11 June Sunday

പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday May 7, 2020

സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിന്റെയും പ്രവാസി സംഘടനകളുടെ ശക്തമായ സമ്മർദത്തിന്റെയും ഫലമായി പ്രവാസികൾക്ക് നാട്ടിലെത്താൻ വഴി തെളിയുകയാണ്. കോവിഡ് പ്രതിസന്ധിയിൽ വീടെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിക്കണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും കുറെപ്പേർക്കെങ്കിലും വരുംദിവസങ്ങളിൽ തിരിച്ചെത്താം എന്നത് ആശ്വാസകരമാണ്.

പ്രവാസികളുടെ മടങ്ങിവരവിന് അവസരം ഒരുക്കാൻ കേരളം ഏറെ പണിപ്പെട്ടു. അവർ നാടിന്റെ നട്ടെല്ലാണെന്നും എത്രപേർ വന്നാലും സ്വീകരിക്കാൻ ഒരുക്കമാണെന്നും മുഖ്യമന്ത്രി ആഴ്ചകൾക്കുമുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. വരുന്നവരുടെ ആരോഗ്യപരിശോധനയ്ക്കും ക്വാറന്റൈനും വേണ്ട സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വിശദമായ പദ്ധതിയും കേന്ദ്രത്തെ അറിയിച്ചു. ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കാതെ മെല്ലെപ്പോക്കുനയം തുടരുകയായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ, ഇപ്പോൾ നടപടികൾ തുടങ്ങി എന്നത് നല്ലകാര്യം.

ഇപ്പോഴും ഒട്ടേറെ പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നു. കേരളത്തിൽനിന്നുള്ളവരെ നാട്ടിലെത്തിക്കാൻ സമഗ്രമായ കണക്കെടുപ്പും മുൻഗണനാ നിശ്ചയിക്കലും  നടത്തിയിരുന്നു. നോർക്കയാണ് നല്ല നിലയിൽ ഈ ഉത്തരവാദിത്തം നിറവേറ്റിയത്. വരാൻ താല്പര്യമുള്ളവരുടെ പട്ടികയുണ്ടാക്കി അതിൽ ഉടൻ കൊണ്ടുവരേണ്ടവരെ ആദ്യം പെടുത്തി. ഈ പട്ടിക എംബസിക്ക്‌ കൈമാറുകയും ചെയ്തു. എന്നാൽ, എംബസികൾ ഈ പട്ടിക തള്ളി പുതിയ പട്ടിക ഉണ്ടാക്കിയാണ് പ്രവാസികളെ എത്തിക്കുന്നത്. വിസിറ്റിങ് വിസാ കാലാവധി കഴിഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വിസാ കാലാവധി പൂർത്തിയായവർ, കോഴ്‌സുകൾ പൂർത്തിയാക്കി വിദ്യാർഥി വിസയിലുള്ളവർ, ജയിൽമോചിതർ, മറ്റുള്ളവർ എന്ന ക്രമത്തിൽ ശാസ്ത്രീയമായ മുൻഗണനാക്രമമാണ് സംസ്ഥാനം നിശ്ചയിച്ചത്. എന്നാൽ, ഇത് തള്ളി എംബസി ഉണ്ടാക്കിയ ലിസ്റ്റിൽ നാട്ടിലേക്ക് വരാൻ താൽപ്പര്യമില്ലാത്തവർപോലും പെട്ടതായി വാർത്ത വന്നു. വിമാനക്കൂലിയിൽ എന്തെങ്കിലും ഇളവ് അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായതുമില്ല.


 

അതുപോലെതന്നെ വിദേശത്തുനിന്ന്‌ പുറപ്പെടുന്നവർക്ക് അവിടെത്തന്നെ കോവിഡ് പരിശോധന നടത്തണം എന്ന ആവശ്യം കേരളം  ആദ്യംതന്നെ ഉന്നയിച്ചിരുന്നു. കൊണ്ടുപോരാൻ ഉദ്ദേശിക്കുന്നവരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി അവർക്ക് പരിശോധനയ്ക്ക് സമയം കൊടുക്കേണ്ടിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇത് അംഗീകരിച്ച്‌ നടപടി എടുത്തില്ല. ഇപ്പോൾ റാപ്പിഡ് ടെസ്റ്റ്‌ നടത്താൻ തീരുമാനമായിട്ടുണ്ട്. അപ്പോഴും സ്രവപരിശോധന ഇല്ല എന്ന ആശങ്ക നിലനിൽക്കുന്നു.

