01 October Sunday

വഞ്ചിക്കപ്പെട്ട ജനത

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ഇന്ത്യൻ ജനത ആവർത്തിച്ച്‌ വഞ്ചിക്കപ്പെടുന്നതിന്റെ  ദൃഷ്ടാന്തങ്ങളാണ്‌ ഓരോ ട്രെയിൻ ദുരന്തവും.  മുന്നൂറോളം പേരുടെ ദാരുണ മരണത്തിന്‌ കാരണമായ ഒഡിഷയിലെ ട്രെയിൻ ദുരന്തം ഈ രാജ്യം അതിന്റെ പൗരന്മാരുടെ സുരക്ഷയെ എത്രമാത്രം അവഗണിക്കുന്നു എന്നതിന്റെ വാചാലമായ തെളിവുകളാണ്‌. 275 ആണ്‌ ഔദ്യോഗിക മരണസംഖ്യയെങ്കിലും അതിലും എത്രയോ കൂടുതലാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ.

ശുഭയാത്ര നേർന്ന്‌ യാത്രയാക്കിയവർക്ക്‌ തങ്ങളുടെ ഉറ്റവരുടെ മൃതദേഹം തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥ.  അലക്ഷ്യമായി  മൃതദേഹങ്ങൾ വാഹനങ്ങളിലേക്ക്‌ വലിച്ചെറിയുന്ന കാഴ്‌ച ഒരുപക്ഷേ ലോകത്ത്‌ ഇന്ത്യയിൽ മാത്രമായിരിക്കും കാണാനാകുക. മൃതദേഹത്തോടുപോലും അനാദരവ്‌ കാണിക്കുന്ന ഒരു രാജ്യമായിട്ടായിരിക്കും ലോകം ഇന്ത്യയെ ഇനി കാണുക.

4000 യാത്രക്കാരുള്ള രണ്ട്‌ ട്രെയിനും ഒരു ചരക്കുവണ്ടിയുമാണ്‌ അപകടത്തിൽപ്പെട്ടത്‌. ബഹനാഗ റെയിൽവേ സ്‌റ്റേഷനിൽ  കോറമാൻഡൽ എക്‌സ്‌പ്രസ്‌ സിഗ്നൽ തെറ്റി ലൂപ്പ്‌ലൈനിൽ നിർത്തിയിട്ട ചരക്കുവണ്ടിയുടെ പിന്നിലേക്ക്‌ ഇടിച്ചുകയറുകയും  പ്രധാന പാളങ്ങളിലേക്ക്‌ തെറിച്ച കോറമാൻഡൽ എക്‌സ്‌പ്രസിന്റെ ബോഗികളിലേക്ക്‌, അൽപ്പസമയം കഴിഞ്ഞുവന്ന ഹൗറ എക്‌സ്‌പ്രസ്‌ കൂട്ടിയിടിക്കുകയും ചെയ്‌താണ്‌ ദുരന്തമുണ്ടായത്‌. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ അപൂർവ സംഭവം.

സിഗ്നൽ സംവിധാനം പാളിയെന്ന്‌  തൽക്കാലത്തേക്ക്‌ കൈകഴുകാൻ പറഞ്ഞെങ്കിലും  അക്കാര്യത്തിലും അവ്യക്‌തത തുടരുകയാണ്‌. അയൽരാജ്യം നടത്തിയ അട്ടിമറി എന്നൊന്നും പറഞ്ഞിട്ടില്ല എന്നതുതന്നെ വലിയ കാര്യം. എന്നാൽ, ഈ ദുരന്തത്തിന്‌ ഉത്തരവാദികളെ തേടിയുള്ള അന്വേഷണം ചെന്നെത്തുക ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൽ തന്നെയാകുമെന്ന്‌ നിസ്സംശയം പറയാം.  

