02 October Monday

നോട്ടുനിരോധനം ബാക്കിയാക്കുന്നത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 3, 2023

ആറ് വർഷംമുമ്പ് മോദി സർക്കാർ അടിച്ചേൽപ്പിച്ച നോട്ടുനിരോധനം സാങ്കേതികമായി ശരിവയ്‌ക്കുമ്പോഴും  സുപ്രീംകോടതി തുറന്നുകാട്ടുന്നത് കേന്ദ്രത്തിന്റെ ജനവിരുദ്ധമുഖം. വിവരണാതീതമായ ദുരിതങ്ങളും സാമ്പത്തികത്തകർച്ചയും രാജ്യത്തിന് സമ്മാനിച്ച ആ അമിതാധികാര നടപടി മുൻകാല പ്രാബല്യത്തോടെ തിരുത്താനാകില്ലെന്ന നിസ്സഹായതയാണ് പരമോന്നത നീതിപീഠത്തിന്റെ വിധിയിൽ നിഴലിക്കുന്നത്. ഭൂരിപക്ഷ വിധിയിലും വിയോജനവിധിയിലും ഒരുപോലെ അടിവരയിട്ട കാര്യം നിരോധനം ഒരു ഗുണഫലവും ഉണ്ടാക്കിയില്ല എന്നതാണ്. നോട്ടുനിരോധനം ഉൾപ്പെടെയുള്ള സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ സർക്കാരിനുള്ള അധികാരം ശരിവച്ചുകൊണ്ട്, ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല്‌ ജഡ്‌ജിമാർ വിധിയെഴുതി. എന്നാൽ, നിരോധനത്തിന്റെ ഉദ്ദേശ്യം പ്രാവർത്തികമായില്ലെന്നത് പ്രസക്തമല്ലെന്ന നിരീക്ഷണത്തിലൂടെ ഫലത്തിൽ സർക്കാർ നടപടിയെ ഭൂരിപക്ഷവിധി നിരാകരിക്കുകയാണ്.

ഭൂരിപക്ഷ വിധിയോട് തീർത്തും വിയോജിച്ചുകൊണ്ട് ജസ്റ്റിസ്  ബി വി നാഗരത്ന എഴുതിയ വിധിയാകട്ടെ മോദി ഭരണത്തിനെതിരെയുള്ള കുറ്റപത്രമാണ്. നിയമത്തിന്റെ പിൻബലമില്ലാത്ത നടപടിയാണ് നോട്ടുനിരോധനമെന്ന് ന്യൂനപക്ഷവിധിയിൽ അവർ വ്യക്തമാക്കി. സർക്കാരിന്  ഭരണപരമായ ഒരു ഉത്തരവിലൂടെ നോട്ടുനിരോധനം ഏർപ്പെടുത്താനാകില്ല. ഇതിന്റെ അനന്തരഫലങ്ങൾ സർക്കാരിനെ ശരിയാംവണ്ണം ധരിപ്പിക്കാൻ സാധിക്കാത്ത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്തു ചുമതലയാണ് നിർവഹിക്കുന്നത്. സർക്കാരിന്റെ ലക്ഷ്യം സദുദ്ദേശ്യപരമായിരുന്നു എന്നുതന്നെ കരുതിയാലും  പാർലമെന്ററി മാർഗത്തിൽ മാത്രമേ ഇത്രയും സുപ്രധാനമായ ഒരു തീരുമാനം കെെക്കൊള്ളാനാകൂ. നിയമനിർമാണമോ ഓർഡിനൻസോ അനിവാര്യമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഇല്ലാത്ത അധികാരം ഉപയോഗിച്ച സർക്കാർ ആർബിഐയെ നോക്കുകുത്തിയാക്കുകയായിരുന്നു.

