27 September Wednesday

നേതാവ്‌ മാറി നയം മാറുമോ

വെബ് ഡെസ്‌ക്‌Updated: Monday May 24, 2021


നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ തോൽവിക്കുശേഷം യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിൽ പല കസേരകളും ഇളകാൻ തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ ഇറക്കിയേ വിശ്രമമുള്ളൂവെന്നു പറഞ്ഞ്‌ ദിനമെന്നോണം വാർത്താസമ്മേളനങ്ങളിലൂടെ ആരോപണ പെരുമഴ തീർത്ത രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ പ്രതിപക്ഷ നേതൃസ്ഥാനംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പറവൂരിൽ നിന്നുള്ള എംഎൽഎ വി ഡി സതീശനെയാണ്‌ പുതിയ പ്രതിപക്ഷ നേതാവായി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ നാമനിർദേശം ചെയ്‌തിട്ടുള്ളത്‌. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനും സ്ഥാനചലനമുണ്ടാകുമെന്നാണ്‌ സൂചന. കോൺഗ്രസ്‌ നേതാവ്‌ ശശി തരൂരിന്റെ ഭാഷയിൽ യുദ്ധഭൂമിയിൽ സേനയ്‌ക്ക്‌ കാലിടറിയാൽ അതിന്റെ ഉത്തരവാദിത്തം നായകർക്കുമേൽ പതിക്കുക സ്വാഭാവികം. അതിന്റെ ഭാഗമായാണ്‌ വി ഡി സതീശന്റെ സ്ഥാനലബ്‌ധി.

എന്നാൽ, മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ഈ രീതിയിലല്ല അതിനെ സമീപിക്കുന്നത്‌. കോൺഗ്രസിൽ വലിയ തലമുറമാറ്റത്തിനാണ്‌ വേദിയായിരിക്കുന്നതെന്നും സംസ്ഥാനത്തിലെ കോൺഗ്രസിനെ ബാധിച്ച ഗ്രൂപ്പിസമെന്ന ശാപത്തിൽനിന്ന്‌ കോൺഗ്രസ്‌ മോചനം നേടുകയാണെന്നുമാണ്‌ പ്രചാരണം. വസ്‌തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്‌ പ്രചരിപ്പിക്കപ്പെടുന്നതെന്ന്‌ വിഷയത്തെ ഗൗരവത്തിൽ സമീപിക്കുന്ന ആർക്കും ബോധ്യപ്പെടും. 1967ലേതുപോലുള്ള ഒരു തലമുറമാറ്റംപോലും യഥാർഥത്തിൽ കോൺഗ്രസിൽ ഇപ്പോൾ നടന്നിട്ടില്ല. അഞ്ച്‌ തവണ മത്സരിക്കുകയും നാല്‌ തവണ തുടർച്ചയായി നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത വ്യക്തിയെയാണ്‌ തലമുറമാറ്റത്തിന്റെ പ്രതിനിധിയായി അവതരിപ്പിക്കപ്പെടുന്നത്‌. അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷ നേതാവ്‌ 60 വയസ്സിലാണ്‌ പ്രതിപക്ഷ നേതാവായതെങ്കിൽ ഇപ്പോൾ അധികാരമേൽക്കുന്ന പ്രതിപക്ഷ നേതാവിന്റെ പ്രായം 57 ആണ്‌. ഇതിലെന്ത്‌ തലമുറമാറ്റമാണുള്ളത്‌.

ഇനി തലമുറമാറ്റംതന്നെ സംഭവിച്ചാലും രക്ഷപ്പെടാൻ കഴിയുന്ന സ്ഥിതി കോൺഗ്രസിനുണ്ടോ? എത്ര വർഷമായി ഈ പാർടിയിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടന്നിട്ട്‌. സംഘടനാപരമായ കെട്ടുറപ്പ്‌ ഈ പാർടിക്ക്‌ അവകാശപ്പെടാനാകുമോ. അഖിലേന്ത്യാ കോൺഗ്രസ്‌ നേതൃത്വത്തിൽ തലമുറമാറ്റം സംഭവിച്ചതിനുശേഷം ആ പാർടിയുടെ സ്ഥിതിയെന്താണ്‌? 47–-ാം വയസ്സിൽ കോൺഗ്രസ്‌ അധ്യക്ഷനായി നിയമിതനായ രാഹുൽഗാന്ധി എന്തു തലമുറമാറ്റത്തിനാണ്‌ വഴിവച്ചത്‌. രണ്ട്‌ വർഷംപോലും അതിന്‌ ആയുസ്സുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യമെടുക്കാം. യുവജനങ്ങൾക്ക്‌ മുൻതൂക്കമുള്ള പട്ടികയാണ്‌ ഹൈക്കമാൻഡ്‌ മുന്നോട്ടുവച്ചത്‌ എന്നാണ്‌ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം അവകാശപ്പെട്ടത്‌. എന്നിട്ടെന്തായി. 22ൽനിന്ന്‌ സീറ്റ്‌ 21 ആയി കുറഞ്ഞു. അതായത്‌, നേതാവിനെ മാറ്റിയതുകൊണ്ടുമാത്രം രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല കോൺഗ്രസ്‌ ഇന്ന്‌.

