28 November Tuesday

ഒമിക്രോൺ ഭീഷണി അതിജീവിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


കൊറോണ വൈറസിന്‌ ഇതുവരെ സംഭവിച്ച ജനിതകമാറ്റങ്ങളിൽ ഏറ്റവും അപകടകരമെന്ന്‌ വിലയിരുത്തപ്പെടുന്ന ഒമിക്രോൺ വകഭേദത്തിനെതിരെ ലോകരാഷ്‌ട്രങ്ങൾ കരുതലോടെ നീങ്ങുകയാണ്‌. നവംബർ ഒമ്പതിന്‌ ദക്ഷിണാഫ്രിക്കയിൽ ശേഖരിച്ച സാമ്പിളിൽ നടത്തിയ ജനിതക ശ്രേണീകരണത്തിൽ, മുമ്പുള്ള വകഭേദങ്ങളെ അപേക്ഷിച്ച്‌ അമ്പതോളം മാറ്റമാണ്‌ കണ്ടെത്തിയത്‌. 24ന് റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുമ്പോഴേക്കും യുകെ, ജർമനി, ഇസ്രയേൽ, ഇറ്റലി, ചെക്ക്‌ റിപ്പബ്ലിക്‌ തുടങ്ങി ലോകത്തിന്റെ പലഭാഗത്തും സമാന സ്വഭാവമുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അതിവ്യാപനശേഷി തെളിയിക്കപ്പെട്ട ഒമിക്രോണിന്റെ മറ്റ്‌ സവിശേഷതകൾ ജനിതക ശാസ്‌ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. മനുഷ്യകോശത്തിൽ പ്രവേശിക്കാൻ കൂടിയശേഷിയുള്ള പ്രോട്ടീൻഘടകത്തിലാണ്‌ ഏറ്റവുമധികം മാറ്റം ദൃശ്യമായത്‌. അതിവേഗ രോഗപ്പകർച്ചയ്‌ക്കാധാരമിതാണ്‌.

രൂപാന്തരം വന്ന വൈറസ്‌ കൂടുതൽ മാരകസ്വാഭാവം ആർജിച്ചിട്ടുണ്ടോയെന്ന്‌ നിരീക്ഷിച്ചുവരികയാണ്‌. എന്നാൽ, രോഗം നേരത്തേ വന്നവരിലും വാക്‌സിൻ എടുത്തവരിലും ഒമിക്രോൺ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളും ഇതേതരത്തിൽ വാക്‌സിനെ അതിജീവിച്ചിരുന്നെങ്കിലും അപകടാവസ്ഥ ഉണ്ടാക്കിയിരുന്നില്ല. പ്രതിരോധകുത്തിവയ്‌പിൽ പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലാണ്‌ പുതിയ വകഭേദം വേഗം പടർന്നത്‌. ഒപ്പം ജർമനി, ഇറ്റലി തുടങ്ങിയ വികസിതരാജ്യങ്ങളിലും ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്‌ ആശങ്ക വർധിപ്പിച്ചു. നിശ്‌ചിത കാലത്തിനുള്ളിൽ സാർവത്രിക കുത്തിവയ്‌പിലൂടെ വൈറസിനെ തുടച്ചുനീക്കുന്നതിൽ പരാജയപ്പെടുന്നതാണ്‌ തുടരെയുള്ള ജനിതകമാറ്റത്തിനും കൂടുതൽ ആപൽക്കരമായ രോഗാവസ്ഥയ്‌ക്കും കാരണമാകുന്നതെന്ന്‌ ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ റീജ്യണൽ ഡയറക്ടർ പൂനം ഖേത്രപാൽ സിങ് പറയുന്നു. തെക്കുകിഴക്ക് ഏഷ്യൻമേഖലയിൽ 31 ശതമാനത്തിന്‌ മാത്രമാണ്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ ലഭിച്ചത്‌. ഒരു ഡോഡ്‌മാത്രം ലഭിച്ചവർ 21 ശതമാനം. 48 ശതമാനവും വാക്‌സിൻ ലഭിക്കാത്തവരാണെന്ന്‌ ഡോ. പൂനം സാക്ഷ്യപ്പെടുത്തുന്നു. വാക്‌സിൻ വിതരണത്തിലുള്ള അസമത്വവും ലാഭക്കണ്ണുമാണ് ഈ ദുരവസ്ഥയ്‌ക്ക്‌ കാരണം.

യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്‌ വ്യാപനവും മരണവും വർധിക്കുന്നതിനിടയിൽ പുതിയ വകഭേദംകൂടി സ്ഥിരീകരിച്ചതോടെ എല്ലാ രാഷ്‌ട്രവും കടുത്ത നിയന്ത്രണങ്ങളിലേക്ക്‌ നീങ്ങി. വിമാന സർവീസുകളുടെ നിയന്ത്രണം നിലവിൽവന്നു. വീണ്ടുമൊരു അടച്ചിടൽ അനിവാര്യമാകുമോയെന്ന ആശങ്കയിലാണ്‌ ലോകം. ഇന്ത്യയാകട്ടെ വിമാന സർവീസ്‌ പുനരാരംഭിക്കാനുള്ള തീരുമാനം നിർത്തിവയ്‌ക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക്‌ നീങ്ങുകയാണ്‌. ഡെൽറ്റ വകഭേദമാണ്‌ ഒന്നാം ഘട്ടത്തേക്കാൾ കൂടുതൽ രോഗവ്യാപനത്തിന്‌ ഇന്ത്യയിൽ വഴിവച്ചതെന്നതിനാൽ ഒമിക്രോണിന്റെ വരവിനെ ഏറെ ജാഗ്രതയോടെ കാണേണ്ടതുണ്ട്‌. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചിന്റെ പ്രഖ്യാപനം ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകരും. 121 കോടി വാക്‌സിൻ ഇന്ത്യയിൽ നൽകിക്കഴിഞ്ഞെങ്കിലും ഉയർന്ന ജനസംഖ്യയും ജീവിതശൈലീ രോഗങ്ങളുടെ ആധിക്യവും പ്രതികൂല ഘടകങ്ങളാണ്‌. ഇനിയൊരു തരംഗവും അടച്ചിടലും സമ്പദ്‌ഘടനയുടെ സമ്പൂർണ തകർച്ചയ്‌ക്കാണ്‌ വഴിവയ്‌ക്കുക. അതുകൊണ്ടുതന്നെ, ഒമിക്രോൺ ഇന്ത്യയിലെത്താതിരിക്കാനുള്ള നടപടികളാണ്‌ അനിവാര്യം.

പുറത്തുനിന്നെത്തുന്നവരെ പരിശോധനയ്‌ക്കും സമ്പർക്കവിലക്കിനും വിധേയരാക്കി ഏതുവിധേനയും രോഗപ്പകർച്ച തടയണം. കേന്ദ്ര മാർഗനിർദേശങ്ങൾ ശരിയായ നിലയിൽ പാലിക്കാനും വിവേചനരഹിതമായി നടപ്പാക്കാനും എല്ലാ സംസ്ഥാനവും തയ്യാറാകണം. കേരളത്തോട്‌ മുമ്പ്‌ ചിലഘട്ടങ്ങളിൽ അയൽ സംസ്ഥാനങ്ങൾ സ്വീകരിച്ച നിലപാടുകൾ പ്രയാസം ഉണ്ടാക്കുന്നതായിരുന്നു. ഇത്തരം അനുഭവങ്ങൾ ഇനിയുണ്ടായിക്കൂടാ. സ്‌കൂൾ പൂർണസമയമാക്കുന്നതുൾപ്പെടെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുമ്പോഴാണ്‌ വീണ്ടുമൊരു അനിശ്‌ചിതാവസ്ഥ ഉടലെടുക്കുന്നത്‌. സ്ഥിതിഗതികൾ വിലയിരുത്തി യുക്തിസഹമായ തീരുമാനമെടുത്ത്‌ മുന്നോട്ടുപോകുക മാത്രമാണ്‌ പോംവഴി. നൂറു ശതമാനത്തിനടുത്തെത്തിയ കുത്തിവയ്‌പ്‌ കേരളത്തിന്‌ ആത്മവിശ്വാസം പകരുന്നുണ്ട്‌. പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ വൈകാതെ പുറത്തിറക്കുമെന്ന പ്രമുഖ ഉൽപ്പാദകരുടെ പ്രഖ്യാപനവും ആശ്വാസകരമാണ്‌. അതീവ ജാഗ്രതയോടെ, പുതിയ ഭീഷണിയെയും അതിജീവിക്കാനുള്ള ഒത്തൊരുമിച്ച പ്രവർത്തനമാണ്‌ ഇനിയങ്ങോട്ടും ഉണ്ടാകേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top