29 March Friday

ദുര്‍ബലരുടെ കൈപിടിച്ച് നല്ലോണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 10, 2016


ഓണം വാമനജയന്തിയാണെന്ന് ഉദ്ഘോഷിച്ച് മലയാളിയെയും സമത്വചിന്തകളെത്തന്നെയും  അപഹസിക്കുന്നതില്‍ സംഘപരിവാര്‍ മുഴുകിയിരിക്കുമ്പോള്‍, അഴിമതിക്കേസുകളുടെ ഓണാഘോഷത്തില്‍ യുഡിഎഫ് ലയിച്ചിരിക്കുമ്പോള്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഓണമെന്ന സങ്കല്‍പ്പത്തിന്റെ സാമൂഹിക സമത്വത്തിലൂന്നിയ അര്‍ഥവ്യാപ്തി യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. പൊതുവിതരണസംവിധാനത്തെ ചലിപ്പിച്ചും പൊതുവിപണിയില്‍  ഇടപെട്ടും കൃഷിക്കളങ്ങളില്‍ വിഷരഹിതവിളവുകളുണ്ടാക്കിയും അശരണര്‍ക്ക് ആശ്വാസമേകിയും ഓണത്തെ വരവേല്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷനുകള്‍ സ്വന്തം വീട്ടിലിരുന്ന് കൈപ്പറ്റുന്ന വയോജനങ്ങളുടെ മുഖത്ത് തെളിയുന്നുണ്ട് സര്‍ക്കാരിനോടുള്ള സ്നേഹവായ്പ്. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുകയും അവര്‍ക്ക് മുന്നോട്ടുള്ള പാതയൊരുക്കുകയും സര്‍ക്കാരിന്റെ മാറ്റിവയ്ക്കാനാകാത്ത കര്‍ത്തവ്യമാണ്. അത് മനസ്സിലാക്കിയുള്ള ഇടപെടലുകളുടെ പട്ടികയില്‍ ഏറ്റവുമൊടുവിലത്തേതാണ് ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഒന്നരലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട 14800 പേര്‍ക്ക് ഓണക്കോടിയും സൌജന്യമായി നല്‍കാനുള്ള തീരുമാനം. 

അരിയും ചെറുപയറും പരിപ്പും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള വീട്ടാവശ്യങ്ങള്‍ക്കായുള്ള അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന  ഓണക്കിറ്റാണ് ഒന്നരലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്. 12.8 കോടി രൂപ ചെലവിട്ട്, ഓണത്തിനു മുമ്പ് കിറ്റും ഓണക്കോടിയും വിതരണം പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പട്ടിക വിഭാഗക്ഷേമ മന്ത്രി എ കെ ബാലന്റെ മുന്‍കൈയില്‍ വെള്ളിയാഴ്ച വിതരണം ആരംഭിച്ചിട്ടുണ്ട്. അധികാരത്തിലേറി നൂറ് ദിവസത്തിനുള്ളില്‍ പട്ടികവര്‍ഗവിഭാഗം ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിരവധി നടപടികളാണ്  സര്‍ക്കാരില്‍നിന്നുണ്ടായത്. അട്ടപ്പാടി കാരുണ്യാശ്രമം, മാനന്തവാടി കുഴിനിലം, അഗതി മന്ദിരം, വൈത്തിരി സുഗന്ധഗിരി കെയര്‍ഹോം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 39.31 ലക്ഷം രൂപ അനുവദിച്ചുനല്‍കിയതും  വയനാട് ജില്ലയിലെ പട്ടികവര്‍ഗക്കാരുടെ ചോര്‍ന്നൊലിക്കുന്ന 200 വീടുകള്‍ ഒരു ലക്ഷം രൂപ വീതം വിനിയോഗിച്ച് നന്നാക്കി വാസയോഗ്യമാക്കുന്നതിനായി പണമനുവദിച്ചതും അതില്‍ ചിലതുമാത്രം. 

ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിന് 349.79 ലക്ഷം രൂപ അനുവദിച്ചു. പട്ടിണിയും ദുരിതവും അകറ്റുന്നതിനൊപ്പം അവരുടെ ആരോഗ്യപരിപാലനത്തിലും വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നു. നിര്‍ധനരായവരുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇടപെട്ട് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള കര്‍മപദ്ധതിയാണ് നടപ്പാക്കുന്നത് എന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞദിവസം  പറഞ്ഞത്, നുറുദിവസംകൊണ്ട് നടപ്പാക്കിയ അനേകം പദ്ധതികളുടെ പട്ടിക നിരത്തിയ ശേഷമാണ്.  പട്ടികവര്‍ഗക്കാര്‍ക്കുവേണ്ടിയുള്ള സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി  10.67 കോടി രൂപ അനുവദിച്ചതും  നിര്‍ധന  പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക്  വിവാഹധനസഹായം  നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിനായി 68 ലക്ഷം രൂപ അനുവദിച്ചതും അക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. അനുവദിക്കുന്ന തുക യഥാര്‍ഥ ഗുണഭോക്താക്കളിലെത്താത്തതാണ് ഈ മേഖലയില്‍ നിലനിന്നിരുന്ന വലിയ പ്രശ്നം.  പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഗോത്രസാരഥി പദ്ധതി നടപ്പാക്കുന്നതിനും മുന്‍വര്‍ഷത്തെ കുടിശ്ശിക വിതരണംചെയ്യുന്നതിനുമായി 3.59 കോടി രൂപ ഇപ്പോള്‍ അനുവദിക്കേണ്ടിവന്നത്, യുഡിഎഫ് സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങളോട് പുലര്‍ത്തിയ അവഗണനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്ന് പ്രകടനപത്രികയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്ന കാര്യത്തിലും മറ്റും  സര്‍ക്കാര്‍  നടത്തിയ  മാതൃകാപരമായ പ്രവര്‍ത്തനം അതിന്റെ അടിസ്ഥാനത്തിലാണ്.   പട്ടികവിഭാഗക്കാരുടെയും മറ്റു പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിലെ മുന്‍കൈയും നിശ്ചയദാര്‍ഢ്യവുമാണ്  പട്ടികവിഭാഗങ്ങളുടെ വിവിധ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിക്കുന്നതില്‍ സ്വീകരിച്ച അടിയന്തര  നടപടികളിലൂടെ വ്യക്തമായത്. ദുര്‍ബല ജനവിഭാഗങ്ങളെ വോട്ടുബാങ്കുകളായി കണ്ട്, അവരില്‍ വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിഷബീജങ്ങള്‍ കുത്തിവയ്ക്കാനും  അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിപ്പറിക്കാനും വലതുപക്ഷ രാഷ്ട്രീയശക്തികള്‍ നിരന്തരം ശ്രമിക്കുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ ഇടപെടലിന് പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കുന്നത്. ഓണം മലയാളിയുടെ സമത്വസങ്കല്‍പ്പത്തിന്റെയും മാനവികചിന്തകളുടെയും മഹോത്സവമായി പുലരണമെങ്കില്‍ കാണം വിറ്റ് ഓണമുണ്ണേണ്ടിവരുന്ന ദുരവസ്ഥ ഒരാള്‍ക്കുമുണ്ടാകരുത്. അത്തരമൊരു നിര്‍ബന്ധമാണ് ദുര്‍ബല ജനവിഭാഗങ്ങളുടെ ഭവനങ്ങളില്‍ ഓണക്കിറ്റുമായി കടന്നുചെല്ലുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ തെളിഞ്ഞുകാണുന്നത്. ഇതിന് മുന്‍കൈയെടുത്ത സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയെയും ഞങ്ങള്‍ കലവറയില്ലാതെ അഭിനന്ദിക്കുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top