21 September Thursday

ലോകം ഒമിക്രോൺ ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 3, 2022

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തെ വീണ്ടും ആശങ്കയിലേക്ക് തള്ളിയിടുന്നതു കണ്ടുകൊണ്ടാണ് 2021 വിടവാങ്ങിയത്. പുതുവർഷം ലോകത്തെവിടെയും ഒമിക്രോൺ കരിനിഴലിലായി. രണ്ടുവർഷത്തോളമായി മാനവരാശിയെ വിറപ്പിച്ച ഈ  കുഞ്ഞൻ വൈറസ് അടങ്ങിയെന്ന് കരുതി ലോകം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് പുതിയ വകഭേദത്തിന്റെ ഭീഷണി. ഒമിക്രോൺ എത്രത്തോളം അപകടകാരിയെന്ന് ഇനിയും വ്യക്തത വരേണ്ടതുണ്ടെങ്കിലും ഗൗരവത്തോടെ കാണണമെന്നും ഏറ്റവും മോശമായ സ്ഥിതിതന്നെ ഉണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പുകൾ വേണ്ടുവോളമുണ്ട്. കോവിഡ് സുനാമിതന്നെ സംഭവിച്ചേക്കാമെന്ന്   ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് പോയവാരം പറയുകയുണ്ടായി.

ഡെൽറ്റ വകഭേദത്തിന്റെയത്ര ഭീകരതയുണ്ടാകില്ലെങ്കിലും ഒമിക്രോൺ അസാധാരണ വേഗത്തിൽ പടരുമെന്നാണ് ഇതുവരെയുള്ള സൂചന. ആശുപത്രി സംവിധാനങ്ങളൊക്കെ പ്രതിസന്ധിയിലാകാം. അതുകൊണ്ടാണ്, കരുതൽ വേണമെന്ന തുടർച്ചയായ മുന്നറിയിപ്പുകൾ. ഒമിക്രോണിന്  ഡെൽറ്റയേക്കാൾ മൂന്നിരട്ടി വേഗതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഒമിക്രോൺ പല രാജ്യത്തും വ്യാപിക്കുമ്പോഴും ഡെൽറ്റ പൂർണമായും പിൻവാങ്ങിയിട്ടുമില്ല. ഒരേ സമയം രണ്ടു വകഭേദത്തിന്റെ ഭീഷണിയെന്ന് ചുരുക്കം.
അമേരിക്കയിലും ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദവും കോവിഡ് രോഗികളുടെ എണ്ണവും വർധിച്ചുവരികയാണ്. നൂറ്റി പതിനഞ്ചോളം രാജ്യങ്ങളിൽ ഇതിനകം ഒമിക്രോൺ എത്തിയിട്ടുണ്ട്.  അമേരിക്കയിൽ  ഡിസംബർ 27ന് ഒറ്റ ദിവസം അഞ്ചര ലക്ഷത്തോളം കോവിഡ് ബാധിതർ. ഒരാഴ്ചത്തെ കണക്കെടുത്താൽ പ്രതിദിനം ശരാശരി 2,40, 400 രോഗികൾ. യൂറോപ്പിൽ ബ്രിട്ടൻ, ഡെൻമാർക്ക്, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിലും കോവിഡ് കൂടുകയാണ്. ഡിസംബർ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയിൽ  ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 11 ശതമാനം വർധിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു.

വാക്സിൻ എടുത്തവരെയും നേരത്തേ കോവിഡ് വന്നുപോയവരെയും ഒമിക്രോൺ പിടികൂടുന്നുണ്ട്. എന്നാൽ, ഇവരെ ആശുപത്രിയിൽ  പ്രവേശിപ്പിക്കേണ്ടി വരുന്നില്ലെന്നാണ് ആഫ്രിക്കയിൽനിന്നും യുകെയിൽനിന്നുമുള്ള റിപ്പോർട്ടുകളിൽ കാണുന്നത്.  ഇതെല്ലാം ആദ്യ സൂചനകൾമാത്രം. എല്ലാവരും കരുതലോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വാക്സിനേഷൻ ഉറപ്പാക്കുകയുമാണ് പ്രധാനം. ആഫ്രിക്കൻ രാജ്യങ്ങളിലടക്കം ഒട്ടേറെ ദരിദ്ര രാജ്യങ്ങളിൽ ചെറിയൊരു ശതമാനത്തിനേ വാക്സിൻ ലഭിച്ചിട്ടുള്ളൂ.

ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. ഡിസംബർ 31ന് പ്രതിദിന കോവിഡ് ബാധിതർ 22, 775. ഒക്ടോബറിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നത് ഇതാദ്യം. രാജ്യത്ത് ജനുവരി രണ്ടുവരെ 1500 ലേറെ പേരിൽ  ഒമിക്രോൺ വകഭേദവും കണ്ടെത്തി.  മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ. 23 സംസ്ഥാനത്ത്‌ ഒമിക്രോൺ എത്തിയിട്ടുണ്ട്. പല സംസ്ഥാനത്തും കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിച്ചുവരികയാണ്. യാത്രാ ചരിത്രമൊന്നുമില്ലാത്തവരിലും രാജ്യാന്തര യാത്രക്കാരുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവരിലും ഒമിക്രോൺ കാണുന്നുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ലോക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏതു സ്ഥിതിയും നേരിടാൻ ഇന്ത്യയിൽ മുന്നൊരുക്കം വേണം.

 കൂടുതൽ ഐസൊലേഷൻ കിടക്കകൾ, താൽക്കാലിക ആശുപത്രികൾ, കുട്ടികൾക്ക് പ്രത്യേക സംരക്ഷണ കേന്ദ്രങ്ങൾ, വീടുകളിൽ ക്വാറന്റൈൻ സൗകര്യം എന്നിവ ഉറപ്പാക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. കത്തുകൊണ്ടുമാത്രം കാര്യമായില്ല. ധനപരമടക്കം  സംസ്ഥാനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്തു കൊടുക്കണം.  കേരളം എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുസജ്ജമായ പൊതുജനാരോഗ്യ സംവിധാനം കേരളത്തിന്‌ കരുത്താകുമ്പോൾ ഇന്ത്യയിലെ മറ്റു പല സംസ്ഥാനത്തും അതില്ലെന്നതാണ് ആശങ്ക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top