09 December Saturday

ജീവനെടുക്കുന്ന റമ്മി ചൂതാട്ടവും 
ഓൺലൈൻ വായ്‌പാ തട്ടിപ്പും

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


അമിതമായി ധനം സമ്പാദിക്കാനും പണത്തിന്റെ പ്രതിസന്ധി മറികടക്കാനുമുള്ള  കുറുക്കുവഴികൾ ലോകമാകെ മനുഷ്യജീവനുകൾ കവർന്നെടുക്കുകയാണ്‌. വ്യവസ്ഥ  ഒരുക്കുന്ന കടക്കെണിയിൽനിന്ന്‌ തലയൂരാനാകാതെ ആത്മഹത്യകൾ പെരുകുന്നുമുണ്ട്‌. മൊബൈൽ ഫോൺ ശൃംഖലയടക്കമുള്ള സംവിധാനങ്ങൾ എല്ലാ സാധ്യതകളും തുറന്നിടുമ്പോഴും ചില അപകടങ്ങൾ പതിയിരിക്കുന്നുവെന്ന്‌ പലവട്ടം ബോധ്യമായിട്ടും ആളുകൾ ആവർത്തിച്ച്‌ കെണികളിലേക്ക്‌ സ്വയം എടുത്തുചാടുകയാണ്‌. ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങളുടെ ബാധ്യതയിലാണ്ട വിജയകുമാർ എന്ന യുവാവ് തമിഴ്‌നാട്ടിലെ വില്യനൂരിൽ തീ കൊളുത്തി ആത്മാഹുതി ചെയ്‌തത്‌ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.

ഓൺലൈൻ ചൂതാട്ടം ഉടൻ നിരോധിക്കണമെന്ന്‌ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു ആ കടുംകൈ. മൊബൈൽ സിം കാർഡുകളുടെ മൊത്തക്കച്ചവടക്കാരനായിരുന്ന അയാൾ കോവിഡ്‌ വേളയിലാണ്‌ ചൂതാട്ടം ആരംഭിച്ചത്. ആദ്യ ഘങ്ങളിൽ ചെറിയ നിലയിൽ പണംകിട്ടി. ആ ആവേശത്തിൽ കളി പതിവാക്കിയതോടെ ചൂതാട്ടത്തിന്‌ അടിമയാകുകയായിരുന്നു. ഈയർഥത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽനിന്നു കേട്ട രണ്ടു വാർത്ത വേദനാജനകമാണ്‌. ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട ഇരുപത്തിരണ്ടുകാരനായ ഹോട്ടൽ ജീവനക്കാരൻ മൂന്നാറിൽ  ജീവനൊടുക്കുകയായിരുന്നു. കാസർകോട്‌ ജില്ലയിലെ പാണത്തൂർ നെരോടി പാറയ്ക്കൽ വീട്ടിൽ പി കെ റോഷാണ് ഇടുക്കിയിലെ പണിസ്ഥലത്ത് ആത്മഹത്യയിൽ അഭയംതേടിയത്‌. ഏറെ നാളായി ഓൺലൈൻ റമ്മിക്ക്‌ അടിമയായിരുന്ന അയാൾ, ജോലിയെടുത്ത്‌ കിട്ടുന്നതും  പലയിടത്തുനിന്നും കടം വാങ്ങിയും ലക്ഷങ്ങൾ നഷ്ടപ്പെടുത്തി. സഹോദരിക്ക് മാരകമായ അസുഖമാണെന്നും അടിയന്തര വിദഗ്‌ധചികിത്സ വേണമെന്നും സഹായം നൽകണമെന്നും ഏതാനും ദിവസംമുമ്പ്‌ സഹപ്രവർത്തകരോട് കള്ളം പറഞ്ഞ്‌ ബോധ്യപ്പെടുത്തിയിരുന്നു. അവർ മുക്കാൽ ലക്ഷത്തിലധികം രൂപ പിരിച്ചു നൽകി. അതും കൈവിട്ട ദുഃഖത്തിലാണ്‌ ആത്മഹത്യ.

