26 April Friday

ബിജെപി ഇന്ത്യയെ നാണംകെടുത്തുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2022


കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ വക്താവ്‌ നൂപുർ ശർമയും ഡൽഹി ഘടകം മാധ്യമവിഭാഗം തലവൻ നവീൻകുമാർ ജിൻഡലും നടത്തിയ പ്രവാചകനിന്ദാ പ്രസ്‌താവനകൾ ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയിരിക്കുകയാണ്‌. ഇസ്ലാമിക രാജ്യങ്ങളിൽനിന്ന്‌ കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്‌ ഇരുവരെയും തൽക്കാലം ബിജെപി സസ്‌പെൻഡ്‌ ചെയ്‌തു. എല്ലാ മതത്തെയും ആദരിക്കുന്നുവെന്നും ഏതെങ്കിലും മതത്തെയോ മത വ്യക്തിത്വങ്ങളെയോ അവഹേളിക്കുന്നതിന്‌ പാർടി എതിരാണെന്നും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്‌താവനയിൽ അവകാശപ്പെടുകയും ചെയ്‌തു. എങ്കിലും ദശലക്ഷക്കണക്കിന്‌ ഇന്ത്യൻ കുടുംബങ്ങൾക്ക്‌ ഉപജീവനമാർഗമൊരുക്കുന്ന പേർഷ്യൻ, ഗൾഫ്‌ രാജ്യങ്ങളുമായുള്ള ബന്ധത്തിലുണ്ടായ വിള്ളൽ പരിഹരിക്കാൻ ഇതൊന്നും പോരാതെവരും. തൽക്കാലം മുഖം രക്ഷിക്കാൻ സ്വീകരിച്ച നടപടി എന്നതിനപ്പുറം ഒരാത്മാർഥതയും ഇല്ലാത്ത നീക്കമാണ്‌ ബിജെപി പ്രഖ്യാപിച്ച സസ്‌പെൻഷനുകൾ. ഒന്നാമതായി, ഇതാദ്യമായല്ല ഉന്നത ബിജെപി നേതാക്കൾതന്നെ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസ്‌താവനകൾ നടത്തുന്നത്‌.

മതവിവേചനപരമായ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ കാലത്ത്‌ സമരക്കാരെ വസ്‌ത്രം നോക്കി തിരിച്ചറിയാമെന്നു പറഞ്ഞ്‌ വിദ്വേഷ രാഷ്‌ട്രീയത്തിന്റെ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ രംഗത്തുവന്നിരുന്നു. രണ്ടാമതായി, അബദ്ധത്തിൽ ഏതെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന്‌ വരുന്നതല്ല ഇത്തരം പ്രസ്‌താവനകൾ. അവ ബിജെപിയുടെ നയത്തിനെതിരാണെങ്കിൽ മണിക്കൂറുകൾക്കകം ആ പാർടി നടപടി സ്വീകരിക്കുമായിരുന്നു. അതുണ്ടായില്ല. മെയ്‌ 26ന്‌ ടൈംസ്‌ നൗ ചാനലിൽ ജ്ഞാൻവാപി മസ്‌ജിദ്‌ വിഷയത്തിൽ നടന്ന ചർച്ചയിലാണ്‌ പ്രവാചകനെതിരെ ബിജെപി വക്താവ്‌ വിഷംതുപ്പിയത്‌. പിന്നെയും അഞ്ചു ദിവസം കഴിഞ്ഞാണ്‌ നവീൻകുമാർ ജിൻഡൽ ട്വിറ്ററിലൂടെ പ്രകോപനം ആവർത്തിച്ചത്‌. ഇത്‌ കാൺപുരിൽ കലാപത്തിനിടയാക്കിയിട്ടും വെറുപ്പിന്റെ വക്താക്കൾക്കെതിരെ ബിജെപി നടപടിക്കൊന്നും മുതിർന്നില്ല. ഇപ്പോൾ ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ കടുത്ത പ്രതികരണങ്ങൾ വന്നപ്പോൾ മാത്രമാണ്‌ എന്തെങ്കിലും ചെയ്‌തതെന്ന്‌ വരുത്താൻ തയ്യാറായത്‌.

