29 March Friday

ഓണം ആഘോഷിക്കാം കരുതൽ വേണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020



സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമഭാവനയുടെയും ഐക്യത്തിന്റെയും  സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ്‌ ഓണം മുന്നോട്ടുവയ്‌ക്കുന്നത്‌. അതിന്റെ ചരിത്രത്തിലും പുരാവൃത്തത്തിലും ഈ വിശാല കാഴ്‌ചപ്പാടുകളെല്ലാം മിന്നിമറയുന്നുമുണ്ട്‌. ഭൂഗോളത്തിന്റെ ഏതു കോണിലായാലും മലയാളികൾ ഉള്ളിടത്തെല്ലാം മതനിരപേക്ഷമായ  ഉള്ളടക്കത്തോടെ  വ്യത്യസ്‌ത സാമ്പത്തിക ശ്രേണിയിൽപ്പെട്ടവരും  എല്ലാ ജാതി‐ മത വിഭാഗങ്ങളും തങ്ങളാൽ കഴിയുംവിധം ആ ദേശീയോത്സവത്തിന്റെ ഭാഗമാകുകയാണ്‌ പതിവ്‌. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്ന പ്രയോഗം അതോടുള്ള നിറഞ്ഞ അടുപ്പത്തിന്റെയും ആഭിമുഖ്യത്തിന്റെയും  ഉദാഹരണവും. എന്നാൽ, കോവിഡ്–-19 മഹാമാരി ലോകത്തിലെ മലയാളികൾക്കിടയിൽ പൊതുവിലും  കേരളത്തിൽ പ്രത്യേകിച്ചും ഓണാഘോഷത്തിന്റെ നിറവും പൊലിമയും  ആഹ്ലാദവും കെടുത്തിയിട്ടുണ്ടെന്നതാണ്‌ വാസ്‌തവം. വിവിധ തൊഴിൽ മേഖലകളിൽ പടർന്നുപിടിച്ച  മരവിപ്പിലും പലനിലയിൽ ബാധിച്ച സാമ്പത്തിക ക്ലേശങ്ങളിലും യാത്രാ തടസ്സങ്ങളിലുംപെട്ട്‌ ഞെരിയുകയാണ്‌ ജനങ്ങൾ. 

എന്നാൽ, എല്ലാ മേഖലകളിലും ചെറുതല്ലാത്ത സഹായങ്ങൾ പ്രഖ്യാപിച്ച്‌ കൈത്താങ്ങായി മാറുന്ന മാതൃകാപരവും അനുകരണീയവുമായ ബൃഹത്തായ പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ  ഏറ്റെടുത്തത്‌. ഏതെങ്കിലും തുണ ലഭിക്കാത്ത ഒരു സാധാരണ കുടുംബംപോലും സംസ്ഥാനത്തില്ലെന്നതാണ്‌ വാസ്‌തവം. ഓണത്തിന്‌‌ 88 ലക്ഷം റേഷൻ കാർഡുടമകൾക്ക് 11 ഇന അവശ്യ സാധന കിറ്റ്‌ സൗജന്യമായി നൽകി. കോവിഡിന്റെ മധ്യഘട്ടത്തിലും ഇതേപോലുള്ള സഹായമുണ്ടായി. സമൂഹ അടുക്കളകളും  ജനകീയ ഭക്ഷണശാലകളും വഴിയും ഓണക്കാലത്ത്‌ അതിദരിദ്രർക്ക്‌ സദ്യ വിളമ്പും. അതിന്‌ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം  മാറ്റിവയ്‌ക്കാനും നിർദേശിച്ചു കഴിഞ്ഞു. ശ്ലാഘനീയമായ ഈ മുൻകൈയെ സ്വാഗതം ചെയ്യുന്നതിനുപകരം ചില യുഡിഎഫ്‌ നേതാക്കളും ചുരുക്കം മാധ്യമങ്ങളും അനാവശ്യമായ പ്രചാരണം ഏറ്റെടുത്ത്‌ ആ പദ്ധതിയുടെമേൽ കരിനിഴൽ വീഴ്‌ത്താൻ പാടുപെടുകയായിരുന്നു.


 

ഒരുവിധ  സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക്‌ ലോക്‌ഡൗൺ വേളയിൽ  1000 രൂപവീതം അനുവദിക്കുകയുണ്ടായി.  വേണ്ടതോതിൽ റേഷൻ ധാന്യവിഹിതം കിട്ടാത്ത  മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് പത്തുകിലോ അരി 15 രൂപ നിരക്കിലും നൽകി. കൊറോണ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സർക്കാരിന്റെ വരുമാനം ഒരിക്കലുമില്ലാത്തവിധം ഇടിഞ്ഞിട്ടും ഓണം  മുന്നിൽക്കണ്ട്‌  വേതനം, പെൻഷനുകൾ, ക്ഷേമനിധി,  ബോണസ്‌, ഉത്സവബത്ത, അഡ്വാൻസ്‌ മറ്റ് ആനുകൂല്യങ്ങൾക്കുമായി ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്‌തു.  (ജിഎസ്‌ടി  ഇനത്തിൽ ഏഴായിരം കോടി രൂപ കേന്ദ്രം പിടിച്ചുവച്ച പ്രതിസന്ധി വേറെ)ഒരു വർഷത്തിലേറെയായി  അടഞ്ഞുകിടക്കുന്ന 287 ഫാക്ടറിയിലെ കാൽലക്ഷത്തിനടുത്ത്‌ കശുവണ്ടി തൊഴിലാളികൾക്ക് 5.32 കോടിയും  അനുവദിച്ചു. അതുപോലുള്ള  സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സൊസൈറ്റികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കായുള്ള എക്സ്ഗ്രേഷ്യ ധനസഹായത്തിലേക്ക്‌ 2.18 കോടിയും വകയിരുത്തി.

