26 April Friday

അതീവ ജാഗ്രത തുടരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തിലേക്ക്‌ വളർന്നു എന്നാണ്‌ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന പുതിയ വാർത്ത. വിവിധ മെട്രോ നഗരങ്ങൾ ഒമിക്രോൺ വൈറസിന്റെ പിടിയിലേക്കു നീങ്ങുകയാണെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിദഗ്‌ധർ മുന്നറിയിപ്പ്‌ തന്നിരിക്കുകയാണ്‌.

കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിൽ മെട്രോ നഗരങ്ങളിൽ രോഗവ്യാപനം തീവ്രമാകുമ്പോൾ അതീവജാഗ്രത പാലിക്കേണ്ടത്‌ കേരളമാണ്‌. പ്രവാസികളും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന നാടാണ്‌ നമ്മുടേത്‌. ജനസാന്ദ്രത കൂടിയ, ഗ്രാമ–-നഗര അന്തരം കുറവുള്ള പ്രദേശമെന്ന നിലയ്‌ക്ക്‌ കേരളത്തിൽ വ്യാപനം ഇനിയും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട്‌ ജനങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ട്‌. ഞായറാഴ്‌ചയിലെ അടച്ചിടലിനു സമാനമായ നിയന്ത്രണം, ചടങ്ങുകളിൽ സംബന്ധിക്കുന്ന വരുടെ എണ്ണം പരിമിതപ്പെടുത്തൽ, വാണിജ്യസ്ഥാപന ങ്ങളിലെ സമയക്രമം കുറയ്‌ക്കൽ തുടങ്ങിയ നിർദേശങ്ങൾ ജനങ്ങളുടെ പിന്തുണയോടെ ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കുന്നുണ്ട്‌. ഞായറാഴ്‌ചത്തെ തിരക്കൊഴിഞ്ഞ നിരത്തുകളും അടച്ചിട്ട കമ്പോളങ്ങളുമെല്ലാം സർക്കാർ നിർദേശങ്ങളെ ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ്‌. സാമൂഹ്യമായ നിയന്ത്രണങ്ങൾക്കൊപ്പം വ്യക്തിഗതമായ നിയന്ത്രണങ്ങളും പാലിച്ചേ തീരൂ. മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ, കൈകൾ വൃത്തിയാക്കൽ തുടങ്ങിയവയിൽ ഒട്ടും അലംഭാവം പാടില്ല. വ്യാപനശേഷി കൂടുതലായതു കൊണ്ടുതന്നെ പ്രായമേറിയവരിലും പ്രമേഹം, രക്താതിമർദം എന്നീ ജീവിതശൈലീരോഗം ഉള്ളവരിലും ഒമിക്രോൺ സൃഷ്ടിക്കാൻ സാധ്യതയുള്ള അപകടത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. കരുതൽ നടപടികളിൽ അലംഭാവം കാണിക്കാതിരുന്നതുകൊണ്ടു മാത്രമാണ്‌ മരണനിരക്ക്‌ ഒരു ശതമാനത്തിൽ താഴെയായി പിടിച്ചുനിർത്താൻ ഇപ്പോഴും കേരളത്തിനു സാധിക്കുന്നത്‌.

