30 November Thursday

പുതിയ സൂര്യനുദിച്ചു;
 പുതിയ പുലരി പിറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 2, 2021


മഴയും വെയിലും ഇഴചേർന്ന പുതിയ പ്രഭാതം. മനോഹരമൊരു റോസാപ്പൂവ് വിരിയുമ്പോലെ ജൂണിലെ ആദ്യ പുലരി. മഹാമാരിയുടെ സങ്കടങ്ങൾക്ക് നടുവിലും അതിജീവനത്തിന്റെ പാഠത്തുടർച്ചയായി നമ്മുടെ വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്ക്  വീണ്ടും തുടക്കമായി. സംസ്ഥാനത്തെ സ്കൂളുകളിലെ പ്രവേശനോത്സവം ചൊവ്വാഴ്ച നടന്നതോടെ പുതിയ കാലത്തെ, പുതിയ അധ്യയന വർഷത്തിന് തുടക്കമായി. 

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്ത പ്രവേശനോത്സവത്തിൽ 45 ലക്ഷത്തോളം കുട്ടികൾ വീടുകളിലിരുന്ന് പങ്കാളികളായി. കോവിഡ് കാലത്ത്‌ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഭംഗം വരാതിരിക്കാൻ കേരളം നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളുടെ നേർസാക്ഷ്യമാണ്  പ്രവേശനോത്സവം. കുട്ടികളുടെ പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കം. മുഖ്യമന്ത്രി പറഞ്ഞതുപോലെ, കുട്ടികളുടെ ദിനം. പ്രത്യാശയുടെ ദിനം. വീടുകളിലെവിടെയും മുരുകൻ കാട്ടാക്കടയുടെ വരികൾ മാറ്റൊലിക്കൊണ്ടു -"പുതിയൊരു സൂര്യനുദിച്ചേ... വീണ്ടും പുത്തൻ പുലരി പിറക്കുന്നേ...' അതെ, സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിൽ ഇനി പുതിയ പ്രഭാതങ്ങൾ.

പുത്തനുടുപ്പിട്ട്, പുത്തൻ കുടയും പിടിച്ച്, പുസ്തകസഞ്ചിയുമായി കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദിവസമാണ് ജൂൺ ഒന്ന്. മധ്യവേനലവധിക്കുശേഷം സ്കൂൾ തുറക്കുന്ന ദിവസം. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾ ആദ്യമായി സ്കൂളിലെത്തുന്ന ദിവസം. പക്ഷേ, കോവിഡ് രണ്ടാം തരംഗത്തിന്റെ ഈ നാളുകളിൽ കുഞ്ഞുങ്ങൾക്ക് സ്കൂളിലെത്താൻ കഴിയില്ല.

അതുകൊണ്ടുതന്നെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, പരിമിതമായെങ്കിലും പ്രവേശനോത്സവം നടത്തിയത്  കുട്ടികൾക്ക് നവാഹ്ലാദവും ആവേശവും പകരുന്നതായി. കഴിഞ്ഞ വർഷം പ്രവേശനോത്സവം നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ ലക്ഷ്യമിട്ട്  2020 മാർച്ച്, ഏപ്രിൽമുതൽതന്നെ കേരളത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമിട്ടത് ലോകത്തിനുതന്നെ മാതൃകയായി. ദൂരദർശനിൽ "പാഠശാല' പരിപാടിയിലൂടെയായിരുന്നു അത്. തുടർന്ന്, 2020 ജൂൺമുതൽ  വിക്ടേഴ്സ് ചാനലിലൂടെ "ഫസ്റ്റ് ബെല്ലിന്' തുടക്കം കുറിച്ചു. അതിന്റെ വിജയകരമായ രണ്ടാം വർഷമാണ് ഇക്കുറി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ, അതത് വിദ്യാലയത്തിലെ അധ്യാപകർക്കും കുട്ടികൾക്കും നേരിട്ട് സംവദിക്കാൻ കഴിയുന്ന സംവിധാനവും ഇത്തവണയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. അതിന് നടപടികളും തുടങ്ങിക്കഴിഞ്ഞു. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും വലിയ ആശ്വാസമാകും.