ഖത്തർ, കുവൈത്ത്‌ തുടങ്ങിയ അറബ്‌ രാജ്യങ്ങളും ഇറാനും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തിത്തന്നെ പ്രതിഷേധം അറിയിച്ചു. ത്രിരാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്‌ നൽകാനിരുന്ന വിരുന്ന്‌ ആ രാജ്യം റദ്ദാക്കി. മറ്റ്‌ നിരവധി രാജ്യങ്ങൾ അനൗപചാരികമായും പ്രതിഷേധം അറിയിച്ചു. ഇസ്ലാമിക രാഷ്‌ട്ര സംഘടനയാകട്ടെ(ഒഐസി) ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്‌. എന്നാൽ, ഒഐസിയുടെ പ്രസ്‌താവനയ്‌ക്കു പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന വാദമുയർത്തി തള്ളിയിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ.

2014ൽ മോദി സർക്കാർ അധികാരമേറ്റതുമുതൽ മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ, വിശേഷിച്ച്‌ മുസ്ലിങ്ങൾക്കെതിരെ സംഘപരിവാർ ആസൂത്രിതമായ ആക്രമണങ്ങൾ നടത്തുകയാണ്‌. 2019ൽ മോദി വീണ്ടും അധികാരത്തിലെത്തിയതോടെ സംഘപരിവാർ ഒരുനിയന്ത്രണവുമില്ലാതെ രാജ്യത്തിന്റെ പലഭാഗത്തും അഴിഞ്ഞാടുകയാണ്‌. ഈ പശ്ചാത്തലത്തിൽ ഒഐസിയുമായുള്ള ബന്ധത്തിലേക്ക്‌ ഒന്ന്‌ തിരിഞ്ഞുനോക്കുന്നത്‌ നല്ലതാണ്‌. 2019ലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിച്ച ഘട്ടത്തിലാണ്‌ ഒഐസിയുടെ 46–-ാം ഉച്ചകോടി അബുദാബിയിൽ നടന്നത്‌. അന്ന്‌ പ്രധാന അംഗരാജ്യങ്ങളിൽ ഒന്നായ പാകിസ്ഥാന്റെ ബഹിഷ്‌കരണഭീഷണി തള്ളിയാണ്‌ ഇന്ത്യയുടെ വിദേശമന്ത്രി സുഷ്‌മ സ്വരാജിനെ മുഖ്യാതിഥിയായി ഉച്ചകോടിയിലേക്ക്‌ ക്ഷണിച്ചത്‌. ഇസ്ലാമികരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുന്നതിന്‌ തെളിവാണ്‌ ആദ്യമായി ഒഐസി സമ്മേളനത്തിന്‌ ഇന്ത്യയെ ക്ഷണിച്ചത്‌ എന്നായിരുന്നു തുടർന്ന്‌ സംഘപരിവാർ പ്രചാരണം. ആ ഒഐസിയുടെ പ്രസ്‌താവനയ്‌ക്കു പിന്നിൽ പാകിസ്ഥാനാണ്‌ എന്നാണ്‌ ഇപ്പോൾ ഇന്ത്യ പറയാതെ പറയുന്നത്‌.

2020ലെ കണക്കനുസരിച്ച്‌ 86 ലക്ഷത്തോളം ഇന്ത്യക്കാരാണ്‌ ഗൾഫ്‌ രാജ്യങ്ങളിൽ ഉണ്ടായിരുന്നത്‌. അതിൽ 19 ലക്ഷത്തോളം മലയാളികളും ഉൾപ്പെടും. കോവിഡ്‌ പ്രതിസന്ധിക്കാലത്ത്‌ ലക്ഷക്കണക്കിനാളുകൾക്ക്‌ തൊഴിൽ നഷ്‌ടപ്പെട്ടെങ്കിലും ഗൾഫിലെ തൊഴിൽമേഖല തിരിച്ചുവരവിലാണ്‌. അവിടെ തൊഴിലെടുത്ത്‌ ജീവിതം കരുപ്പിടിപ്പിക്കുന്ന ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ കൂടിയാണ്‌ ബിജെപിയും കേന്ദ്രസർക്കാരും തകർക്കുന്നത്‌. 2024ലെ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ഭിന്നിപ്പിക്കലിന്റെ രാഷ്‌ട്രീയം തീവ്രമാക്കാൻ ബിജെപിയിൽനിന്ന്‌ ഇനിയും നീക്കങ്ങളുണ്ടാകും. അവ വിജയിച്ചാൽ ഇന്ത്യയുടെ നാശമാകും ഫലം. അത്‌ തടയാൻ ഓരോ ദേശസ്‌നേഹിയും ഉണരേണ്ടതുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top