28 March Thursday

ഒരുമിച്ച്‌ മുന്നേറാം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021



കോവിഡ്‌ മഹാമാരിയുടെ കാലത്തെ ഒളിമ്പിക്‌സിന്‌ ജാപ്പനീസ്‌ തലസ്ഥാനമായ ടോക്യോ വേദിയാകുന്നു. 1964ൽ ആതിഥേയരായിരുന്നു. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തെ ഒരു ഏഷ്യൻരാജ്യം രണ്ടുതവണ വരവേൽക്കുന്നത്‌ ആദ്യമാണ്‌. ഇതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത ഒട്ടേറെ സവിശേഷതകൾ ഇക്കുറിയുണ്ട്‌. കഴിഞ്ഞവർഷമാണ്‌ ഒളിമ്പിക്‌സ്‌ നടക്കേണ്ടിയിരുന്നത്‌. കോവിഡുമൂലം ഈ വർഷത്തേക്ക്‌ മാറ്റുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, മഹാമാരി ഒഴിഞ്ഞുപോയില്ല. കൂടുതൽ വിഷമങ്ങളുണ്ടാക്കി ലോകത്തെയാകെ വരിഞ്ഞുമുറുക്കിയിരിക്കുന്നു.

ഇന്നുമുതൽ 17 ദിവസമാണ്‌ മുപ്പത്തിരണ്ടാമത്തെ ഒളിമ്പിക്‌സ്‌. കാണികളില്ലാത്ത ഒളിമ്പിക്‌സ്‌ എന്നതാണ്‌ പ്രധാന സവിശേഷത. പുതിയ സമയവും ദൂരവും ഉയരവും തേടിയുള്ള പോരാട്ടങ്ങൾ ഒഴിഞ്ഞ സ്‌റ്റേഡിയങ്ങൾ സാക്ഷിയാക്കിയാകും. പങ്കെടുക്കുന്ന കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും കടുത്ത നിയന്ത്രണമുണ്ട്‌. ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും ഒളിമ്പിക്‌സ്‌ നൽകുന്ന സന്ദേശം മഹത്തരമാണ്‌. പ്രത്യേക സാഹചര്യത്തിൽ ഒളിമ്പിക്‌സ്‌ മുദ്രാവാക്യംതന്നെ പുതുക്കിയാണ്‌ രാജ്യാന്തര ഒളിമ്പിക്‌സ്‌ കമ്മിറ്റി പ്രതികരിച്ചത്‌. കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്നതിനൊപ്പം ഒരുമിച്ച്‌ എന്ന വാക്കുകൂടി കൂട്ടിച്ചേർത്തു. 1924ലെ പാരീസ്‌ ഒളിമ്പിക്‌സ് മുതലാണ്‌ ഒളിമ്പിക്‌സ്‌ മുദ്രാവാക്യം ഉപയോഗിച്ചുതുടങ്ങിയത്‌. ലാറ്റിൻ വാക്കുകളായ സിറ്റിയസ്‌( faster), അൾട്ടിയസ്‌ (higher), ഫോർട്ടിയസ്‌ (stronger) എന്നിവയ്‌ക്കൊപ്പം ഒന്നിച്ച്‌ എന്നർഥം വരുന്ന കമ്യൂണിസ്‌ (together) ആണ്‌ ചേർത്തത്‌. മഹാമാരിയെ ഒരുമിച്ച്‌ നേരിട്ട്‌ ഒളിമ്പിക്‌സ്‌ ചരിത്രസംഭവമാക്കാമെന്ന ആത്മവിശ്വാസമാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌.

കൂട്ടായ്‌മയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ്‌ ഒളിമ്പിക്‌സ്‌ വിളംബരം ചെയ്യുന്നത്‌. വർണവും ദേശവും അപ്രസക്തമാകുന്ന സംഗമം. സ്‌നേഹവും സൗഹൃദവും സന്തോഷവും നിറയേണ്ട വേദിയിൽ ഇക്കുറി ആശങ്കയുടെയും ഭയത്തിന്റെയും സാന്നിധ്യമുണ്ടെന്ന്‌ പറയാതിരിക്കാനാകില്ല. മനുഷ്യൻ മനുഷ്യനെ ഭയപ്പെടുന്ന ലോകസാഹചര്യം ടോക്യോയെയും അസ്വസ്ഥമാക്കുന്നു. ജാപ്പനീസ്‌ ജനത ഭൂരിപക്ഷവും ഇപ്പോൾ ഒളിമ്പിക്‌സ്‌ നടത്തുന്നതിന്‌ എതിരാണ്‌. ആരോഗ്യപ്രവർത്തകരും അവർക്കൊപ്പമുണ്ട്‌. തെരുവിൽ പ്രതിഷേധം കനക്കുന്നു. ഒടുവിൽ ഒളിമ്പിക്‌സ്‌ ഗ്രാമത്തിലും വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്‌തു. കളിക്കാരും കോവിഡ്‌ ബാധിതരായി. എന്നാൽ, ഈ പ്രതിസന്ധിഘട്ടത്തിലാണ്‌ പരസ്‌പര സാന്ത്വനമായി ലോകമാകെ ഒന്നിച്ചുനിൽക്കേണ്ടതെന്ന്‌ ഒളിമ്പിക്‌സ്‌ കമ്മിറ്റി ഓർമിപ്പിക്കുന്നു.