 

ഇതോടൊപ്പം കുട്ടികളുടെ പ്രതിഭാ വളർച്ചയ്‌ക്ക് സൗകര്യമൊരുക്കുന്നതിന് കലാവിഷയങ്ങളും ഓൺലൈൻ ക്ലാസിൽ ഉൾപ്പെടുത്തുന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. പ്രതിഭാ വളർച്ചയ്‌ക്കൊപ്പം മാനസികോല്ലാസത്തിനും ഇത് സഹായകമാകും. പാഠ്യവിഷയങ്ങൾമാത്രം തുടർച്ചയായി ഓൺലൈനിൽ കേൾക്കുന്നതിന്റെ മടുപ്പിൽനിന്ന് മോചനവുമാകും.  കവിതയിലൂടെ, സംഗീതത്തിലൂടെ, ഭാവനാ വികാരങ്ങളെ ഉണർത്താനും യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും വഴികൾ തുറക്കാനും കഴിയും. ഓൺലൈൻ വിദ്യാഭ്യാസത്തിലും അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം നല്ല തുടക്കംതന്നെ.

ഓൺലൈൻ ക്ലാസുകൾ അനിവാര്യമായതോടെ, സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കാൻ കഴിഞ്ഞ വർഷംതന്നെ സർക്കാർ തീവ്രശ്രമം നടത്തിയിരുന്നു. ടിവിയും സ്മാർട്ട്ഫോണുമെല്ലാം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ സർക്കാരിനൊപ്പം കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. അതുകൊണ്ട് കുട്ടികൾക്കിടയിൽ ഡിജിറ്റൽ സൗകര്യം ഉള്ളവരും ഇല്ലാത്തവരും എന്ന അന്തരം  ഇല്ലാതാക്കാൻ വലിയ തോതിൽ കഴിഞ്ഞിട്ടുണ്ട്. ഇനിയും എവിടെയെങ്കിലും അത്തരം പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ കേരളത്തിന് കഴിയും.  അധ്യാപകരും രക്ഷിതാക്കളുമെല്ലാം വിദ്യാർഥികളെ സഹായിക്കാൻ രംഗത്തുണ്ട്.  അതിനാൽ, ഇതുസംബന്ധിച്ച് ആശങ്കയുടെ കാര്യമില്ല.

അഞ്ചു വർഷമായി സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമാണുണ്ടായത്.  ഭൗതിക സൗകര്യങ്ങൾ എവിടെയും ഉന്നത നിലവാരത്തിലായി. എല്ലാ പൊതു വിദ്യാലയത്തിലും സാങ്കേതികവിദ്യാ ഉപകരണങ്ങളും ഡിജിറ്റൽ സൗകര്യങ്ങളുമുണ്ട്. അതിന്റെ തുടർച്ചതന്നെയാണ്  ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നടക്കുന്നത്. വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രധാനം കുട്ടികൾതന്നെ. കുഞ്ഞുങ്ങളുടെ ബഹുമുഖ വികസനമാണ് അധ്യാപനത്തിന്റെ ലക്ഷ്യം. കുട്ടികളെ ഭാവി കേരളത്തിന്റെ, ഭാവി ഭാരതത്തിന്റെ നിർമിതിയിൽ പങ്കാളികളാകാൻ കെൽപ്പുള്ളവരാക്കി മാറ്റാൻ കഴിയണം.  ഈ മഹാമാരിക്കാലത്തിന്റെ എല്ലാ പരിമിതിയെയും മറികടന്ന്  ഈ ലക്ഷ്യത്തോടെയാണ് സർക്കാർ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. അധ്യാപക -രക്ഷാകർതൃ സമൂഹവും വിദ്യാർഥികളും ആ മുന്നേറ്റത്തിനൊപ്പമുണ്ട്. പുത്തനുടുപ്പിട്ട്, പൂമ്പാറ്റകളായി വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് പ്രവേശനോത്സവം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുകയുണ്ടായി. ആ കാലത്തിനായി നമുക്ക് കാത്തിരിക്കാം. പുതിയ സ്കൂൾ വർഷത്തിലെ പ്രവേശനോത്സവം അതിന്റെ നാന്ദിയാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top