പൂട്ടിയിട്ട  തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക ഓണക്കിറ്റ്‌, അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻകാർക്ക്‌ 2000 രൂപ പ്രത്യേക സഹായം, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക്‌  1000 രൂപവീതം രണ്ടാംഗഡു, കോവിഡ്‌കാലത്ത്‌ വിദേശത്തുനിന്ന്‌ മടങ്ങിയ 70,000 പ്രവാസികൾക്ക്‌ 35 കോടി എന്നിങ്ങനെയും കൈമാറി.   ജൂലൈയിലെയും ആഗസ്‌തിലെയും  ക്ഷേമ പെൻഷനുകൾ  മുൻകൂറായി  നൽകി. നിലവിൽ മെയ്‌, ജൂൺ മാസങ്ങളിലേതാണ്‌ വിതരണം ചെയ്യുന്നത്‌.  ലോക്‌ഡൗണിന്റെയും ട്രോളിങ്‌ നിരോധനത്തിന്റെയും കെടുതി പരിഗണിച്ച്‌  തീരദേശങ്ങളിൽ പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണമുണ്ട്‌. 3000 രൂപവീതം പഞ്ഞമാസ സഹായം വേറെ. ആഘോഷനാളുകളിൽ യാത്ര ഏറെക്കുറെ സുഗമമാക്കാൻ  നടപ്പാക്കിയ സംവിധാനങ്ങളും പ്രധാനമാണ്‌. സെപ്‌തംബർ രണ്ടുവരെ ചില തീരുമാനങ്ങൾ  മയപ്പെടുത്തിയത്‌ അതിന്റെ ഭാഗം. ഉടമകളുടെ ബുദ്ധിമുട്ട്‌ തിരിച്ചറിച്ച്‌ പ്രഖ്യാപിച്ച ഇളവുകളും നിസ്സാരമല്ല. സ്‌റ്റേജ്‌‐ കോൺട്രാക്ട് കാര്യേജുകളുടെ ജൂലൈ ഒന്നുമുതൽ മൂന്നുമാസത്തെ നികുതിയും സ്‌കൂൾ വാഹനങ്ങളുടെ ഏപ്രിൽമുതലുള്ള ആറുമാസത്തെ നികുതിയും ഒഴിവാക്കി. അതിലൂടെ 100 കോടിയിലധികം രൂപയാണ്‌ ഖജനാവിന്‌ നഷ്ടമായത്‌.   



 

ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തെ കോവിഡ്‌കാലം സ്വയംപര്യാപ്‌തതയുടെ ബദൽവഴികൾ ചെറിയതോതിൽ പരിചയപ്പെടുത്തിയതായി കാണാം. ഓണക്കാലത്തേക്കുള്ള  പൂവും പച്ചക്കറിയും മത്സ്യവും പ്രാദേശികമായി ഉൽപ്പാദിപ്പിച്ചതിന്റെ അനുഭവങ്ങളും കുറവല്ല. കൃഷി വകുപ്പും അനുബന്ധ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അതിന്‌ നേതൃത്വവും നൽകി. അപ്പോഴും  മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കച്ചവടക്കാരെ നിബന്ധനകൾക്കു വിധേയമായി പ്രവേശിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങൾ ആഗ്രഹിക്കുംവിധം എല്ലാം നേർവഴിക്ക്‌ എത്താത്തതിനാൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളിലും സമൂഹവ്യാപന പ്രവണത നിലനിൽക്കുന്നിടങ്ങളിലും കർശനമായ ജാഗ്രതയോടെയാകണം ഓണാഘോഷമെന്ന്‌ ആരെയും ഓർമിപ്പിക്കേണ്ടതില്ല. അതിന്‌ റോഡുകളിലും കച്ചവട സ്ഥാപനങ്ങളിലും  വാഹനങ്ങളിലും ഓഫീസുകളിലും പരിധിയിൽ കവിഞ്ഞ ആൾക്കൂട്ടം ഒഴിവാക്കുകയും  മാസ്‌ക്‌ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.  ആഹ്ലാദം അലതല്ലുമ്പോഴും ആരോഗ്യത്തിനും  ജീവനുമാകണം  മുൻഗണന. അതിനാൽ ഇക്കുറി ‘ഹാപ്പി ഓണം, ഹെൽത്തി ഓണം’ എന്നതാകട്ടെ  സന്ദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top