എറണാകുളം ജില്ലയിലെ കടമക്കുടിയിലെ നാലംഗ കുടുംബത്തിന്റെ ജീവൻ കവർന്നത്‌ ഓൺലൈൻ വായ്‌പാ തട്ടിപ്പാണ്‌. രണ്ടുമക്കളെ കൊലപ്പെടുത്തിയാണ് അച്ഛനമ്മമാർ ജീവനൊടുക്കിയത്‌. കടമക്കുടി മാടശേരി നിജോ, ഭാര്യ ശിൽപ്പ , മക്കളായ ഏയ്ബൽ , ആരോൺ എന്നിവരുടെ മൃതദേഹം വീട്ടിൽ കണ്ടെത്തുകയായിരുന്നു. ശിൽപ്പ ഓൺലൈനിൽ 9300 രൂപയാണ്‌ കടമെടുത്തിരുന്നത്‌. വിഹിതം തിരിച്ചടവ് പ്രശ്‌നമായതോടെ ഓൺലൈൻ ആപ്പുകാർ കടുത്ത ഭീഷണി സന്ദേശങ്ങൾ അയച്ചു; ഒപ്പം ബന്ധുമിത്രാദികൾക്ക്‌ മോർഫ് ചെയ്ത ഫോട്ടോകളും. കുടുംബത്തിന്റെ കൂട്ടമരണത്തിനു ശേഷമാണ് സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടത്‌. ശിൽപ്പ തൊഴിൽതേടി വിദേശത്ത്‌ പോകുന്നതുമായി ബന്ധപ്പെട്ട കടമാണ് കാരണമെന്നായിരുന്നു ആദ്യ നിഗമനം. മരണശേഷവും കുടുംബത്തെ ഹീനമായ നിലയിൽ പിന്തുടരുകയാണ്‌ തട്ടിപ്പ്‌ സംഘം. നിജോയുടെയും ശിൽപ്പയുടെയും മൊബൈൽ ഫോൺ സൂക്ഷ്‌മ പരിശോധന നടത്തിയാലേ കാര്യങ്ങളുടെ ശരിയായ ചിത്രം വ്യക്തമാകൂ. ഏത്‌ ആപ്പിൽനിന്ന്‌ എത്ര  വായ്‌പ എടുത്തുവെന്ന്‌ മനസ്സിലാകണമെങ്കിൽ അത്‌ അനിവാര്യമാണ്‌. ആത്മഹത്യാക്കുറിപ്പിൽ അയ്യപ്പൻകാവുകാരനായ ചെറുപ്പക്കാരനെക്കുറിച്ച്‌ സൂചനയുണ്ട്‌. വിശദാംശങ്ങൾക്ക്‌ അയാളെ ഉടൻ ചോദ്യംചെയ്യേണ്ടതുണ്ട്‌.

ഓൺലൈൻ വായ്‌പാ ഇടപാടും റമ്മിയും വാതുവയ്‌പും ഏറെ അപകടസാധ്യതയും സാമ്പത്തികബാധ്യതയും ഉണ്ടാക്കാൻ സാധ്യത ഏറെയാണ്‌.  വിയർപ്പൊഴുക്കാതെ പണം പെരുപ്പിക്കാനുള്ള അവസരം ചിലരെ ആകർഷിക്കുകയും പ്രത്യാഘാതങ്ങൾ അവഗണിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വഞ്ചനാപരമായി തട്ടിക്കൂട്ടിയ ഓൺലൈൻ വാതുവയ്‌പ്‌ സൈറ്റുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്നതാണ്‌ യാഥാർഥ്യം. കേന്ദ്ര സർക്കാരും റിസർവ്‌ ബാങ്കും പല പ്രഖ്യാപനങ്ങൾക്കും മുതിരുന്നുണ്ടെങ്കിലും നടപടി ശക്തമല്ല. വ്യാജ ആപ്പുകൾ നീക്കിയാൽ അടുത്ത ദിവസം മറ്റൊരു രൂപത്തിലും പേരിലും തിരിച്ചുവരികയാണ്‌. അതിനാൽ  വിവിധ മറകൾക്കുള്ളിൽ ഒളിച്ചുകടത്തുന്ന ചൂതാട്ടങ്ങളുടെ അപകടസാധ്യതകൾ മുൻനിർത്തി വ്യാപക ബോധവൽക്കരണം അത്യാവശ്യമായിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top