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്‌ അവസാനമായി എന്ന ആഖ്യാനവും വസ്‌തുതയുമായി പൊരുത്തപ്പെടുന്ന കാര്യമല്ല. കോൺഗ്രസിലെ അപകടകരമായ ഗ്രൂപ്പ്‌ ചില്ല വെട്ടിമാറ്റിയെന്നാണ്‌ സതീശൻതന്നെ അഭിപ്രായപ്പെട്ടത്‌. ഐ ഗ്രൂപ്പിൽ രമേശിന്റെ കുന്തമുനയാർന്ന നേതാവിനെക്കൊണ്ടുതന്നെ ഗ്രൂപ്പ്‌ എന്ന വൻകുമിള പൊട്ടിച്ചുവെന്നും ഇതോടെ കോൺഗ്രസ്‌ രക്ഷപ്പെട്ടുവെന്നുമാണ്‌ ചിലരുടെ ആഖ്യാനം. ഗ്രൂപ്പുകൾക്ക്‌ പഞ്ഞമില്ലാത്ത കോൺഗ്രസിൽ പുതിയ ഒരു ഗ്രൂപ്പിനുകൂടി വഴിമരുന്നിട്ടുവെന്നതാണ്‌ യഥാർഥ വസ്‌തുത. എ, ഐ ഗ്രൂപ്പിന്‌ പുറമെ ഒരു പുതിയ ഗ്രൂപ്പിനുകൂടി തുടക്കമാകുകയാണ്‌. കെ സി വേണുഗോപാൽ ഗ്രൂപ്പെന്നോ ഹൈക്കമാൻഡ്‌ ഗ്രൂപ്പെന്നോ ഭാവിയിൽ ഇത്‌ അറിയപ്പെട്ടേക്കാം. ഗ്രൂപ്പ്‌ സമവാക്യങ്ങളിൽ മാറ്റം വരികയാണെന്നും ഉറപ്പിക്കാം.

മുറിവേറ്റ ഹൃദയവുമായാണ്‌ ചെന്നിത്തല പടിയിറങ്ങിയിട്ടുള്ളത്‌. ഒരു വേള എംഎൽഎ സ്ഥാനം രാജിവയ്‌ക്കുന്ന കാര്യംപോലും ചെന്നിത്തല ആലോചിച്ചിരുന്നുവത്രെ. പ്രതിപക്ഷ നേതൃസ്ഥാനത്ത്‌ തുടരാൻ പച്ചക്കൊടി ലഭിക്കുമെന്ന സൂചന അവസാന നിമിഷംവരെ കേന്ദ്രനേതൃത്വം നൽകിയതിനാലാണ്‌ രാജിവയ്‌ക്കാതിരുന്നതെന്നാണ്‌ ചെന്നിത്തലയുടെ വാദം. ഉമ്മൻചാണ്ടിയുടെ പിന്തുണ നേടിയിട്ടുപോലും രക്ഷയുണ്ടായില്ലെന്ന വികാരം എ, ഐ ഗ്രൂപ്പുകളെ ഒരുപോലെ വരുംദിവസങ്ങളിൽ വേട്ടയാടും. ഇരുഗ്രൂപ്പിനെയും മറികടന്നുള്ള തീരുമാനം വി ഡി സതീശന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ തടസ്സമാകും.

വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുന്നതോടെ പ്രതിപക്ഷം സാമ്പ്രദായിക ശൈലിയോട്‌ വിടപറയുമെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന വി ഡി സതീശന്റെ പ്രഖ്യാപനത്തെ ഞങ്ങളും സ്വാഗതം ചെയ്യുന്നു. എന്തിനെയും നിഷേധാത്മകമായി സമീപിക്കുകയെന്ന രീതി പിന്തുടർന്നതാണ്‌ രമേശ്‌ ചെന്നിത്തലയുടെ പരാജയമെന്നുതന്നെയാണ്‌ ഇതു നൽകുന്ന സൂചന. അതോടൊപ്പം സതീശന്റെ വരവോടെ വർഗീയതയെ കുഴിച്ചുമൂടും എന്ന ആഖ്യാനം ഉയർത്തുന്നവരോട്‌ ഒരു ചോദ്യം. ചുരുങ്ങിയ പക്ഷം വെൽഫയർപാർടിയുമായി ഉണ്ടാക്കിയ ബന്ധത്തെയെങ്കിലും തള്ളിപ്പറയാനുള്ള ചങ്കൂറ്റം വി ഡി സതീശൻ കാട്ടുമോ. നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസുമായി ഉണ്ടാക്കിയ രഹസ്യബാന്ധവം തെറ്റാണെന്നും ഭാവിയിൽ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കില്ലെന്നും പറയാനുള്ള ആർജവം വി ഡി സതീശൻ കാട്ടുമോ? ഇത്തരം രാഷ്ട്രീയ ചോദ്യങ്ങൾക്ക്‌ സതീശന്റെ ഉത്തരമാണ്‌ മതനിരപേക്ഷ കേരളം കാതോർക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top