ആധുനിക ഒളിമ്പിക്‌സ്‌ ഒന്നേകാൽനൂറ്റാണ്ട്‌ പിന്നിട്ടപ്പോൾ രൂപവും ഭാവവും മാറിയിരിക്കുന്നു. കളികളും കളിക്കളങ്ങളും മാറി. പരസ്യവും വിപണിയും ഒഴിവാക്കാനാകാത്ത സാന്നിധ്യമായി. ഓരോ ഒളിമ്പിക്‌സ്‌ സംഘാടനവും അതത്‌ രാജ്യത്തിന്റെ മുന്നോട്ടുപോക്കിൽ നിർണായകമായി. കളിക്കൊപ്പം സാമ്പത്തികവും രാഷ്‌ട്രീയവുമെല്ലാം ഇഴചേർന്നിരിക്കുന്നു. ജപ്പാനും ചിലതെല്ലാം തെളിയിക്കാനുണ്ട്‌, ലോകത്തോട്‌ പറയാനുണ്ട്‌. തകർന്നുപോയൊരു രാജ്യത്തെ കൈപിടിച്ചുയർത്തിയ ചരിത്രമാണ്‌ അവർക്കുള്ളത്‌. യുദ്ധങ്ങൾമാത്രമേ ഒഴിഞ്ഞിട്ടുള്ളൂ. ഭൂകമ്പങ്ങളും സുനാമിത്തിരകളുമായി വെല്ലുവിളികൾ അവസാനിക്കുന്നില്ല. എല്ലാം അതിജീവിക്കാൻ പഠിച്ചാണ്‌ ജപ്പാൻ ലോകരാജ്യങ്ങൾക്കുമുന്നിൽ നിൽക്കുന്നത്‌. അതുകൊണ്ടുതന്നെ അവർക്ക്‌ ഈ കളി ജയിച്ചേ പറ്റൂ.

1896ൽ ആധുനിക ഒളിമ്പിക്‌സിന്‌ ഏതൻസ്‌ വേദിയാകുമ്പോൾ 14 രാജ്യങ്ങളും 241 കായികതാരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്‌. നാലുവർഷത്തിലൊരിക്കലെത്തുന്ന ഒളിമ്പിക്‌സിൽ ഇക്കുറി 206 രാജ്യങ്ങളിലെ പതിനൊന്നായിരത്തോളം കായികതാരങ്ങൾ സംഗമിക്കും. 42 വേദിയിൽ 33 കായിക ഇനത്തിലായി 339 മത്സരം. ഈ വേദിയിൽ ഇന്ത്യയുമുണ്ട്‌. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. 127 കായികതാരങ്ങളടക്കം 228 പേർ. മെഡൽപ്രതീക്ഷ ഇല്ലാതില്ല. ഇതുവരെ ആകെ നേടാനായത്‌ 28 മെഡലാണ്‌. ഒമ്പത്‌ സ്വർണവും ഏഴ്‌ വെള്ളിയും 12 വെങ്കലവും. എട്ട്‌ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ ചരിത്രം പുരുഷന്മാരുടെ ഹോക്കി ടീമിനുണ്ട്‌. 2008 ബീജിങ്ങിൽ അഭിനവ്‌ ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയതാണ്‌ ഏക വ്യക്തിഗത സ്വർണം. ഇക്കുറി കേരളത്തിന്റെ അഭിമാനമായി ഒമ്പത്‌ താരങ്ങളുണ്ട്‌. 1976നുശേഷം മലയാളി വനിതകൾ ഇല്ലാത്ത ആദ്യ ഒളിമ്പിക്‌സുംകൂടിയാണ്‌.

ഓരോ ഒളിമ്പിക്‌സിനെയും ത്രസിപ്പിച്ചവർ എത്രയെത്രപേരാണ്‌. ജെസ്സി ഓവൻസിനെയും പാവോ നൂർമിയെയും കാൾ ലൂയിസിനെയും നാദിയ കൊമനേച്ചിയെയും ഓർക്കാതെ എന്ത്‌ ഒളിമ്പിക്‌സ്‌. ഫ്ലോറൻസ്‌ ഗ്രിഫ്‌ത് ജോയ്‌നറും സെർജി ബുബ്‌കയും മൈക്കൽ ഫെൽപ്‌സും ഉസൈൻ ബോൾട്ടും നിറഞ്ഞൊഴുകിയ വേദി. അവിടേക്കാണ്‌ പുതിയ നിരയെത്തുന്നത്‌. ഓവറോൾ കിരീടത്തിൽ അമേരിക്കയെ വെല്ലുവിളിച്ച്‌ ചൈനയും ബ്രിട്ടനുമുണ്ട്‌. ആതിഥേയരായ ജപ്പാനും വെല്ലുവിളി ഉയർത്തും. കാത്തിരിക്കാം, പുതിയ താരോദയങ്ങൾക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top