26 April Friday

ദുരിതമകറ്റാന്‍ കൈകോര്‍ക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Dec 2, 2017


ആഞ്ഞടിക്കുന്ന ഓഖിയുടെ ‘ഭീതിയിലാണ്  കേരളവും ലക്ഷദ്വീപും. കടലില്‍ ശക്തിയാര്‍ജിക്കുന്ന ചുഴലിക്കാറ്റ് വിതയ്ക്കുന്ന ദുരന്തം എത്രയെന്ന് തിട്ടപ്പെടുത്താനാകാത്ത അവസ്ഥ.  കരയിലുണ്ടായ വന്‍ നാശത്തിനുപുറമെ, കടലില്‍ കുരുങ്ങിയ ജീവനുകളെ രക്ഷിക്കാനുള്ള പ്രയാസം; മത്സ്യബന്ധനത്തിനുപോയ പ്രിയപ്പെട്ടവര്‍ തിരിച്ചെത്തുന്നതുകാത്ത് തീരത്ത് അലമുറയിടുന്ന ബന്ധുക്കള്‍- കടലോരമേഖലയില്‍ ഹൃദയഭേദകമായ കാഴ്ചയാണ്.  സാധ്യമായ എല്ലാ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളും അതിന്റെ പരമാവധി വേഗത്തില്‍ നടക്കുന്നു. എന്നാല്‍, എല്ലാം പോരാതെ വരികയാണ്. അതിശക്തമായ ചുഴലിക്കൊടുങ്കാറ്റുകളുടെ പട്ടികയിലാണ് ഓഖി. കടന്നുപോയിടത്തൊക്കെ നാശംവിതച്ച അത്, കടലാക്രമണത്തിന്റെ രൂപത്തിലാണ് തുടര്‍ന്നും കരയെ ബാധിക്കുന്നത്.  പേമാരി തുടരുന്നു. ലക്ഷദ്വീപില്‍ ജനങ്ങളാകെ പ്രാണഭീതിയിലാണ്. കാറ്റ് ശക്തമായതോടെ കല്‍പേനി, മിനിക്കോയ് ദ്വീപുകളിലെ തീരവാസികളെ  മാറ്റിപ്പാര്‍പ്പിച്ചു. നാലും അഞ്ചും മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരമാലകള്‍ ദ്വീപുനിവാസികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു.

ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി കനത്ത മഴയും ഉരുള്‍പൊട്ടലും തെക്കന്‍കേരളത്തിലാകെ ജനങ്ങളുടെ ജീവിതം സ്തംഭിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ തിര മൂന്ന് മീറ്ററിലധികം ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്.  അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും നടക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനുമാണ് മുഖ്യമന്ത്രി  കലക്ടര്‍മാരോട് നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്കുപുറമെ നാവികസേനയുടെ ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനവും കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. വായുസേനയുടെ സഹായവും ലഭ്യമാക്കുന്നു.

മത്സ്യബന്ധനത്തിന് പോയി കടലില്‍ അകപ്പെട്ട കൂടുതല്‍പേരെ കപ്പലുകള്‍ക്ക് കണ്ടെത്താനാകുന്നുണ്ട്. വെള്ളിയാഴ്ച പകല്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ത്തന്നെ വലിയ എണ്ണം മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിക്കാനായി. 33 വള്ളങ്ങളെ രക്ഷാകപ്പലുകള്‍ കണ്ടെത്തിയ വിവരം രാവിലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. അതില്‍പിന്നെ വിവിധ മേഖലകളില്‍ മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചതിന്റെ വാര്‍ത്തകള്‍ വന്നു. മന്ത്രിമാരായ  കടകംപള്ളി സുരേന്ദ്രനും ജെ മേഴ്സിക്കുട്ടിഅമ്മയുമടക്കമുള്ളവര്‍ നേരിട്ട് ആശ്വാസപ്രവര്‍ത്തനരംഗത്തുണ്ട്.

