26 April Friday

സമത്വ സ്വപ്‌നങ്ങളുമായി വീണ്ടും ഓണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 8, 2022


കള്ളവും ചതിയുമില്ലാത്ത, പൊളിവചനങ്ങൾ എള്ളോളമില്ലാത്ത കാലത്തെക്കുറിച്ചുള്ള അനന്യമായ ഭാവനയാണ്‌ ഓണം. ഭേദഭാവങ്ങളൊന്നുമില്ലാതെ മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്‌നമാണത്‌.  സമത്വവും സാഹോദര്യവും കളിയാടുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയും. തീവ്രമായ സാമ്പത്തിക ചൂഷണവും മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭാഗീയതകളും നിറയുന്ന ലോകത്ത്‌ ഇങ്ങനെയൊരു സ്വപ്‌നംപോലും ഏറെ വിമോചനപരമാണ്‌. അതുകൊണ്ടുതന്നെ എത്രയോ കവികളെ, കഥാകൃത്തുക്കളെ ഗായകരെ, കലാപ്രവർത്തകരെ ഓണം പ്രചോദിപ്പിച്ചിട്ടുണ്ട്‌.  വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാർ എന്ന കവിതയിലെ ഈ വരികളൊന്നു നോക്കൂ:

അരിമയിലോണപ്പാട്ടുകൾ പാടി–-
പ്പെരുവഴി താണ്ടും കേവലരെ,പ്പൊഴു–-
മരവയർ പട്ടിണിപെട്ടവർ, കീറി–-
പ്പഴകിയ മഞ്ഞുകൾ ചിന്നിയ ഞങ്ങടെ
തലകളിൽ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ–-
മാളിയൊരോണപ്പൊൻകിരണങ്ങൾ.

മഴപ്പെയ്‌ത്തിന്റെയും വറുതിയുടെയും കർക്കടകം കഴിഞ്ഞ്‌ പ്രസന്നമായ ദിനങ്ങളിലേക്കാണ്‌ ഓണക്കാലം കൺതുറക്കുക. പ്രകൃതിപോലും ഓണത്തിനായി ഒരുങ്ങുന്നതാണ്‌ നമ്മുടെ അനുഭവം. കാട്ടുപുല്ലുകളിൽപ്പോലും പൂക്കൾ നിറയുന്ന കാലം. ആരും ശ്രദ്ധിക്കാതെ കുപ്പയിൽകിടക്കുന്ന തുമ്പയ്‌ക്കുപോലും മുറ്റത്തെ പൂക്കളത്തിലേക്ക്‌ പ്രവേശനം സിദ്ധിക്കുന്ന  കാലം. ദരിദ്രരിൽ  ഏറ്റവും ദരിദ്രരായവർപോലും നിറച്ചുണ്ണുന്ന കാലം.  ഈ ചിങ്ങത്തിലും കേരളമാകെ പെയ്യുന്ന പേമാരി നമ്മളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും ഓണത്തിന്റെ പൊലിമയ്‌ക്ക്‌ ഒട്ടും കുറവില്ല. 

മഹാബലിയെന്ന പ്രജാക്ഷേമതൽപ്പരനായ അസുരരാജാവിനെ വാമനാവതാരം പൂണ്ട മഹാവിഷ്‌ണു പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുന്നു.  പ്രിയപ്പെട്ട പ്രജകളെ കാണാൻ ആണ്ടിലൊരിക്കൽ തിരുവോണദിവസം വാമനൻ മഹാബലിക്ക്‌ അവസരം നൽകുന്നു.  ഓണസങ്കൽപ്പത്തിനു പിന്നിലെ ഐതിഹ്യമിതാണ്‌. മലയാളികളുടെ   ആഘോഷമാണെങ്കിലും മധുര അടക്കമുള്ള തമിഴ്‌നാടിന്റെ ഭാഗങ്ങളിൽ ഓണം ആഘോഷിച്ചിരുന്നതായി മധുരൈ കാഞ്ചിപോലുള്ള സംഘകാല കൃതികളിൽ പരാമർശമുണ്ട്‌. ഐതിഹ്യമായാലും ചരിത്രമായാലും തുല്യതയുടെയും ഒരുമയുടെയും ആഘോഷമായി മലയാളി ഉള്ളിടത്തെല്ലാം ജാതി മത ഭേദമില്ലാതെ ഓണം ആഘോഷിക്കുന്നുണ്ട്‌.  മലയാളിയുടെ ദേശീയ ഉത്സവമായി അത്‌ മാറുന്നു.