പ്രധാനമന്ത്രി 2016 നവംബർ എട്ടിന് രാത്രിയിൽ പൊടുന്നനെ നടത്തിയ പ്രഖ്യാപനത്തിലൂടെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ രാജ്യത്തിന്  ജീവവായു നഷ്ടപ്പെട്ട അവസ്ഥയാണുണ്ടായത്. നോട്ടുകൾ മാറ്റിനൽകാനോ ബദൽ സംവിധാനങ്ങൾക്കോ ഒരു തയ്യാറെടുപ്പുമുണ്ടായില്ല. ജനങ്ങൾ പരക്കംപായുകയും ബാങ്കുകളിലേക്ക് ഇരച്ചെത്തുകയും ചെയ്തു. കൂട്ടക്കുഴപ്പത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വാണിജ്യ– വ്യവസായ മേഖലകൾ തകർച്ചയിലേക്ക് കൂപ്പുകത്തി.  കാർഷികോൽപ്പന്നങ്ങളുടെ വിലയിടിഞ്ഞു. തൊഴിൽരഹിതരുടെ എണ്ണം പെരുകി. സാമ്പത്തിക അരാജകത്വത്തിലേക്ക് രാജ്യത്തെ തള്ളിവിട്ട മോദിഭരണം ജനങ്ങളുടെ കണ്ണീരൊപ്പാൻ ചെറുവിരലനക്കിയില്ല. നോട്ടുനിരോധനത്തിന് ആധാരമായി സർക്കാർ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമായിരുന്നുവെന്ന് വെെകാതെ വ്യക്തമായി.

പാകിസ്ഥാനിൽ നിന്ന്  എത്തുന്ന വ്യാജ കറൻസി, കള്ളപ്പണം, ഭീകരപ്രവർത്തനത്തിന് ധനസഹായം ഇതൊക്കെ തടയാനാണ് നോട്ടുകൾ പിൻവലിച്ചതെന്നായിരുന്നു മോദിയുടെ അവകാശവാദം. നോട്ടുകൾ തിരികെ ഏൽപ്പിച്ച് പകരം വാങ്ങാൻ 52 ദിവസത്തെ സമയപരിധിയും നിശ്ചയിച്ചു. വ്യാജ കറൻസിയും കണക്കിൽപ്പെടാത്ത പണവും ബാങ്കിൽ എത്തില്ലെന്നായിരുന്നു നിഗമനം. നിശ്ചിത സമയത്തിനകം ആകെ പ്രചാരത്തിലുണ്ടായിരുന്ന 15. 5 ലക്ഷം കോടിയുടെ കറൻസിയിൽ 99 ശതമാനവും തിരിച്ചെത്തി. വ്യാജ കറൻസിയുടെ പേരിൽ പരത്തിയ ഭീതിക്ക് അടിസ്ഥാനമില്ലെന്ന് ഇത് തെളിയിച്ചു. കള്ളപ്പണവും ഭീകരർക്കുള്ള സഹായവും നോട്ടുനിരോധനംവഴി തടയാനാകില്ലെന്നും വ്യക്തമായി. ഡിജിറ്റൽ പണമിടപാട് വ്യാപിപ്പിക്കാനുള്ള പരിശ്രമമാകട്ടെ സ്വകാര്യമേഖലയ്ക്കാണ് സഹായകമായത്.

ജനങ്ങളെ മറക്കുന്ന ഒരു ഭരണാധികാരിയുടെ ചെയ്തികൾ എത്രമാത്രം ആപൽക്കരമാകുമെന്ന്‌ തെളിയിച്ച നാളുകളിലൂടെയാണ് ഇന്ത്യ കടന്നുപോയത്. പൗരാവകാശം തകർത്തെറിയപ്പെടുമ്പോൾ തുണയ്ക്കെത്തുമെന്ന് കരുതുന്ന നീതിന്യായ വ്യവസ്ഥയുടെ ദൗർബല്യങ്ങളും ഈ വെെകിയ വിധിവേളയിൽ പ്രസക്തമാണ്. ആറുവർഷത്തിനിപ്പുറം സർക്കാർ നടപടി തെറ്റായിരുന്നുവെന്ന് സുപ്രീംകോടതി വിധിച്ചാലും പ്രയോഗതലത്തിൽ നോട്ടുനിരോധനത്തിന്റെ ഇരകൾക്ക് വ്യത്യാസമൊന്നുമില്ല. ഏറ്റുവാങ്ങിയ ദുരന്തങ്ങൾക്ക് ഇനി പരിഹാരവുമില്ല. നിയമപരമായി നോട്ടുനിരോധനം ശരിവച്ച സുപ്രീംകോടതി ഫലപ്രാപ്തിയെക്കുറിച്ച് പരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. എന്നാൽ, ഭിന്നവിധിയിലൂടെ ജസ്റ്റിസ് നാഗരത്ന നടത്തിയ നിരീക്ഷണങ്ങൾ അമിതാധികാര പ്രയോഗങ്ങൾക്കെതിരായ താക്കീതെന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top