09 June Friday

കാണം വിൽക്കാത്ത ഓണം

വെബ് ഡെസ്‌ക്‌Updated: Friday Aug 26, 2022


ഓണം മലയാളികൾക്ക്‌ ആഘോഷത്തിന്റെ നാളുകളാണ്‌. ഓണസദ്യമുതൽ ഓണക്കോടിവരെ, കേരളീയരുടെ ജീവിതത്തെ ഇത്രമേൽ സ്‌പർശിച്ച ഒരാഘോഷം വേറെയില്ല. അതുകൊണ്ടുതന്നെ, ജനജീവിതത്തിലെ സമൃദ്ധിയാണ്‌ ഓണനിറവിനെ നിർണയിക്കുക. ഒപ്പം വിപണിയിലെ ഉത്സാഹവും. കോവിഡിന്റെ നിഴലിൽ വീട്ടിലിരുന്നായിരുന്നു കഴിഞ്ഞവർഷവും ഓണാഘോഷം. പ്രളയവും കോവിഡും സൃഷ്ടിച്ച കഴിഞ്ഞ മൂന്നുവർഷത്തിന്റെ ക്ഷീണം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ മലയാളി. ഒപ്പം ഒരുമയും സമൃദ്ധിയും ഒരുക്കി ഓണത്തെ ഭാവിയിലേക്കുള്ള ഈടുവയ്‌പാക്കാൻ ഒരുങ്ങുകയാണ്‌ സംസ്ഥാന സർക്കാർ.
വിപണിയിലെ കാര്യക്ഷമമായ ഇടപെടൽ, ആഭ്യന്തര ഉൽപ്പന്നങ്ങൾ സംഭരിച്ച്‌ അവ വിപണനം ചെയ്യാനുള്ള സൗകര്യമൊരുക്കൽ, ജനങ്ങളുടെ കൈകളിൽ പണം എത്തിക്കൽ, സർക്കാർ സംവിധാനങ്ങളിലൂടെ ഓണാഘോഷം സംഘടിപ്പിക്കൽ എന്നീ മാർഗങ്ങളാണ്‌ സർക്കാർ ഇതിനായി അവലംബിച്ചിരിക്കുന്നത്‌. ഒപ്പം പെൻഷനും സബ്‌സിഡിയും മറ്റ്‌ ആനുകൂല്യങ്ങളും സമയത്ത്‌ എത്തിച്ച്‌ പാവപ്പെട്ടവരെ സാമ്പത്തികമായി സജ്ജരാക്കുകയും ചെയ്യുന്നു.

അരിയും നെയ്യും അടക്കം 13 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്‌ വിതരണം തുടങ്ങി. അത്‌ 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണത്തിനുമുമ്പുതന്നെ എത്തും. കൺസ്യൂമർഫെഡിന്റെ‌ 1600 ഓണച്ചന്ത 29 മുതൽ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനം സർക്കാർ സബ്‌സിഡിയിലും മറ്റിനങ്ങൾ‌ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മിൽമ ഓണം സ്‌പെഷ്യൽ കിറ്റും  കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടിപ്പരിപ്പും വിലക്കിഴിവിൽ ലഭ്യമാക്കും. സഹകരണ സംഘങ്ങളും കുടുംബശ്രീയും ഓണവിപണി തുറക്കും. ഹോർട്ടികോർപ്പും പച്ചക്കറി മേളകൾ സംഘടിപ്പിക്കും. ആവശ്യത്തിന്‌ പാലും പാലുൽപ്പന്നങ്ങളും മിൽമ ഉറപ്പാക്കും. ഓണം ഫെയറുകളിൽ 1000 മുതൽ 1200 രൂപവരെയുള്ള പ്രത്യേക ഓണക്കിറ്റും ലഭ്യമാക്കും. ഹാൻടെക്‌സിന്റെ 84 വിൽപ്പനകേന്ദ്രങ്ങളിൽ ഏഴുവരെ 20 ശതമാനം വിലക്കിഴിവുണ്ട്‌. വിവിധ വിഭാഗത്തിന്‌ തവണവ്യവസ്ഥയിൽ 10,000 രൂപയ്‌ക്കുവരെ തുണിത്തരങ്ങൾ കിട്ടും. ഇതോടൊപ്പം ടൂറിസം വകുപ്പ്‌ ജില്ലകളിൽ വിപുലമായ ഓണാഘോഷമാണ്‌ സംഘടിപ്പിക്കുന്നത്‌. നാടൻ കലകൾക്ക്‌ പ്രാധാന്യം നൽകുന്ന ആഘോഷങ്ങൾക്കായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌.

