30 September Saturday

സൈനികരുടെ വേദനകളും പരിഗണിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 4, 2016


കേന്ദ്ര സര്‍ക്കാര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ (ഒആര്‍ഒപി) പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിമുക്തഭടന്‍ തലസ്ഥാന നഗരിയില്‍ ജീവനൊടുക്കി. പാര്‍ലമെന്റ് മന്ദിരത്തിന്് സമീപമുള്ള വിദേശമന്ത്രാലയ കെട്ടിടമായ ജവഹര്‍ ഭവനടുത്താണ് എഴുപതുകാരനായ രാംകിഷന്‍ ഗ്രെവാള്‍ എലിവിഷം കഴിച്ച് ജീവനൊടുക്കിയത്. ഹരിയാനയിലെ ഭിവാനിക്ക് സമീപം ബംല ഗ്രാമത്തിലെ സര്‍പഞ്ച് (ഗ്രാമപ്രമുഖന്‍) കൂടിയാണ് സ്തുത്യര്‍ഹ സൈനികസേവനത്തിന് മെഡലുകള്‍ നേടിയ രാംകിഷന്‍. സൈനികരെ ആദരിക്കാന്‍ 'സൈനികര്‍ക്ക് സന്ദേശം' പരിപാടിക്ക് ദീപാവലിദിനത്തില്‍ പ്രധാനമന്ത്രി മോഡി ആഹ്വാനംചെയ്ത ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പിന്റെ സന്ദേശം നല്‍കി മൂന്നരപ്പതിറ്റാണ്ട് കാലം സൈനികസേവനം നടത്തിയ ഗ്രെവാള്‍ 'സൈനികര്‍ക്കെതിരെയുള്ള അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്' 'മാതൃരാജ്യത്തിനും രാജ്യത്തിലെ സൈനികര്‍ക്കുംവേണ്ടി' ആത്മാഹുതി ചെയ്തത്. ഈ സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധി, കെജ്രിവാള്‍ തുടങ്ങിയ പ്രതിപക്ഷനേതാക്കളെപോലും അനുവദിക്കാതെ തീര്‍ത്തും സ്വേച്ഛാപരമായ പെരുമാറ്റമാണ് കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.  

സൈന്യത്തിന്റെ മികച്ച പ്രകടനത്തെ സ്വന്തം രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി കേന്ദ്രഭരണകക്ഷിയും പ്രധാനമന്ത്രിയും വഴിവിട്ട് ഉപയോഗിക്കുന്ന അവസരത്തില്‍ത്തന്നെയാണ് സര്‍ക്കാരിന്റെ അവഗണനയിലും നീതികേടിലും മനംനൊന്ത് ഒരു വിമുക്തഭടന്‍ ജീവനൊടുക്കുന്നത്. പതിനാറാം ലോക്സഭാതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒആര്‍ഒപി നടപ്പാക്കുമെന്ന് നരേന്ദ്ര മോഡി ആദ്യം പ്രഖ്യാപിക്കുന്നത് 2013 സെപ്തംബര്‍ 13ന് ഹരിയാനയിലെ റിവാരിയിലായിരുന്നു. കഴിഞ്ഞവര്‍ഷം സിയാച്ചിനിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോള്‍ ഒആര്‍ഒപി നടപ്പാക്കിയതില്‍ അഭിമാനംകൊള്ളുന്നതായി മോഡി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞദിവസം ഹിമാചല്‍പ്രദേശില്‍ സൈനികര്‍ക്കൊപ്പംതന്നെ ദീപാവലി ആഘോഷിക്കുമ്പോഴും മോഡി ഇക്കാര്യം ആവര്‍ത്തിച്ചു.  എന്നാല്‍, മോഡിയുടെ ഈ പ്രഖ്യാപനം യാഥാര്‍ഥ്യമായില്ലെന്നാണ് സൈനികര്‍ ഒന്നടങ്കം പരാതി പറയുന്നത്. ഏഴാം ശമ്പള കമീഷന്റെ അടിസ്ഥാനത്തില്‍ ഒആര്‍ഒപി നടപ്പാക്കുന്നതില്‍ 36 അപാകങ്ങളും ആറാം ശമ്പളകമീഷന്റെ അടിസ്ഥാനത്തില്‍ 46 അപാകങ്ങളുമുണ്ടെന്നാണ് സൈനികരുടെ പരാതി. ഇത് പരിഹരിക്കാന്‍ ജസ്റ്റിസ് റെഡ്ഡി കമീഷനെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഈ കമീഷന്‍ ഒക്ടോബര്‍ 26ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ കമീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാണ് സൈനികരുടെ ആവശ്യം. എന്നാല്‍, അതിനും സര്‍ക്കാര്‍ തയ്യാറായില്ല. 