അസാധാരണ ദുരന്തമാണുണ്ടായത്. ഇത്തരമൊരു ചുഴലിക്കൊടുങ്കാറ്റ് കേരളത്തിനടുത്ത് സമീപനാളുകളിലുണ്ടായിട്ടില്ല.  ആപത്സൂചന കാലേകൂട്ടി ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ശാന്തമായ അന്തരീക്ഷത്തില്‍ കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ പൊടുന്നനെ ദുരന്തമുഖത്ത് എത്തുകയായിരുന്നു. വന്‍ സ്ഫോടനം കണക്കെയാണ് ചുഴലി എത്തിയതെന്നും നിമിഷവേഗത്തില്‍ തങ്ങള്‍ എടുത്തെറിയപ്പെടുകയായിരുന്നെന്നുമാണ് രക്ഷപ്പെട്ട് കരയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായ ഒരു തടസ്സം, തങ്ങളുടെ എല്ലാമെല്ലാമായ വള്ളവും വലയും ഉപേക്ഷിച്ച്  കപ്പലുകളിലും ബോട്ടുകളിലും കയറാന്‍ മടിച്ചവരാണ്. അവരെ വിപത്ത് ബോധ്യപ്പെടുത്തി രക്ഷിച്ച് കരയിലെത്തിക്കുക എന്ന ദൌത്യമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്്. അക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചപ്പോള്‍ 'പഴി മത്സ്യത്തൊഴിലാളികള്‍ക്ക്' എന്ന് വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കാന്‍ ഒരു ദൃശ്യമാധ്യമം തയ്യാറായത് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ആശ്വാസം നല്‍കാനുള്ള ഇടപെടലിനും രംഗത്തിറങ്ങേണ്ട ഘട്ടത്തില്‍, ഇത്തരം ഇടങ്കോലുകളുമായി ചിലര്‍ രംഗത്തിറങ്ങിയത് അപലപനീയനടപടിയായി. ഉറ്റവരെ കാത്ത് കരയില്‍ ആശങ്കയോടെ കണ്ണീരൊഴുക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വേദനയില്‍ മുളകുപുരട്ടി സങ്കുചിതരാഷ്ട്രീയം കളിച്ചവരും അവഗണിക്കപ്പെടേണ്ടവരാണ്. രക്ഷാപ്രവര്‍ത്തനത്തെ അത്തരം ഒരിടപെടലും ബാധിച്ചിട്ടില്ല എന്നത് ആശ്വാസം പകരുന്നു.  വിദേശ കപ്പലുകളടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായ  പങ്കാളിത്തം വഹിക്കുകയാണ്.

ഓഖി ചുഴലിദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം, പരിക്കേറ്റവര്‍ക്ക് ചികിത്സ, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പകരം സംവിധാനം,  പാര്‍പ്പിടവും കൃഷിയും നഷ്ടമായവരുടെ പുനരധിവാസവും പരിഹാരമാര്‍ഗങ്ങളും, വൈദ്യുതി-ജലവിതരണത്തിന്റെ പുനഃസ്ഥാപനം- ഇങ്ങനെ അനേകം ഉത്തരവാദിത്തങ്ങളാണ് സര്‍ക്കാരിനുമുന്നിലുള്ളത്. എല്ലാ ഭാഗത്തുനിന്നുള്ള സഹകരണംകൊണ്ടുമാത്രമേ ഇവയൊക്കെ വിജയത്തിലെത്തിക്കാനാകൂ. നാട് ഒന്നാകെ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തമാണത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സഹായഹസ്തം സമൂഹം നീട്ടേണ്ടതുണ്ട്. അതോടൊപ്പം, ഇതുപോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൂടുതലായി എന്തൊക്കെ  മുന്‍കരുതലുകള്‍  വേണമെന്നതിന്റെയും രക്ഷാസന്നാഹത്തിലെ അപര്യാപ്തതകള്‍ എന്തൊക്കെ എന്നതിന്റെയും  പരിശോധനയ്ക്കുള്ള അവസരമായി ഈ അനുഭവത്തെ മാറ്റുകയുംവേണം. സ്വജീവന്‍ ഈടുവച്ചും സാഹസികമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെയും ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ സന്നദ്ധരായ എല്ലാവരെയും അതിന് നേതൃത്വം നല്‍കിയ സര്‍ക്കാരിനെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top