20 May Monday

തൊഴിലുറപ്പിലെ കൊടുംചതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


ഇടതുപക്ഷത്തിന്റെ മുൻകൈയിൽ ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതിക്ക്‌ ആദ്യപ്രഹരം ഏറ്റത്‌ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്‌. എന്നാലിപ്പോൾ പദ്ധതിയുടെ കടയ്‌ക്കൽത്തന്നെ കത്തിവയ്‌ക്കുകയാണ്‌ രണ്ടാം മോദി സർക്കാർ. ഒരു പഞ്ചായത്തിൽ ഇരുപതിൽ കൂടുതൽ പ്രവൃത്തി ഒരുസമയം ഏറ്റെടുക്കരുതെന്ന കേന്ദ്രതീരുമാനം തൊഴിൽദിനങ്ങൾ വൻതോതിൽ കുറയാൻ കാരണമാകും. ലോകത്തിനുമുന്നിൽ ഇന്ത്യയുടെ പട്ടിണിമുഖം മറച്ചുനിർത്തിയ തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കുന്നതിലൂടെ എന്ത് സന്ദേശമാണ്‌ മോദി സർക്കാർ നൽകുന്നത്‌. കിട്ടാക്കടവും നികുതി ഇളവുകളുമായി സഹസ്രകോടികൾ കോർപറേറ്റുകൾക്ക്‌ തീറെഴുതുമ്പോഴാണ്‌ പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്നത്‌.

ഇന്ത്യയിലെ 200 ജില്ലയിൽ 2006 ഫെബ്രുവരിയിൽ തൊഴിലുറപ്പുപദ്ധതി ആരംഭിക്കുമ്പോൾ രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം പേർ പട്ടിണിക്കാരായിരുന്നു. സക്‌സേന കമ്മിറ്റി റിപ്പോർട്ടിൽ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനാവശ്യമായ വരുമാനം 50 ശതമാനം പേർക്കാണുണ്ടായിരുന്നത്‌. ആസൂത്രണ കമീഷൻ രേഖകൾപ്രകാരം ഇത്‌ 39 ശതമാനവും. 2008ൽ തൊഴിലുറപ്പുപദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിച്ചതോടെ ചിത്രം മാറി. 2012ലെ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിൽ ഇന്ത്യയിലെ ദാരിദ്ര്യനിരക്ക്‌ 21.92 ശതമാനമായി കുറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും പാവങ്ങളുടെ ജീവിതത്തെ ഇതുപോലെ തൊട്ടറിഞ്ഞ മറ്റൊരു പദ്ധതിയില്ല. എന്നാൽ, രണ്ടാം യുപിഎ സർക്കാർതന്നെ പദ്ധതിവിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. വർഷം 100 പ്രവൃത്തിദിനമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പാകത്തിൽ സംസ്ഥാനങ്ങൾക്ക്‌ തുക അനുവദിക്കാനോ യഥാസമയം വേതനം പുനർനിർണയിക്കാനോ കേന്ദ്രം തയ്യാറായില്ല. മോദി സർക്കാർ 2014ൽ അധികാരമേറ്റതോടെ തൊഴിലുറപ്പുപദ്ധതിയുടെ നില ഒന്നുകൂടി പരുങ്ങലിലായി. പുതുക്കിയ ബജറ്റ്‌ എസ്‌റ്റിമേറ്റിനേക്കാളും 26 ശതമാനം കുറച്ചാണ്‌ നടപ്പുവർഷത്തെ ബജറ്റിൽ തുക വകയിരുത്തിയത്‌.

തുടർച്ചയായി പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കുന്നതോടൊപ്പം കുടിശ്ശികയും വരുത്തുന്നു. 200 കോടി രൂപ നിലവിൽ കേരളത്തിന്‌ ലഭിക്കാനുണ്ട്‌.
പുതിയ നിർദേശം നടപ്പാകുന്നതോടെ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഒരു പ്രവൃത്തിപോലും ഏറ്റെടുക്കാനാകാത്ത പഞ്ചായത്ത്‌ വാർഡുകളും ഉണ്ടാകും. ഇതു ബാധിക്കുന്നത്‌ തൊഴിൽരഹിതരുടെ വരുമാനത്തെ മാത്രമല്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉൽപ്പാദന, ആസ്‌തിവികസന പ്രവൃത്തികളെയും വികേന്ദ്രീകൃത വികസനത്തെയുംകൂടിയാണ്‌. ഏറ്റവും കാര്യക്ഷമമായി തൊഴിലുറപ്പ്‌ നടപ്പാക്കുന്ന കേരളത്തിൽ കഴിഞ്ഞവർഷം 10.60 കോടി തൊഴിൽദിനമാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. ഇതേനിലയിൽ മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിനിടയിലാണ്‌ കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്‌. ആറുകോടി തൊഴിൽദിനത്തിനാണ്‌ നിലവിൽ അനുമതി. ബാക്കി പിന്നീട്‌ ലഭിച്ചാലും പുതിയ നിബന്ധന വിനയാകും. കഴിഞ്ഞവർഷം 100 തൊഴിൽദിനം ലഭിച്ച 5. 12 ലക്ഷം കുടുംബം കേരളത്തിലുണ്ട്‌. ശരാശരി തൊഴിൽദിനം 65ഉം. 18,000 രൂപ കുറഞ്ഞ വേതനമായി നിജപ്പെടുത്തണമെന്ന്‌ ട്രേഡ്‌ യൂണിയനുകൾ ഡിമാൻഡ്‌ വയ്‌ക്കുന്ന കാലത്താണ്‌ തൊഴിലുറപ്പുപദ്ധതിയിൽ അതിന്റെ പകുതിമാത്രം വരുന്ന 310 രൂപ പ്രതിദിന വേതനമായി ലഭിക്കുന്നത്‌. അതും പരമാവധി 100 ദിവസംമാത്രം. ഈ ആശ്വാസംപോലും ഇല്ലാതാക്കുന്ന ദ്രോഹമാണ്‌ കേന്ദ്രസർക്കാർ ചെയ്‌തിരിക്കുന്നത്‌.

രാജ്യത്തെ 16 കോടിയിലേറെ അതിദരിദ്ര കുടുംബത്തെ കണ്ണീരു കുടിപ്പിക്കുന്ന തീരുമാനത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻമാറണമെന്ന ശക്തമായ ആവശ്യമാണ്‌ കേരളസർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്‌. ഇതേ ആവശ്യമുന്നയിച്ച്‌ തൊഴിലാളി സംഘടനകളും പ്രക്ഷോഭരംഗത്താണ്‌. പ്രത്യേകസാഹചര്യം പരിഗണിച്ച്‌ കൂടുതൽ ഉദാരസമീപനം സ്വീകരിക്കുന്നതിനുപകരം എല്ലാരംഗത്തും കേരളത്തെ കൂടുതൽ വരിഞ്ഞുമുറുക്കുകയാണ്‌ കേന്ദ്രം. തൊഴിലുറപ്പിലെ പരിഷ്‌കാരവും ഏറ്റവും ദോഷകരമായി ബാധിക്കുന്നത്‌ കേരളത്തെയാണ്‌. പാർശ്വവൽക്കരിക്കപ്പെട്ടവരും അസംഘടിതരുമായ തൊഴിലാളികളെയാണ്‌ നേരിട്ടു ബാധിക്കുന്നതെങ്കിലും ഇത്‌ തിരുത്തിക്കാനാവശ്യമായ പോരാട്ടം കൂട്ടായി ഏറ്റെടുക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top