കേരളം അതീവജാഗ്രതയും അങ്ങേയറ്റത്തെ സൂക്ഷ്മതയും പുലർത്തിയാണ് കോവിഡിനെ ചെറുത്തുനിൽക്കുന്നത്. പ്രവാസികൾ വരുമ്പോഴും അതേ കരുതലോടെയാണ് സംസ്ഥാന സർക്കാർ നടപടികൾ ആസൂത്രണം ചെയ്തത്. എന്നാൽ, കേന്ദ്രസർക്കാർ സംസ്ഥാനവുമായി വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ചെയ്യുന്ന കാര്യങ്ങൾ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചെറുത്തുനിൽപ്പിനെതന്നെ അപകടത്തിലാക്കിയേക്കാം. അതുകൂടി മുൻകൂട്ടിക്കണ്ടാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന്‌ എത്തുന്നവരെ നാട്ടിലും പിന്നെ വീട്ടിലും എത്തിക്കുന്നതോടെ ഉത്തരവാദിത്തം അവസാനിച്ചു എന്ന കാഴ്ചപ്പാട് സംസ്ഥാന സർക്കാരിനില്ല എന്നത് ആശ്വാസകരമാണ്. പെട്ടെന്ന് തിരികെ പോകാനാകാത്ത സ്ഥിതിയിലാണ് പലരും വരുന്നത്. ചില താൽക്കാലിക ആശ്വാസനടപടികൾ സംസ്ഥാനം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ വർഷം വിദേശത്തുനിന്ന്‌ എത്തി ലോക്ക്‌ഡൗൺ കാരണം തിരികെപ്പോകാൻ സാധിക്കാത്തവർക്കും ഈ കാലയളവിൽ വിസാ കാലാവധി കഴിഞ്ഞവർക്കും നോർക്കവഴി സർക്കാർ 5000 രൂപയുടെ ധനസഹായം നൽകുന്നുണ്ട്. ഇതൊരു വലിയ തുകയല്ല. എങ്കിലും സർക്കാർ ഒപ്പമുണ്ട് എന്ന ഒരു ഉറപ്പ് ഈ തീരുമാനത്തിലുണ്ട്. അതുപോലെ മടങ്ങിയെത്തി ഇവിടെ തുടരാൻ ഇടയുള്ളവരുടെ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ തുടക്കമിടുന്ന പുനരുജ്ജീവന പദ്ധതിക്ക്‌ കഴിയുമെന്നും പ്രതീക്ഷിക്കാം.

എന്നാൽ, ഇതും മതിയാകില്ല. സമഗ്രമായ ഒരു പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാൽമാത്രമേ പ്രവാസികളെ രക്ഷിക്കാനാകൂ. പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നം‌ കേരളത്തിന്റേതുമാത്രമല്ല. രാജ്യത്ത് പ്രവാസികളുടെ പ്രതിവർഷ സംഭാവന മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ നാലു ശതമാനത്തിലേറെയാണ്. അവരെ ആപൽഘട്ടത്തിൽ പിന്തുണയ്ക്കുകതന്നെ വേണം. തൊഴിൽ നഷ്ടപ്പെട്ട്‌ മടങ്ങിയെത്തുന്നവർക്കായി പുനരധിവാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന്‌ സംസ്ഥാനം കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. മടങ്ങിയെത്തുന്നവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ പദ്ധതികൾക്ക്‌ രൂപം നൽകുകയും വേണം. സംസ്ഥാനം ആവർത്തിച്ചാവശ്യപ്പെടുന്ന ഇക്കാര്യത്തിൽ അനുകൂല നടപടിക്കായി സമ്മർദം തുടരേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top