ഓണത്തെ വാമനജയന്തിയായി ആഘോഷിക്കാനുള്ള സംഘപരിവാർ ശ്രമം  ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ട്‌ മാത്രമുള്ളതാണ്‌. അതിനെ മതനിരപേക്ഷവാദികൾ കൂട്ടായി ചെറുക്കണം. രണ്ടു വർഷം തുടർന്ന കോവിഡിന്റെ അടച്ചിടലിന്റെ പരിമിതികളിൽ മുടങ്ങിപ്പോയ ഓണാഘോഷം ഇന്ന്‌ എല്ലാ ആഹ്ലാദത്തോടെയും ആവേശത്തോടെയുമാണ്‌ ആഘോഷിക്കുന്നത്‌.

രണ്ടാം പിണറായി സർക്കാരിന്റെ  ഇടപെടലുകൾ സമൃദ്ധമായി ഓണമാഘോഷിക്കാനുള്ള അവസരം ഒരുക്കുകയാണ്‌. കേന്ദ്രസർക്കാർ സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോഴും വിപണിയിലെ ഇടപെടലുകൾ വഴി വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിച്ചു. രാജ്യത്ത്‌ പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറിയത്‌ ഇത്തരം ഇടപെടലുകൾകൊണ്ടാണ്‌. ഇതുകൂടാതെയാണ്‌ 87 ലക്ഷം കുടുംബത്തിന്‌ സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റ്. 2,81,844 പേർക്ക്‌ മുൻഗണനാ റേഷൻകാർഡും നൽകി.  രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നത്‌  ആശ്വാസമേകുന്നു. 3200 രൂപവീതം 50.53 ലക്ഷം പേർക്കാണ്‌ വിതരണം ചെയ്യുന്നത്‌. നിരവധി ഗ്രാമങ്ങളിൽ പൂക്കൃഷി ആരംഭിച്ചതോടെ പൂക്കളത്തിനാവശ്യമായ തദ്ദേശീയമായി കൃഷിചെയ്‌ത പൂക്കൾ കുറച്ചെങ്കിലും ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്‌. പൂവിനായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്‌ ഗണ്യമായി കുറയ്‌ക്കാൻ ഇതുകൊണ്ടു കഴിയും.

ജനങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇടപെട്ടുകൊണ്ടാണ്‌ ഈ സർക്കാർ മുന്നേറുന്നത്‌. മൂന്നു ലക്ഷം വീട്‌ ലൈഫ്‌ പദ്ധതി വഴി പൂർത്തിയാക്കി. 5.64 ലക്ഷം ഗുണഭോക്താക്കൾ രണ്ടാംഘട്ടം പട്ടികയിലുണ്ട്‌. അടിസ്ഥാന സൗകര്യവികസനത്തിലും ഈ സർക്കാർ വലിയ കുതിപ്പ്‌ നടത്തുകയാണ്‌. മീറ്റ്‌ ദ ഇൻവെസ്റ്റർ പദ്ധതിയിൽ 7000 കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചിട്ടുണ്ട്‌. 20,000 പേർക്ക്‌ തൊഴിൽ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.   മാവേലിക്കാലമെന്ന സങ്കൽപ്പത്തെ പുനഃസൃഷ്ടിക്കാനുള്ള സർക്കാരിന്റെ പരിശ്രമങ്ങൾക്ക്‌ കേരളത്തിന്റെയാകെ പിന്തുണയുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top