19 April Friday

തെമ്മാടിരാഷ്‌ട്രം വടക്കൻ കൊറിയയല്ല; അമേരിക്കയാണ്

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

ലോകത്തിലെ ഏറ്റവും വലിയ തെമ്മാടി രാഷ്ട്രം വടക്കൻ കൊറിയയാണെന്നും ആ രാജ്യത്തെ നശിപ്പിച്ചാൽ ലോകസമാധാനം പുലരുമെന്നുമാണ് അമേരിക്കയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.  ലോകസമാധാനത്തിനായി 'വടക്കൻ കൊറിയയെ പൂർണമായും നശിപ്പിക്കു’മെന്നുവരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക ഒരു നല്ല കാര്യമാണ് ചെയ്യാൻ പോകുന്നതെന്നും അതിനാൽ അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നുമുള്ള പൊതുസമ്മതിയാണ് മാധ്യമങ്ങളിലൂടെ ഉൽപ്പാദിപ്പിക്കുന്നത്.

എന്നാൽ, യഥാർഥ തെമ്മാടി രാഷ്ട്രം ഏതാണ്? അമേരിക്കൻ വിദേശനയത്തിന്റെ വിമർശകനും ഗ്രന്ഥകർത്താവുമായ വില്യം ബ്ലം പറയുന്നത് അമേരിക്കതന്നെയാണ് ലോകത്തിലെ തെമ്മാടി രാഷ്ട്രം എന്നാണ്. തെരഞ്ഞെടുത്ത സർക്കാരുകളെ അട്ടിമറിക്കുക, രാഷ്ട്ര നേതാക്കളെ വധിക്കുക, ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുക എന്നതൊക്കെ അമേരിക്ക ചെയ്യുന്ന പതിവുരീതികൾ മാത്രമാണ്. 

ലോകത്തിൽ ഏറ്റവും കുടുതൽ സൈന്യത്തിന് പണം ചെലവാക്കുന്ന, ഏറ്റവും കൂടുതൽ ആയുധങ്ങൾ നിർമിക്കുന്ന രാഷ്ട്രം അമേരിക്കയാണ്. സാമ്പത്തികമായി ഗ്രാഫ് താഴ്ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും സൈനികശേഷിയുടെ കാര്യത്തിൽ അമേരിക്കയെ വെല്ലാൻ ഒരു രാജ്യത്തിനും നിലവിൽ കഴിയില്ല.  ഏതാനും കണക്കുകൾമാത്രം ഇവിടെ നിരത്താം.  ലോകത്തിലെ മൊത്തം സൈനികച്ചെലവിന്റെ 36 ശതമാനവും അമേരിക്കയുടേതാണ്. ലോകത്തിനു ഭീഷണിയാണെന്ന് അമേരിക്ക പറയുന്ന മൂന്നാമത്തെ സൈനികശക്തിയായ ചൈനയേക്കാൾ മൂന്നിരട്ടി വരുമിത്. 

2016ൽമാത്രം അമേരിക്കയുടെ സൈനികച്ചെലവ് 611 ബില്യൺ ഡോളറാണ്. രണ്ടാമത്തെ സൈനികശക്തിയായ റഷ്യ, ചൈന, ജപ്പാൻ, ഇന്ത്യ, ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാഷ്ട്രങ്ങൾ മൊത്തം ചെലവാക്കിയതിനേക്കാളും അധികമാണ് അമേരിക്കയെന്ന ഒരൊറ്റ രാഷ്ട്രത്തിന്റെ സൈനികച്ചെലവ്. 2016ൽ മേൽപ്പറഞ്ഞ എട്ട് രാഷ്ട്രങ്ങളുടെയും മൊത്തം സൈനിക ബജറ്റ് 595 ബില്യൺ ഡോളറായിരുന്നു. അമേരിക്കയേക്കാൾ 16 ബില്യൺ ഡോളർ കുറവാണിത്.

ട്രംപ് അധികാരമേറിയതോടെ സൈനിക ബജറ്റ് കുത്തനെ കൂടുമെന്ന പ്രതീക്ഷയിലാണ് ആയുധവ്യാപാരികൾ. ആയുധനിർമാണ കമ്പനികളുടെ ഓഹരിവില കുതിച്ചുയർന്നതും ഈ പശ്ചാത്തലത്തിലാണ്. 40 ശതമാനം വരെയാണ് ഓഹരിവിലകൾ ഉയർന്നത്. ലോകത്തിൽ ഏറ്റവും കുടുതൽ സൈനിക ബജറ്റുള്ള രാഷ്ട്രം മാത്രമല്ല അമേരിക്ക, മറിച്ച് ഏറ്റവും വലിയ ആയുധവിൽപ്പനക്കാരനും അമേരിക്കയാണ്. വാണിജ്യാടിസ്ഥാനത്തിൽ ഒരു വർഷം 110 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക വിറ്റഴിക്കുന്നത്. ഇന്ത്യമാത്രം കഴിഞ്ഞ വർഷം 15 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്കയിൽനിന്ന് വാങ്ങിയത്.

