്പായാൽ, സംസ്ഥാന സർവകലാശാലകളിൽ വിസിമാരെ നിയമിക്കാൻ മുഖ്യമന്ത്രിക്കാകും അധികാരം. ബിജെപി ഭരിക്കുന്ന ഗുജറാത്ത്‌, മധ്യപ്രദേശ്‌, കർണാടകം, ഹിമാചൽ, ഹരിയാന, ത്രിപുര സംസ്ഥാനങ്ങളിൽപ്പോലും വിസി നിയമനം സംസ്ഥാന സർക്കാരിനാണ്‌. എന്നാൽ, കേരളത്തിൽ ഓർഡിനൻസ്‌ കൊണ്ടുവരുന്നതിനെ കോൺഗ്രസ്‌ നേതാക്കൾ എതിർക്കുകയാണ്‌.  ഗവർണറെ പിന്തുണച്ചുകൊണ്ട്‌ ആർഎസ്‌എസിനെ സഹായിക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ ഈ സമീപനം സ്വീകരിക്കുന്നത്‌. ആർഎസ്‌എസിന്‌ ശാഖ നടത്താൻ സംരക്ഷണം നൽകുന്ന കെ സുധാകരൻ നയിക്കുന്ന കേരളത്തിലെ കോൺഗ്രസിൽനിന്ന്‌ ഇതുമാത്രമല്ല, ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടിവരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top