23 February Friday

ക്രിക്കറ്റ്‌ മഹോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023


ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ത്യ ആദ്യമായി ഒറ്റയ്‌ക്ക്‌ ആതിഥേയരാകുന്നു. രാജ്യത്തെ 10 നഗരത്തിലാണ്‌ ലോകകപ്പിന്റെ പതിമൂന്നാം പതിപ്പ്‌. അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും ഏറ്റുമുട്ടുന്നതോടെ ഒന്നരമാസം നീളുന്ന മത്സരങ്ങൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും. പത്തും ഇരുപതും ഓവറുള്ള കുട്ടിക്ക്രിക്കറ്റ്‌ രസംപിടിപ്പിച്ച കാലത്താണ്‌ വീണ്ടും 50 ഓവറിന്റെ ലോകകപ്പ്‌ വരുന്നതെന്ന്‌ ഓർക്കണം. പക്ഷേ, 50 ഓവറും ട്വന്റി 20 ശൈലിയിൽ ടീമുകൾ കളിച്ചുതുടങ്ങിയതിനാൽ ആവേശത്തിന്‌ കുറവുണ്ടാകില്ല.

ട്വന്റി 20 കളംപിടിച്ചപ്പോൾ ഇടം നഷ്ടപ്പെട്ടത്‌ ഏകദിന ക്രിക്കറ്റിനായിരുന്നു. ട്വന്റി 20യുടെ സ്വാധീനത്തിൽ അമ്പതോവർ ക്രിക്കറ്റിന്റെ രീതിയും മാറി. ഒരു കാലത്ത്‌ 250 റണ്ണും 300 റണ്ണുമൊക്കെ വലിയ സ്‌കോറുകളായാണ്‌ കണക്കാക്കിയിരുന്നത്‌. ഇക്കാലത്ത്‌ 500 റൺ വരെ ടീമുകൾക്ക്‌ പ്രാപ്യമാണ്‌. കഴിഞ്ഞ വർഷം ഇംഗ്ലണ്ട്‌ നെതർലൻഡ്‌സിനെതിരെ നേടിയത്‌ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 498 റണ്ണാണ്‌. അതിനാൽത്തന്നെ ഇത്‌ റണ്ണൊഴുക്കിന്റെ ലോകകപ്പ്‌ കൂടിയായിരിക്കും.

സ്വന്തം തട്ടകത്തിൽ മൂന്നാമത്തെ ലോകകപ്പ്‌ ഉയർത്താനാകും ഇന്ത്യ ശ്രമിക്കുക. 1983ൽ ആദ്യമായി ജേതാക്കളായി. ലോർഡ്‌സിലായിരുന്നു ആ ഫൈനൽ. അന്ന്‌ ഇന്ത്യയുടെ വിജയത്തെ അത്ഭുതമായാണ്‌ ക്രിക്കറ്റ്‌ ലോകം കണ്ടത്‌. രണ്ട്‌ തവണ ലോക ചാമ്പ്യന്മാരായ, വിഖ്യാത താരങ്ങൾ ഉൾപ്പെട്ട വെസ്‌റ്റിൻഡീസ്‌ ടീമിനെയാണ്‌ കപിൽദേവും സംഘവും കിരീടപ്പോരാട്ടത്തിൽ കീഴടക്കിയത്‌.

ആ ലോകകപ്പ്‌ വിജയമാണ്‌ ഇന്ത്യയിൽ ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക്‌ നിർണായകമായത്‌. കാലം മുന്നോട്ടുപോയി. ഇന്ത്യ ഒരിക്കൽക്കൂടി ലോക ചാമ്പ്യന്മാരായി. 2011ൽ മഹേന്ദ്ര സിങ്‌ ധോണിയും സംഘവും മുംബൈയിൽ കപ്പുയർത്തി. ഇന്ന്‌ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രബലമായ സംഘമാണ്‌ ഇന്ത്യയുടേത്‌. ക്രിക്കറ്റിലെ മൂന്ന്‌ വിഭാഗത്തിലെയും ഒന്നാംസ്ഥാനക്കാർ. രോഹിത്‌ ശർമയിലൂടെ മൂന്നാംവട്ടവും സ്വപ്‌നം സഫലമാകുമെന്നാണ്‌ പ്രതീക്ഷ.