മോഡിയെ പുകഴ്‌‌‌ത്താനും ആലിംഗനം ചെയ്യാനും ട്രംപ് ആവേശം കാട്ടുന്നതിന്റെ ഇക്കോണമിക് കെമിസ്‌‌ട്രി ഈ ആയുധവിൽപ്പനയാണ്. വിദേശമന്ത്രാലയം വഴി  അമേരിക്കൻ സ്വാധീനം വർധിപ്പിക്കുക ലക്ഷ്യമാക്കി ഇസ്രയേൽ, പാകിസ്ഥാൻ, ജോർദാൻ തുടങ്ങി അമ്പതോളം രാഷ്ട്രങ്ങൾക്ക് 40 ബില്യൺ ഡോളറിന്റെ ആയുധവും അമേരിക്ക നൽകുന്നുണ്ട്. എന്നാൽ, ഈ വിൽപ്പന നിർത്തി എല്ലാ അമേരിക്കൻ അനുയായികളും നാറ്റോ സഖ്യത്തിൽപ്പെട്ടവർപോലും അമേരിക്കയിൽനിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങണമെന്നാണ് ട്രംപ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനും പുറമെ ലോകത്തെമ്പാടും സൈനികത്താവളങ്ങളും അമേരിക്കയ്‌‌‌ക്കുണ്ട്. 70 രാഷ്ട്രങ്ങളിലായി 737 സൈനികത്താവളങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മൊത്തം 30 സൈനികത്താവളങ്ങൾ മാത്രമേയുള്ളൂ. ലോക ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ സൈനികത്താവളങ്ങളുള്ള രാഷ്ട്രം അമേരിക്കയാണ്. റോമാസാമ്രാജ്യ കാലത്തുപോലും 117 സൈനികത്താവളം മാത്രമാണ് ഉണ്ടായിരുന്നതേത്ര . ബ്രിട്ടൻ ലോകം ഭരിച്ചിരുന്ന കാലത്തുപോലും അവർക്കും മുപ്പതോളം സൈനികത്താവളങ്ങൾമാത്രമേ ഉണ്ടായിരുന്നുള്ളൂ.

13 ലക്ഷം സൈനികരാണ് അമേരിക്കയ്ക്കുള്ളത്. ഇതിൽ 15 ശതമാനവും (ഏകദേശം ഒരുലക്ഷം പേർ) വിദേശരാജ്യങ്ങളിലാണ് വിന്യസിച്ചിട്ടുള്ളത്. ഇതിൽ 37,500 പേരും ദക്ഷിണകൊറിയയിലെ 25 അമേരിക്കൻ താവളങ്ങളിലായാണ് വിന്യസിച്ചിട്ടുള്ളത്. 2001 സെപ്തംബർ 11ന് വേൾഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണത്തിനുശേഷം മാത്രം അമേരിക്ക യുദ്ധങ്ങൾക്കായി 5.6 ട്രില്യൺ ഡോളർ ചെലവാക്കിയെന്നാണ് ബ്രൗൺ സർവകലാശാലയിലെ വാസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കിയിട്ടുള്ളത്. 

മൊത്തം ജിഡിപിയുടെ മൂന്നുശതമാനവും സൈനികച്ചെലവിനായാണ് അമേരിക്ക നിയോഗിക്കുന്നത്. സൈനികശക്തിയുടെ കാര്യത്തിൽ 36‐ാം സ്ഥാനമാണ് വടക്കൻ കൊറിയയുടേത്. അമേരിക്കൻ പക്ഷത്തുള്ള തെക്കൻ കൊറിയയാകട്ടെ ഏഴാംസ്ഥാനത്തും. അതായത് ഒന്നാംസ്ഥാനത്തും ഏഴാംസ്ഥാനത്തുമുള്ള രാജ്യങ്ങൾ ചേർന്ന് തങ്ങളെ ഭസ്‌‌മമാക്കുമെന്നു പറയുമ്പോൾ വടക്കൻ കൊറിയ കൈയും കെട്ടി നോക്കിയിരിക്കണോ അതോ പ്രതിരോധത്തിനായി തയ്യാറെടുക്കണോ? സ്വയം രക്ഷാർഥമാണ് വടക്കൻ കൊറിയ ആണവായുധങ്ങൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്നതെന്ന് അർഥം. ഈ ആണവായുധങ്ങൾ അമേരിക്കയെമാത്രം ലക്ഷ്യംവച്ചുള്ളതാണെന്നും വടക്കൻ കൊറിയ ആവർത്തിക്കുന്നുമുണ്ട് ●


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top