രണ്ടുമാസത്തെ ക്ഷേമ പെൻഷൻ‌ 3200 രൂപവീതം വെള്ളിയാഴ്‌ച വിതരണം തുടങ്ങും. 2100 കോടി രൂപ  57 ലക്ഷം പേർക്കായി ലഭിക്കും. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞ തവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസുമുണ്ട്‌. 34,240 രൂപവരെ ശമ്പളമുള്ളവർക്ക്‌ 4000 രൂപ ബോണസും മറ്റുള്ളവർക്ക്‌ 1000 മുതൽ 2750 രൂപവരെ ഉത്സവബത്തയും ലഭിക്കും. 15,000 രൂപവരെ അഡ്വാൻസുമുണ്ട്‌. പൊതുമേഖലാ സ്ഥാപനങ്ങളിലും 8.33 ശതമാനം ബോണസ്‌‌ ലഭിക്കും. അത്‌ ഇല്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും ഉറപ്പാക്കുന്നു. ഈ പണത്തിൽ നല്ലൊരു പങ്കും പൊതുവിപണിയിൽ എത്തുന്നതോടെ സംസ്ഥാനത്തെ സമ്പദ്‌ഘടനയും കൂടുതൽ സജീവമാകുമെന്ന്‌ ഉറപ്പ്‌. ശക്തമായ പൊതുവിതരണ സംവിധാനം മുഖേന സർക്കാരിന്റെ ഇടപെടൽ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും സഹായകമാകുന്നു.

കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, ഉയർന്ന ദേശീയ പണപ്പെരുപ്പനിരക്ക്‌, ഉയർന്ന ഇന്ധനവില, അയൽ സംസ്ഥാനങ്ങളിലെ കനത്തമഴയും കൃഷിനാശവും... ഈ വെല്ലുവിളികൾ ചെറിയ പ്രതിസന്ധിയല്ല സംസ്ഥാന സർക്കാരിന്‌ ഉണ്ടാക്കുന്നത്‌. റവന്യൂ കമ്മി ഗ്രാന്റിൽ കുറവുവരുത്തിയ 7000 കോടിയും ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കേണ്ട 12,000 കോടിയുമടക്കം കേന്ദ്ര നിലപാടുമൂലം  23,000 കോടി രൂപയുടെ കുറവാണ് ഈ വർഷമുണ്ടായത്‌.
കനത്ത മഴയിലും പ്രളയത്തിലും അയൽസംസ്ഥാനങ്ങളിലെ കൃഷി നശിച്ചത്‌ പൊതുവിപണിയിൽ അരിയുടെയും പച്ചക്കറിയുടെയും വരവ് ​കുറയാനിടയാക്കി.  ഈ പ്രതിസന്ധികളെ നേരിട്ടാണ്‌ മാവേലിക്കാലംപോലെ ജനക്ഷേമ പ്രവർത്തനങ്ങളുമായി എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. ഒപ്പം ഓണക്കാലത്തെ വിപണി ഇടപെടലും മറ്റ്‌ ആനുകൂല്യങ്ങളും എത്തുന്നതോടെ കാണംവിൽക്കാതെ തന്നെ ഓണം ആഘോഷിക്കാൻ മലയാളിക്ക്‌ കഴിയുന്ന അന്തരീക്ഷമൊരുക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top