26 September Tuesday

നല്ലോണം വരവായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2017

അല്ലലില്ലാതെ ഒരു ഓണക്കാലത്തെക്കൂടി മലയാളി വരവേല്‍ക്കുകയാണ്. ക്ഷേമപെന്‍ഷനുകളെല്ലാം നേരത്തേതന്നെ കുടിശ്ശിക തീര്‍ത്തു നല്‍കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ പെന്‍ഷന്‍ കുടിശ്ശിക  കൊടുത്തുതീര്‍ക്കുക എന്നത് വലിയൊരു പരീക്ഷണമായിരുന്നു. ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടും ഓണത്തിന് പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ വിശ്രമരഹിതമായ പ്രവര്‍ത്തനം വേണ്ടിവന്നു. സഹകരണ ബാങ്കുകളുടെ സഹായത്തോടെ വലിയ പരാതിയില്ലാതെ  വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞവര്‍ഷം സാധിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ 2014 നവംബര്‍മുതല്‍ പെന്‍ഷന്‍ കുടിശ്ശികയായിരുന്നു. 1358.58 കോടി രൂപയായിരുന്നു ഈ ഇനത്തിലെ ബാധ്യത. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 4628 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാക്ഷേമനിധി പെന്‍ഷന്‍ ഇനത്തില്‍ വിതരണംചെയ്തത്.

ഈവര്‍ഷം ഓണത്തിനുമുമ്പ് 48 ലക്ഷത്തോളംപേര്‍ക്ക് 2508 കോടി രൂപയാണ് വിതരണംചെയ്യുന്നത്. ആഗസ്തിലെ മുന്‍കൂര്‍ പെന്‍ഷനടക്കം മെയ് മുതലുള്ള  കുടിശ്ശിക തീര്‍ത്തുനല്‍കും.  ആവശ്യപ്പെട്ടവര്‍ക്ക് ബാങ്ക്അക്കൌണ്ട് വഴിയും മറ്റുള്ളവര്‍ക്ക്് സഹകരണ ബാങ്കുകള്‍ വഴിയും തുക എത്തിക്കും. കര്‍ഷകത്തൊഴിലാളി, വാര്‍ധക്യ, ഭിന്നശേഷി, വിധവാ പെന്‍ഷനുകള്‍ക്ക് പുറമെ, സ്വയംപര്യാപ്തമല്ലാത്ത ക്ഷേമനിധി ബോര്‍ഡുകളിലെ 5,19,681 പേര്‍ക്ക് പെന്‍ഷന്‍ വിതരണത്തിനായി 425.93 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ ഓണംമുതല്‍ ഏപ്രില്‍വരെയുള്ള പെന്‍ഷന്‍കുടിശ്ശിക നേരത്തെ ഒന്നിച്ച് വിതരണംചെയ്തിരുന്നു. ഇക്കുറി എല്ലാ തയ്യാറെടുപ്പുകളും നേരത്തെ ആരംഭിച്ചതിനാല്‍ ഒരിടത്തും ആശങ്കയ്ക്ക് ഇടയില്ല. കൃത്യമായി സഹകരണ ബാങ്കുകള്‍ വഴി വിവിധ പെന്‍ഷനുകള്‍ അര്‍ഹരായവരുടെയെല്ലാം കൈകളില്‍ എത്തുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആഗസ്തിലെ ശമ്പളം  25മുതല്‍ മുന്‍കൂറായി  വിതരണംചെയ്യും. 9000 കോടി രൂപ ഇതിനാവശ്യമാണ്. ബോണസ് തര്‍ക്കവും തൊഴില്‍പ്രശ്നങ്ങളും രമ്യമായി പരിഹരിക്കപ്പെടുന്ന അന്തരീക്ഷമാണ് പൊതുവില്‍ സംസ്ഥാനത്തെമ്പാടും.

ഓണം- ബക്രീദ് വേളയില്‍  വിലക്കയറ്റം തടയാന്‍ എല്ലാ പഞ്ചായത്തിലും സപ്ളൈകോ ഓണച്ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ഓണച്ചന്തകള്‍ തുടങ്ങി. ഇതിനുപുറമെ മെട്രോ ഫെയറുകളുമുണ്ട്.  സംസ്ഥാനത്ത് ആയിരത്തഞ്ഞൂറോളം ഓണച്ചന്തകള്‍ക്ക് 200 കോടി രൂപയുടെ സബ്സിഡിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി രൂപയും നല്‍കുന്നു.  മാവേലി സ്റ്റോറില്‍ വിതരണംചെയ്യുന്ന 13 സാധനങ്ങളുടെ വില ഈ സര്‍ക്കാരിന്റെ കാലത്ത്  വര്‍ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിവരികയാണ്. 60 ശതമാനംവരെ വിലക്കുറവിലാണ് ഈ  നിത്യോപയോഗസാധനങ്ങള്‍ നല്‍കുന്നത്.