ഡെൽറ്റ വൈറസിനെ അപേക്ഷിച്ച്‌ ഒമിക്രോൺ വകഭേദം സൃഷ്ടിക്കുന്ന അപകടം താരതമ്യേന കുറവാണെങ്കിലും അതിന്റെ വ്യാപനശേഷി കൂടുതലാണ്‌. രോഗലക്ഷണങ്ങളിലും വ്യത്യാസമുണ്ട്‌. കൊറോണ എന്നത്‌ ആർഎൻഎ വൈറസ്‌ ആണ്‌. അത്തരം വൈറസുകൾ നിരന്തരം ജനിതക വ്യതിയാനങ്ങൾക്ക്‌ വിധേയമാകും. മറ്റുള്ളവരിലേക്കു പകരാൻ ശേഷിയില്ലാത്ത വ്യതിയാനങ്ങൾ നശിച്ചുപോകും. അല്ലാത്തവ നിലനിൽക്കും. വിവിധ രാജ്യങ്ങളിലെ അത്തരം വൈറസ്‌ വ്യതിയാനങ്ങളെ ലോകാരോഗ്യസംഘടന സദാ നിരീക്ഷിക്കുകയും അവയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്‌. അത്തരം വ്യതിയാനങ്ങളിൽ അപകട സാധ്യതയുണ്ടെന്ന്‌ സംശയിക്കുന്നതാണ്‌ ഒമിക്രോൺ. വാക്‌സിനിലൂടെയും രോഗം വന്നും ലഭിക്കുന്ന പ്രതിരോധ ശേഷിയെ ഭാഗികമായി ഇത്‌ ദുർബലമാക്കും.

വസൂരിയെ ശാസ്‌ത്രലോകത്തിനു പൂർണമായും നിർമാജനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്‌. പോളിയോ വൈറസിനെ പൂർണമായി നിർമാർജനം ചെയ്യാൻ സാധിച്ചിട്ടില്ല. അതിന്റെ സാന്നിധ്യം അപൂർവമായെങ്കിലുമുണ്ട്‌. വാക്‌സിനും ആന്റിവൈറസുകളും കണ്ടെത്തിയ സ്ഥിതിക്ക്‌ ഈ ഒമിക്രോൺ അടക്കമുള്ള വകഭേദങ്ങളെ നിർമാർജനം ചെയ്യാൻ സാധിക്കുമെന്ന ശുഭാപ്‌തി വിശ്വാസം ലോകത്തിനുണ്ട്‌. വാക്‌സിൻ എടുത്തവരിൽ വൈറസ്‌ കാര്യമായ ആഘാതം സൃഷ്ടിക്കുന്നില്ല എന്നതും നമ്മുടെ അനുഭവമാണ്‌. പൊടുന്നനെ വ്യാപിച്ച്‌ കെട്ടടങ്ങുന്നതോടെ വൈറസ്‌ ഭീഷണി കുറയുമെന്ന പ്രതീക്ഷ ലോകത്തിനുണ്ട്‌. എന്നാൽ, വാക്‌സിൻ അസമത്വം നിലനിൽക്കുന്നത്‌ ഈ വൈറസുകളെ ആഗോളമായിത്തന്നെ നിയന്ത്രിക്കുന്നതിന്‌ തടസ്സം നിൽക്കുകയാണ്‌. സമ്പന്നരാജ്യങ്ങൾ മറ്റു രാജ്യങ്ങൾക്ക്‌ വാക്‌സിൻ നൽകുന്നതിൽ കാണിക്കുന്ന വിവേചനം പ്രധാന പ്രശ്‌നമാണ്‌. കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന്‌ വാക്‌സിൻ ഡോസുകൾ അമേരിക്ക നശിപ്പിച്ചത്‌ ഈ വാക്‌സിൻ വിവേചനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്‌. രോഗനിയന്ത്രണത്തിൽ കേരളം തുടരുന്ന ജാഗ്രത ഏത്‌ അർഥത്തിലും അഭിനന്ദനാർഹമാണ്‌. വാക്‌സിനേഷന്റെ കാര്യത്തിൽ പ്രത്യേകിച്ച്‌.

മുതിർന്നവരിൽ നൂറുശതമാനം പേർക്കും ഒന്നാം ഡോസ്‌ വാക്‌സിൻ നൽകി. രണ്ടാം ഡോസ്‌ ലക്ഷ്യത്തിലേക്ക്‌ കേരളം നടന്നടുക്കുകയാണ്‌. കുട്ടികളിലും വാക്‌സിനേഷൻ പുരോഗമിക്കുന്നു. ജനങ്ങളുടെ പൂർണമായ സഹകരണംകൊണ്ടു മാത്രമാണ്‌ ഈ നേട്ടം കൈവരിക്കാൻ കേരളത്തിനായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top