"മുക്കുറ്റി മുറ്റത്തു വിളക്കുവെച്ചു,
പൂത്തുമ്പ പൂവിട്ടു പറമ്പുതോറും
പാടത്തു ചാലിൻ ചരിവിങ്കലെല്ലാം
ചിറ്റാട പട്ടാടയെടുത്തു ചാർത്തി
മന്ദാരപുഷ്പാസവമാസ്വദിച്ചു
മദിച്ചുകൂവിന്നിതു വണ്ടിനങ്ങൾ
മാലോകരെല്ലാമെതിരേറ്റ് ചെല്‌വിൻ
മാവേലി വന്നു മലനാടു കാണ്മാൻ'
വൈലോപ്പിള്ളി 1938ൽ എഴുതിയ ‘ഓണപ്പാട്ട്' എന്ന കവിതയിലെ ഈ വരികളിൽ പ്രകൃതിപോലും ഓണത്തെ വരവേൽക്കുന്നുവെന്നാണ് സൂചന. ഇന്നിപ്പോൾ കാലത്തിന്റെ കുത്തൊഴുക്കിലും കീഴ്മേൽ മറിച്ചിലുകളിലുംപെട്ട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. തുള്ളിക്കൊരുകുടം പെയ്യുന്ന കർക്കടകമഴ തോർന്നുവരുന്ന പുത്തൻ പുലർവേളയായിരുന്നു പണ്ട് ചിങ്ങവും ഓണക്കാലവും. ഇക്കുറി കർക്കടകത്തിൽ മഴയേ ഇല്ലെന്ന മട്ടായിരുന്നു. അതുപോലെ, തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും ചെമ്പകവും ചെമ്പരത്തിയും വേലിപ്പരുത്തിയുമൊക്കെ ഏറെയും അരങ്ങൊഴിഞ്ഞു. എങ്കിലും അപൂർവം നാട്ടിടവഴികളിലും തെരുവോരങ്ങളിലും മുക്കുറ്റിച്ചെടികൾ കടുക്കനിടുന്നതും തുമ്പ പൂവിടുന്നതും ഗതകാല സ്മൃതികളുണർത്തി ഓണം കടന്നുവരുമ്പോഴാണ്. ഇതാ വീണ്ടുമൊരു തിരുവോണപ്പുലരി. മലയാളക്കരയുടെ മുക്കിലും മൂലയിലും ഓണമുണ്ട്, ഓണാഘോഷമുണ്ട്. ലോകത്തെവിടെയാണെങ്കിലും മലയാളി ഓണത്തെ മറക്കില്ല. ഓണമെത്തുമ്പോൾ തരളമാകാത്ത മലയാളി മനസ്സുകളുണ്ടാകില്ല.
ഒരു നല്ല കാലത്തിന്റെ ഓർമയാണ് ഓണം. മാവേലി നാടുവാണ, എല്ലാ മനുഷ്യരും ഒന്നുപോലെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ. ഇങ്ങനെയൊരു കാലമുണ്ടായിരുന്നോ എന്നതിനെ ചൊല്ലി സന്ദേഹിക്കേണ്ട കാര്യമൊന്നുമില്ല. ഐതിഹ്യത്തെ ഐതിഹ്യമായിത്തന്നെ വിടാം. അതിൽ ചരിത്രം തിരയേണ്ടതില്ല. എന്നാൽ, ആദിയിൽ എല്ലാ മനുഷ്യരും തുല്യരായിരുന്നുവെന്ന സത്യമുണ്ട്. ഇനിയും അങ്ങനെയൊരു കാലം വരണമെന്ന് ആശിക്കുന്നവരാണ് നാമെല്ലാവരും. അപ്പോൾ, ഓണം സമഭാവനയുടെ, പ്രത്യാശയുടെ ഉത്സവമാണ്. ജാതി–-മത ഭേദചിന്തകളില്ലാത്ത ഉത്സവമാണ്. ഇന്ന് നമ്മുടെ സമൂഹത്തിൽ വിള്ളലുകളുണ്ടാക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നൊരു കാലമാണ്. അയൽക്കാരനെപ്പോലും അപരനാക്കാൻ ശ്രമിക്കുന്ന കാലം. ഈയൊരു സാഹചര്യത്തിൽ, ഒരുമയുടെയും സമത്വത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പകരുന്ന ഓണത്തിന് വലിയ പ്രസക്തിയുണ്ട്, പ്രാധാന്യമുണ്ട്.
മാവേലി നാടിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി എന്നൊരു സ്ഥിതി പണ്ട് കേരളത്തിലുണ്ടായിരുന്നുവെന്ന കാര്യവും നമ്മൾ മറക്കാൻ പാടില്ല. പകലന്തിയോളം ചോര നീരാക്കി പണിയെടുത്താലും ഒരു നേരത്തെ അന്നത്തിന് വഴി കണ്ടെത്താൻ കഴിയാതെ പാവങ്ങൾ, പതിത വർഗം നെട്ടോട്ടമോടിയ നാളുകൾ. അവർക്ക് ചോറുണ്ടാക്കാൻ കഴിയാറില്ല. ഓണത്തിന് അവർ കഞ്ഞി ഊറ്റുന്നതും കൊതിയോടെ കാത്തിരുന്നതും പഴയ യാഥാർഥ്യങ്ങൾ. ഒരു ദിവസംപോലും അവർക്ക് സുഖജീവിതമുണ്ടായിരുന്നില്ല. ഫ്യൂഡൽ വാഴ്ചയും ജന്മിത്തത്തിന്റെ പുലിനഖങ്ങളും നിലനിന്ന കാലം.
സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും തുടർന്ന് ആ പാതയിലൂടെ മുന്നേറിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ് ഈ സ്ഥിതി മാറ്റിമറിച്ചത്. 1957ൽ ഇ എം എസ് സർക്കാർ അധികാരത്തിൽ വന്നതോടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബദൽനയങ്ങൾക്ക് അടിത്തറയിട്ടു. ക്ഷേമം, വികസനം, വികേന്ദ്രീകരണം, ജനാധിപത്യം എന്നിവയെ മുൻനിർത്തി നമ്മുടെ നാട് നേടിയ എല്ലാ മാനവീയ നേട്ടങ്ങളുടെയും പിൻബലം ഇടതുപക്ഷ രാഷ്ട്രീയമാണ്. ഇപ്പോൾ ഏഴു വർഷമായി എൽഡിഎഫ് അധികാരത്തിൽ തുടരുന്ന കേരളം ഏറ്റവും ഉജ്വലമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. എവിടെയും മൗലികമായ മാറ്റങ്ങളുണ്ടാകുന്നു. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസം എത്തിക്കാൻ സർക്കാർ വലിയ മുൻഗണന നൽകി. 64 ലക്ഷം പേർക്ക് ക്ഷേമ പെൻഷനും ആറുലക്ഷത്തിലേറെ പേർക്ക് ഓണക്കിറ്റും എത്തിച്ചു. പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ വിതം പ്രത്യേകമായി നൽകി. രാജ്യമാകെ പൊതു വിലക്കയറ്റത്തിൽ നട്ടംതിരിയുമ്പോൾ ഇവിടെ വിലക്കയറ്റം പിടിച്ചുനിർത്തി. പൊതുവിതരണ സംവിധാനം ശക്തമായി വിപണിയിൽ ഇടപെട്ടു. കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കെല്ലാം നടുവിൽ എല്ലാ വിഭാഗം ജനങ്ങൾക്കും സംസ്ഥാന സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും നൽകി. എല്ലാവർക്കും അല്ലലില്ലാത്ത ഓണം ഉറപ്പാക്കാൻ പരമാവധി നടപടികൾ. ഹൃദയബന്ധങ്ങൾ ശക്തിപ്പെടുത്തി, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതസൗഹാർദത്തിന്റെയും അനുപമമായ സന്ദേശം പകർന്ന് നമുക്ക് ഓണത്തെ വരവേൽക്കാം. എല്ലാ മലയാളികൾക്കും ഓണാശംസകൾ...
ഒ എൻ വിയുടെ ഈ വരികൾകൂടി ഓർക്കാം
"കാറ്റും കടലുമിക്കായൽത്തിരകളും
ആറ്റക്കിളിയും കുയിലുകളും
അമ്പലപ്രാവുമീ പൊന്നാമ്പൽപ്പൂക്കളെ
ചുംബിച്ചുണർത്തും പൂത്തുമ്പികളും
നെഞ്ചിൽ തിരുമുറിവോലും മുളകളും
പുഞ്ചക്കതിർ കൊയ്യും തത്തകളും ഒന്നിച്ചു പാടിത്തിമിർക്കും പുലരികൾ
സന്ധ്യകൾ വന്നുപോമീ നാട് !
മാലോകരെല്ലാരുമൊന്നുപോൽ വാണൊരാ
മാവേലിക്കാലത്തെയോർക്കും നാട്!
നീരജ്, ഇന്ത്യയുടെ
അഭിമാനപ്പതക്കം
ഇന്ത്യൻ കായിക ചരിത്രത്തിൽ സമാനതകളില്ലാത്ത പേരായി നീരജ് ചോപ്ര. ഹരിയാനയിൽനിന്നുള്ള ചെറുപ്പക്കാരൻ ഇനി ഇതിഹാസതാരങ്ങളുടെ നായകനായി വാഴും. ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് സ്വർണത്തിനു പിന്നാലെ ലോക ചാമ്പ്യൻഷിപ്പിലും കിരീടം. ഒരു ഇന്ത്യൻ കായികതാരത്തിനും സാധ്യമാകാത്ത നേട്ടം.
ടോക്യോയിൽ 2021ൽ നേടിയ ഒളിമ്പിക്സ് സ്വർണം ഇന്ത്യൻ അത്‌ലറ്റിക്സിനെ ഉണർത്തിയതാണ്. ജനസംഖ്യയിൽ 142 കോടിയും കടന്ന മഹാരാജ്യത്തിന് വാഴ്‌ത്തിപ്പാടി ഓമനിക്കാൻ കിട്ടിയ പേരായിരുന്നു നീരജ്. 2022ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി അഭിമാനമായി. ഇപ്പോൾ ചരിത്രത്തിലാദ്യമായി സ്വർണം കൊണ്ടുവന്നിരിക്കുന്നു. ഇരുപത്തഞ്ചുകാരൻ എറിഞ്ഞ ദൂരം 88.17 മീറ്റർ.
ഈ ചെറുപ്രായത്തിൽ ഒരു തലമുറയെയാകെ പ്രചോദിപ്പിക്കാനാകുന്നത് മഹത്തരംതന്നെ. ഇന്ത്യക്ക് ലോക മെഡൽ സാധ്യമാകുമെന്ന് സ്വന്തം നേട്ടത്തിലൂടെ തെളിയിച്ചതാണ് നീരജിന്റെ പ്രധാന സംഭാവന. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ ഏത് ലോക വേദിയിലും നെഞ്ചുയർത്തി നിൽക്കാമെന്ന അനുഭവപാഠം മാതൃകയാകട്ടെ. അടുത്ത വർഷത്തെ പാരീസ് ഒളിമ്പിക്സിൽ ഒന്നിലധികം നീരജുമാർ പിറവിയെടുക്കട്ടെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..