ഇന്ത്യയെ കൂടാതെ അയൽക്കാരായ പാകിസ്ഥാൻ, അഞ്ച്‌ തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, നിലവിലെ ജേതാക്കൾ ഇംഗ്ലണ്ട്‌, കഴിഞ്ഞ രണ്ട്‌ തവണ റണ്ണറപ്പുകളായ ന്യൂസിലൻഡ്‌, ഇതുവരെ കിരീടം ലഭിക്കാത്ത ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ്‌ കിരീട സാധ്യതയിൽ മുമ്പിൽ. ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ തിരിച്ചുവരവിലൂടെ കരുത്ത്‌ വർധിച്ച ഇംഗ്ലണ്ട്‌ ടീം കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്‌. 2019 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ജയത്തിലേക്ക്‌ നയിച്ചത്‌ ഈ ഓൾ റൗണ്ടറായിരുന്നു. എന്നാൽ പിന്നാലെ വിരമിച്ചു. ലോകകപ്പിന്‌ തൊട്ടുമുമ്പ്‌ തീരുമാനം പിൻവലിച്ച്‌ കളത്തിലേക്ക്‌ തിരിച്ചെത്തുകയായിരുന്നു. സ്‌റ്റീവൻ സ്‌മിത്ത്‌, ഡേവിഡ്‌ വാർണർ, മിച്ചെൽ സ്‌റ്റാർക്‌ എന്നിവരുൾപ്പെട്ട ഓസീസ്‌ ഏത്‌ ടീമിനും ഭീഷണിയാണ്‌. ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരൻ ബാബർ അസം നയിക്കുന്ന പാകിസ്ഥാനും നിസ്സാരക്കാരല്ല. ഷഹീൻ അഫ്രീദി, ഹാരിസ്‌ റൗഫ്‌ എന്നിവരുൾപ്പെട്ട പേസ്‌ നിരയാണ്‌ അവരുടെ കരുത്ത്‌. 1996ലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ ടീമുകളും ഏഷ്യൻ കരുത്തായുണ്ട്‌. വമ്പന്മാരെ ഞെട്ടിച്ചെത്തിയ നെതർലൻഡ്‌സാണ്‌ മറ്റൊരു ടീം.

ഐപിഎൽ ക്രിക്കറ്റിലൂടെ എല്ലാ വിദേശ ടീമുകൾക്കും പരിചിതമാണ്‌ ഇന്ത്യൻ പിച്ചുകൾ. അതിനാൽത്തന്നെ ടീമുകളെല്ലാം പ്രതീക്ഷയിലാണ്‌.രണ്ട്‌ തവണ ചാമ്പ്യന്മാരായ വെസ്‌റ്റിൻഡീസ്‌ ഇല്ലാത്തതാണ്‌ ഈ ലോകകപ്പിന്റെ നഷ്ടം. വിവിയൻ റിച്ചാർഡ്‌സിന്റെയും ബ്രയാൻ ലാറയുടെയും പിൻമുറക്കാർ യോഗ്യതാ റൗണ്ടിൽ തോറ്റു പുറത്താകുകയായിരുന്നു. 1999ൽ ഇന്ത്യയെ ഞെട്ടിച്ച സിംബാബ്‌വെയ്‌ക്കും സ്വന്തം നാട്ടിൽനടന്ന യോഗ്യതാ റൗണ്ടിൽ വിജയിക്കാനായില്ല.

പുതിയ ലോക ജേതാവിനായി നവംബർ 19 വരെ കാത്തിരിക്കണം. അതിനിടയിൽ റണ്ണും വിക്കറ്റും കൊയ്‌തുകൂട്ടുന്ന ബാറ്റർമാരും ബൗളർമാരും ആരാധകരെ ത്രസിപ്പിക്കുമെന്നുറപ്പ്‌. ക്രിക്കറ്റിന്റെ ആ സുന്ദരനിമിഷങ്ങളെ വരവേൽക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top