ശരീരത്തിലെ രക്തക്കുഴലുകൾ പോലെ വിന്യസിക്കപ്പെട്ട പൊതുഗതാഗത സംവിധാനമാണ്‌  ഇന്ത്യൻ റെയിൽവേ.  പ്രതിദിനം രണ്ടരക്കോടി ജനങ്ങളെ വഹിക്കുന്നുണ്ട്‌ നമ്മുടെ ട്രെയിനുകൾ.  രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും നൂറ്റാണ്ടിലധികമായി റെയിൽവേ നൽകുന്ന സംഭാവനകൾ ചെറുതല്ല. എന്നാൽ, റെയിൽവേയുടെ ആസ്‌തികൾ, അവ ബോഗികളായാലും വരുമാനമുള്ള റൂട്ടുകളായാലും റെയിൽവേ സ്‌റ്റേഷനുകളായാലും റെയിൽവേ ഭൂമി ആയാലും സ്വകാര്യവ്യക്തികൾക്ക്‌ കൈമാറുന്ന പ്രക്രിയ ശക്തമായതോടെയാണ്‌ ദുരന്തങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം  ആവർത്തിക്കുന്നത്‌. നേരത്തേ രാജ്യത്തിന്റെ പൊതുബജറ്റ്‌ അവതരിപ്പിക്കുന്നതിന്റെ തൊട്ടുതലേന്ന്‌ സാമ്പത്തിക സർവേ റിപ്പോർട്ടും അതിന്‌ ഒരു  ദിവസംമുമ്പ്‌ റെയിൽ  ബജറ്റും  അവതരിപ്പിക്കുന്ന രീതിയാണ്‌ ഉണ്ടായിരുന്നത്‌. മോദി സർക്കാർ അധികാരത്തിലേറിയതോടെ പ്രത്യേകമായ റെയിൽ ബജറ്റ്‌ വേണ്ടെന്നു വച്ചു. 

പതിറ്റാണ്ടുകളായി നടക്കുന്ന ഒരു പ്രക്രിയക്കാണ്‌ അതോടെ അന്ത്യമായത്‌.  സാധാരണ മനുഷ്യർ ആശ്രയിക്കുന്ന പൊതുമേഖലയിലെ പൊതുഗതാഗത സംവിധാനമെന്ന നിലയ്‌ക്ക്‌  റെയിൽവേയുടെ വികസനത്തിനും സുരക്ഷയ്‌ക്കും   ബിജെപി സർക്കാർ എത്രത്താളം പരിഗണന നൽകുന്നുവെന്നത്‌ ഇതിൽനിന്ന്‌ മനസ്സിലാക്കാം.

മനുഷ്യരുടെ ശ്രദ്ധ അനിവാര്യമായും ചെന്നെത്തേണ്ട പല സാങ്കേതിക മേഖലകളിലും നിയമനങ്ങൾ നിരോധിക്കുന്ന നയം തന്നെയാണ്‌ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതിനു പിന്നിൽ.  മൊത്തം 3.14 ലക്ഷം തസ്‌തികയാണ്‌ ഒഴിച്ചിട്ടിരിക്കുന്നത്‌. മൊത്തം അംഗീകരിക്കപ്പെട്ട തസ്‌തികയുടെ 21 ശതമാനമാണ്‌ ഇത്‌.  നിയമന നിരോധനം പ്രഖ്യാപിച്ചുനടപ്പാക്കാൻ ഉത്സാഹം കാണിക്കുന്ന കേന്ദ്രഭരണക്കാർ ഈ കണക്കുകൂടി ഒന്നു ശ്രദ്ധിക്കണം.   സുരക്ഷയുടെ ചുമതലയുള്ള ജീവനക്കാരുടെ തസ്‌തികകളിലും കൃത്യമായ നിയമനം നടക്കുന്നില്ല എന്ന കാര്യം ഭീതിയോടെയേ കാണാനാകൂ.   ഈ ഒഴിവുകൾ നികത്താൻ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല ബിജെപി സർക്കാർ. അത്യാവശ്യ കാര്യങ്ങൾക്കായി താൽക്കാലിക നിയമനമാണ്‌ നടക്കുന്നത്‌. അതുതന്നെ ബിജെപി നേതാക്കളുടെ ഇഷ്ടക്കാർക്ക്‌ മാത്രമായുള്ള പദ്ധതിയും. ഒരു പ്രൊഫഷണൽ യോഗ്യതയുമില്ലാത്ത ആളുകളാണ്‌ താൽക്കാലികക്കാരായി നിയമിക്കപ്പെടുന്നതെന്ന ആക്ഷേപവും  ജീവനക്കാരിൽനിന്ന്‌ ഉയർന്നിട്ടുണ്ട്‌.  

ഡിജിറ്റൽ ഇന്ത്യയെന്ന് മോദി വീമ്പുപറയുമ്പോഴും പാവം മനുഷ്യരെ കൊലയ്ക്കുകൊടുക്കുന്ന യഥാർഥ ഇന്ത്യ എന്തെന്ന് ലോകം മനസ്സിലാക്കുകയാണ് ഇത്തരം ദുരന്തങ്ങളിലൂടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top