സമീപകാലത്തൊന്നും ഇത്രയും വിലക്കുറവില്‍  ഓണക്കാലം കടന്നുപോയിട്ടില്ല. പച്ചക്കറികളും പലവ്യഞ്ജനങ്ങളും തുണിത്തരങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് വില വര്‍ധിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ  ഇടപെടലാണ്. കേരള ഖാദി ഗ്രാമ സൌഭാഗ്യ, ഖാദി ഗ്രാമോദ്യോഗ് ഭവനുകള്‍, ഹാന്‍ഡ്ലൂം, ഹാന്‍ടെക്സ്, സഹകരണ കൈത്തറി സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് മുഴുവന്‍ തുണിത്തരങ്ങളും 30 ശതമാനംവരെ വിലക്കിഴിവിലാണ് നല്‍കുന്നത്. ഹോര്‍ട്ടികോര്‍പ്പുമായിചേര്‍ന്ന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ 3500 പച്ചക്കറിച്ചന്തകള്‍ ആരംഭിക്കും. സിപിഐ എമ്മിന്റെയും  മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന  ജൈവകൃഷി  പച്ചക്കറിവില പിടിച്ചുനിര്‍ത്തുന്നതില്‍ ഗണനീയമായ പങ്കുവഹിക്കുന്നുണ്ട്. കൃഷിവകുപ്പ്, സഹകരണസ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയുമായി സഹകരിച്ചാണ് ഓണത്തിന് വിഷരഹിത പച്ചക്കറി വിതരണംചെയ്യുക. 

ഓണക്കാലത്ത് സാധാരണയുണ്ടാകുന്ന വിലക്കയറ്റം തടയാനും വിലനിലവാരം നിരീക്ഷിക്കാനും ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ വില അവലോകന സെല്ലുകള്‍ക്ക് രൂപംനല്‍കിയത്. വിലക്കുറവിനൊപ്പം ഗുണമേന്മയും ഉറപ്പുവരുത്തുകയാണ് ഇത്തവണ. സിവില്‍ സപ്ളൈസ്്, കണ്‍സ്യൂമര്‍ ഫെഡ്, കൃഷിവകുപ്പ് എന്നിവ ഏകോപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അരിയുടെ വിലക്കയറ്റം തടയാന്‍ ആന്ധ്രയില്‍നിന്ന് 5000 ടണ്‍ ഗുണമേന്മയുള്ള അരി ഓണത്തിന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേരിട്ട് എത്തിക്കും. ജയ, പൊന്നി, കുറുവ അരിയാണ് ലഭിക്കുക. അരിയും മുളകും അടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ കേരളത്തിന് മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ആന്ധ്രയിലെ വ്യാപാരികളുമായി സര്‍ക്കാര്‍തലത്തില്‍ ധാരണയായി. വര്‍ഷത്തില്‍ 72,000 ടണ്‍ അരിയാണ് ലഭിക്കുക. തിരിച്ച് സപ്ളൈകോയുടെ ശബരി ഉല്‍പ്പന്നങ്ങള്‍ ആന്ധ്രയ്ക്ക് നല്‍കും.

ഉത്സവസീസണില്‍ അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണതയ്ക്കാണ് സര്‍ക്കാര്‍ തടയിട്ടത്. എല്ലാ അര്‍ഥത്തിലും ആഹ്ളാദകരമായ ഒരു ഉത്സവവേള ജനങ്ങള്‍ക്ക് സമ്മാനിക്കാനുള്ള കരുതലുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ആഘോഷവേളകള്‍ ജനങ്ങളെ പിഴിയാനുള്ളതല്ല, അവര്‍ക്ക് പരമാവധി സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്ന സര്‍ക്കാരിന്റെ സന്ദേശം ഉദ്യോഗസ്ഥരും  സ്വകാര്യവ്യാപാരികളുമെല്ലാം  ഉള്‍ക്കൊണ്ടാല്‍ ഇക്കുറിയും കേരളീയര്‍ക്ക് നല്ലോണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top