ഒആര്‍ഒപിയിലെ അപാകം മാത്രമല്ല സൈനികരെ വേദനിപ്പിക്കുന്നത്. അംഗഭംഗംവന്ന സൈനികര്‍ക്കുള്ള പെന്‍ഷനും സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സൈനികസേവനത്തിനിടയില്‍ അംഗഭംഗം വന്നവര്‍ക്കുള്ള പെന്‍ഷനില്‍ വെട്ടിക്കുറവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനം സൈനികരെ വല്ലാതെ വേദനിപ്പിച്ചു. പെന്‍ഷന്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാണ് ഈ വിഭാഗം വിമുക്തഭടന്മാരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചത്. എന്നാല്‍, സൈനിക സര്‍വീസിലുള്ള അംഗഭംഗം വന്ന സിവിലിയന്മാര്‍ക്ക് ഈ വിവേചനമില്ലതാനും. സ്വാഭാവികമായും ഈ പെന്‍ഷന്‍ വെട്ടിക്കുറവ് സൈനികര്‍ക്കുള്ള അശുഭകരമായ സൂചനയായി. 

സൈനികരെ ഉയര്‍ത്തിക്കാട്ടി രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ സിവിലിയന്‍ ഓഫീസറുടെ റാങ്കിനേക്കാള്‍ സൈനികരുടെ റാങ്ക് താഴ്ത്തിയതും സൈനികരെ വിഷമിപ്പിച്ചു. ഒക്ടോബര്‍ 18നാണ് പ്രതിരോധമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.  സിവിലിയന്‍ ഉദ്യോഗസ്ഥരും സൈനികരും തമ്മിലുള്ള പദവി അനുപാതം സംബന്ധിച്ച് നേരത്തേതന്നെ തര്‍ക്കങ്ങളുയര്‍ന്നുവന്നിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രണബ് മുഖര്‍ജി അധ്യക്ഷനായുള്ള മന്ത്രിതലസമിതി ഇക്കാര്യം പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രികാര്യാലയവും കേന്ദ്രമന്ത്രിസഭയും അംഗീകരിച്ച് തീരുമാനമെടുക്കുകയുംചെയ്തു. ഇതനുസരിച്ച് സിവിലിയന്‍ സര്‍വീസിലെ ഡയറക്ടര്‍ സൈന്യത്തിലെ കേണലിന് തുല്യമായ റാങ്കാണെന്ന് നിശ്ചയിച്ചു.  ഈ അനുപാതത്തെയാണ് പുതിയ ഉത്തരവിലൂടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അട്ടിമറിച്ചത്.  പുതിയ ഉത്തരവനുസരിച്ച് സിവിലിയന്‍ ജോയിന്റ് ഡയറക്ടര്‍ സൈന്യത്തിലെ കേണലിന് സമാനമുള്ള റാങ്കിലായി. ഡയറക്ടര്‍ ബ്രിഗേഡിനും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മേജര്‍ ജനറലിനും തുല്യരായി. ഈ സര്‍ക്കുലറിനെതിരെ സൈന്യത്തില്‍ അമര്‍ഷം പുകയുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ഘട്ടത്തിലാണ് ഈ വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് സൈനികര്‍ക്കെതിരായ പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധവകുപ്പുകള്‍ ഒന്നിനുപിറകെ ഒന്നായി ഇത്രയും ചുരുങ്ങിയകാലത്ത് പുറത്തുവിടുന്നതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ തന്നെ കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഏറ്റവും കൂടുതല്‍ സൈനികരെ സംഭാവനചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയില്‍നിന്ന് ഒരു സൈനികന്‍ അര്‍ഹമായ ആനുകൂല്യം നേടുന്നതിനായി എല്ലാവാതിലുകളിലും മുട്ടിയിട്ടും സാധിക്കാതെ ജീവനൊടുക്കിയത്.  സൈനികര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനായി തെരുവിലിറങ്ങുന്നത് ഇന്ത്യപോലുള്ള ഒരു ജനാധിപത്യരാജ്യത്തിന് ഒട്ടും ഭൂഷണമല്ല. വോട്ടുപെട്ടിയില്‍ കണ്ണുനട്ട് സൈനികരുടെ ധീരതയെക്കുറിച്ച് ഒരുവശത്ത് വാതോരാതെ പ്രശംസിക്കുമ്പോള്‍ത്തന്നെ അവരുടെ ആനുകല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. അവരുന്നയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top